- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോരാട്ടത്തിന്റെ മൂന്നാംനാൾ പാഴായി; റൺമല കയറ്റത്തിൽ നാലാം നാൾ മുക്കുകുത്തി ഇന്ത്യ; ലീഡ്‌സ് ടെസ്റ്റിൽ തോൽവി ഇന്നിങ്‌സിനും 76 റൺസിനും; 63 റൺസിനിടെ നഷ്ടമായത് എട്ട് വിക്കറ്റ്; പരമ്പരയിൽ ഇംഗ്ലണ്ട് ഒപ്പമെത്തി
ലീഡ്‌സ്: ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് എതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ഇന്നിങ്‌സിനും 76 റൺസിനമാണ് ഇന്ത്യയെ കീഴടക്കിയത്. മൂന്നാം ദിനത്തിൽ ചെറുത്തു നിൽപ്പിന്റെ കരുത്ത് കാട്ടിയ ഇന്ത്യൻ ബാറ്റിങ് നിരയെ നാലാം ദിനത്തിൽ ഇംഗ്ലീഷ് പേസർമാർ ചുരുട്ടിക്കെട്ടി.
രണ്ട് വിക്കറ്റിന് 215 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യൻ ബാറ്റിങ് നിര 63 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഓൾഔട്ടായി. അഞ്ചുവിക്കറ്റ് വീഴ്‌ത്തിയ ഫാസ്റ്റ് ബൗളർ ഒലി റോബിൻസണാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്.
354 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 278 റൺസിന് പുറത്തായി. സ്‌കോർ: ഇന്ത്യ 78 & 278, ഇംഗ്ലണ്ട് 432. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇരു ടീമുകളും 1 - 1ന് ഒപ്പമെത്തി. ആദ്യ മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ വിജയം നേടിയിരുന്നു.
തലേന്നത്തെ അതേ സ്‌കോറിൽ പുറത്തായ ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 189 പന്തുകൾ നേരിട്ട പൂജാര 15 ഫോറുകൾ സഹിതം 91 റൺസെടുത്തു. ക്യാപ്റ്റൻ വിരാട് കോലി, ഓപ്പണർ രോഹിത് ശർമ എന്നിവരും അർധസെഞ്ചുറി നേടി. 125 പന്തുകൾ നേരിട്ട കോലി എട്ടു ഫോറുകളോടെ 55 റൺസെടുത്തു. രോഹിത് 156 പന്തിൽ ഏഴു ഫോറും ഒരു സിക്‌സും സഹിതം 59 റൺസെടുത്തു.
കെ.എൽ. രാഹുൽ (എട്ട്), അജിൻക്യ രഹാനെ (10), ഋഷഭ് പന്ത് (ഒന്ന്), രവീന്ദ്ര ജഡേജ (30), മുഹമ്മദ് ഷമി (ആറ്), ഇഷാന്ത് ശർമ (2), മുഹമ്മദ് സിറാജ് (0), ജസ്പ്രീത് ബുമ്ര (1*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം. ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ക്രെയ്ഗ് ഓവർട്ടൻ മൂന്നും ജയിംസ് ആൻഡേഴ്‌സൻ, മോയിൻ അലി എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.
ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിവസം ചെറുത്തുനിൽപ്പിന്റെ സൂചന നൽകിയ ഇന്ത്യ, നാലാം ദിനം ആദ്യ സെഷനിൽ കൂട്ടത്തകർച്ചയോടെ തോൽവിയിലേക്ക് വീണു. ടെസ്റ്റിലെ 26ാം അർധസെഞ്ചുറി പൂർത്തിയാക്കിയ വിരാട് കോലി 125 പന്തിൽ എട്ടു ഫോറുകളോടെയാണ് 55 റൺസെടുത്തത്.
വ്യക്തിഗത സ്‌കോർ 46ൽ നിൽക്കുമ്പോൾ ജയിംസ് ആൻഡേഴ്‌സന്റെ പന്തിൽ കോലി ഔട്ടാണെന്ന് അംപയർ വിധിച്ചതാണ്. ബട്‌ലർ ക്യാച്ചെടുത്തെന്നായിരുന്നു അംപയറിന്റെ വിധി. കോലി ക്രീസ് വിട്ടെങ്കിലും നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലുണ്ടായിരുന്ന അജിൻക്യ രഹാനെ നിർബന്ധിച്ച് ക്യാപ്റ്റനെ ഡിആർഎസ് എടുപ്പിച്ചത് ഫലം കണ്ടു. റീപ്ലേയിൽ പന്ത് ബാറ്റിൽ തട്ടിയില്ലെന്ന് വ്യക്തമായി. 2017നുശേഷം ഇതാദ്യമാണ് ബാറ്റ്‌സ്മാനെന്ന നിലയിൽ കോലി വിജയകരമായി ഒരു റിവ്യൂ എടുക്കുന്നത്.
