കാഞ്ചനമാലയെയും മൊയ്തീനെയും അനശ്വരരാക്കിയ ഹ്രസ്വചിത്രം ചെയ്തയാളാണ് ആർ.എസ്. വിമൽ. 'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന കരുണ നിറഞ്ഞ ടൈറ്റിൽ മുതൽ, സർവ്വാംഗം കലാനുഭവത്തിന്റെ സൗമ്യമായ ശക്തിയും സൗന്ദര്യവും നിറച്ചുവച്ചതാണ് ഇരുപതു മിനിറ്റുമാത്രം ദൈർഘ്യമുള്ള ആ ചിത്രം.

നാലഞ്ചു വർഷം മുമ്പാണ് ഞാനാ ചിത്രം കണ്ടത്. പിന്നീടെന്നോ ആ കഥ തീയേറ്ററിൽ ഓടിക്കുന്ന കഥാചിത്രമാക്കുന്നു എന്ന് ആദ്യം കേട്ടപ്പോൾത്തന്നെ എന്റെ മനസ്സ് ഒന്നു പിടഞ്ഞു. 'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന ആ കൊച്ചുസിനിമ അത്രമാത്രം എന്നെ സ്വാധീനിച്ചിരുന്നു. എന്നാൽ, ഇത് എന്റെ മാത്രം നോൾസ്റ്റാൾജിക്കായ ഒരു വികാരമായിരുന്നില്ല. അതിനു തെളിവുകൾ ധാരാളമുണ്ട്. ഹ്രസ്വചിത്രങ്ങളുടെ മത്സരങ്ങളിലെല്ലാംതന്നെ അവാർഡ് നേടുകയും സ്വാഭാവികമായും സംവിധായകനായ വിമൽ ഏറെ പ്രശസ്തനാകുകയും ചെയ്തുകൊണ്ടിരുന്നു.

എന്റെ നേരിട്ടുള്ള അനുഭവം ഇതാണ്: ഹ്രസ്വചിത്രങ്ങളുടെ ഒരു മത്സരവേദിയിൽ ജഡ്ജുമാരിൽ ഒരാളായിട്ടാണ് ഞാനീ ചിത്രം കാണുന്നത്. കുറെയേറെ നല്ല ചിത്രങ്ങൾ ആ മേളയിൽ മത്സരിക്കാനെത്തിയിരുന്നു. ശ്രീപാർവ്വതിയുടെയും ഉണ്ണിയുടെയും ഓൺലൈൻ മാഗസിനായ 'കണിക്കൊന്ന'യുടെ വാർഷികാഘോഷ പരിപാടിയായി, കൂത്താട്ടുകുളത്ത് സി.ജെ. സ്മാരകഹാളിലായിരുന്നു മത്സരം. രണ്ടായിരത്തിപത്തിൽ.

യഥാർത്ഥത്തിൽ നടന്ന ഒരു പ്രണയകഥയിലെ ദുരന്തനായികയെ വച്ചു ചെയ്ത, ഡോക്യുമെന്ററി സ്വഭാവത്തിലുള്ള ഒരു ചിത്രവും അക്കൂടെയുണ്ടെന്നറിഞ്ഞപ്പോൾ, മിക്കവാറും അതൊരു മുഷിപ്പൻ ചിത്രമായിരിക്കും എന്നേ കരുതിയുള്ളു. മൂന്നു-നാലു ഭേദപ്പെട്ട ചിത്രങ്ങൾക്കുശേഷമാണ് 'ജലംകൊണ്ടു മുറിവേറ്റവൾ' പ്രദർശിപ്പിച്ചത്. ചിത്രം കണ്ടുതുടങ്ങിയതോടെ, മോശമായിരിക്കും എന്ന ചിന്തയ്ക്കു പകരം മറ്റൊരു ആശങ്കയാണ് എന്നെ പിടികൂടിയത്! ജഡ്ജസിൽ ഒരാൾ വളരെ പ്രശസ്തനും മുഖ്യധാരാ സിനിമയിൽ പല കർതൃത്വങ്ങളുമുള്ള ആളുമാണ്. കൂടാതെ, സാക്ഷാൽ മാധവിക്കുട്ടിയുടെ കഥയെ അടിസ്ഥാനമാക്കി എടുത്ത, പകിട്ടും, കൂടിയ സാങ്കേതിക മേന്മയുമൊക്കെയുള്ള ചിത്രവും മത്സരത്തിനുണ്ടായിരുന്നു. സ്വാഭാവികമായും ആ ജഡ്ജ് 'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന പാവം സിനിമയെ കൈവെടിഞ്ഞ് മേൽപറഞ്ഞ തരത്തിലുള്ള ഏതെങ്കിലും ചിത്രത്തിന് കൂടുതൽ മാർക്കിട്ട് അട്ടിമറി നടത്തുമോയെന്ന പേടിയായിരുന്നു എനിക്ക്. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചില്ല. ജഡ്ജസ് എല്ലാവരും നല്ല മാർജിനോടുകൂടിയാണ് 'ജലംകൊണ്ടു മുറിവേറ്റവൾ'ക്ക് ഏറ്റവും കൂടിയ മാർക്കിട്ടത്![BLURB#1-VL]ലാളിത്യത്തിനും കലയിലെ ആത്മാർത്ഥതയ്ക്കും ഇത്രമാത്രം വശീകരണശക്തിയുണ്ടെന്ന് ഈ ചിത്രം കാണുംവരെ നമുക്കു ബോധ്യം വരില്ല. ഒരു കൊച്ചു വള്ളവും പുഴയും അതിന്റെ മാറിൽ പെയ്യുന്ന മഴയും പുഴക്കരയിലും പടവുകളിലും വള്ളത്തിലും, മുറിയിൽ മൊയ്തീന്റെ ചിത്രത്തിനു താഴെയും ഇരിക്കുന്ന കാഞ്ചനമാലയും മാത്രമേയുള്ള ഈ ചിത്രത്തിന്റെ രംഗങ്ങളിൽ.

