ലണ്ടൻ: കോപ്പ അമേരിക്കയും യൂറോ കപ്പും ഉയർത്തിവിട്ട ത്രിൽ ഇനിയും യുകെ മലയാളികൾക്കു അവസാനിച്ചിട്ടില്ല . യൂറോ കപ്പ് ഇംഗ്ലണ്ടിനെ കൈവിട്ടെങ്കിലും യുകെ മലയാളികളിൽ നല്ല പങ്കും ഉറക്കമൊഴിച്ചു കാത്തിരുന്ന കളിയാണ് ഇംഗ്ലണ്ടും ഇറ്റലിയും തമ്മിൽ നടന്ന ഫൈനൽ .

കോവിഡ് കഴിഞ്ഞ ഒന്നര വർഷമായി സാമൂഹ്യ ജീവിതത്തെ അടച്ചിട്ട സാഹചര്യം അല്ലാതിരുന്നുവെങ്കിൽ ഇതിനകം മിനി യൂറോ കപ്പുകൾ യുകെയിൽ എവിടെയും മലയാളികളെ മാത്രമായി തേടിയെത്തിയേനെ . എന്നാൽ കോവിഡ് നിയന്ത്രണം ബോറിസ് ജോൺസൺ എടുത്തുമാറ്റുമെന്നും യുകെയിൽ കോവിഡിനെ ഭയക്കാതെ ജീവിക്കാൻ സാധിക്കുമെന്നും വക്തമായതോടെ മലയാളികൾക്ക് വേണ്ടി യുകെയിലെ സാമൂഹ്യ ജീവിതം തുറന്നിട്ട് ക്രിക്കറ്റ് കാർണിവൽ നടത്തിയ ഹണ്ടിങ്ങ്ടൺ ഹായ് ടീമിന് പിന്നാലെ ഇന്ന് മാഞ്ചസ്റ്ററിൽ മലയാളികൾ ഒത്തുകൂടുകയാണ് , സൗഹൃദ ഫുട്ബാൾ മത്സരം കാണുന്നതിന് .

കളിക്കാർക്ക് സമ്മാനമായി പണം നൽകുന്നില്ല എന്ന് മാത്രമല്ല വിദ്യാർത്ഥികൾ ആയിട്ട് പോലും ഓരോ കളിക്കാരനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന ഫുട്ബാൾ മത്സരത്തിൽ പണം കോവിഡ് അപ്പീലിലേക്കു നൽകിയാണ് ഇന്ന് കാലിൽ ബൂട്ട് കെട്ടുക എന്ന പ്രത്യേകതയുമുണ്ട് . അതായതു കളിയിലൂടെ കോവിഡ് ബാധിത മലയാളി കുടുംബങ്ങൾക്ക് സ്വാന്തനം എത്തിക്കുക എന്നതാണ് ഇന്നത്തെ മാഞ്ചസ്റ്റർ ഫുട്ബാൾ നൽകുന്ന സന്ദേശം .

മാത്രമല്ല മുതിർന്ന ചേട്ടന്മാരായ റോസ് പെറ്റൽസിന്റെ കളിക്കാരെ വെല്ലുവിളിക്കാൻ ഇറങ്ങുന്നത് അനിയന്മാരായ വിദ്യാർത്ഥികൾ അണിനിരക്കുന്ന റോയൽ എസ് എം എ ആണെന്നതും കൗതുകമാകും . കരുത്താർക്കെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ന് ഉച്ചകഴിഞ്ഞു സാൽഫോർഡ് ഹോസ്പിറ്റലിന് സമീപമുള്ള ഗ്രൗണ്ടിലെത്തി ചേട്ടന്മാരെയും അനിയന്മാരെയും ഒരുപോലെ പ്രോത്സാഹിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാഞ്ചസ്റ്റർ മലയാളികൾ .

