തിരുവനന്തപുരം: ലാത്വിയൽ സ്വദേശി ലിഗയുടെ കൊലപാതകത്തിന്റെ പേരിൽ സർക്കാരിനെതിരെ ജനവികാരം ഉയർത്തിയ അശ്വതി ജ്വാലയോടുള്ള സർക്കാരിന്റെ വിരോധം തീരുന്നില്ല. തുടക്കം മുതൽ ലിഗയുടെ കുടുംബത്തിനൊപ്പം നിന്ന പൊതുപ്രവർത്തക അശ്വതി മുതലെടുപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഡിജിപി. സർക്കാരിനെ പ്രതിരോധത്തിലാക്കും വിധം അശ്വതി നടത്തിയ പരാമർശങ്ങൾക്കെതിരേ വ്യാപക പ്രചാരണം വന്നതിനു പിന്നാലെയാണ് നടപടി. ലിഗയുടെ സഹോദരിയെ മുന്നിൽ നിർത്തി പണപ്പിരിവ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോവളം പനങ്ങോട് സ്വദേശി അനിൽ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.

ദുരൂഹസാഹചര്യത്തിൽ ലിഗയെ കാണാതായതു തുടക്കം മുതലേ സഹോദരി ഇൽസക്കും ഭർത്താവ് ആൻഡ്രൂ ജോനാഥനുമൊപ്പം നിൽന്ന പൊതുപ്രവർത്തകയാണ് അശ്വതി ജ്വാല. കേസിൽ സർക്കാരിനെതിരേ ജനവികാരമുണർത്താൻ അശ്വതിയുടെ ഇടപെടൽ കാരണമായി. ലിഗയുടെ മരണത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അശ്വതി ഉയർത്തിയത്. ഇതിനുപിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവർക്കെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് കോവളം സ്വദേശി അനിൽകുമാർ അശ്വതിക്കെതിരെ തട്ടിപ്പ് ഉന്നയിച്ച് പരാതി നൽകിയിരിക്കുന്നത്.

വിദേശവനിതയെ മുന്നിൽനിർത്തി പണപ്പിരിവ് നടത്തിയെന്നും കേസെടുക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റക്കാണ് പരാതി നൽകിയത്. പരാതി പരിഗണിച്ച ഡിജിപി ഐജി മനോജ് എബ്രഹാമിനോടാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം സർക്കാരിനെതിരേ നിലപാടെടുത്തതിന്റെ പ്രതികാര നടപടിയാണെന്ന ആരോപണം ഉയരുന്നുണ്ട്. ലിഗയുടെ തിരോധാനവും തുടർന്നുണ്ടായ മരണവും സംസ്ഥാനസർക്കാരിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.

ഇതിന് കാരണമായ അശ്വതിക്ക് പണികൊടുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അന്വേഷണമെന്നും വിലയിരുത്തലുണ്ട്. അതേസമയം അശ്വതി സർക്കാരിനെതിരേ ഉന്നയിച്ച നിരവധി കാര്യങ്ങൾ തെറ്റാണെന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം സജീവമാവുകയാണ്. സൈബർ സഖാക്കൾ അശ്വതിക്കെതിരെ സോഷ്യൽ മീഡിയയിൽ ഹേറ്റ് കാമ്പയിൽ വിളിച്ചതിന് പിന്നാലെയാണ് അശ്വതിക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിരിക്കുന്നത്. അതേസമയം ലിഗയുടെ മരണത്തിൽ ഭർത്താവിനും സഹോദരി ഇലീസിനും സഹായങ്ങൾ എല്ലാം ചെയ്തുകൊടുത്തത് അശ്വതിയാണ്.

ലിഗയുടെ പേരും പറഞ്ഞ് അശ്വതി അനധികൃത പണപ്പിരിവ് നടത്തിയെന്ന് അനിൽകുമാർ പരാതിപ്പെടുകയായിരുന്നു. 3.8 ലക്ഷം രൂപ ഇത്തരത്തിൽ അശ്വതി പിരിച്ചെടുത്തതായും ഇയാൾ പരാതിയിൽ പറയുന്നു. അടുത്തിടെ അഞ്ച് ഏക്കർ ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകിയത് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ലിഗയുടെ മരണത്തിൽ തളർന്ന് അന്യനാട്ടിൽ ഒറ്റപ്പെട്ടു പോയ ഭർത്താവ് ജോനാഥൻ ആൻഡ്രൂസിനും സഹദരി ഇലീസിനും തുടക്കം മുതൽ താങ്ങും തണലുമായിരുന്നു അശ്വതി ജ്വാല എന്ന യുവതി. ഇലീസ് പത്രസമ്മേളനം നടത്തിയപ്പോഴും അശ്വതി ജ്വാല ഒപ്പമുണ്ടായിരുന്നു.

