- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞ് തന്റേതാണെന്ന് പറഞ്ഞ് അനുപമ എത്തിയിട്ടും സ്ഥിരം ദത്ത് നടപടികൾ തുടർന്നു; സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാൻ സിഡബ്ല്യുസി ഇടപെട്ടില്ല; പൊലീസിനെ അറിയിക്കാത്തതും ഗുരുതര വീഴ്ച്ച; ഷിജുഖാനെതിരെ ക്രിമിനൽ ഗൂഢാലോചനക്ക് കേസെടുക്കേണ്ടി വരും
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ വിഷത്തിൽ സിഡബ്ല്യൂസിക്കും ശിശുക്ഷേമ സമിതിക്കും ഗുരതരവീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ടിവി അനുപമയുടെ നേതൃത്വത്തിൽ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കണ്ടെത്തലുകളുള്ളത്. റിപ്പോർട്ട് വൈകാതെ ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറും. ശിശു ക്ഷേമ സമിതി ഷിജു ഖാന്റെ നേതൃത്വത്തിൽ ക്രിമിനൽ ഗൂഢാലോച നടത്തിയെന്നത് അടക്കമുള്ള വിഷയങ്ങളാണ് ഇവിടെ വിവാദമായി ഉയർന്നിരിക്കുനന്ത്.
കുട്ടി തന്റേതാണെന്നും തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് അനുപമയും അജിത്തും സിഡബ്ല്യൂസിയേയും ശിശുക്ഷേമ സമിതിയേയും സമീപിച്ചുവെങ്കിലും നടപടി ഒന്നും എടുത്തില്ല. ഇവർ എത്തിയിട്ടും കുട്ടിയുടെ സ്ഥിരം ദത്ത് തടയാനുള്ള നടപടികളെടുത്തില്ല തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
തന്റെ കുട്ടി ആണ് ഇവിടെ എത്തിച്ചിരിക്കുന്നതെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് അനുപമ ഓഗസ്റ്റ് 11ന് സിഡബ്ല്യൂസിയെ സമീപിച്ചിരുന്നു. ഓഗസ്റ്റ് ആറിനാണ് കുട്ടിയെ ദത്ത് നൽകാൻ അഡോപ്ഷൻ കമ്മിറ്റി തീരുമാനിക്കുന്നത്. തുടർന്ന് അടുത്ത ദിവസം തന്നെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ വേണമെന്നാവശ്യപ്പെട്ട് അനുപമ സമീപിച്ചതിന് ശേഷവും ദത്ത് നടപടികൾ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സിഡബ്ല്യൂസി മുന്നോട്ട് പോയി. ഇതുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസി ഓഗസ്റ്റ് 16ന് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു.
സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ അടക്കമുള്ളവരെ അനുപമയും അജിത്തും നേരിൽ കണ്ട് പല തവണ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും നൽകിയില്ല എന്ന് മാത്രമല്ല സ്ഥിരം ദത്ത് നൽകാനുള്ള നടപടികളുമായി മുന്നോട്ട് പോയി എന്നും റിപ്പോർട്ടിൽ പറയുന്നു.
ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ സമർപ്പിക്കുന്ന ഈ റിപ്പോർട്ടിൽ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും ഉണ്ടായ വീഴ്ചകൾ അക്കമിട്ട് പറയുന്നു. അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തൽ നടപടികളിലേക്ക് കടന്നു എന്നതു തന്നെയാണ് ഒന്നാമത്തെ വീഴ്ച്ച. രണ്ടാമതായി ഏപ്രിൽ 22ന് സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാൻ സിഡബ്ല്യുസി ഇടപെട്ടില്ല എന്നതാണ് മൂന്നാമാതി അനുപമയുമായുള്ള സിറ്റിങ്ങിന് ശേഷവും സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടപ്പെടുന്നു.
അനുപമ അവകാശവാദം ഉന്നയിച്ചിട്ടും ഇതവഗണിച്ച് ദത്ത് നടപടികൾ തുടർന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ. കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിങ് നടത്തിയിട്ടും ദത്തിന് കൂട്ടു നിന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ എൻ സുനന്ദ. ഇവരെല്ലാം കുറ്റാരോപിതരാണ്. കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി അനുപമ നൽകിയിട്ടും ജയചന്ദ്രനും കൂട്ടാളികൾക്കും എതിരെ നാല് മാസം അനങ്ങാതിരുന്ന പേരൂർക്കട പൊലീസിനും ഒഴിഞ്ഞുമാറാൻ ആകില്ല.
