തിരുവനന്തപുരം: ജൂവലറിയിലെ സ്വർണ്ണ നിക്ഷേപ സ്‌കീമിലെ പണമുപയോഗിച്ച് ഫ്ളാറ്റ് നിർമ്മിച്ച സ്വർണ്ണ വ്യവസായിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ബിസിനസ് പാർടനറെ പറ്റിച്ച് പണം കൈക്കലാക്കിയെന്നും ദുരുപയോഗം ചെയ്തുവെന്നും കാണിച്ച് യൂറോ ജൂവലറി ഗ്രൂപ്പിന്റെ മാനേജിങ്ങ് ഡയറക്ടർ റഫീഖ് റഹ്മാൻ നൽകിയ പരാതിയിലാണ് ബിസിനസ് പാർട്‌നർ കൂടിയായ മുഹമ്മദ് സജാദിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.രണ്ടായിരത്തോളം സ്വർണ നിക്ഷേപകരിൽ നിന്നും ഗോൾഡ് സ്‌കീമിലേക്ക് സമാഹരിച്ചതുൾപ്പടെ 12 കോടിയിൽപ്പരം രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്.

കാസർഗോഡ് സ്വദേശികളായ റഫീഖും സജാദും ചേർന്ന് 2012ലാണ് മംഗലാപുരം ദുബായ് എന്നിവിടങ്ങളിൽ ജൂവലറികൾ സ്ഥാപിച്ചത്. പ്രശസ്ത ബോളീവുഡ് നായകൻ ജോൺ എബ്രഹാമിനെ ബ്രാൻഡ് അംബാസിഡറായിട്ടാണ് ജൂവലറി പ്രവർത്തനം ആരംഭിച്ചത്. കർണ്ണാടകയിൽ രണ്ട് ഷോറൂമുകളും ദുബായ് ബിസിനസ് ബേയിലെ എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ടവറിൽ മൊത്ത വ്യാപാര യൂണിറ്റും സ്ഥാപിച്ചിരുന്നു.ആദ്യമൊക്കെ വളരെയൊജിപ്പോടെയാണ് ജൂവലറിയുടെ പ്രവർത്തനം മുന്നോട്ട് പോയതെന്നും മാനേജിങ്ങ് ഡയറക്ടറായ റഫീഖ് പറയുന്നു.ഇവരെ കൂടാതെ രണ്ട് പാർട്‌നർമാരും ഉണ്ടായിരുന്നെങ്കിലും അവർ ജൂവലറിയുടെ ദിവസേനയുള്ള പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്നില്ല.

ചെറുതും വലുതുമായി നിരവധി നിക്ഷേപകരാണ് ഗോൾഡ് ഡെപ്പോസിറ്റ് സ്‌കീമിൽ ചേർന്നത്. രണ്ടായിരത്തോളം നിക്ഷേപകരിൽ നിന്നുമായി അഞ്ചര കോടിയോളം രൂപ നിക്ഷേമുണ്ടായിരുന്നു. പിന്നീട് നിരവധി നിക്ഷേപകരിൽ നിന്നും പണം ശേഖരിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. വലിയ തോതിൽ പവും സ്വർണ്ണവും സജാദ് പിൻവലിച്ചതോടെ വലിയ നഷ്ടം തന്നെ ജൂവലറിക്ക് ഉണ്ടാവുകയും പിന്നീട് ഇത് പൂട്ടുന്ന സ്ഥിതിയിലേക്ക് പോവുകയും ചെയ്തു.

ബോളീവുഡ് താരത്തെ ഉൾപ്പടെ എത്തിച്ച് മംഗലാപുരത്ത് നടത്തിയ ഉദ്ഘാടനം വലിയ ആവേശമാണ് ശ്രിഷ്ടിച്ചത്. വലിയ കെട്ടിടവും പരസ്യവും ബോളീവുഡ് താരം ബ്രാൻഡ് അംബാസിഡർ ആക്കിയുള്ള പ്രവർത്തനവുമെല്ലാം ഉപഭോക്താക്കളുടെ വിശ്വാസ്യതയും വർധിപ്പിച്ചു. തുടർന്നാണ് സ്വർണ്ണ നിക്ഷേപങ്ങൾ കുന്നുകൂടിയത്.സജാദ് പണവും സ്വർണ്ണവും പിൻവലിച്ചതോടെ ജൂവലറി നടത്തികൊണ്ട് പോകൻ കഴിയാത്ത രീതിയിൽ എത്തുകയും ചെയ്തു. ജൂവലറി പൂട്ടുന്നുവെന്ന വാർത്ത വന്നതോടെ നിക്ഷേപകർ പണം തിരിച്ച് ചോദിച്ച് എത്തിയപ്പോൾ പണവുമായി തനിക്ക് ഉത്തരവാദിത്വമില്ലെന്ന മറുപടിയാണ് സജാദ് നൽകിയത്.

പിന്നീട് പണം നൽകേണ്ട ബാധ്യതകൾ മുഴുവൻ റഫീഖിന് ഏറ്റെടുക്കേണ്ടി വരുകയും ചെയ്തു. തന്റെ വീടും മറ്റ് സ്വത്തുക്കളും വിറ്റാണ് കടം വീടിയതെന്നും ഇപ്പോൾ വടക വീട്ടിലാണ് താമസമെന്നും റഫീഖ് പറയുന്നു. ജൂവലറിയിൽ നിന്നും എടുത്ത പണം ഉപയോഗിച്ച് കാസർഗോഡ് റെയിൽവേ സ്‌റ്റേഷന് സമീപവും മംഗലാപുരത്ത് ഉള്ളാൾ എന്ന് സ്ഥലത്തുമായി യൂറോ മൊണാർക്ക്, യൂറോ ഹയാത് എന്ന പേരിൽ രണ്ട് ഫ്‌ലാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുന്നുവെന്നും റഫീഖ് പറയുന്നു.

ജൂവലറിയിൽ നിന്നും വൻ സാമ്പത്തിക ക്രമക്കേട് നടത്തിയ സജാദിനെതിരെ കാസർഗോഡ് ചൂരി പൊലീസ് സ്‌റ്റേഷനിലും കാസർഡോഡ് എസ്‌പിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്നണ് നീതി തേടി കോടതിയെ സമീപ്പിക്കുകയായിരുന്നു. മുൻപ് കാസർഗോഡ് ഒരു ജൂവലറിയുടെ മാനേജറായിരുന്ന സമയത്താണ് റഫീക്ക് സജാദിനെ പരിചയപ്പെടുന്നത്. റഫീഖ് ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ വിവരങ്ങൾ അറിയുന്നതിനായി സജാദിനെ ബന്ധപ്പെടാൻ മറുനാടൻ മലയാളി വാർത്താ സംഘം ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല.