- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാ... ജീവിതപ്പാതയിലെ അപൂർവ കാഴ്ചകളിലൊന്ന്; കുടുംബം പുലർത്താൻ എൻജിനിയറിങ് പഠനത്തിനൊപ്പം നിരത്തിൽ കപ്പലണ്ടി വിറ്റു നടക്കുന്ന കൗമാരക്കാരൻ; ഒഴിവുവേളകൾ വിനോദത്തിനായി മാറ്റിവയ്ക്കാത്ത, അധ്വാനത്തിന്റെ വിലയറിയുന്ന അരുണിനെ പരിചയപ്പെടാം
തിരുവനന്തപുരം: വർത്തമാനകാലത്തെ എൻജിനിയറിങ് വിദ്യാർത്ഥിയെക്കുറിച്ച് എന്താണ് ജനങ്ങളുടെ സങ്കൽപ്പം? ചലച്ചിത്രങ്ങളിലും കാണാം നിരവധി തട്ടുകളിലുള്ള എൻജിനിയറിങ് വിദ്യാർത്ഥികളെ. മാതാപിതാക്കളുടെ പണം ധൂർത്തടിച്ച് കൂട്ടുകാരുമൊത്ത് അടിച്ചുപൊളിക്കുന്ന ഒരു വിഭാഗത്തെയാകും പലപ്പോഴും എൻജിനിയറിങ് വിദ്യാർത്ഥികളായി ചിത്രീകരിക്കുന്നത്. യഥ
തിരുവനന്തപുരം: വർത്തമാനകാലത്തെ എൻജിനിയറിങ് വിദ്യാർത്ഥിയെക്കുറിച്ച് എന്താണ് ജനങ്ങളുടെ സങ്കൽപ്പം? ചലച്ചിത്രങ്ങളിലും കാണാം നിരവധി തട്ടുകളിലുള്ള എൻജിനിയറിങ് വിദ്യാർത്ഥികളെ. മാതാപിതാക്കളുടെ പണം ധൂർത്തടിച്ച് കൂട്ടുകാരുമൊത്ത് അടിച്ചുപൊളിക്കുന്ന ഒരു വിഭാഗത്തെയാകും പലപ്പോഴും എൻജിനിയറിങ് വിദ്യാർത്ഥികളായി ചിത്രീകരിക്കുന്നത്. യഥാർഥ ജീവിതത്തിലും അത്തരത്തിൽ ധാരാളം പേരുണ്ടാകാം.
കുടുംബം പുലർത്താനും പഠനത്തിനുള്ള ചെലവു കണ്ടെത്താനും ഒഴിവു സമയങ്ങളിൽ കഠിനമായി അധ്വാനിക്കുന്ന ഒരാളെ ഇന്നത്തെ എൻജിനിയറിങ് വിദ്യാർത്ഥികൾക്കിടയിൽ കാണാനാകുമോ? അതും നിരത്തിലെ കപ്പലണ്ടിക്കച്ചവടക്കാരനായിട്ട്.
എന്നാൽ, അത്തരത്തിൽ ഒരു വിദ്യാർത്ഥിയാണ് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിലെ അരുൺ. നാലാം സെമസ്റ്റർ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായ അരുൺ കുമാറിനെക്കുറിച്ച് ഡോ. തോമസ് ഐസക്ക് എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നാണ് വിവരം കിട്ടിയത്.
കയർ തൊഴിലാളികളുടെ സമരത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് തോമസ് ഐസക് അരുണിനെ പരിചയപ്പെട്ടത്. സ്റ്റാച്യു-ജനറൽ ആശുപത്രി റോഡിൽ വച്ചാണ് കപ്പലണ്ടിക്കച്ചവടം നടത്തുന്ന അരുണിനെ തോമസ് ഐസക് കണ്ടത്. കാര്യങ്ങൾ തിരക്കിയപ്പോഴാണ് എൻജിനിയറിങ് വിദ്യാർത്ഥിയാണെന്നും കുടുംബം പുലർത്താനായി നിരത്തിൽ കപ്പലണ്ടി വിൽക്കുകയാണെന്നും മനസിലായത്.
