ലോർഡ്‌സ്:  ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഒരുങ്ങുന്ന ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും താരങ്ങൾക്ക് പരുക്കേറ്റത് തിരിച്ചടിയാകും.  പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന്റെ പരിക്കാണ് ഇംഗ്ലണ്ടിന് ആശങ്ക സൃഷ്ടിക്കുന്നത്.

പരിശീലനത്തിനിടെ തുടയിൽ പരിക്കേറ്റ പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന് ഇന്ത്യക്കെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. പരിശീലനത്തിനിടെ കാൽ വഴുതിയാണ് ബ്രോഡിന് പരിക്കേറ്റത്.

നോട്ടിങ്ഹാമിൽ നടന്ന ആദ്യ ടെസ്റ്റിൽ കളിച്ച സ്റ്റുവർട്ട് ബ്രോഡിന് രണ്ടാം ഇന്നിങ്‌സിൽ ഒരു വിക്കറ്റെ വീഴ്‌ത്താനായിരുന്നുള്ളു. ബ്രോഡിന്റെ പകരക്കാരനായി ഏകദിന സ്‌പെഷലിസ്റ്റായ സാഖിബ് മെഹമൂദിനെ ഇംഗ്ലണ്ട് ടീമിലെടുത്തു.

അതേസമയം, നോട്ടിങ്ഹാം ടെസ്റ്റിൽ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ ജെയിംസ് ആൻഡേഴ്‌സണും ലോർഡ്‌സിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. പേശിവലിവിനെത്തുടർന്ന് ആൻഡേഴ്‌സൺ ബുധനാഴ്ച ഇംഗ്ലണ്ടിന്റെ പരിശീലനത്തിനെത്തിയില്ല.

ഇന്ത്യൻ ടീമിനെയും പരിക്ക് അലട്ടുന്നുണ്ട്. ആദ്യ ടെസ്റ്റിൽ കളിച്ച ഷർദ്ദുൽ ഠാക്കൂർ പേശിവലിവിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്ന് ക്യാപ്റ്റൻ വിരാട് കോലി വ്യക്തമാക്കിയിരുന്നു. ഠാക്കൂരിന് പകരം അശ്വിനാവും അന്തിമ ഇലവനിലെത്തുക എന്നാണ് സൂചന.

ആദ്യ ടെസ്റ്റിൽ ഇന്ത്യക്കായി കളിച്ച ഷർദ്ദുൽ പേസ് ഓൾ റൗണ്ടറായാണ് ടീമിലെത്തിയത്. ബൗളിംഗിൽ മികവ് കാട്ടിയ ഷർദ്ദുലിന് ബാറ്റിംഗിൽ തിളങ്ങാനായില്ല. ആദ്യ ടെസ്റ്റിൽ മഴ വില്ലനായപ്പോൾ ഇന്ത്യക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.

ആദ്യ ടെസ്റ്റിൽ ഷർദ്ദുൽ അടക്കം നാല് പേസർമാരുമായാണ് ഇന്ത്യ കളിച്ചത്. വ്യാഴാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ ഷർദ്ദുലിന്റെ അഭാവത്തിൽ ഇഷാന്ത് ശർമയോ അശ്വിനോ ടീമിലെത്തിയേക്കുമെന്നാണ് കരുതുന്നത്. നാലു പേസർമാരെന്ന ഫോർമുല തുടരാൻ തീരുമാനിച്ചാൽ ഇഷാന്താവും ടീമിലെത്തുക. എന്നാൽ കൗണ്ടിയിൽ തിളങ്ങിയ അശ്വിനെ ഓൾ റൗണ്ടറായി പരിഗണിക്കാനും സാധ്യതയുണ്ട്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്നാം ടെസ്റ്റിന് ഷർദ്ദുലിനെ പരിഗണിക്കുമെന്നും കോലി പറഞ്ഞു.