- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രത്തിന്റെ ഒരു പദ്ധതിയുടെയും ഭാഗമായിരുന്നില്ല 'എന്റെ കട'; എന്നിട്ടും മോദിയുടെ ചിത്രവും കേന്ദ്ര പദ്ധതികളുടെ ഔദ്യോഗിക മുദ്രകളും ദുരുപയോഗം ചെയ്തു; മൊത്ത വിതരണക്കാരും ചതിക്കപ്പെട്ടു; തട്ടിയെടുത്തത് 35 പേരിൽ നിന്നു 30 കോടി രൂപ; മനോജ് കുമാർ മുഖ്യ സൂത്രധാരൻ; എന്റെ കടയിൽ ഇനി രാഷ്ട്രീയ ഗൂഢാലോചനാ അന്വേഷണം
തിരുവനന്തപുരം: മൂന്നു വർഷമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ 'എന്റെ കട' സൂപ്പർ മാർക്കറ്റ് തട്ടിപ്പുകേസിലെ പ്രധാന പ്രതി കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറിനെ (46) അറസ്റ്റ് ചെയത് ക്രൈംബ്രാഞ്ച് തട്ടിപ്പിൽ ഇനി നടത്തുക വിശദ അന്വേഷണം. ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-4 ആര്യനാട് നിന്നാണ് മനോജ് കുമാറിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരൂവിലും ആന്ധ്രപ്രദേശിലെ വിവിധ സ്ഥലങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ കഴിഞ്ഞദിവസം ആര്യനാട്ടുള്ള സഹോദരിയുടെ വീട്ടിൽ എത്തിയപ്പോഴാണ് അറസ്റ്റ്.
'എന്റെ കട' കളിലേക്ക് സാധനങ്ങൾ എത്തിച്ചിരുന്ന നൂറോളം മൊത്തവിതരണക്കാരാണ് കബളിപ്പിക്കപ്പെട്ടത്. ഭാവിയിൽ ഈ കടകൾ കുറഞ്ഞ വിലയ്ക്ക് സാധനം വിൽക്കാനുള്ള കേന്ദ്രസർക്കാരിന്റെ സബ്‌സിഡി ലഭ്യമാകുന്ന കടകളാകുമെന്ന് പ്രചരിപ്പിച്ചാണ് കോടികൾ വെട്ടിച്ചത്. 'എന്റെ കട' ഔട്ട്‌ലെറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ പ്രമുഖ വിതരണക്കാരെവരെ സ്വാധീനിച്ചു. സമ്മർദതന്ത്രത്തിൽ വീണ മൊത്തവിതരണക്കാർ സാധനങ്ങളുടെ ബിൽതുക മാറേണ്ടത് കിഴക്കേകോട്ടയിലുള്ള കമ്പനി ആസ്ഥാനത്തുചെന്നായിരുന്നു. ഔട്ട്‌ലെറ്റ് ഉടമകൾ സാധനങ്ങളുടെ തുക മൊത്തവിതരണക്കാരന് നേരിട്ട് നൽകാൻ കമ്പനി അനുവദിച്ചില്ല. പകരം ഔട്ട്‌ലെറ്റ് ഉടമകൾ കമ്പനിയിൽ കൊണ്ടുപോയി പണം അടച്ചു. ഈ തുക വിതരണക്കാർക്ക് നൽകാതെയായിരുന്നു തട്ടിപ്പ്. മൂന്നാംമാസത്തിൽ ആദ്യമാസത്തെ ബിൽ കുടിശ്ശിക പൂർണമായി തീർക്കുമെന്നായിരുന്നു കമ്പനിയുടെ ഉടമ്പടി.
മൊത്തവിതരണക്കാർക്ക് പരമാവധി രണ്ടുതവണയാണ് പണം നൽകിയത്. മൂന്നാംതവണ പണം നൽകിയില്ല. ഔട്ട്‌ലെറ്റ് നടത്തിപ്പുകാർ കമ്പനിയിൽ പണം അടയ്ക്കുകയുംചെയ്തു. അഞ്ചുലക്ഷംമുതൽ 20ലക്ഷം രൂപവരെയാണ് മൊത്തവിതരണക്കാർക്ക് നൽകാനുണ്ടായിരുന്നത്. വൻതോതിൽ പരസ്യം നൽകുന്ന ഒരു ബ്രാൻഡഡ് അരി നിർമ്മാതാക്കളും പണം കിട്ടാനുള്ളവരുടെ പട്ടികയിലുണ്ട്. കേന്ദ്ര സർക്കാരിന്റെ ഒരു പദ്ധതിയുടെയും ഭാഗമായിരുന്നില്ല 'എന്റെ കട'. എന്നിട്ടും പ്രധാനമന്ത്രിയുടെ ചിത്രവും വിവിധ കേന്ദ്രപദ്ധതികളുടെ ഔദ്യോഗികമുദ്രകളും ദുരുപയോഗം ചെയ്തും തട്ടിപ്പ് നടത്തി. വിശ്വാസ്യത പിടിച്ചു പറ്റാനാണ് ഇത്. എന്റെ കടയ്ക്ക് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി ബന്ധമുണ്ടെന്ന ആരോപണം സിപിഎം ഉയർത്തുന്നുണ്ട്. ഇതും ക്രൈംബ്രാഞ്ച് പരിശോധിക്കും.