മന്ദ്രസ്ഥായിയിൽ കാഞ്ചനമാല സംസാരിക്കുന്നു. തന്റെയും മൊയ്തീന്റെയും കഥ അവിടവിടെ നിന്നു പറയുന്നു. ഇടയ്ക്ക് കമന്റേറ്റർ ഹൃദയത്തിന്റെ ഭാഷയിലുള്ള ചെറിയ വിവരണംകൊണ്ടു കഥ പൂരിപ്പിക്കുന്നുണ്ട്. മൊയ്തീന്റെ സഹോദരൻ, കസിൻ സഹോദരി, ഒരു അദ്ധ്യാപകൻ ഇവരുടെ നുറുങ്ങ് ഓർമ്മകളുടെ സാക്ഷ്യവും മൊയ്തീന്റെ അപകടമരണത്തിന്റെ 'മാതൃഭൂമി' പത്രവാർത്തയും. ഇവയ്ക്കപ്പുറം, ദൃശ്യങ്ങളുടെയോ, ശബ്ദങ്ങളുടെയോ പ്രകടനപരതകളൊട്ടുമില്ല.

വള്ളത്തിലും പുഴക്കരയിലും വീട്ടിലുമുള്ള കാഞ്ചനമാലയുടെ ദൃശ്യങ്ങൾ അല്പംപോലും നീണ്ടുപോകാതെ, ഒട്ടും മുഷിപ്പിക്കാതെ മാറിമാറി വരുന്നു. ഏറ്റവും സൗമ്യമായി പതിഞ്ഞ ശബ്ദത്തിൽ വയലിൻ കേൾക്കാം. വയലിന്റെ തന്ത്രികൾ പ്രേക്ഷകമനസ്സിൽ വേദന കോറിയിടുന്നു. കാഞ്ചനമാലയുടെ പറച്ചിലിനേക്കാൾ താഴ്മയിൽ, അവരുടെ വാക്കുകളുടെ ഇടവേളയിൽ, കഥയിലെ മൊയ്തീന്റെയും കാഞ്ചനയുടെയും വിരഹവും ദുഃഖവും പരാതികളും പറഞ്ഞുകൊണ്ട് വയലിൻ സംഗീതം അനുവാദം ചോദിക്കാതെ നമ്മുടെ സികരളിലും തലച്ചോറിലും ഹൃദയത്തിലും കയറി നടക്കുന്നു. കാഞ്ചനയുടെ പരിഭവങ്ങളെല്ലാം വയലിന്റെ ഹൃദയത്തിനറിയാം! ഇടയ്‌ക്കൊക്കെ ഈ സംഗീതദൗത്യം നിർവ്വഹിക്കുന്നത് പുല്ലാങ്കുഴലാണെന്നു തോന്നുന്നു. അരവിന്ദന്റെ 'പോക്കുവെയിൽ' സിനിമയിലെ പശ്ചാത്തല സംഗീതം ഓർത്തുപോകും.

അത്രയൊന്നും സുന്ദരിയല്ലാത്ത, മദ്ധ്യവയസ്സുപോലും കഴിഞ്ഞുപോയ, 'കാഞ്ചനേടത്തി' എന്ന് ആദരപൂർവ്വം എല്ലാവരും വിളിക്കുന്ന സ്ത്രീ ഈ ഹ്രസ്വചിത്രത്തിലെ നായികയായി നമ്മുടെ ഹൃദയവികാരങ്ങളുടെമേൽ വിജയം നേടിയെടുക്കുന്നത് എങ്ങനെയാണ്? തന്റെ ഇരട്ടദുരന്തത്തിന്റെ കഥ പറയുന്ന കാഞ്ചനമാല ഒരിക്കൽപോലും തേങ്ങിക്കരയുന്നില്ല. ചവർപ്പു നിറഞ്ഞ ഒരു മന്ദഹാസം പോലുമുണ്ട്, ചിലയവസരങ്ങളിൽ അവരുടെ മുഖത്ത്. കാഞ്ചനമാലയുടെ മുഖത്തെ സ്ഥായിയായ രസം ഒരു പ്രധാന ഘടകമാണെന്നു തോന്നുന്നു. എല്ലാ രസങ്ങൾക്കും അപ്പുറമുള്ള 'ശാന്ത'മാണ് ആ രസം. അപാരമായ ശാന്തം!