''ദിവസം നാന്നൂറ് രൂപ മുതൽ അഞ്ഞൂറ് രൂപയ്ക്ക് വരെ കപ്പലണ്ടി വിൽക്കും . നൂറു രൂപ വരെ മിച്ചം കിട്ടും. വീട് പുലർത്തുന്നത് അരുൺ ആണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് സ്‌കൂൾ സമയം കഴിഞ്ഞുള്ള ഈ കപ്പലണ്ടി വിൽപ്പന. അരുൺ വളരെ അഭിമാനത്തോടെയാണ് കപ്പലണ്ടി വിൽക്കുന്നത് . അരുൺ ഈ കാലഘട്ടത്തിലെ വേറിട്ട കാഴ്ച ആയി.''- തോമസ് ഐസക് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
ഈ പോസ്റ്റ് കണ്ടാണ് അരുണിനെ അന്വേഷിച്ചു ചെല്ലുന്നത്. വിസ്മയം തന്നെയാണ് ഈ കൊച്ചുമിടുക്കന്റെ കഥ. സ്റ്റാച്യു ഉപ്പളം റോഡിലാണ് അരുൺ താമസിക്കുന്നത്. അച്ഛൻ ശങ്കരകുമാർ ഓട്ടോ ഡ്രൈവറാണ്. തമ്പാനൂർ റെയിൽവെ സ്റ്റേഷനു മുന്നിലെ പ്രീപെയ്ഡ് കൗണ്ടറിൽ നിന്നാണ് ശങ്കരകുമാർ ഓട്ടം എടുക്കുന്നത്. അമ്മ ഷണ്മുഖ ലക്ഷ്മിയും സഹോദരങ്ങളായ ഉലകനാഥ സഞ്ജയും കാവ്യയും അടങ്ങുന്ന കുടുംബമാണ് അരുണിന്റേത്. സഞ്ജയ് അഞ്ചിലും കാവ്യ നാലിലും പഠിക്കുന്നു.
ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലർത്താൻ തന്നെ വിഷമിക്കുന്ന അച്ഛന് ബുദ്ധിമുട്ടാകാതിരിക്കാനാണ് അരുൺ നിരത്തിൽ കപ്പലണ്ടി വിൽക്കാനിറങ്ങിയത്. എട്ടാം ക്ലാസുമുതൽ കപ്പലണ്ടി കച്ചവടത്തിനിറങ്ങിയ അരുൺ ദിവസം നൂറുരൂപയോളം മിച്ചംവച്ച് തന്റെ പഠനത്തിനുള്ള ചെലവുകൾ കണ്ടെത്തും.
പഠനത്തിൽ മിടുക്കനായ അരുണിന് എൻട്രൻസ് എഴുതിയപ്പോൾ മെറിറ്റ് സീറ്റിൽ തന്നെ എസ്‌സിടിയിൽ പ്രവേശനം ലഭിക്കുകയും ചെയ്തു. എൻജിനിയറിങ് വിദ്യാർത്ഥിയായിട്ടും അരുൺ ഒഴിവുസമയങ്ങളിലെ ജോലി കൈവിട്ടില്ല. പലരും നാണക്കേട് ഓർത്ത് ചെറിയ ചെറിയ ജോലികൾ ചെയ്യാൻ മടിക്കുന്ന ഇക്കാലത്ത് മറ്റുള്ളവർക്കൊക്കെ മാതൃകയാകുകയാണ് ഈ കൗമാരക്കാരൻ.
കോളേജ് വിട്ട് വൈകുന്നേരം ആറുമുതൽ രാത്രി ഒമ്പതുവരെ സ്റ്റാച്യു ജങ്ഷനിൽ അരുണുണ്ടാകും. തന്റെ കൈവണ്ടിയിൽ കപ്പലണ്ടിക്കച്ചവടവുമായി. അരുണിന്റെ അടുത്ത സുഹൃത്തും സഹപാഠിയുമായ വിവിത് ലാൽ ബോസ് പറയുന്നത് കോളേജിൽ അധികമാർക്കും അരുണിന്റെ ഈ കഥ അറിയില്ലെന്നാണ്. ജോലി ചെയ്തു സ്വരൂപിച്ച പണം കൊണ്ട് അരുൺ സ്വന്തമായി ഒരു ബൈക്കു വാങ്ങിയ കഥയും മറുനാടനോട് പറഞ്ഞത് വിവിത്താണ്. സ്വന്തം വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയ ശേഷം മിച്ചം പിടിച്ച തുക കൊണ്ടാണ് അരുൺ ബൈക്ക് വാങ്ങിയത്. സ്വന്തമായി ഒരു ബൈക്കു വാങ്ങുക എന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്ന് അരുൺ മറുനാടൻ മലയാളിയോടു പറഞ്ഞു. അതിനായി ജോലിചെയ്തു സ്വന്തമായി തുക കണ്ടെത്തി എന്നതുതന്നെയാണ് അരുണിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. വീട്ടുചെലവുകളൊക്കെ കഴിഞ്ഞശേഷമാണ് ബൈക്കിനായി തുക കണ്ടെത്തിയത് എന്നതും അധ്വാനിക്കാനുള്ള ഈ ചെറുപ്പക്കാരന്റെ മനസിനെയാണ് വെളിപ്പെടുത്തുന്നത്.
