- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ബ്രഹ്മാണ്ഡ ചവറുകളുടെ കാലത്ത് ഒരു കുളിർ തെന്നൽ; ഉർവശി തിരിച്ചുവരുന്നു അതി ശക്തമായി; ചിരിപ്പിച്ച് ഹരീഷ് കണാരൻ; ഈ ടൊവീനൊ ചിത്രത്തിന് കൊടുത്ത കാശ് വസൂലാവും; മുസ്ലിം ജീവിതത്തെകുറിച്ചുള്ള പൊതുബോധ നിർമ്മിതിയിൽ നിന്ന് മലയാള സിനിമയും കുതറിച്ചാടുന്നു; 'എന്റെ ഉമ്മാന്റെ പേര്' ഒരു ഉർവശിയുടെ ചിത്രം
കൂടെ അഭിനയിച്ചവരിൽ ആരാണ് താങ്കൾക്കൊത്ത 'എതിരാളി' എന്ന ചോദ്യത്തിന് സാക്ഷാൽ കമൽഹാസൻ ഒരിക്കൽ പറഞ്ഞു. 'എനിക്ക് രണ്ടേരണ്ടുപേരെയാണ് പേടിയുള്ളത്. ഒന്ന് മോഹൻലാലിനെയും രണ്ട് ഉർവശിയേയും.അവർ എപ്പോഴാണ് നമ്മെ ഓവർടേക്ക് ചെയ്യുകയെന്ന് പറയാൻ കഴിയില്ല'. സകലകലാവല്ലഭൻപോലും 'പേടിക്കുന്നത്ര' പ്രതിഭയുള്ള നമ്മുടെ പ്രിയപ്പെട്ട ഉർവശി ഇതാ ഒരു നീണ്ട ഇടവേളക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുന്നു. 'എന്റെ ഉമ്മാന്റെ പേര്' എന്ന പുതിയ ടൊവീനോ ചിത്രം ഉർവശിയുടെ പടമാണ്. ലാലിസം പോലെ തന്നെ മലയാളിയുടെ നൊസ്റ്റാൾജിയായ, ടിപ്പിക്കൽ ഉർവശി നമ്പരുകളാൽ സമ്പന്നമാണ് ഈ വലിയ ചിത്രം. 'എവിടെയായിരുന്നു ഇത്രയും കാലം' എന്ന് പ്രേക്ഷകരെകൊണ്ട് ചോദിപ്പിക്കുന്ന രീതിയിൽ ഉർവശിയങ്ങോട്ട് പെരുപ്പിക്കയാണ്. പുതുമുഖമായ ജോസ് സെബ്യാസ്റ്റ്യന് വലിയൊരു കൈയടികൊടുക്കാം. ബ്രഹ്മാണ്ഡ ചവറുകളുടെ ഇക്കാലത്ത് ഒരു കുളിർ തെന്നൽപോലെ ചിത്രം ഒരുക്കിയതിന്. ഒരിടത്തുപോലും ബോറടിയോ ഇഴച്ചിലോ ഇല്ലാതെ, കൊച്ചുകൊച്ചു നർമ്മങ്ങളിലൂടെയും ഇത്തിരി നൊമ്പരങ്ങളിലൂടെയും കടന്നുപോകുന്
കൂടെ അഭിനയിച്ചവരിൽ ആരാണ് താങ്കൾക്കൊത്ത 'എതിരാളി' എന്ന ചോദ്യത്തിന് സാക്ഷാൽ കമൽഹാസൻ ഒരിക്കൽ പറഞ്ഞു. 'എനിക്ക് രണ്ടേരണ്ടുപേരെയാണ് പേടിയുള്ളത്. ഒന്ന് മോഹൻലാലിനെയും രണ്ട് ഉർവശിയേയും.അവർ എപ്പോഴാണ് നമ്മെ ഓവർടേക്ക് ചെയ്യുകയെന്ന് പറയാൻ കഴിയില്ല'. സകലകലാവല്ലഭൻപോലും 'പേടിക്കുന്നത്ര' പ്രതിഭയുള്ള നമ്മുടെ പ്രിയപ്പെട്ട ഉർവശി ഇതാ ഒരു നീണ്ട ഇടവേളക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുന്നു. 'എന്റെ ഉമ്മാന്റെ പേര്' എന്ന പുതിയ ടൊവീനോ ചിത്രം ഉർവശിയുടെ പടമാണ്. ലാലിസം പോലെ തന്നെ മലയാളിയുടെ നൊസ്റ്റാൾജിയായ, ടിപ്പിക്കൽ ഉർവശി നമ്പരുകളാൽ സമ്പന്നമാണ് ഈ വലിയ ചിത്രം. 'എവിടെയായിരുന്നു ഇത്രയും കാലം' എന്ന് പ്രേക്ഷകരെകൊണ്ട് ചോദിപ്പിക്കുന്ന രീതിയിൽ ഉർവശിയങ്ങോട്ട് പെരുപ്പിക്കയാണ്.