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ മുൻ ട്രെഷറർ ഷിനു ക്ലെയർ മാത്യൂസ് റോയൽ പെറ്റൽസിന്റെ മാനേജരായി എത്തുമ്പോൾ ബിഎംസിഎഫ് മുൻ വൈസ് ചെയര്മാന് കൂടിയായ എം എം എ പ്രെസിഡന്റ്‌റ് കെ ഡി ഷാജിമോൻ ആണ് റോയൽ എസ് എം എ യുടെ മാനേജരായി ഇറങ്ങുക . രണ്ടു സുഹൃത്തുക്കളുടെ നെത്ര്വതത്തിൽ ഉള്ള ഫുട്ബാൾ ടീമുകൾ യുകെ മലയാളികളുടെ ജീവിതത്തിൽ പുതിയൊരു കായിക ഉണർവ് നല്കാൻ ഉള്ള ശ്രമത്തിന്റെ കൂടെ ഭാഗമായിട്ടാണ് കോവിഡ് അപ്പീലിന് തുണയായി ഇന്നത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് . ബിഎംസിഎഫ് വൈസ് ചെയര്മാന് സോണി ചാക്കോ മത്സരത്തിൽ ഉടനീളം പങ്കാളിയാകും എന്നറിയിച്ചിട്ടുണ്ട് .

വിദ്യാർത്ഥികളായ ല്യൂഷനോ , സാവിയോ , ഷോൺ , ടോണി ( ക്യാപ്റ്റൻ ) ബേസിൽ , ആരോൺ പി , ആരോൺ എസ് , സൂര്യ , കെൻ , ജോസെഫ് , ജോണ് , അഖിൽ, ജോസെഫ് എന്നിവർ റോയൽ എസ എം എ ക്കു വേണ്ടി ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ചേട്ടന്മാരുടെ ടീമായ റോസ് പെറ്റൽസിനു വേണ്ടി എൽദോ , വിഷ്ണു , ജേക്കബ്, നജിഷ് , ആഷിക് , ബേസിൽ , ഇഷ്ഹാക് , നജീബ് , ലിജു , അരുൺ , നിർമൽ , അനുമോൻ , ഡാലിന് , പ്രതീഷ് , അലൻ , ജോൺ എന്നിവരും കളത്തിലിറങ്ങും . ജില്ലാ ടീമുകൾക്കും കേരളത്തിനും വേണ്ടി കളിച്ചിട്ടുള്ള പ്രൊഫഷണൽ കളിക്കാർ റോസ് പെറ്റൽസിനു വേണ്ടി കളിക്കുമ്പോൾ സ്‌കൂളിനും യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിക്കുന്ന യുവാക്കളാണ് റോയൽ ടീമിന്റെ കരുത്തു .

അതേസമയം യുകെയിൽ സമാനമായ തരത്തിൽ ഫുടബോൾ ആവേശമായി നിറയാൻ റോസ് പെറ്റാൽസും റോയൽ എസ എം എ യും തയാറാണെന്നും ടീമുകൾക്ക് നെത്ര്വതം നൽകുന്ന ഷിനു ക്ലെയറും ഷാജിമോനും വക്തമാക്കി. തങ്ങളോടൊപ്പം ഫുട്‌ബോൾ കളിക്കാനും അതുവഴി കേരളത്തിലെ കോവ്ഡ് കുടുംബങ്ങളെ സഹായിക്കാനും യുകെയിലെ മലയാളി ഫുട്ബാൾ പ്രേമികൾ തയാറാകും എന്ന പ്രതീക്ഷയാണ് ഇരുവർക്കും .

ഇതിനകം പല പ്രദേശങ്ങളിൽ നിന്നും വിളികൾ എത്തിയിട്ടുള്ളതിനാൽ കഴിവതും സമ്മറിൽ പരമാവധി സ്ഥലത്തെത്തി ഫുടബോളിന്റെ ആവേശം പടർത്തണം എന്നാണ് ഇരു ടീമുകളുടെയും ആഗ്രഹം .