അന്യനാട്ടിൽ പ്രതിസന്ധിയിലാക്കപ്പെട്ട രണ്ട് പേർക്ക് ആശ്രയമായ യുവതിയെ മനപ്പൂർവ്വം കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന പ്രതിഷേധമാണ് ഉയരുന്നത്. ലിഗ വിഷയത്തിൽ സർക്കാരിനെതിരെ എടുത്ത നിലപാടിൽ അശ്വതിയെ നിശബ്ദമാക്കാനുള്ള നീക്കമാണ് ഇതിലൂടെ സർക്കാർ നടത്തുന്നതെന്ന ആക്ഷേപമാണ് ഇതിലൂടെ ഉയരുന്നത്. സോഷ്യൽമീഡിയയിലൂടെ അശ്വതിക്കെതിരെ സൈബർ സഖാക്കൾ ശക്തതമായ ആക്രമണമാണ് നടത്തുന്നത്. ഇവർ അശ്വതിക്കെതിരെ ഹേററ് കാമ്പയിനും ആരംഭിച്ചു.

എന്നാൽ സമൂഹത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സാമൂഹിക പ്രവർത്തകയാണ് ആരോരുമില്ലാത്ത നാട്ടിൽ ഒറ്റപ്പെട്ടു പോയ വിദേശികളെ സഹായിച്ചതിന്റെ പേരിൽ വേട്ടയാടപ്പെടുന്നത്. ലിഗയുടെ കുടുംബം തന്നെ കാണാൻ ശ്രമിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. അവർ കാണാൻ ആഗ്രഹിക്കുന്നെങ്കിൽ കാണുന്നതിന് ഒരു തടസ്സവുമില്ല. അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ ഈ വാദം പൊളിക്കുന്നതായിരുന്നു അശ്വതിയുടെ വിശദീകരണം. ഇൽസ, ആൻഡ്രൂസ് എന്നിവരോടൊപ്പം മുഖ്യമന്ത്രിയെ കാണാൻ ഭഗീരഥ ശ്രമം നടത്തിയതായും അശ്വതി പറയുന്നു.

ലിഗയെ കാണാതായ അന്നു മുതൽ നിഴൽ പോലെ കൂടെ നിന്നതു താനാണ്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നു. അശ്വതി ആദ്യം ശ്രമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനെ ബന്ധപ്പെടാനാണ്. അദ്ദേഹം സുഖമില്ലാതെ ഓഫീസിൽ വരാതിരുന്നതുകൊണ്ടു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നൽകുന്ന പേഴ്സണൽ സ്റ്റാഫ് അംഗവുമായി ബന്ധപ്പെട്ടു. മാർച്ച് 22നു മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഫോണ് നന്പറിൽ വിളിച്ചു. നിയമസഭ നടക്കുന്ന സമയമായതിനാൽ പിറ്റേ ദിവസം രാവിലെ നിയമസഭയിൽ വരാൻ നിർദ്ദേശിച്ചു.

തുടർന്നു ഞങ്ങൾ മൂന്നു പേരും കൂടി 23നു രാവിലെ ഒൻപതു മുതൽ അദ്ദേഹത്തെ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. പത്തുമണിയോടെ നിയമസഭാ പരിസരത്തെത്തി. നിയമസഭയിൽ കയറാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ഇൽസയും ആൻഡ്രുവും മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ എത്തിയില്ല എന്നതു സാങ്കേതികമായി ശരിയാണ്. അവരെ അകത്തേയ്ക്കു പ്രവേശിക്കാൻ സമ്മതിച്ചില്ലെന്നാണു ശരിയെന്നും അശ്വതി പറഞ്ഞു.

മാർച്ച് 22ലേയും 23ലേയും രവീന്ദ്രന്റെ കോൾ ലിസ്റ്റ് പരിശോധിച്ചാൽ മാത്രം മതി സത്യം തെളിയാൻ. നിയമസഭയിലെ സെക്യൂരിറ്റി രജിസ്റ്റർ പരിശോധിച്ചാലും കാര്യം വ്യക്തമാകും. ഏതു പാതിരാത്രിക്കും ഏതു കൊച്ചുവെളുപ്പിനും ആരെയും കാണാൻ തുറന്നിട്ട വാതിലുമായി ഒരു മുഖ്യമന്ത്രി കേരളം ഭരിച്ചിരുന്നു എന്ന കാര്യം സന്ദർഭവശാൽ ഓർത്തുപോകുന്നു എന്നും അശ്വതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അശ്വതിയെ ആർഎസ്എസ് എന്ന് മുദ്ര കുത്താനുള്ള ശ്രമവും നടന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അശ്വതി ജ്വാലയെ കടന്നാക്രമിച്ചു. ഇതിന് പിന്നാലെയാണ് അശ്വതിക്കെതിരെ അന്വേഷണവും വന്നിരിക്കുന്നത്.