അബൂദാബി: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട്. ബംഗ്ലാദേശ് ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 14.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർ ജേസൺ റോയിയാണ് ഇംഗ്ലണ്ടിന്റെ വിജയം അനായാസമാക്കിയത്. 35 പന്തുകൾ ബാക്കിനിൽക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയം. സ്‌കോർ: ബംഗ്ലാദേശ് 20 ഓവറിൽ ഒൻപതിന് 124. ഇംഗ്ലണ്ട് രണ്ടിന് 126.

സൂപ്പർ 12 വിഭാഗത്തിൽ ഇംഗ്ലണ്ട് നേടുന്ന തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെയും ടീം പരാജയപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളിലും വലിയ മാർജിനിൽ വിജയിച്ചതോടെ ഇംഗ്ലണ്ട് സെമി ഫൈനൽ സാധ്യതകൾ കൂടുതൽ സജീവമാക്കി. ബംഗ്ലാദേശ് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി.

ചെറിയ വിജയലക്ഷ്യത്തിലേക്ക് അതിവേഗമാണ് ഇംഗ്ലണ്ട് മുന്നേറിയത്. ഇംഗ്ലണ്ടിന് വേണ്ടി ജേസൺ റോയിയും ജോസ് ബട്ലറുമാണ് ഓപ്പൺ ചെയ്തത്. ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിക്കൊണ്ട് റോയ് ഇന്നിങ്സിന് തുടക്കമിട്ടു. ബട്ലറും റോയിയും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്.

4.4 ഓവറിൽ ഇരുവരും ചേർന്ന് ടീം സ്‌കോർ 39-ൽ എത്തിച്ചു. എന്നാൽ ഓവറിലെ അഞ്ചാം പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച ബട്ലർ നസും അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 11 പന്തുകളിൽ നിന്ന് 17 റൺസെടുത്ത താരത്തെ മുഹമ്മദ് നയീം ക്യാച്ചെടുത്ത് പുറത്താക്കി.

ബട്ലർക്ക് പകരം ഡേവിഡ് മലാനാണ് ക്രീസിലെത്തിയത്. ആറോവറിൽ ടീം സ്‌കോർ 50 കടന്നു. മലാനും റോയിയും അനായാസം ബംഗ്ലാദേശ് ബൗളർമാരെ നേരിട്ടതോടെ ഇംഗ്ലണ്ട് സ്‌കോർ ഉയർന്നു. ആദ്യ പത്തോവറിൽ തന്നെ ടീം 90 റൺസ് നേടി. വൈകാതെ റോയിയും മലാനും അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി.

12-ാം ഓവറിലെ നാലാം പന്തിൽ സിക്സ് നേടിക്കൊണ്ട് ജേസൺ റോയ് അർധശതകം പൂർത്തിയാക്കി. 33 പന്തുകളിൽ നിന്നാണ് താരം അർധശതകത്തിലെത്തിയത്. ഒപ്പം ടീം സ്‌കോർ 100 കടക്കുകയും ചെയ്തു.

വിജയത്തിന് അടുത്ത് റോയ്(38 പന്തിൽ 61) മടങ്ങിയെങ്കിലും ഡേവിഡ് മലനും(25 പന്തിൽ 28*), ജോണി ബെയർ‌സ്റ്റോയും(8*) ചേർന്ന് ഇംഗ്ലണ്ടിനെ അനായാസം വിജയവര കടത്തി. ബംഗ്ലാദേശിനുവേണ്ടി ഷോരീഫുൾ ഇസ്ലാം, നസും അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടി ബാറ്റിംഗിനിറങ്ങി ബംഗ്ലാദേശിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 29 റൺസെടുത്ത മുഷ്ഫീഖുർ റഹീമായിരുന്നു ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. നാലോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ടൈമൽ മിൽസാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്

അബുദാബിയിലെ സ്ലോ പിച്ചിൽ ഇംഗ്ലീഷ് ബൗളർമാർ ബുദ്ധിപൂർവം പന്തെറിഞ്ഞപ്പോൾ ബംഗ്ലാ കടുവകൾ 26-3ലേക്ക് കൂപ്പുകുത്തി. ഓപ്പണർമാരായ ലിറ്റൺ ദാസിനെയും(9), മുഹമ്മദ് നയീമിനെയും(5) മൊയീൻ അലി വീഴ്‌ത്തിയപ്പോൾ പ്രതീക്ഷയായിരുന്ന ഷാക്കിബ് അൽ ഹസനെ(4) മടക്കി ക്രിസ് വോക്‌സ് ബംഗ്ലാദേശിനെ ഞെട്ടിച്ചു. പിന്നീട് മുഷ്ഫീഖുർ റഹീമും ക്യാപ്റ്റൻ മെഹമ്മദുള്ളയും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. ഇരുവരും ചേർന്ന് ബാംഗ്ലാദേശിനെ 50 കടത്തി. എന്നാൽ റഹീമിനെ(30 പന്തിൽ 29) മടക്കി ലിയാം ലിവിങ്സ്റ്റൺ ബംഗ്ലാദേശിന് അടുത്ത തിരിച്ചടി നൽകി.

മെഹമ്മദുള്ള(19) പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും ലിംവിഗ്സ്റ്റൺ തന്നെ മടക്കി. ആഫിഫ് ഹൊസൈൻ റണ്ണൗട്ടാവുകയും ചെയ്തതോടെ ബംഗ്ലാദേശ് 100 കടക്കില്ലെന്ന് തോന്നിച്ചെങ്കിലും വാലറ്റത്ത് നൂറുൾ ഹസനും(16), മെഹ്ദി ഹസനും(11), നാസും അഹമ്മദും(9 പന്തിൽ 19*) ചേർന്ന് ബംഗ്ലാദേശിനെ 124ൽ എത്തിച്ചു. ഇംഗ്ലണ്ടിനായി ടൈമൽ മിൽസ് മൂന്നും മൊയീൻ അലി, ലിയാം ലിവിങ്സ്റ്റൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.