വിജാതീയനായ മൊയ്തീനോടു തോന്നിയ പ്രണയത്തിന്റെ പേരിലുള്ള 25 വർഷത്തെ വീട്ടുതടങ്കൽ. ആ വിരഹപ്രണയത്തിനൊടുവിൽ, തന്റെ കാമുകനെ വിധി തട്ടിയെടുത്തു കൊണ്ടുപോയശേഷവും, ശേഷിക്കുന്ന ആയുസ്സു മുഴുവൻ ശമനമില്ലാത്ത ദുഃഖം അനുഭവിക്കേണ്ടിയിരിക്കുന്ന, ആത്മഹത്യാ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് സ്വാഭാവിക മരണംവരെ ജീവിക്കാൻ വിധിക്കപ്പെട്ട ഈ സ്ത്രീ, കണ്ണീരോ നിത്യനിരാശയോ പ്രകടിപ്പിക്കാതെ ഈ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ ക്രഡിറ്റ് തീർച്ചയായും സംവിധായകനുംകൂടി അവകാശപ്പെട്ടതാണ്. ഇങ്ങനെയൊണ് തന്റെ കഥാനായിക വേണ്ടത് എന്നുള്ള സംവിധായകന്റെ കലാപരമായ കാഴ്ചപ്പാടാണല്ലോ നിർണ്ണായകമായ കാര്യം.[BLURB#2-VR]ഈ ചിത്രത്തിനു സംവിധായകൻ നൽകിയിരിക്കുന്ന പതിഞ്ഞ വേഗം ഒരു പ്രധാന ഘടകം തന്നെയാണ്. മഴയുടെ താളവും, ഹൃദയത്തിൽ മുറിവേറ്റവളുടെ വാക്കുകളും, ഒരിക്കലും എത്തിച്ചേരില്ലെന്നു തോന്നിക്കുന്ന അവരുടെ നടത്തവും എല്ലാം ഒരേ വിളംബകാലത്തിലുള്ളതാണ്.

പ്രതാപശാലിയായ, കാഞ്ചനയുടെ അച്ഛൻ പണികഴിപ്പിച്ച സ്‌കൂളിൽ സഹപാഠികളായിരുന്ന മൊയ്തീനും കാഞ്ചനയും തമ്മിൽ വളരെ സാവകാശത്തിൽ വളർന്നു വന്ന പ്രണയം. കാഞ്ചനമാല ദൂരെ പട്ടണത്തിൽ, ഹോസ്റ്റലിൽ താമസിച്ചു പഠിക്കാൻ തുടങ്ങുന്നതോടെയാണ് പ്രണയം പ്രകടവും ശത്കവുമാകുന്നത്. പേരു വെളിപ്പെടുത്താതെ 'വാഴക്കുല' എന്ന കാവ്യപുസ്തകവും മറ്റൊരു ബുക്‌ലറ്റുമൊക്ക അയച്ചുകൊടുക്കുന്നു. കാഞ്ചനയ്ക്ക് ആളെ മനസ്സിലായി. ഒന്നോ രണ്ടോ വട്ടം കോമ്പൗണ്ടിനു പുറത്തുവച്ചു സംസാരിച്ചു. കത്തുകളയയ്ക്കാൻ തുടങ്ങി. താമസിച്ചില്ല ''കത്തുകൾ പിടിക്കപ്പെട്ടു. അറസ്റ്റ്, വീട്ടുതടങ്കൽ, 25 വർഷം, തല്ല്, കുത്ത്- മർദ്ദനങ്ങൾ. പത്തു വർഷത്തേയ്ക്കു തമ്മിൽ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല. എങ്കിലും കോഡുഭാഷയിൽ കത്തുകളയച്ചിരുന്നു....''

കാഞ്ചനയുടെ നാലഞ്ചു സഹോദരിമാരുടെ വിവാഹം കഴിയാൻവേണ്ടി, കുടുംബത്തിനു പേരുദോഷമുണ്ടാകാതിരിക്കാൻവേണ്ടി, കാഞ്ചന ആവശ്യപ്പെട്ടതനുസരിച്ചാണ് അത്രയും വർഷം കാത്തിരുന്നത്. ഒരു പ്രാവശ്യം മൊയ്തീനെ ബാപ്പ കുത്തി മുറിവേല്പിച്ചു. എന്നാൽ തന്നെ ആരും കുത്തിയില്ലെന്നാണ് കോടതിയിൽ മൊയ്തീൻ മൊഴിപറഞ്ഞത്.