രണ്ട് വിക്കറ്റിന് 215 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ബാറ്റിങ്നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. ഇന്ത്യയ്ക്ക് ആദ്യം പൂജാരയെയാണ് നഷ്ടമായത്. 189 പന്തുകളിൽ നിന്നും 91 റൺസെടുത്ത പൂജാരയെ റോബിൻസൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. നാലാം ദിനം ഒരു റൺസ് പോലും കൂട്ടിച്ചേർക്കാനാവാതെയാണ് പൂജാര പുറത്തായത്.
തലേന്ന് 90 കടന്നശേഷം പിറ്റേന്ന് ഒരു റൺ പോലും കൂട്ടിച്ചേർക്കാതെ പുറത്താകുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് ചേതേശ്വർ പൂജാര. മാത്രമല്ല, തലേന്നത്തെ സ്‌കോറിനോട് ഒരു റൺ പോലും കൂട്ടിച്ചേർക്കാതെ പിറ്റേന്ന് തുടക്കത്തിൽത്തന്നെ പൂജാര പുറത്താകുന്നത് ഇത് ആറാം തവണയാണ്. ഇത്തരത്തിൽ അഞ്ച് തവണ പുറത്തായ രാഹുൽ ദ്രാവിഡിനെ രണ്ടാമതാക്കി പൂജാര ഇന്ത്യൻ താരങ്ങളിലെ 'റെക്കോർഡും' നേടി.
പിന്നാലെ നായകൻ കോലി അർധസെഞ്ചുറി നേടിയെങ്കിലും 125 പന്തുകളിൽ നിന്നും 55 റൺസെടുത്ത താരത്തെയും റോബിൻസൺ പറഞ്ഞയച്ചു. ജോ റൂട്ട് പിടിച്ചാണ് കോലി പുറത്തായത്. ഇതോടെ ഇന്ത്യ 237 ന് നാല് എന്ന നിലയിലേക്ക് വീണു. ക്രീസിലെത്തിയ അജിങ്ക്യ രഹാനെയ്ക്കും പിടിച്ചുനിൽക്കാനായില്ല. 10 റൺസ് മാത്രമെടുത്ത രഹാനെയെ ആൻഡേഴ്സൺ വിക്കറ്റ് കീപ്പർ ജോസ് ബട്ലറുടെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 239 ന് അഞ്ച് എന്ന നിലയിലേക്ക് വീണു.
രഹാനെയ്ക്ക് ശേഷം ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും പരാജയപ്പെട്ടു. വെറും ഒരു റൺസ് മാത്രമെടുത്ത താരത്തെ റോബിൻസൺ ഓവർട്ടണിന്റെ കൈയിലെത്തിച്ചു. പിന്നാലെ വന്ന ഷമിയെ മോയിൻ അലി ബൗൾഡാക്കിയതോടെ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റുകൾ നഷ്ടമായി. ആറു റൺസ് മാത്രമാണ് ഷമിക്ക് എടുക്കാനായത്.
ഇഷാന്ത് ശർമയ്ക്കും അധികം പിടിച്ചുനിൽക്കാനായില്ല. രണ്ട് റൺസെടുത്ത ഇഷാന്തിനെ ബട്ലറുടെ കൈയിലെത്തിച്ച് റോബിൻസൺ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. പിന്നാലെ ക്രീസിലെത്തിയ സിറാജിനെയും (0) 30 റൺസുമായി ഒരറ്റത്ത് പിടിച്ചുനിന്ന രവീന്ദ്ര ജഡേജയെയും മടക്കി ക്രെയ്ഗ് ഓവർട്ടൺ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.
ഇംഗ്ലിഷ് പേസർമാരെ സൂക്ഷ്മതയോടെ നേരിട്ട രോഹിത് ശർമയുടെ (59) രക്ഷാപ്രവർത്തനമാണു 3ാം ദിനം തുടക്കത്തിൽ ഇന്ത്യയ്ക്കു പ്രതീക്ഷ സമ്മാനിച്ചത്. പ്രലോഭിപ്പിച്ചു പറന്ന പന്തുകൾക്കു പിടികൊടുക്കാതെ കരുതലോടെ ബാറ്റ് വീശിയ രോഹിത് ഇന്നലെ നേരിട്ടത് 156 പന്തുകളാണ്. ഈ പരമ്പരയിൽ ഇതു നാലാമത്തെ ഇന്നിങ്‌സിലാണു രോഹിത് നൂറിലേറെ പന്തുകൾ നേരിടുന്നത്.
പതിവുശൈലി വിട്ട് ആക്രമിച്ചു കളിച്ച പൂജാര രോഹിത്തിനൊപ്പം ഒന്നിച്ചതോടെ ഇന്ത്യൻ സ്‌കോറിങ് വേഗത്തിലായി. ഇതുവരെ 70 റൺസാണു പൂജാര ബൗണ്ടറികളിലൂടെ മാത്രം നേടിയത്. 2ാം വിക്കറ്റിൽ ഇരുവരും ചേർന്ന് 82 റൺസ് നേടി. പിന്നാലെ ഒത്തുചേർന്ന പൂജാരകോലി കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ ഇതുവരെ 99 റൺസ് നേടി.
സ്പോർട്സ് ഡെസ്ക്