പുതുമുഖമായ ജോസ് സെബ്യാസ്റ്റ്യന് വലിയൊരു കൈയടികൊടുക്കാം. ബ്രഹ്മാണ്ഡ ചവറുകളുടെ ഇക്കാലത്ത് ഒരു കുളിർ തെന്നൽപോലെ ചിത്രം ഒരുക്കിയതിന്. ഒരിടത്തുപോലും ബോറടിയോ ഇഴച്ചിലോ ഇല്ലാതെ, കൊച്ചുകൊച്ചു നർമ്മങ്ങളിലൂടെയും ഇത്തിരി നൊമ്പരങ്ങളിലൂടെയും കടന്നുപോകുന്ന ഈ ചിത്രത്തെ, നല്ല സിനിമയെ സ്‌നേഹിക്കുന്നവർ ഏറ്റെടുക്കട്ടെ.ഉർവശിയും ടൊവീനോ തോമസും തമ്മിലെ കോമ്പോ സീനുകളിലെ ഭംഗി ഒന്നുവേറെതന്നെയാണ്. ഇണങ്ങിയും പിണങ്ങിയുമുള്ള ഈ ഉമ്മാന്റെയും മകന്റെയും രംഗങ്ങളാണ് രണ്ടാം പകുതി മൊത്തം. എന്നിട്ടും പ്രേക്ഷകന് ഒരു പൊടിക്കും ബോറടിക്കുന്നില്ല എന്നിടത്താണ് സംവിധായകന്റെ മിടുക്ക്. ആദ്യപകുതിയിൽ അരങ്ങുതകർക്കുന്നത് ഹരീഷ കണാരൻ എന്ന ഹരീഷ് പെരുമണ്ണയാണ്. തന്റെ ട്രേഡ് മാർക്കായ കോഴിക്കോടൻ സ്‌ളാങ്ങിലെ കൗണ്ടറുകളും, പ്രത്യേക ശരീരഭാഷയുമായി ഹരീഷ് ചിരിപ്പിക്കുന്നുണ്ട്. ഒരിടത്തും പാഷാണം ഷാജി മോഡൽ വളിപ്പിലേക്ക് ഹാസ്യം വഴിമാറുന്നില്ല. ചില സീനുകളിൽ ഇയാളെ കണ്ടാൽ തന്നെ ചിരിവരും. ജഗതിശ്രീകുമാറിനെപ്പോലുള്ള അപൂർവംപേർക്ക് കിട്ടിയ സിദ്ധിയാണ് ഇതെന്ന് ഓർക്കണം. ടൈപ്പായി മാറാതെ ശ്രദ്ധിച്ചാൽ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവ നടന്മാരിൽ ഒരാളായി ഹരീഷ് ഉയരുമെന്ന് തീർച്ച.
ഏത് നിമിഷവും ക്‌ളീഷേയിലേക്ക് വീഴാവുന്ന കഥയെ ഒതുക്കത്തോടെ കൊണ്ടുപോയ തിരക്കഥാകൃത്ത് ശരത് ആർ നാഥും അഭിനന്ദനം അർഹിക്കുന്നു. പക്ഷേ കഥയിലേക്ക് വന്നാൽ, അത്രയൊന്നും പുതുമ അവകാശപ്പെടാൻ കഴിയില്ല. തന്റെ ഉമ്മ ആരാണെന്ന് അറിയാത്ത ഒരു യുവാവിന്റെ അന്വേഷണം എന്ന് ഒറ്റവാക്കിൽ പറയാം. ഇത്തരം കഥകൾ മുമ്പും കേട്ടിട്ടുണ്ടെങ്കിലും അവതരണ മികവും, കഥാപരിസരത്തിലെ പുതുമയും, കഥാപാത്രങ്ങളും തകർപ്പൻ പ്രകടനവുമാണ് ഈ ചിത്രത്തിന് ഓക്‌സിജനാവുന്നത്.
