ഓവൽ: ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ലഞ്ചിനുശേഷം ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം ഏൽപ്പിച്ച രവീന്ദ്ര ജഡേജയുടെയും ജസ്പ്രീത് ബുമ്രയുടെയും ബൗളിങ് മികവിൽ ഇന്ത്യ ജയപ്രതീക്ഷയിൽ. 131-2 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞ ഇംഗ്ലണ്ടിനെ ലഞ്ചിനുശേഷം അഞ്ച് റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ പിഴുതാണ് ഇന്ത്യ സമ്മർദ്ദത്തിലാക്കിയത്.

ഓവലിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെന്ന നിലയിൽ ബാറ്റിങ് തകർച്ച നേരിടുകയാണ്. ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും ക്രിസ് വോക്‌സുമാണ് ക്രീസിൽ. നാലു വിക്കറ്റ് മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 207 റൺസും ഇന്ത്യക്ക് ജയിക്കാൻ നാലു വിക്കറ്റും വേണം.

ലഞ്ചിനുശേഷം വിജയത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യം ഞെട്ടിച്ചത് ജഡേജയായിരുന്നു. ജഡേജക്കെതിരെ റിവേഴ്‌സ് സ്വീപ്പ് പരീക്ഷിച്ച് ജോ റൂട്ട് റൺസ് കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ ഹസീബ് ഹമീദിനെ ക്ലീൻ ബൗൾഡാക്കിയാണ് ജഡേജ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകൾക്കുമേലെ ആദ്യ ആണി അടിച്ചത്. ആദ്യ ഇന്നിങ്‌സിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ ഓലി പോപ്പായിരുന്നു പിന്നീട് ക്രീസിലെത്തിയത്.

എന്നാൽ പോപ്പിനെ(2) നിലയുറപ്പിക്കാൻ അനുവദിക്കാതെ മനോഹരമായൊരു യോർക്കറിൽ ബുമ്ര മടക്കി. പിന്നാലെ ജോണി ബോയർ‌സ്റ്റോയെയും യോർക്കറിൽ തന്നെ ബുമ്ര കൂടാരം കയറ്റി. ബുമ്രയുടെ യോർക്കറിൽ ജോ റൂട്ട് തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും മറുവശത്ത് ജഡേജയുടെ സ്പിൻ കെണിയിൽ മൊയീൽ അലി വീണു. അക്കൗണ്ട് തുറക്കും മുമ്പെ അലിയെ ഷോർട്ട് ലെഗ്ഗിൽ സൂര്യകുമാർ യാദവിന്റെ കൈകകളിലെത്തിച്ച് ജഡേജ ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് തള്ളിയിട്ടു

അവസാന ദിവസം കരുതലോടെയാണ് ഇംഗ്ലീഷ് ഓപ്പണർമാർ തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 73 റൺസെന്ന നിലയിൽ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണർമാരായ റോറി ബേൺസും ഹസീബ് ഹമീദും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 100 റൺസടിച്ചു. ഇംഗ്ലണ്ട് സ്‌കോർ 100 റൺസിലെത്തിയതിനൊപ്പം റോറി ബേൺസ് അർധസെഞ്ചുറി പൂർത്തിയാക്കി

അർധസെഞ്ചുറി തികച്ചതിന് പിന്നാലെ റോറി ബേൺസിനെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഷർദ്ദുൽ ഠാക്കൂർ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 125 പന്തിൽ 50 റൺസെടുത്ത് ബേൺസ് മടങ്ങി. പിന്നാലെയെത്തിയ ഡേവിഡ് മലനും കരുതലോടെയാണ് തുടങ്ങിയത്. ഇതിനിടെ ഹസീബ് ഹമീദ് അർധസെഞ്ചുറി പൂർത്തിയാക്കി. അനായാസം റൺസ് കണ്ടെത്താനുള്ള വഴികൾ ഇന്ത്യ അടച്ചതോടെ ഇംഗ്ലണ്ട് സമ്മർദ്ദത്തിലായി. ഇതിനിടെ ഇല്ലാത്ത റണ്ണിനോടി ഹസീബ് ഹമീദ് ഡേവിഡ് മലനെ റണ്ണൗട്ടാക്കി.

നേരത്തെ രണ്ടാം ഇന്നിങ്‌സിൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിൽ 368 റൺസ് വിജയലക്ഷ്യമുയർത്തിയിരുന്നു. ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നിൽ മുട്ടുമടക്കിയ ഇന്ത്യൻ ബാറ്റിങ് നിര രണ്ടാം ഇന്നിങ്‌സിൽ വർധിത വീര്യത്തോടെ തിരിച്ചടിക്കുന്ന കാഴ്ചയ്ക്കാണ് കെന്നിങ്ടൺ ഓവൽ സാക്ഷിയായത്.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 466 റൺസിന് ഓൾഔട്ടായി. സെഞ്ചുറി നേടിയ രോഹിത് ശർമ, അർധ സെഞ്ചുറികൾ നേടിയ ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ശാർദുൽ താക്കൂർ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ മുൻതൂക്കം നൽകിയത്.