സംസ്ഥാനത്തു പല സ്ഥലങ്ങളിൽ 35 പേരിൽ നിന്നു 30 കോടി രൂപയോളം തട്ടിയെടുത്തതായാണു ഈ കമ്പനിക്കെതിരായ കേസ്. 3 വർഷം മുൻപ് മാന്നാർ സ്വദേശികൾ നൽകിയ പരാതിയിൽ മനോജ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു ജാമ്യം ലഭിച്ചു. അതിനുശേഷമാണ് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നു പരാതി ലഭിക്കുന്നത്. തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഒരു പഞ്ചായത്തിൽ ഒന്ന് എന്ന കണക്കിൽ കേരളത്തിൽ എല്ലായിടത്തും 'എന്റെ കട' എന്ന പേരിൽ സൂപ്പർ മാർക്കറ്റുകൾ തുടങ്ങി നൽകുമെന്ന് പറഞ്ഞു ഇയാളും കൂട്ടാളികളായ സഹർഷാ, സാബുകുമാർ, കിഷോർകുമാർ, അശോക് കുമാർ തുടങ്ങിയവർ ചേർന്ന് പണം തട്ടിയെന്നാണു പരാതി.
ഓരോരുത്തരിൽ നിന്നായി 10 ലക്ഷം മുതൽ 35 ലക്ഷം വരെ ഇങ്ങനെ വാങ്ങിയെന്നാണു പരാതി. കേസിലെ മറ്റു 4 പ്രതികളായ സാബു കുമാർ, കിഷോർ കുമാർ, സഹർഷ്, അശോക് കുമാർ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എസ്‌പി ദേവമനോഹർ, ഡിവൈഎസ്‌പി വി.റോയ്, എസ്‌ഐമാരായ നിസാറുദ്ദീൻ, പ്രസന്നകുമാരൻ നായർ, എഎസ്‌ഐ. മനോജ്, എസ്സിപിഒ ലിനു, സിപിഒ പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു. ഒരു പഞ്ചായത്തിൽ ഒരുകട എന്ന നിലയിൽ മിനി സൂപ്പർ മാർക്കറ്റിന്റെ ശൃംഖല തുടങ്ങുമെന്ന വാഗ്ദാനമാണ് തട്ടിപ്പ് സംഘം നൽകിയിരുന്നത്.
അന്താരാഷ്ട്ര ഷോപ്പിങ് അനുഭവത്തിനൊപ്പം ഗുണനിലവാരവും ആരോഗ്യവും ഉറപ്പുവരുത്തുന്ന ഉത്പന്നങ്ങളായിരിക്കും എന്റെ കടയിലൂടെ ലഭ്യമാക്കുന്നത് എന്നായിരുന്നു വാഗ്ദാനം. സൂപ്പർമാർക്കറ്റിന് ആവശ്യമായ എല്ലാ സാധനങ്ങളും സിസിൽ റീട്ടെയ്ൽ വിതരണം ചെയ്യും. മൊത്തം വിറ്റുവരവിന്റെ 5 ശതമാനം സംരംഭകന് ഫ്രാഞ്ചൈസി നടത്തിപ്പു തുകയായി ലഭിക്കും. കടയുടെ വാടക, ആറോളം സ്റ്റാഫിന്റെ ശമ്പളം, ഇലക്ട്രിസിറ്റി ചാർജ്, ലോഡിങ് ആൻഡ് അൺലോഡിങ് തുടങ്ങിയ ചെലവുകളെല്ലാം കമ്പനി നേരിട്ടുവഹിക്കുമെന്നും വാഗ്ദാനം നൽകിയിരുന്നു. പല ഉന്നതരുടെ പിന്തുണയും തുടക്കത്തിൽ ഇവർ അവകാശപ്പെട്ടിരുന്നു.
കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിങ് ഡയറക്ടർ ഡോ. പി. ആർ. കൃഷ്ണകുമാർ ആണ് മെന്റർ എന്നായിരുന്നു മനോജ് കുമാർ അടക്കമുള്ളവരുടെ അവകാശ വാദം. ജസ്റ്റീസ് ഡി. ശ്രീദേവി, കെടിഡിസി ചെയർമാൻ വിജയൻ തോമസ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവരാണ് പോളിസി സിൻഡിക്കേറ്റിലുള്ളതെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. എം. മനോജ്കുമാർ, ബി. സഹർഷ്, കെ. കിഷോർകുമാർ, വി. അശോക് കുമാർ, സാബു കുമാർ എന്നിവരടങ്ങിയ ഡയറക്ടർ ബോർഡ് ആണ് എന്റെ കടയെ തട്ടിപ്പിന്റെ പദ്ധതിയാക്കി മാറ്റിയത്.
മറുനാടന് മലയാളി ബ്യൂറോ