ഷാർജ: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ശ്രീലങ്കയെ 26 റൺസിന് തകർത്ത് ഇംഗ്ലണ്ട് സെമിയിൽ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്ലറുടെ അപരാജിത സെഞ്ചുറി മികിവിൽ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തപ്പോൾ ശ്രീലങ്കയുടെ മറുപടി 19 ഓവറിൽ 137 റൺസിലൊതുങ്ങി. തുടർച്ചയായ നാലാം ജയത്തോടെ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചപ്പോൾ മൂന്നാം തോൽവി വഴങ്ങിയ ശ്രീലങ്കയുടെ സെമി സാധ്യതകൾ മങ്ങി. സ്‌കോർ ഇംഗ്ലണ്ട് 20 ഓവറിൽ 163-4, ശ്രീലങ്ക ഓവറിൽ 19 ഓവറിൽ 137ന് ഓൾ ഔട്ട്.

സെഞ്ചറി നേടിയ ജോസ് ബട്ലറുടെ ഒറ്റയാൾ പ്രകടനത്തിന്റെ കരുത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 164 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്ക് തുടക്കത്തിലെ താളം തെറ്റി. കഴിഞ്ഞ മത്സരത്തിലെ ബാറ്റിങ് ഹീറോ പാത്തും നിസങ്ക(1) റണ്ണൗട്ടായപ്പോൾ നല്ല തുടക്കമിട്ട ചരിത അസലങ്കയെയും(21)കുശാൽ പെരേരയെയും(7)മടക്കി ആദിൽ റഷീദ് ഏൽപ്പിച്ച ഇരട്ടപ്രഹരം ലങ്കയുടെ കുതിപ്പ് തടഞ്ഞു. 34-3ലേക്ക് കൂപ്പുകുത്തിയ ലങ്കയെ അവിഷ്‌ക ഫെർണാണ്ടോയും ഭാനുക രജപക്‌സെയും ചേർന്ന് 50 കടത്തിയെങ്കിലും ഫെർണാണ്ടോയെ(13) വിക്കറ്റിന് മുന്നിൽ കുടുക്കി ക്രിസ് ജോർദാൻ കൂട്ടുകെട്ട് പൊളിച്ചു.

76-5ലേക്ക് തകർന്ന ലങ്കക്ക് ആറാം വിക്കറ്റിൽ ഒത്തുചേർന്ന വാനിന്ദു ഹസരങ്കയും ക്യാപ്റ്റൻ ദസുൻ ഷനകയും ചേർന്ന് വിജയപ്രതീക്ഷ നൽകിയതാണ്. ആറാം വിക്കറ്റിൽ 53 റൺസ് അടിച്ചുകൂട്ടിയ ഇരുവരും ലങ്കയെ വിജയവരകടത്തുമെന്ന് കരുതിയെങ്കിലും ലിവിങ്സ്റ്റണിന്റെ പന്തിൽ ഹസരങ്കയെ(21 പന്തിൽ 34) ജേസൺ റോയിയും പകരക്കാരൻ ഫീൽഡർ സാം ബില്ലിങ്‌സും ചേർന്ന് ഒത്തുപിടിച്ചതോടെ ലങ്കയുടെ പ്രതീക്ഷ മങ്ങി.

റോയി കൈയിലൊതുക്കിയ ക്യാച്ച് ബൗണ്ടറി ലൈനിനരികെ നിന്ന് ബില്ലിങ്‌സിന് കൈമാറുകയായിരുന്നു. പിന്നാലെ ഷനകയെ അസാധ്യമായൊരു ത്രോയിലൂടെ ജോസ് ബട്ലർ റണ്ണൗട്ടാക്കി. പിന്നീടെല്ലാം ചടങ്ങുകൾ മാത്രമായി. ലങ്കൻ വാലറ്റത്തെ ജോർദാനും മൊയിൻ അലിയും ചേർന്ന് വീഴ്‌ത്തിയതോടെ ഇംഗ്ലണ്ടിന്റെ വിജയം പൂർണമായി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാനും ആദിൽ റഷീദും മൊയീൻ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ലങ്കക്കെതിരായ ജയത്തോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന നായകനെന്ന റെക്കോർഡും ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയിൽ 68 മത്സരങ്ങളിൽ മോർഗന്റെ 43-ാം ജയമാണിത്. 52 മത്സരങ്ങളിൽ 42 ജയം നേടിയ അഫ്ഗാന്റെ അസ്ഗർ അഫ്ഗാനെയാണ് മോർഗൻ പിന്നിലാക്കിയത്.