ഇരു സമുദായങ്ങളുടെയും ശത്രുതയും എതിർപ്പും മുനയൊടിഞ്ഞുപോയി. കാഞ്ചന മൊയ്തീന്റേതെന്നും മൊയ്തീൻ കാഞ്ചനയുടേതെന്നും സമൂഹവും ഇരു കുടുംബക്കാരും ഏതാണ്ട് അംഗീകരിച്ചു കഴിഞ്ഞാണ്, ''25 വർഷത്തെ ഏകാന്തതടവിനുശേഷം ഒരിക്കൽ തെയ്യത്തുംകടവിൽ വച്ചു കണ്ടുമുട്ടി. പത്തു വർഷത്തിനുശേഷം ആദ്യമായി സംസാരിക്കുകയും ചെയ്ത് അധികം വൈകാതെയാണ് അതേ കടവിലുണ്ടായ തോണിയപകടത്തിൽ മൊയ്തീൻ മരിച്ചത്... മൊയ്തീൻ ഇല്ലാതായെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല..... ആത്മഹത്യയ്ക്കു പലവട്ടം ഞാൻ ശ്രമിച്ചു. വീട്ടുകാരുടെ ശക്തമായ കാവലുണ്ടായിരുന്നു. പിന്നെ, പട്ടിണികിടന്നു മരിക്കാമെന്നു തീരുമാനിച്ചു. ആശുപത്രിയിലും, മരിക്കണമെന്ന തീരുമാനത്തിൽ തന്നെയായിരുന്നു... ജീവൻ പോകും എന്ന സ്ഥിതി. മരുന്നു കഴിക്കില്ല. പുഴയിലെ വെള്ളം കൊണ്ടുവരുകയാണെങ്കിൽ കുടിക്കാമെന്നു പറഞ്ഞു. മൊയ്തീനെ കൊന്ന വെള്ളം കുടിച്ചു മരിക്കാൻവേണ്ടിയായിരുന്നു.... വെള്ളം കൊണ്ടുവന്നു കുടിച്ചു. മരിക്കാതെ കിടന്നു. മൊയ്തീന്റെ ഉമ്മ നിർബന്ധപൂർവ്വം അവരുടെ വീട്ടിലേക്ക് മരുമകളായി വിളിച്ചു..... കൂട്ടിക്കൊണ്ടുപോയി''

ഉമ്മയുടെ നിർബന്ധപ്രകാരം കാഞ്ചനതന്നെ മൊയ്തീന്റെ സ്മാരകശില പണിയിക്കാൻ മുൻകൈയെടുത്തു. മൊയ്തീൻ നടത്തിയിരുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയാണിപ്പോൾ - മൊയ്തീന്റെ 'വിധവ' എന്ന സങ്കല്പത്തിൽതന്നെ.

മൊയ്തീന്റെ അനുജൻ പറയുന്നു ''.....ഭാര്യാഭർതൃബന്ധത്തെക്കാളൊക്കെ അപ്പുറമുള്ള ഒരു സ്‌നേഹമായിരുന്നു അവരു തമ്മിൽ....''
കാഞ്ചനേടത്തി പറയുന്നു, ''സതി, ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഓർക്കുകയാണ്.... ഇഷ്ടപ്പെട്ടവരുടെ ചിതയിൽ ചാടി മരിക്കുക എന്ന ഭാഗ്യം....''
പുഴയിലൂടെ, അപകടമുണ്ടായ അതേ തോണിയിൽ കയറി അതേ കടവിലൂടെ കാഞ്ചനമാല ഇപ്പോഴും യാത്ര ചെയ്യാറുണ്ട്.... കടവിന്റെ പടവുകളിൽ പോയി ഇരിക്കാറുമുണ്ട്, മഴ നനയാറുണ്ട, ഏതെങ്കിലും ഒരു ചുഴിയിൽ നിന്ന് മൊയ്തീൻ കയറി വന്നാലോ! 1982 മുതൽ കാഞ്ചന കാത്തിരിക്കുന്നു!

