ന്യൂജേഴ്‌സി: മലയാളത്തിന്റെ വാനമ്പാടി ചിത്രയെക്കുറിച്ച് അറിപ്പെടാത്ത കഥകൾ പങ്കുവെയ്ക്കുകയാണ് പിതൃസഹോദര പുത്രിയായ ഡീറ്റ നായർ. ഇരുവരും പങ്കുവച്ച ഓർമ്മകൾ പ്രവാസി ചാനൽ കാമറയിലാക്കിയപ്പോൾ തെളിഞ്ഞുവന്നത് ഇതേവരെ കാണാത്ത പ്രിയ ഗായികയുടെ ജീവിത കഥ.

കാൽ നൂറ്റാണ്ടായി അമേരിക്കയിൽ ജീവിക്കുന്ന ഡീറ്റ വർഷങ്ങൾക്കു മുമ്പുള്ള ഒരു സംഭവം ഓർക്കുന്നു. അറ്റ്‌ലാന്റിക് സിറ്റി കാണാൻ പോയതാണ്. റോളർ കോസ്റ്ററിൽ കയറാൻ ചിത്രയോടും ഡീറ്റയോടും ഡീറ്റയുടെ ഭർത്താവ് രമേശ് നിർബന്ധിച്ചു. ചിത്രയുടെ ഭർത്താവ് വിജയനു ആശങ്ക. ഏതായാലും കുടുംബത്തിന്റെ മാനം കാക്കാം എന്നു പറഞ്ഞ് ഇരുവരും റോളർ കോസ്റ്ററിൽ കയറി. കയറിയാപാടെ താൻ പേടിച്ച് കരയാനാരംഭിച്ചുവെന്ന് ഡീറ്റ. താഴെയ്ക്കിറങ്ങുന്നതുവരെ അതു തുടർന്നു. 'കൊച്ചേച്ചിയാകട്ടെ ചിരിച്ചുകൊണ്ടേയിരുന്നു. ഒരു പേടിയുമില്ലാത്ത മട്ടിലുള്ള ഇരിപ്പ്. പക്ഷെ ഇറങ്ങിക്കഴിഞ്ഞപ്പോൾ ചേച്ചി പറഞ്ഞത് കടുത്ത പേടികൊണ്ട് ചിരിച്ചുകൊണ്ടിരുന്നു എന്നാണ്'.

കരമനയിൽ സമീപത്തു തന്നെയായിരുന്നു ഇരുവരുടേയും വീട്. ചെറുപ്പത്തിൽ കടുത്ത കുസൃതിക്കാരിയായിരുന്നു കൊച്ചേച്ചിയെന്ന് മൂന്നു വയസിന് ഇളയവളായ ഡീറ്റ ഓർക്കുന്നു. എന്നാൽ ആളുകളുമായി ബന്ധപ്പെടുമ്പോൾ ഗൗരവ സ്വഭാവം കൈക്കൊള്ളും.

വീടുകൾക്കടുത്തായി കുറെ കശുമാവുണ്ട്. കാടുപിടിച്ച സ്ഥലം. അങ്ങോട്ടു പോകരുന്നാണ് വീട്ടുകാരുടെ വിലക്ക്. പക്ഷെ ഉച്ചയ്ക്ക് മാതാപിതാക്കൾ മയങ്ങുന്ന സമയത്തുകൊച്ചേച്ചി വന്നു വിളിക്കും. കൊച്ചേച്ചിയുടെ ഇളയ സഹോദരൻ മഹേഷും ഡീറ്റയും കൂടി കശുമാവിനടുത്തെത്തും. കൊച്ചേച്ചി കശുമാവിൽ കയറി പിടിച്ചു കുലുക്കി കശുമാമ്പഴമെല്ലാം താഴെയിടും. അതും തിന്ന് മാതാപിതാക്കൾ ഉണരും മുമ്പ് എല്ലാവരും വീട്ടിൽ ഹാജർ.

ചെറുപ്പത്തിൽ കസിൻസ് എല്ലാവരും കൂടി 'നെയിം, പ്ലെയിസ്, ആനിമൽ, തിങ്' എന്ന കളി കളിക്കും. കൂട്ടത്തിൽ ചെറുപ്പമായിരുന്ന ചിത്രയും ഡീറ്റയും ഒരു ടീമായി എന്നും തോൽക്കും. ഏതെങ്കിലുമൊരു വാക്കു പറഞ്ഞു അതിന്റെ അവസാന അക്ഷരത്തിൽ തുടങ്ങുന്ന പേര്, സ്ഥലം, മൃഗം, വസ്തു എന്നിവയൊക്കെയാണ് എഴുതേണ്ടത്. ഒരുതരം അന്താക്ഷരി.