അനുപമ തന്റെ കുഞ്ഞിനെ അന്വേഷിച്ച് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവുമായി ശിശുക്ഷേമ സമിതിയിലെത്തിയത് ദത്തുകൊടുത്ത് നാലാം ദിവസമാണ്, അമ്മ അവകാശ വാദം ഉന്നയിക്കുമ്പോൾ അപ്പോൾ തന്നെ അഡോപ്ഷൻ കമ്മിറ്റി ചേർന്ന് ആന്ധ്രാ ദമ്പതികളോട് കുട്ടിയെ തിരിച്ചെത്തിക്കാൻ പറയേണ്ടതായിരുന്നു. ഓഗസ്റ്റ് ഏഴിനാണ് അനുപമയുടെ കുഞ്ഞിനെ ആന്ധ്രാദമ്പതികൾക്ക് ദത്ത് നൽകിയത്.
ഓഗസ്റ്റ് 11 ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവുമായി അനുപമ ശിശുക്ഷേമ സമിതിയിലെത്തി. ഒക്ടോബർ 22ന് ആണ് തന്റെ കുഞ്ഞിനെ തട്ടിപ്പറിച്ച് കൊണ്ടുപോകുന്നതെന്നും അന്ന് രാത്രി 12.30 ന് കിട്ടിയ കുഞ്ഞായിരിക്കും തന്റേതെന്ന് അനുപമ അറിയിക്കുന്നു. ശിശുക്ഷേമ സമിതിയിലെത്തിയ അനുപമയ്ക്ക് ഒക്ടോബർ 23 ന് കിട്ടിയ രണ്ടാമത്തെ കുട്ടിയെ കാണിച്ച് കൊടുക്കുന്നു. ഒക്ടോബർ 22 ന് രാത്രി വൈകി കിട്ടിയ കുഞ്ഞ് ദത്ത് പോയെന്നും ഇനി ഒന്നും ചെയ്യാനാവില്ലെന്നും ശിശുക്ഷേമ സമിതി അനുപമയെ അറിയിക്കുന്നു. അനുപമ എത്തിയ ശേഷമാണ് ദത്ത് സ്ഥിരപ്പെടുത്താനുള്ള കോടതിയിലേക്കുള്ള ഹർജി ശിശുക്ഷേമ സമിതി കുടുംബ കോടതിയിൽ ഫയൽ ചെയ്യുന്നത്. അതും അനുപമയെത്തി ആറ് ദിവസത്തിന് ശേഷം ഓഗസ്റ്റ് 16 ന്
കോടതിയിൽ നിന്നും ശിശുക്ഷേമ സമിതിയിൽ നിന്നുമുള്ള ഈ നിർണായക രേഖകൾ വകുപ്പു തല അന്വേഷണത്തിൽ കിട്ടി. ഒക്ടോബർ 22 ന് രാത്രി വൈകി കിട്ടിയ കുഞ്ഞ് അനുപമയുടേതാണെന്നറിഞ്ഞിട്ടും ആന്ധ്രാ ദമ്പതികളെ അറിയിച്ച് തിരിച്ച് കൊണ്ട് വന്ന് ഡിഎൻഎ പരിശോധന നടത്തുന്നതിന് പകരം ദത്ത് സ്ഥിരപ്പെടുത്താനുള്ള കോടതി നടപടിയിലേക്ക് ശിശുക്ഷേമ സമിതി കടക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ അവകാശ വാദമുന്നയിച്ച സമയത്ത് ദത്ത് ഹർജി കോടതിയിൽ എത്തിയില്ല എന്നതിന്റെ തെളിവുകൾ ഷിജുഖാന് കുരുക്കാകും. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിലും തൈക്കാട് ആശുപത്രിയിലും പെൺകുഞ്ഞാക്കിയതും വലിയ വീഴ്ചയാണുണ്ടായത്.
പത്രപ്പരസ്യം കണ്ട ശേഷം അജിത്ത് പല തവണ ഷിജുഖാനെ കണ്ടെങ്കിലും രേഖകളിൽ അതില്ല. ശിശുക്ഷേമ സമിതി രജിസ്റ്ററിൽ ഒരു ഭാഗം ചുരണ്ടി മാറ്റിയ നിലയിലാണ്. അനുപമയുടെ കുഞ്ഞിനെ തന്നെയാണ് ആന്ധ്രാ ദമ്പതികൾക്ക് കൈമാറിയത് എന്ന ക്രിമിനൽ ഗൂഢാലോചന പുറത്തുവരണമെങ്കിൽ വകുപ്പ് തല അന്വേഷണം മതിയാവില്ലെന്ന് വിലയിരുത്തൽ. ഏപ്രിൽ 22 ന് സിറ്റിങ് നടത്തിയിട്ടും ദത്ത് നടപടി തടയാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ഇടപെട്ടില്ല എന്നതിനും തെളിവുകളുണ്ട്. വനിതാ ശിശു വികസന ഡയറക്ടർ ടിവി അനുപമ അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ സർക്കാരിന് കൈമാറും. അന്വേഷണ റിപ്പോർട്ടിൽ ശിശുക്ഷേമ സമിതിക്കെതിരെയും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കെതിരെയും വേറെയും നിരവധി കണ്ടെത്തലുകളുണ്ടെന്ന് സൂചന.
മറുനാടന് മലയാളി ബ്യൂറോ