ചിത്രം അവസാനിക്കുമ്പോൾ കാഞ്ചനയുടെ ദൃശ്യങ്ങളുടെയും ടൈറ്റിലിന്റെയുമൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ''ചൂടാതെ പോയി നിനക്കായി ഞാൻ, ചോരചാറിച്ചുവപ്പിച്ചൊരെൻ പനീർ പൂവുകൾ....'' എന്നു തുടങ്ങുന്ന കവിത കേൾക്കാം. ഈ കവിത ഇവിടെ ചേർക്കാൻ തിരഞ്ഞെടുത്ത സംവിധായകനെ നമിക്കണം. 'അറുക്കും കണ്ഠത്തിൻ കരച്ചിൽ ശബ്ദത്തിൽ' തന്റെ കവിത ചൊല്ലിയ ചുള്ളിക്കാടിനോടു കൃതജ്ഞതയും പറയണം.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും ദുരന്തപ്രണയത്തിന്റെ സ്മാരകമായി വിമൽ സൃഷ്ടിച്ച 'താജ്മഹൽ' ആണ് 'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന ഹ്രസ്വചിത്രം![BLURB#3-VL]'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന താജ്മഹൽ തീർത്ത അതേ സംവിധായകനാണല്ലോ 'എന്നു നിന്റെ മൊയ്തീൻ' എന്ന കോലംകെട്ട കൂറ്റൻ കോൺക്രീറ്റുകൂടാരം പണിത് പ്രൗഡിയുടെ പളപളപ്പ് പൂശിക്കാണിക്കുന്നത് എന്നോർക്കുമ്പോൾ ദുഃഖത്തോടൊപ്പം അമ്പരപ്പും തോന്നുന്നു! പ്രശസ്ത താരങ്ങളെ വച്ച് പണം മുടക്കി ഒരു മുഴുനീള കഥാചിത്രം ചെയ്യുമ്പോൾ വേണ്ടിവരുന്ന വിട്ടുവീഴ്ചകളോ കൂട്ടിച്ചേർക്കലുകളോ ഒന്നുമല്ല ഇവിടെ സംഭവിച്ചിരിക്കുന്നത്. സംവിധാനയകനായ വിമൽ തന്റെ കലാഹൃദയം മാത്രമല്ല തലച്ചോറും ആർക്കോ തീറെഴുതിക്കൊടുത്ത് സൃഷ്ടിച്ചെടുത്ത ചിത്രമാണ് ''എന്നു നിന്റെ മൊയ്തീൻ''. എവിടെയും കിട്ടുന്നതും തറനിലവാരത്തിലുള്ളതുമായ കോമാളിത്തങ്ങളും അയുക്തികതയും വൈരുദ്ധ്യവും തോന്നുന്ന രംഗങ്ങളുംകൊണ്ടു നിറഞ്ഞതാണ് ഈ ചിത്രം, എന്നതാണു സത്യം!

വിമൽതന്നെ ചെയ്ത ഹ്രസ്വചിത്രത്തിന്റെ അതേ സ്‌ക്രിപ്റ്റ് വച്ച് ഇതേ താരങ്ങളെക്കൊണ്ട് സിനിമയെടുത്താൽ മതിയായിരുന്നു. അതിൽ കാഞ്ചന പറയുന്ന വാക്കുകളും കമന്ററിയും സാക്ഷ്യങ്ങളും ദൃശ്യവല്ക്കരിച്ചാൽ മാത്രം മതിയായിരുന്നു, ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ളതും ആളുകൾ നെഞ്ചേറ്റുന്നതുമായ ഒരു ചിത്രമുണ്ടാകാൻ.

അതിപ്രശസ്തരായ താരങ്ങളെ വച്ചുതന്നെ, ജാഡയും അനാവശ്യമായ പ്രൗഡിയും കാട്ടാതെ ഇറക്കിയിട്ടുള്ള ചിത്രങ്ങളും ജനപ്രീതി നേടുകയും വലിയ സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്ത ചരിത്രം മലയാളസിനിമയിൽത്തന്നെയുണ്ട്. കാൽനൂറ്റാണ്ടിനു ശേഷവും മലയാളിയുടെ മനസ്സിൽ നിന്നു മായാത്ത 'ഭാർഗ്ഗവിനിലയവും' 'ഇരുട്ടിന്റെ ആത്മാവും' തുടങ്ങി അത്തരം ചിത്രങ്ങൾ അനേകമുണ്ട്.

ചിത്രത്തിന്റെ തുടക്കം തന്നെ 'യോദ്ധാ' പോലുള്ള പല ചിത്രങ്ങളിലെയും രംഗങ്ങൾ ചെടിപ്പോടെ ഓർമ്മിപ്പിക്കും. കാഞ്ചനയുടെ അമ്മാവന്മാർ മച്ചിൻപുറത്തുള്ള മുറിയിൽ അടച്ചുപൂട്ടുകയും ക്രൂരമായ മർദ്ദനം ഏല്പിക്കുകയും ചെയ്യുന്നു എന്നു ഭാവിക്കുമ്പോഴും മച്ചിന്റെ വരാന്തയിൽ ഇരുന്ന് നാട്ടിൽ മൊയ്തീൻ നടത്തുന്ന കോമാളിത്തരങ്ങൾ-നാടകം, മൈക്ക് അനൗൺസ്‌മെന്റ് തുടങ്ങിയവയെല്ലാം- കണ്ടും കേട്ടും ആസ്വദിക്കുകയാണു കാഞ്ചനമാല. യഥാർത്ഥത്തിൽ കാഞ്ചനമാലയും മൊയ്തീനും അനുഭവിച്ച വിരഹത്തിന്റെ ഒരു ചെറുപ്രതീതിപോലും 'എന്നു നിന്റെ മൊയ്തീ'നിൽ ഒരു രംഗത്തുപോലും കാണുന്നില്ല. ഹ്രസ്വചിത്രത്തിലെ കമന്ററിയുടെയോ കാഞ്ചനേടത്തിയുടെ ഒരു വാക്യത്തിന്റെയോ വൈകാരികാനുഭവം ഈ വൻചിത്രം മുഴുവൻ തിരഞ്ഞാലും കണ്ടുകിട്ടുകയില്ല.

