- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സർക്കാർ ചോദിച്ചത് 15 കോടി; ഇറ്റലി അറിയിച്ചത് 10 കോടി നൽകാമെന്ന്; ഒത്തുതീർപ്പ് നീക്കം നടന്നത് അന്താരാഷ്ട്ര ആർബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവിന് തുടർച്ചയായി; കടൽക്കൊലക്കേസിൽ നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കം; മരിച്ചവരുടെ ആശ്രിതർക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നൽകും
കൊച്ചി: വിവാദമായ കടൽക്കൊല കേസ് പണം വാങ്ങി ഒത്തു തീർപ്പാക്കാൻ ശ്രമം. എണ്ണക്കപ്പലായ എന്റിക്ക ലെക്സിയിൽ നിന്ന് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ മരിച്ച കേസ് 10 കോടി രൂപ നഷ്ടപരിഹാരം നല്കി അവസാനിപ്പിക്കാനാണ് നീക്കം സജീവമായിരിക്കുന്നത്. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈൻ ജലസ്റ്റിൻ, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതർക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്കി കേസ് അവസാനിപ്പിക്കാനാണ് ഇറ്റലി സർക്കാരും കേന്ദ്ര-സംസ്ഥാന സർക്കാരും ശ്രമം തുടങ്ങിയിരിക്കുന്നത്.
ഇതിനായുള്ള ചർച്ചകൾ സർക്കാർ തലത്തിൽ നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം സംസ്ഥാന സർക്കാരും ഇറ്റാലിയൻ എംബസിയുമായിട്ടായിരുന്നു ചർച്ച എന്നാണ് അറിയുന്നത്. കേരള സർക്കാർ 15 കോടി രൂപയാണ് ചോദിച്ചത്. എന്നാൽ 10 കോടിയെ നല്കാനാകൂ എന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ആർബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവിന് തുടർച്ചയായിട്ടായിരുന്നു ഈ നീക്കം.
ആർബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവ് കഴിഞ്ഞ മെയിലായിരുന്നു. ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു വിധി. വെടിവെച്ച ഇറ്റാലിയൻ നാവികരെ ഇന്ത്യയിൽ വിചാരണ ചെയ്യാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. ട്രിബ്യൂണലിന്റെ വിധിക്ക് വിരുദ്ധമായി വെടിയേറ്റ് മരിച്ചവരുടെ ആശ്രിതർക്കും ബോട്ടുടമയ്ക്കും മാത്രമായി നഷ്ടപരിഹാരം നല്കി കേസ് അവസാനിപ്പിക്കുന്നതിനെതിരേ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പരാതി നല്കിയിട്ടുണ്ട്.
ബോട്ടിൽ ആകെ 11 പേരാണ് ഉണ്ടായിരുന്നത്. പ്രായപൂർത്തിയാകാത്ത പ്രിജിൽ എന്ന 14-കാരനും ബോട്ടിലുണ്ടായിരുന്നു. ഇയാൾക്കും നഷ്ടപരിഹാരം കിട്ടാൻ അർഹതയുണ്ടെന്ന പരാതിയും സർക്കാരിനു മുന്നിലുണ്ട്. ഇറ്റലി നല്കുന്ന നാലു കോടി രൂപ ജലസ്റ്റിന്റെ ഭാര്യക്കും രണ്ട് മക്കൾക്കുമാണ് കിട്ടുക. അജേഷ് പിങ്കിന്റെ രണ്ട് സഹോദരിമാർക്കാണ് നാലു കോടി രൂപ കൈമാറുക. ഇവർക്ക് നേരത്തെ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്കിയിരുന്നു. 2012 ഫെബ്രുവരി 15-നായിരുന്നു കൊല്ലം നീണ്ടകര തീരത്തുവെച്ച് മത്സ്യത്തൊഴിലാളികൾ വെടിയേറ്റ് മരിച്ചത്.
നീണ്ടകരയിൽ നിന്നു മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി മത്സ്യബന്ധന ബോട്ടിലെ മത്സ്യത്തൊഴിലാളികളായ കൊല്ലം മൂതാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ (ജലസ്റ്റിൻ 50), തിരുവനന്തപുരം കളിയാക്കാവിള നിദ്രവിള ഇരയിമ്മൻതുറ അജീഷ് ബിങ്കി (21) എന്നിവരെയാണ് 2012 ഫെബ്രുവരി 15ന് ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്നത്. നീണ്ടകര തുറമുഖത്തു നിന്നു 40 നോട്ടിക്കൽ മൈൽ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം.
പ്രതികളായ സാൽവത്തോറെ ജിറോൺ, മാസിമിലാനോ ലത്തോർ എന്നിവരെ ഫെബ്രുവരി 19ന് കേരള പൊലീസ് അറസ്റ്റ് ചെയ്തു. കടൽക്കൊള്ളക്കാരാണെന്നു കരുതി മൽസ്യത്തൊഴിലാളികൾക്കു നേരെ വെടിവച്ചെന്നായിരുന്നു ഇറ്റലിക്കാരുടെ ന്യായീകരണം. ഇന്ത്യൻ കോടതിയുടെ അധികാരപരിധിയിൽ തുടരുമെന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെ സുപ്രീം കോടതിയിൽ നിന്നു ജാമ്യം നേടി ഇവർ ഇറ്റലിയിലേക്കു പോയി. ഇവരെ ഇറ്റലിയിലേക്കു പോകാൻ അനുവദിച്ചതും സുപ്രീം കോടതി നിർദേശപ്രകാരം പിന്നീടു തിരികെയെത്തിച്ചതും വലിയ ചർച്ചയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