തോറ്റു മടുത്തപ്പോൾ ഡിക്ഷണറി എടുത്ത് വാക്കുകൾ കാണാപാഠം പഠിക്കുവാൻ തീരുമാനിച്ചു. അങ്ങനെ ഡിക്ഷണറിയിൽ നിന്ന് ഒരുപാട് വാക്കുകൾ ഇരുവരും ഹൃദിസ്ഥിമാക്കി. കളിയിൽ ഇരുവരും ജയിക്കാനും തുടങ്ങി. പക്ഷെ കാണാപാഠം പഠിച്ചാണ് ഇരുവരും വരുന്നതെന്ന് പിന്നീട് മറ്റുള്ളവർ കണ്ടുപിടിച്ചു. അതോടെ അവരെ കളിയിൽ നിന്ന് പുറത്താക്കി. അമേരിക്കയിലായിരുന്നെങ്കിൽ സ്‌പെല്ലിങ് ബീയിൽ ഒരുകൈ നോക്കാമായിരുന്നു.!

ചെറുപ്പത്തിൽ കന്യാകുമാരിയിൽ പോയപ്പോൾ ഒരു സന്യാസിനി കൊച്ചേച്ചി പ്രശസ്ത പാട്ടുകാരിയാകുമെന്ന് പ്രവചിച്ചതും ഡീറ്റ ഓർക്കുന്നു. മകളുടെ ഓർമ്മയ്ക്കായി ചിത്ര രൂപംകൊടുത്ത സ്‌നേഹനന്ദന ട്രസ്റ്റ് നിസഹായരായ പല പാട്ടുകാർക്കും സഹായമെത്തിക്കുന്നു. മകളെപ്പറ്റി പറയാത്ത ഒരു ദിവസവും കൊച്ചേച്ചിയുടെ ജീവിതത്തിലില്ല. ഗിറ്റാർ പഠിച്ചിട്ടുണ്ടെങ്കിലും ഡീറ്റ പാട്ടുകാരിയല്ല. എന്നാൽ കുടുംബത്തിൽ ചിത്രയെക്കൂടാതെ പാട്ടുകാരും പാട്ട് പഠിപ്പിക്കുന്നവരും പലരുണ്ട്.

ന്യൂജേഴ്‌സി പ്രിൻസ്ടണിനടുത്ത് സ്‌കിൽമാനിൽ താമസിക്കുന്ന ഡീറ്റയുടെ ഭർത്താവ് രമേശ് മാനേജ്‌മെന്റ് കൺസൾട്ടിങ് കമ്പനി പാർട്ട്ണറാണ്. രണ്ടു പുത്രന്മാർ.

ജോലിക്കൊന്നും പോകാതെ ഹൗസ് വൈഫായി കഴിയുന്നത് താൻ എൻജോയ് ചെയ്യുന്നുവെന്ന് ഡീറ്റ. ചിത്രയെപ്പറ്റി ആരും അറിയാത്ത കാര്യങ്ങളാണ് ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ. അതിനാൽ തന്നെ അതൊരു ഇന്റർവ്യൂ അല്ലെന്ന് പ്രവാസി ചാനലിന്റെ സുനിൽ െ്രെടസ്റ്റാർ പറയുന്നു.  മഹേഷ് നിർമ്മിച്ച് ജില്ലി സാമുവേൽ സംവിധാനം ചെയ്ത അഭിമുഖത്തിന്റെ അസോസിയേറ്റ് പ്രൊഡ്യൂസർ അഷിക ഷാഫിയാണ്.

ശനിയാഴ്ച ആറുമണിക്കും (ന്യൂയോർക്ക് സമയം) ഞായറാഴ്ച എട്ടു മണിക്കും കാണുക. 'എന്റെ കൊച്ചേച്ചി'. ശനിയാഴ്ച വൈകുന്നേരം ആറുമണിക്കും, ഞായറാഴ്ച വൈകുന്നേരം എട്ടു മണിക്കും (ന്യൂയോർക്ക് സമയം) കാണുക. എന്റെ കൊച്ചേച്ചി'. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് www.pravasichannel.com വഴിയും ഈ പ്രോഗ്രാം തൽസമയം കാണാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ചാനൽ : 19083455983