കാഞ്ചനയുടെയും മൊയ്തീന്റെയും തറവാടുകളുടെ പ്രൗഡി ബോധ്യപ്പെടുത്താൻവേണ്ടി എത്ര പാടുപെടുന്നു സംവിധായകൻ!

എന്നാൽ ബി.പി. മൊയ്തീൻ എന്ന ചരിത്രവ്യക്തിക്ക് മുക്കത്തിലെ സമൂഹത്തിനോടുണ്ടായിരുന്ന ബന്ധമോ അദ്ദേഹം നടത്തിയിരുന്ന പൊതുക്ഷേമപ്രവർത്തനങ്ങളോ ഈ സിനിമയിൽ കാണാനില്ല. ആരംഭത്തിലെ ചെളിയിൽ കുളിച്ച പന്തുകളിയുണ്ട്, ആകെപ്പാടെ! പിന്നെ, സ്‌പോർട്ട്‌സ് മാസികയുടെ കാര്യവും പൊലീസ്മർദ്ദനക്കാര്യവുമൊക്കെ മൊയ്തീന് ഒരു ഫ്രോഡിന്റെ സ്വഭാവമാണ് ചാർത്തിക്കൊടുക്കുന്നത്. ഈ സിനിമയുടെ പൊടിപടലം, ആവേശം അടങ്ങുമ്പോൾ മൊയ്തീന്റെ കുടുംബക്കാർ തന്നെ ഇത്തരം സത്യങ്ങൾ തിരിച്ചറിഞ്ഞേക്കും. മരംചുറ്റി പ്രേമത്തേക്കാൾ അസഹ്യമാണ് ഒരു തൂണിന് ഇരുവശത്തുമുള്ള ഇരട്ടപ്രേമം! [BLURB#4-VR]മൊയ്തീൻ തുടങ്ങിവച്ച സാമൂഹ്യ സേവനസ്ഥാപനങ്ങൾ ഏറ്റെടുത്തു നടത്തിവരികയാണു കാഞ്ചനമാല. ഒരു സാധാരണ ദുരന്തപ്രണയകഥയിലെ നായികയായിട്ടല്ല, വിധിയുടെ ഇരട്ട പ്രഹരമേറ്റിട്ടുപോലും കാഞ്ചനമാല ജീവിക്കുന്നത്. അത്തരം കാര്യങ്ങളൊന്നും സിനിമയിൽ പറയുന്നില്ല എന്ന വിമർശനം ഇപ്പോൾത്തന്നെ ഉയർന്നിട്ടുണ്ട്.

'എന്നു നിന്റെ മൊയ്തീൻ' എന്ന സിനിമ ചെയ്ത ഏറ്റവും വലിയ കടുംകൈ മേൽപ്പറഞ്ഞതുതന്നെയാണ്. മുക്കത്തെ സമൂഹത്തിന്റെ മനഃസാക്ഷിയിൽനിന്ന് മൊയ്തീനെ പുറത്താക്കി. ബി.പി. മൊയ്തീന്റെ യഥാർത്ഥവ്യക്തിത്വത്തെ പറിച്ചു മാറ്റിയിട്ടാണ്, ഈ സിനിമയിലെ മൊയ്തീനെ സൃഷ്ടിച്ചിരിക്കുന്നത്. കാഞ്ചനയുടെ കാര്യത്തിലും ഇതുതന്നെ ചെയ്തു. അങ്ങനെ കാഞ്ചനമാല മൊയ്തീൻ പ്രണയകഥയുടെ പ്രധാനപ്പെട്ട ഒരു മാനം - ഡയമൻഷൻ - എന്നേക്കുമായി നഷ്ടപ്പെടുത്തി. വരുംകാലത്ത് ഈ പ്രേമകഥയുടെ അപൂർവ്വതയും സാമൂഹ്യപ്രസക്തിയും ചരിത്രത്തിൽ നിലനിർത്തുന്നത് വിമൽ ചെയ്ത ഹ്രസ്വചിത്രവും അതിന് അടിസ്ഥാനമാക്കിയ പുസ്തകവുമായിരിക്കും.

ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ കാര്യത്തിൽ തന്നെയുള്ള അഭിപ്രായവ്യത്യാസം കാരണം കാഞ്ചനേടത്തി 'എന്നു നിന്റെ മൊയ്തീൻ' കാണാൻ പോയില്ല എന്നു പത്രത്തിൽ വായിച്ചു. ഹ്രസ്വചിത്രത്തിന്റെ പേരിൽ വിമലിനോടു വലിയ കടപ്പാടുണ്ടെങ്കിലും കാഞ്ചനേടത്തിക്ക് അങ്ങനെ ചെയ്യാനുള്ള അവകാശമുണ്ട്. 'എന്നു നിന്റെ മൊയ്തീൻ' സിനിമയ്ക്കപ്പുറം, യഥാർത്ഥ കഥയും കഥാപാത്രങ്ങളെയുമറിയുന്ന മുക്കത്തുകാരുടെ വികാരവും ഇതുതന്നെ ആയിരിക്കും. കൂടാതെ 'ജലംകൊണ്ടു മുറിവേറ്റവൾ' എന്ന ഹ്രസ്വചിത്രം കണ്ടിട്ടുള്ള ഏവരുടെയും!

'.... മൊയ്തീൻ' സിനിമയുടെ ഘടനയിൽതന്നെ വലിയ വീഴ്ചകൾ പറ്റിയിട്ടുണ്ട്. സാധാരണ പ്രേക്ഷകർക്കുപോലും ബോദ്ധ്യപ്പെടുന്ന അവയിലൊന്നാണ്, മൊയ്തീന്റെ ബാപ്പ നടത്തുന്ന 'കുത്തിക്കൊല'. ഹ്രസ്വസിനിമ കണ്ടിട്ടുള്ള ഞാൻപോലും തെറ്റിദ്ധരിച്ചത് സിനിമയുടെ ക്ലൈമാക്‌സ് ഇതാക്കി മാറ്റി എന്നാണ്. 'കുത്തിക്കൊല'യ്ക്കു കൊടുത്ത അമിതപ്രാധാന്യം അതിനെ സിനിമയുടെ ക്ലൈമാക്‌സാക്കിത്തീർത്തു. അതിനുശേഷമുള്ള വെറുതെ വിടീൽ, ആന്റിക്ലൈമാക്‌സുമായി. പിന്നീടുള്ള ഭാഗം, നടുവൊടിഞ്ഞ ഒരു ജീവിയെപ്പോലെ സിനിമ ഇഴഞ്ഞുനീങ്ങുകയാണ്. അവസാനത്തെ തോണിയപകടം, വിസ്തരിച്ചു ചിത്രീകരിച്ചിട്ടും, 'ചെമ്മീനി'ലെ ചുഴി അതേപോലെ കാട്ടിയിട്ടും പ്രേക്ഷകരുടെ മനസ്സിൽ കാര്യമായി ഏശാതെപോയതും അതുകൊണ്ടുതന്നെയാണ്. മൊയ്തീന്റെ മരണം കാഞ്ചനമാലയിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളും അതിൽനിന്നുള്ള അതിജീവിക്കലും - ആത്മഹത്യാശ്രമവും നിരാഹാരവും - ഒക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. പക്ഷേ, അതൊന്നും ശ്രദ്ധയോടെയോ പ്രാധാന്യത്തോടെയോ ചെയ്യാൻ സംവിധായകനു സമയമോ ക്ഷമയോ ഇല്ലാതെ പോയി. അനാവശ്യമായ പലതുമാണ് ഈ സിനിമയിൽ ആഘോഷിക്കപ്പെട്ടത് എന്നതുതന്നെ കാരണം.

സായ്കുമാറിന്റയോ പൃഥ്വിരാജിന്റെയോ ഈഗോയുടെ പേരിലാണ്, അവരെ തൃപ്തിപ്പെടുത്താനാണ് ഇത്തരം വീഴ്ചകൾ വരുത്തിയതെന്നു കരുതാൻ ഒരു ന്യായവുമില്ല.
സംഗീതം, ആലാപനം തുടങ്ങിയവയ്ക്കു പുറമെ, വേറെയും മനോഹാരിതകൾ പലതുണ്ട്, ഇ ചിത്രത്തിൽ. തെയ്യക്കോലങ്ങളും കഥകളിവേഷവുമെല്ലാം സ്ലോമോഷനിൽ പാടവരമ്പിലൂടെ നീങ്ങുന്നത് സുന്ദരമായ കാഴ്ചയാണ്. പക്ഷേ, ഇത്തരം ദൃശ്യങ്ങൾക്ക് ഈ സിനിമയുമായി എന്തു ബന്ധം എന്ന് ചിന്തിക്കരുത്!

