ലണ്ടൻ: ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ 'എന്റമ്മേടെ ജിമിക്കി കമ്മൽ' എന്ന ഗാനം സൂപ്പർ ഹിറ്റ് ഗാനം ജനം ഏറ്റെടുത്തു. ഇപ്പോഴിതാ ആ ഗാനം സാക്ഷാൽ ബിബിസിയുടെ ശ്രദ്ധയിലും പെട്ടെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ബിബിസി അവതാരികയും ഈ ഗാനത്തെ ക്ഷ പിടിച്ച മട്ടിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരെയും ഡാൻസ് ചെയ്യിക്കുന്ന ഈ മലയാളം പാട്ടിനെക്കുറിച്ചാണ് ബിബിസിയും പ്രത്യേക പരിപാടിയുമായി രംഗത്തെത്തിയത്. ഇതിൽ സ്റ്റുഡിയോയിൽ ഇരുന്ന് ഈ ഗാനത്തിന് അനുസൃതമായി ചുവട് വയ്ക്കുന്ന ചാനൽ അവതാരികയെയും കാണാം.

വിദേശരാജ്യങ്ങളിലെ മലയാളികളിൽ മിക്കവരും ഈ ഗാനത്തെ ഡാൻഡ് ചലഞ്ചായി ഏറ്റെടുത്തതോടെയാണ് വിദേശികളും ഇതിനനനുസരിച്ച് ചുവട് വയ്ക്കാൻ തുടങ്ങുകയും ഗാനം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുകയുമായിരുന്നു. എറണാകുളത്തെ ഇന്ത്യൻ സ്‌കൂൾ ഓഫ് കോമേഴ്സിലെ അദ്ധ്യാപിക ഷെറിലും വിദ്യാർത്ഥികളുംഈ ഗാനത്തിനനുസരിച്ച് ചുവട് വച്ച് ഷൂട്ട് ചെയ്ത വീഡിയോ 16 മില്യൺ പേർ കണ്ടെന്നും ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ പാട്ടിന്റെ ഒറിജിനൽ വീഡിയോ 20 മില്യൺ പേർ കണ്ടുവെന്നും ബിബിസി വെളിപ്പെടുത്തുന്നുണ്ട്.

വിവിധ രാജ്യങ്ങളിലെ മലയാളി അസോസിയേഷനുകളുടെ പരിപാടികളിലും ജിമിക്കി കമ്മൽ തന്നെയാണ് ഇപ്പോൾ താരം. ഇതും ഗാനം ആഗോളതലത്തിൽ സൂപ്പർഹിറ്റാകുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. അനിൽ പനച്ചൂരാനാണ് ഗാന രചന. സൂപ്പർ ഹിറ്റ് ഗാനത്തിലെ ശ്രദ്ധേയമായ ആദ്യത്തെ നാലു വരികൾ 'സംഭാവന'  ചെയ്തത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ സ്‌കൂൾ വിദ്യാർത്ഥിയായ മകൾ സൂസന്നയാണ്.

ഞാറയ്ക്കൽ പെരുമ്പള്ളി അസീസി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സൂസന്നക്ക് സ്‌കൂളിലെ സഹപാഠികളിൽ നിന്നും കിട്ടിയ ഗാനം ബെന്നിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചെണ്ടയുടെ താളത്തിലുള്ള പാട്ട് ബെന്നിക്ക് കേട്ട മാത്രയിൽ തന്നെ ഇഷ്ടമായി.

ഈ പാട്ട് ബെന്നിയിലൂടെ കേട്ട സംവിധായകൻ ലാൽ ജോസ് വിവരം വീട്ടിൽ പറഞ്ഞപ്പോൾ ലാൽ ജോസിന്റെ മകളും സ്‌കൂളിൽ നിന്നും ഇത്തരമൊരു പാട്ടിന്റെ വരികൾ കേട്ടതായി ലാലിനോട് പറഞ്ഞു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല വെളിപാടിന്റെ പുസ്തകത്തിലെ കാമ്പസ് ഗാനത്തിൽ ഈ വരികൾ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

വരികൾ കോർത്തിണക്കി അനിൽ പനച്ചൂരാൻ ഗാനം ചിട്ടപ്പെടുത്തുകയും ഷാൻ റഹ്മാൻ കിടിലൻ താളങ്ങൾ നൽകുക കൂടി ചെയ്തതോടെ സംഗതി ജോറായി. നടൻ വിനീത് ശ്രീനിവാസനും സംഘവുമാണ് ഗാനം ആലപിച്ചത്.