ടുത്ത മതനിയമങ്ങൾ അനുസരിച്ച് മുന്നേറുന്ന രാജ്യമാണ് ഇറാൻ. മത നേതൃത്വത്തിനും ഭരണകൂടത്തിനുമെതിരേ അടുത്തിടെ ഉയർന്നുവന്ന പ്രതിഷേധ സ്വരങ്ങൾ ഇറാന്റെ ഭരണനേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിരുന്നു. ശിരോവസ്ത്രം പോലും പരസ്യമായി യുവതികൾ വലിച്ചെറിയുന്ന തരത്തിലേക്ക് പ്രതിഷേധം വളർന്നു. എന്താണ് ഇതിനൊക്കെ കാരണം? യുവാക്കൾ എന്തുകൊണ്ട് ഇങ്ങനെയൊക്കെ ആയിത്തീരുന്നു?

പ്രതിഷേധങ്ങളുടെ മൂലകാരണം അന്വേഷിച്ച ഇറാനിലെ മത നേതൃത്വത്തിന് ഒടുവിൽ ഉത്തരം കിട്ടി. ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്. പാശ്ചാത്യ സംസ്‌കാരം കുട്ടികളിലേക്ക് അധിനിവേശം നടത്തുകയാണ്. ഇതൊഴിവാക്കാൻ ഇംഗ്ലീഷ് പഠിക്കുന്നത് നിരോധിക്കുക തന്നെ വേണം. സർക്കാർ ഉടമസ്ഥതയിലുള്ളതും അല്ലാത്തതുമായ പ്രൈമറി സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ തലവൻ മെഹ്ദി നവീദ് ആധമാണ് ഉത്തരവ് പ്രഖ്യാപിച്ചത്. പ്രൈമറി ക്ലാസുകൾ ഇറാനിയൻ സംസ്‌കാരം കുട്ടികളിൽ ഉറപ്പിക്കുന്നതിന് വേണ്ടിയാകണമെന്നുള്ള ഉദ്ദേശത്തോടെയാണിതെന്നും അദ്ദേഹം പറഞ്ഞു. സാധാരണനിലയിൽ 12 വയസ്സിന് മുകളിലേക്കുള്ള കുട്ടികളെയാണ് ഇംഗ്ലീഷ് പഠിപ്പിച്ച് തുടങ്ങുന്നത്. എന്നാൽ, അടുത്തകാലത്തായി പ്രൈമറി ക്ലാസ്സുകളിൽത്തന്നെ ഇംഗ്ലീഷ് പഠിപ്പിച്ച് തുടങ്ങിയിരുന്നു.

പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം വലിയതോതിൽ വർധിക്കുന്നുവെന്ന് ഇറാനിലെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനി രണ്ടുവർഷം മുമ്പേ മുന്നറിയിപ്പ് നൽകിയിരുന്നു. നഴ്‌സറി ക്ലാസുമുതൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. വിദേശ ഭാഷ പഠിപ്പിക്കുന്നതിനെയല്ല താനെതിർക്കുന്നതെന്നും കുട്ടികളിൽ വിദേശ സംസ്‌കാരം പ്രചരിപ്പിക്കുന്നതിനെയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കോളനിവത്കരണത്തിന് ബദലായി പാശ്ചാത്യ ചിന്തകർ കണ്ടെത്തിയ തന്ത്രമാണ് ഈ തരത്തിലുള്ള സംസ്‌കാര വ്യാപനമെന്നാണ് ഖമേനിയുടെ വിലയിരുത്തൽ. ചെറിയ ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠിക്കുന്നതിലൂടെ ആ ചിന്താഗതിയും കുട്ടികളിൽ ഉറയ്ക്കാൻ കാരണമാകുമെന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഇംഗ്ലീഷ് നിരോധനമെന്നാണ് കരുതുന്നത്.

അടുത്തിടെ ഇറാനിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ 22 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെപ്പേർ അറസ്റ്റ് ചെയ്യപ്പെട്ടു. രാജ്യത്തെ എൺപതോളം നഗരണങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ച സമരം, തൊഴില്ലായ്മയ്ക്കും നേതൃത്വത്തിലെ അഴിമതിക്കും പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അകലം വർധിക്കുന്നതിനും എതിരെയാണ് സംഘടിപ്പിക്കപ്പെട്ടത്.