6-7 വർഷത്തെ കഠിനമായ പരിശ്രമത്തിനൊടുവിലാണ് 'എന്നു നിന്റെ മൊയ്തീൻ' ഇറക്കാൻ സാധിച്ചത് എന്ന് വിമൽ പത്രത്തിൽ പറഞ്ഞിട്ടുണ്ട്. പക്ഷേ, എനിക്ക് അദ്ദേഹത്തോടുണ്ടായിരുന്ന ദയവ് 'മൊയ്തീൻ' ചിത്രം കണ്ടതോടെ പിൻവലിച്ചു. കൈപ്പിഴവോ പാളിപ്പോകലോ ഒന്നുമല്ല സംഭവിച്ചിരിക്കുന്നത്. വിമൽ സമ്പൂർണമായ ചേരിമാറ്റം നടത്തിയിരിക്കുന്നു.

ഹ്രസ്വചിത്രം കാഞ്ചനമാലയുടെതാണെങ്കിൽ 'എന്നു നിന്റെ മൊയ്തീൻ' മൊയ്തീന്റേതാണ്. സംവിധായകന്റെ ആദ്യത്തെ കൂറുമാറ്റം ഇവിടെ നടന്നു. പക്ഷേ, ഇതൊരു ഗുരുതരമായ പ്രശ്‌നമല്ല. കാഞ്ചനയുടെ കാൽപാദം പതിഞ്ഞ മണ്ണെടുത്തു തിരുശേഷിപ്പുപോലെ സൂക്ഷിക്കുന്ന മൊയ്തീന്റെ പേരിലായതിൽ ആരും പരാതി ഉന്നയിക്കില്ല. പക്ഷേ, സഹൃദയനും പ്രതിഭാശാലിയും മനുഷ്യസ്‌നേഹിയുമായ വിമൽ നടത്തിയ കൂറുമാറ്റം, ഒരു വലിയ നഷ്ടമാണ്. കഥാചിത്രം നിർമ്മിക്കാനുള്ള ആലോചനയുടെ ആദ്യകാലത്തൊന്നും വിമൽ വഴങ്ങിയിരുന്നില്ല; പിന്നീട്, ഉദ്യമങ്ങൾ ഒന്നൊന്നായി പൊളിഞ്ഞ് ചിത്രമിറക്കുകയോ ആത്മഹത്യയോ (വിമൽതന്നെ പറഞ്ഞിട്ടുള്ളതുപോലെ) എന്ന ഘട്ടത്തിൽ ആരുടെയോ ഭീഷണിക്കു മുമ്പിൽ കീഴടങ്ങേണ്ടിവന്നു! ഇങ്ങനെ ചിന്തിക്കാനാണ് എനിക്കിഷ്ടം. എന്തുവന്നാലും വിമൽ അതു ചെയ്യാൻ പാടില്ലായിരുന്നു.
'..... മൊയ്തീൻ' എത്ര പണം വാരിയാലും - ആ സിനിമ അത് ഒട്ടും അർഹിക്കുന്നില്ലെങ്കിലും - ഹ്രസ്വചിത്രത്തിലൂടെ വിമൽ ചെയ്ത പുണ്യത്തിന്റെ പേരിൽ അതു കണക്കാക്കാം. പക്ഷേ, ആശങ്കയുണ്ട്, '.....മൊയ്തീൻ' വാരിക്കൂട്ടുന്ന പണം ആ ചിത്രത്തിന്റെ മേന്മയുടെ പേരിലാണെന്നു വിമൽ തെറ്റിദ്ധരിക്കുമോ? ഈ വിജയത്തിന്റെ ധൈര്യത്തിൽ ഈ നിലവാരത്തിലുള്ള ചിത്രങ്ങൾ ഇനിയും ചെയ്യാൻ ഇറങ്ങിത്തിരിച്ചാൽ അതൊരു വല്ലാത്ത സാഹസമായിരിക്കും.
മലയാളിയുടെ ആസ്വാദനസ്വഭാവം പ്രവചനാതീതവും തീർത്തും യുക്തിരഹിതവുമാണ് - മുഖ്യധാരാ ആസ്വാദകരെക്കുറിച്ചാണ് ഞാൻ പറയുന്നത്. 'പ്രണയം'പോലൊരു ചിത്രത്തിന് ഇവർ കോടികൾ കളക്ഷൻ നേടിക്കൊടുത്തത് എന്തു മാനദണ്ഡത്തിന്റെ പേരിലാണെന്നറിയില്ല. ഇപ്പോൾ 'എന്നുനിന്റെ മൊയ്തീൻ' പണം വാരുന്നതും ഈ മലയാളിപ്രേക്ഷകരുടെ കാഴ്ചയുടെ ഉന്മാദം കൊണ്ടുമാത്രമാണെന്ന് സമൂഹം തിരിച്ചറിയണം.