കോഴിക്കോട്: രാത്രി കാലങ്ങളിൽ തെരുവിൽ അലയുന്നവർക്കും നഗരത്തിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താത്ക്കാലിക വസതി എന്ന നിലയിലാണ് എന്റെ കൂട് പദ്ധതി ആരംഭിച്ചത്. പദ്ധതി സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് മന്ത്രി കെ കെ ശൈലജയുടെ പ്രഖ്യാപനം. തിരുവനന്തപുരത്ത് ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായി നടപ്പാക്കിയ കോഴിക്കോട്ട് പദ്ധതി നടത്തിപ്പ് ഇപ്പോഴും കാര്യക്ഷമമല്ല.

കോഴിക്കോട് പുതിയറ പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിലായിരുന്നു പദ്ധതിക്ക് സൗകര്യമൊരുക്കിയത്. സൗജന്യതാമസത്തിന് പുറമെ സൗജന്യമായി ലഘുഭക്ഷണം ഉൾപ്പെടെ നൽകിക്കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ജനങ്ങൾക്ക് സ്ഥാപനത്തെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ല. തെരുവിൽ കഴിയുന്നവർക്ക് വേണ്ടി മാത്രമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന ധാരണയാണ് പലർക്കുമുള്ളത്.

തിരുവനന്തപുരത്ത് തമ്പാനൂർ ബസ് ടെർമിനലിൽ എട്ടാം നിലയിലാണ് രാത്രികാല അഭയ കേന്ദ്രം ആരംഭിച്ചത്. സമ്പൂർണ്ണമായ ശീതീകരിച്ച മുറികളാണ് ഇവിടെ താമസത്തിനായി നൽകുന്നത്. സൗജന്യ ഭക്ഷണവും ടി വിയും മുഴുവൻ സമയ സെക്യൂരിറ്റിയും ഉൾപ്പെടെ താമസം പൂർണ്ണമായും സൗജന്യമാണ്. ഇതോടൊപ്പം ഇവിടെ അടുക്കളയും ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ആദ്യം പ്രവർത്തനം തുടങ്ങിയ കോഴിക്കോട്ടെ സ്ഥാപനത്തിലേക്കുള്ള പൈപ്പ് കണക്ഷൻ പോലും ഇതുവരെ ശരിയാക്കിയിട്ടില്ല. ടാറിങ് കഴിഞ്ഞ റോഡ് പൊളിച്ച് കണക്ഷൻ അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. അതുകൊണ്ട് തന്നെ ആഴ്ചയിൽ ലിറ്റർ കണക്കിന് വെള്ളം പണം കൊടുത്ത് പുറത്ത് നിന്ന് വാങ്ങേണ്ട സ്ഥിതിയാണുള്ളത്. ഇത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നതെന്ന് ഇവിടുത്തെ ജീവനക്കാർ പറയുന്നു.

സ്ഥാപനം തുടങ്ങിയ കാലത്ത് നൈറ്റ് പട്രോളിങ്ങിലുള്ള പൊലീസുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരുമെല്ലാം നഗരത്തിൽ ഒറ്റപ്പെട്ട് പോകുന്ന സ്ത്രീകളെ ഇവിടേക്ക് എത്തിക്കാറുണ്ടായിരുന്നു. നടത്തിപ്പ് കാര്യക്ഷമമല്ലാതായി മാറിയതോടെ ഇവിടേക്ക് കാര്യമായി ഇപ്പോൾ ആരും വരുന്നില്ല. പകൽ നേരങ്ങളിൽ കെട്ടിടം പലപ്പോഴും അടഞ്ഞു കിടക്കുന്ന സ്ഥിതിയാണുള്ളത്. അതിനാൽ തന്നെ ഈ സമയം ഇവിടെ വരുന്നവർക്ക് പദ്ധതിയെപ്പറ്റി അറിയാൻ സാധിക്കുന്നില്ല. വൈകീട്ട് ആറ് മുതൽ രാവിലെ ഏഴ് വരെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

ബോർഡിലുള്ള ലാൻഡ് ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ മാത്രമാണ് പദ്ധതിയെപ്പറ്റി എന്തെങ്കിലും അറിയാൻ പറ്റു. ഇവിടേക്കുള്ള വഴിയിലെ തെരുവ് വിളക്കുകൾ പ്രകാശിക്കാറായിട്ട് കാലങ്ങളായി. അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് ഇവിടേക്ക് ഒറ്റയ്ക്ക് എത്തിപ്പെടാനും പ്രയാസമുണ്ട്. രണ്ട് താത്ക്കാലിക സ്ത്രീ ജീവനക്കാരാണ് ഇവിടെയുള്ളത്. രണ്ട് ഡോർമിറ്ററികളിലായി മുപ്പത് പേർക്ക് താമസിക്കാൻ സൗകര്യം ഇവിടെയുണ്ട്. മൂന്ന് ശുചിമുറികളും കെട്ടിടത്തിലുണ്ട്. എന്നാൽ മൂന്നും നാലും പേർ മാത്രമാണ് പലപ്പോഴും ഇവിടെ താമസിക്കാൻ എത്തുന്നത്. പലപ്പോഴും ആളില്ലാത്തതിനാൽ കെട്ടിടം അടച്ചിടുന്ന സ്ഥിതയുമുണ്ട്. വിവിധ പ്രശ്നങ്ങളുമായി എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ പുനരധിവാസവും കൗൺസിലിംഗും ഒക്കെ നൽകുന്ന സ്ഥാപനമാണ് ഇത്തരത്തിൽ അവഗണനയിൽ മുന്നോട്ട് പോകുന്നത്. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

അതേ സമയം പുതുതായി പദ്ധതി ആരംഭിച്ച തിരുവനന്തപുരത്ത് രണ്ട് വാച്ച്മാന്മാർ, മാനേജർ, രണ്ട് മിസ്ട്രസുമാർ, ഒരു സ്‌കാവഞ്ചർ എന്നിങ്ങനെ ആറുപേരാണ് മേൽനോട്ടവും സുരക്ഷയും ഉറപ്പ് വരുത്തുന്നത്. ജില്ലാ ഭരണകൂടം, പൊലീസ് വകുപ്പ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടു കൂടി ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ മേൽനോട്ടത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.നഗരത്തിൽ നിരാലംബരായി എത്തിച്ചേരുന്ന നിർധനരായ വനിതകൾക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികൾക്കും വൈകിട്ട് 5 മണി മുതൽ രാവിലെ 7 മണിവരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യമായി നൽകുന്നതാണ് എന്റെ കൂട് പദ്ധതി. 50 പേർക്ക് ഒരേ സമയം ഇവിടെ താമസിക്കാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതേ സമയം പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ തുടങ്ങിയ സ്ഥലത്ത് അതെങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി ഉറപ്പ് വരുത്തണമെന്ന് ആവശ്യമുയരുന്നു. അല്ലെങ്കിൽ തുടങ്ങുന്ന സ്ഥലത്തെല്ലാം ഇതേ അവസ്ഥ തന്നെയാവും ഉണ്ടാവുകയെന്നും നാട്ടുകാർ പറയുന്നു. കോഴിക്കോട്ടെ സ്ഥാപനത്തിന്റെ ദയനീയാവസ്ഥ മാറ്റാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാകുന്നുണ്ട്.