തിരുവനന്തപുരം: സ്വകാര്യ വിദ്യാഭ്യാസ മാനേജ്‌മെന്റുകളുടെ കീശ വീർപ്പിക്കാൻ സർക്കാരുമായി നടത്തിയ ഒത്തുകളി ഫലം കണ്ടു. യോഗ്യതാ പരീക്ഷയിൽ കണക്കിന് മാത്രമായി 45 ശതമാനം മാർക്ക് വേണമെന്ന വ്യവസ്ഥ എടുത്ത് കളഞ്ഞതോടെ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ കൂടുതൽ കുട്ടികളെത്തി. 118 സ്വാശ്രയ കോളേജുകളിലെ 23,000 മാനേജ്‌മെന്റ് സീറ്റുകളിൽ ഇക്കൊല്ലം 17,000 കുട്ടികൾ പ്രവേശനം നേടി (73 ശതമാനം). അതേസമയം, 15,000 മെരിറ്റ് സീറ്റുകൾ കാലിയാണ്. എങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ ഏറെ മെച്ചമാണ് അവസ്ഥ.

ഇത്തവണ 33 ശതമാനം മെരിറ്റ് സീറ്റുകളിലേ കുട്ടികളെത്തിയുള്ളൂ. സംസ്ഥാനത്തുടനീളം 17,800 എൻജിനിയറിങ് സീറ്റുകൾ കുട്ടികളില്ലാതെ ഒഴിഞ്ഞു കിടക്കുന്നുമുണ്ട്. +2, സി.ബി.എസ്.ഇ, ഐ.എസ്.സി തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും കണക്ക് പരീക്ഷ കഠിനമായിരുന്നത് പരിഗണിച്ചാണ് സ്വാശ്രയ എൻജിനിയറിങ് മാനേജ്‌മെന്റ് സീറ്റുകളിൽ യോഗ്യതാമാർക്കിൽ സർക്കാർ ഇക്കൊല്ലം ഇളവ് നൽകിയത്. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾ ചേർന്ന് 45 ശതമാനം ശരാശരി മാത്രം മതിയാവും. എന്നാൽ, സ്വാശ്രയത്തിലെയും സർക്കാർ കോളേജുകളിലെയും മെരിറ്റ് സീറ്റുകളിൽ കണക്കിന് മാത്രമായി 50 ശതമാനവും കണക്കും ഫിസിക്‌സും കെമിസ്ട്രിയും ചേർന്ന് 50 ശതമാനവും മാർക്കെന്ന വ്യവസ്ഥ നിലനിറുത്തി. ഇതോടെ മാർക്ക് കുറവുള്ളവർ സ്വാശ്രയ സീറ്റുകളിലേക്ക് ഒഴുകിയെത്തി.

ഇതുകൊണ്ട് കൂടിയാണ് സ്വാശ്രയ കോളേജുകളിലെ മെരിറ്റ് സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നത്. ഫലത്തിൽ ക്യാപിറ്റേഷൻ ഫീസ് വാങ്ങി മാനേജ്മന്റുകൾ എല്ലാ അർത്ഥത്തിലും പണമുണ്ടാക്കി. മെരിറ്റ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് അവർക്ക് പ്രശ്‌നവുമല്ല. കഴിഞ്ഞ തവണ മെരിറ്റ് സീറ്റുകൾ നിറയുകയും മാനേജ്‌മെന്റ് സീറ്റുകളിൽ കുട്ടികൾ ഇല്ലാത്ത അവസ്ഥയുമായിരുന്നു. അതിനാണ് സർക്കാരിന്റെ ഒറ്റ തീരുമാനം തുണയാകുന്നത്. ഏതായാലും കുട്ടികൾക്ക് പ്രിയം മെക്കാനിക്കലിനാണെന്നാണ് സൂചന. മെക്കാനിക്കൽ എൻജിനിയറിംഗിന് ആകെയുള്ള 11,355ൽ 10,256 സീറ്റുകളിലും കുട്ടികൾ പ്രവേശനം നേടി. 10,363 സിവിൽ എൻജിനിയറിങ് സീറ്റുകളിൽ 8700ലും കുട്ടികളുണ്ട്. എന്നാൽ ഇലക്ട്രോണിക്‌സിൽ ആകെയുള്ള 12,009 സീറ്റുകളിൽ 5400 കുട്ടികളേയുള്ളൂ. 8659 ഇലക്ട്രിക്കൽ സീറ്റുകളിൽ 4800 കുട്ടികൾ മാത്രം.