കപ്പലണ്ടി വിൽക്കുന്ന കൈവണ്ടിയേക്കാൾ പൊക്കം കുറവായിരുന്ന സമയം മുതൽ തന്നെ വിൽപ്പന തുടങ്ങിയതാണ് അരുൺ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന അനിയൻ വലുതാകുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആകണമെന്നാണ് അരുണിന്റെ മോഹം. ഇനി അതിനുവേണ്ടിയുള്ള പരിശ്രമം കൂടി അരുണിന്റെ കപ്പലണ്ടി വിൽപ്പനയിൽ ഉണ്ടാകും.
ഒഴിവുസമയങ്ങളിൽ നിരത്തിൽ കപ്പലണ്ടി വിൽക്കാൻ പോകുമെങ്കിലും പഠനത്തിൽ അരുൺ ഒട്ടും പിന്നിലല്ല. 'സപ്ലി'യുടെ എണ്ണം നോക്കി എൻജിനിയറിങ് വിദ്യാർത്ഥികളെ തിരിച്ചറിയുന്ന കാലത്തിൽ ഒരു സപ്ലി പോലും ഇല്ലാതെയാണ് അരുൺ നാലാം സെമസ്റ്റർ വരെ എത്തിയത്. രാത്രി ജോലി കഴിഞ്ഞു വന്നശേഷമാണ് അരുൺ പഠിക്കുന്നത്. പുസ്തകങ്ങളുടെ ലോകേത്തക്കു കടന്നാൽ പിന്നെ ജോലിയുടെ ക്ഷീണമൊന്നും അരുണിനെ അലട്ടാറില്ല.
കഴിഞ്ഞ ദിവസം മുൻ മന്ത്രി തോമസ് ഐസക് കപ്പലണ്ടി വാങ്ങാൻ വന്നപ്പോൾ അരുൺ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, താൻ തൊട്ടടുത്ത ദിവസംതന്നെ ഫേസ്‌ബുക്കിലെ താരമാകുമെന്ന്. തോമസ് ഐസക് വന്നു ഫോട്ടോയെടുത്തു കൊണ്ടു പോയ കാര്യമൊക്കെ സുഹൃത്തുക്കളോട് അരുൺ പറയുകയും ചെയ്തു. എന്നാൽ, സോഷ്യൽ മീഡിയയിലെ താരമാകും താനെന്ന് ഈ എൻജിനിയറിങ് വിദ്യാർത്ഥി കരുതിയിരുന്നില്ല. പതിനായിരങ്ങളാണ് ഇതിനകം തോമസ് ഐസക്കിന്റെ ഫേസ്‌ബുക്കിലൂടെ അരുണിനെക്കുറിച്ച് അറിഞ്ഞത്.
അടുത്ത സുഹൃത്തുക്കൾക്കു മാത്രമാണ് അരുൺ പഠനത്തിനൊപ്പം നിരത്തിൽ കപ്പലണ്ടിക്കച്ചവടത്തിന് പോകുന്നു എന്ന് അറിയാവുന്നത്. എന്നാൽ ഫേസ്‌ബുക്കിലൂടെ ഇപ്പോൾ കോളേജിലെ സുഹൃത്തുക്കൾക്കിടയിൽ താരമായിക്കഴിഞ്ഞിരിക്കുകയാണ് അരുൺ.
പഠനം വിജയകരമായി പൂർത്തിയാക്കണം എന്നതാണ് ഇപ്പോൾ തന്റെ മുന്നിലുള്ള ആഗ്രഹമെന്ന് അരുൺ പറഞ്ഞു. അതു കഴിഞ്ഞ് ഒരു ജോലി സമ്പാദിച്ച് കുടുംബത്തെ നന്നായി നോക്കണം. എന്തുജോലിയും ചെയ്യാൻ മനസുള്ള ഈ ഇരുപതുകാരന് അതിനു തീർച്ചയായും കഴിയുമെന്നുറപ്പാണ്.