അതേസമയം, 15 സ്വാശ്രയ കോളേജുകളിൽ 20 ശതമാനം പോലും പ്രവേശനം നടത്താനായില്ല. ഇവ അടച്ചു പൂട്ടേണ്ടിവരുമെന്ന് സാങ്കേതിക സർവകലാശാലാ വൃത്തങ്ങൾ പറഞ്ഞു. കാസർകോട് സെന്റ് ഗ്രിഗോറിയോസ് കോളേജിൽ 60കുട്ടികളും കാഞ്ഞങ്ങാട് സദ്ഗുരു സ്വാമി നിത്യാനന്ദ കോളേജിൽ 70 കുട്ടികളുമാണ് ആകെ പ്രവേശനം നേടിയത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ബ്രാഞ്ചുകളിൽ രണ്ട് കുട്ടികളുള്ള നിരവധി ബാച്ചുകളുണ്ട്. അതിനിടെ 40 ശതമാനമെങ്കിലും കുട്ടികളില്ലാത്ത സ്വാശ്രയ കോളേജുകളിലെ ബ്രാഞ്ചുകൾ നിറുത്തലാക്കാൻ സർക്കാരിന് ശുപാർശ നൽകുമെന്ന് സാങ്കേതിക സർവകലാശാല പ്രോ വൈസ്ചാൻസലർ ഡോ. എം. അബ്ദുൾറഹ്മാൻ പറഞ്ഞു.

ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, കേപ്പ് തുടങ്ങിയ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ ഈ മാർക്കിളവ് അനുവദിച്ചിരുന്നില്ല. ഐ.എച്ച്.ആർ.ഡിയുടെ ഒമ്പത് കോളേജുകളിലായി 76 ശതമാനം സീറ്റുകളിലേ കുട്ടികളുള്ളൂ. തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജിലും, കെ.എസ്.ആർ.ടി.സിയുടെ പാപ്പനംകോട് ശ്രീചിത്രാകോളേജിലും നൂറ് ശതമാനമാണ് പ്രവേശനം. കേപ്പിന്റെ ഒമ്പത് കോളേജുകളിലായി 69 ശതമാനം സീറ്റുകൾ നിറഞ്ഞു. എൽ.ബി.എസിന്റെ കാസർകോട് കോളേജിൽ 84ഉം മൂന്നാർ എൻജിനിയറിങ് കോളേജിൽ 68ഉം ശതമാനമാണ് പ്രവേശനം. ഐ.എച്ച്.ആർ.ഡിയുടെ കൊട്ടാരക്കര എൻജിനിയറിങ് കോളേജിൽ 40 ശതമാനവും, പൂഞ്ഞാർ എൻജിനിയറിങ് കോളേജിൽ 41 ശതമാനവും.

അടച്ചു പൂട്ടാൻ സർക്കാർ നിർദ്ദേശിക്കുന്ന എഞ്ചിനിയറിങ് കോളേജിലെ കുട്ടികളെ അടുത്തുള്ള കോളേജിലേക്ക് മാറ്റും. ഒരു വർഷത്തേക്ക് ബാച്ചിന്റെ അഫിലിയേഷൻ പിൻവലിക്കും. കുട്ടികളുണ്ടെങ്കിൽ അടുത്തവർഷം തുടങ്ങാനാവും.