ഹമീദ് (ടൊവിനോ തോമസ്) എന്ന തലശ്ശേരിക്കാരൻ യുവാവിനെ കേന്ദ്രീകരിച്ചാണ് ചിത്രം നീങ്ങുന്നത്. ബാപ്പ ഹൈദറിന്റെ മരണത്തോടെ, വലിയ സമ്പത്തിന് നടുവിൽ അയാൾ അനാഥനായിപ്പോവുന്നു. മറ്റു ബന്ധുക്കൾ ആരാണെന്ന് അറിയില്ല. രണ്ടു ഭാര്യമാർ ഹൈദറിന് ഉണ്ടെന്ന് കേട്ടിട്ടുള്ളതല്ലാതെ തന്റെ ഉമ്മ ആരാണെന്നുപോലും ഹമീദിനും അറിയില്ല. ബാപ്പ പോയതോടെ യത്തീമാണെന്ന ചാപ്പയടിയുടെ അടിസ്ഥാനത്തിൽ അയാൾക്ക് പെണ്ണുപോലും കിട്ടുന്നില്ല. അങ്ങനെയാണ് എന്തുവന്നാലും തന്റെ ഉമ്മയെ കണ്ടത്തെുമെന്ന തീരുമാനത്തിൽ ഹമീദ് എത്തുന്നത്. അതിന് അയാൾക്ക്കൂട്ട് സുഹൃത്തും തന്റെ ജോലിക്കാരനുമായ ബീരാനുമുണ്ട്. ( ഹരീഷ് പെരുമണ്ണ)
യാദൃശ്ചികമായി പിതാവിന്റെ വിൽപ്പത്രം നോക്കുമ്പോഴാണ് ഹമീദ് അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരുടെ വിവരം അറിയുന്നത്. തന്റെ തെങ്ങിൻ തോപ്പ് വിറ്റുകിട്ടുന്ന സ്വത്തിന്റെ ഒരു ഭാഗം ഇവർക്കായി ഹൈദർ എഴുതിവെച്ചിട്ടുണ്ട്. അങ്ങനെ കോഴിക്കോട്ടും പൊന്നാനിയിലുമുള്ള തന്റെ പിതാവിന്റെ രണ്ട് ഭാര്യമാരെ തേടി ഹമീദ് യാത്ര തിരിക്കുന്നു. അതിലൊരാൾ തന്റെ ഉമ്മയാണെന്ന വിശ്വാസത്തോടെ. സസ്‌പെൻസ് പൊളിക്കുന്നില്ല. പ്രിയപ്പെട്ട പ്രേക്ഷകരെ ബാക്കി നിങ്ങൾ ടിക്കറ്റ് എടുത്ത് കണ്ട് അറിയുക.
പക്ഷേ ഈ ചിത്രത്തിനായി ടൊവീനോ തോമസ് എന്ന, ഇപ്പോൾ കയറിവരുന്ന യുവതാരം എടുത്ത വിട്ടുവീഴ്ചകളും കാണേണ്ടതാണ്. ഒരിക്കലും നായക കഥാപത്രത്തെ ബൂസ്റ്റ് ചെയ്യുന്ന യാതൊന്നുംഈ പടത്തിലില്ല. ആദ്യപകുതി ഹരീഷ് പെരുമണ്ണക്കും, രണ്ടാം പകുതി ഉർവശിക്കും പകുത്തുകൊടുത്തിരിക്കുന്ന ഈ ചിത്രത്തിൽ ടൊവീനോയുടെ കഥാപാത്രത്തതിന് കാര്യമായി പെർഫോം ചെയ്യാനില്ല. മറ്റേതെങ്കിലും യുവനടനായിരുന്നെങ്കിൽ തിരക്കഥ വെട്ടിയും തിരുത്തിയും ആകെ നശിപ്പിച്ചുകൊടുക്കുമായിരുന്നു. ഈഗോകൾ പൊടിപോലും കണ്ടുപിടിക്കാൻ കഴിയാത്ത ഇത്തരം യൂസർ ഫ്രണ്ട്‌ലിയായ ചെറുപ്പക്കാരുടെ കൈയിലായിരിക്കും മലയാള സിനിമാ വ്യവസായത്തിന്റെ ഭാവി എന്നതിൽ സംശയമില്ല. എന്നാലും ഉള്ളത് ടൊവീനോ മോശമാക്കിയിട്ടുമില്ല. ഹമീദിന്റെ ഹർഷസംഘർഷങ്ങളെ സ്വഭാവികമായി അനുഭവിപ്പിക്കുന്നുണ്ട് ഈ യുവനടൻ.
പെർഫോമൻസ് ഓറിയൻഡഡ് ആയ ഈ ചിത്രത്തിൽ ചെറിയ വേഷങ്ങൾ ചെയ്തവർപോലും പ്രേക്ഷകരുടെ ഓർമ്മയിൽ നിൽക്കും. മാമുക്കോയ,സിദ്ദീഖ്, ശാന്തികൃഷ്ണ, ദിലീഷ്‌പോത്തൻ തുടങ്ങിവരൊക്കെ തങ്ങളുടെ വേഷം ഭദ്രമാക്കുന്നുണ്ട്. അതുപോലെ തന്നെ മലപ്പുറത്തെയും വിശിഷ്യാ മലബാറിലെയും മുസ്ലിം ജീവിതത്തെ പരിഹസിച്ചുകൊണ്ടുള്ള പൊതുബോധ നിർമ്മിതിയിൽനിന്ന് മലയാള സിനിമ കുതിറിച്ചാടുന്നുവെന്നതും ആശ്വാസകരമാണ്്. സക്കറിയയുടെ 'സുഡാനി ഫ്രം നൈജീരിയയിലൊക്കെ' ഈ മാറ്റം പ്രകടമായിരുന്നു. പക്ഷേ ചില വാർപ്പു മാതൃകകൾ അപ്പോഴും മാറുന്നില്ല എന്നതാണ് സങ്കടം. സദാസമയവും കോഴി ബിരിയാണി തിന്നു നടക്കുന്നവരെയും, ബൊമ്മകളെപ്പോലെ മൈലാഞ്ചിയിട്ട് നടക്കുന്ന സ്ത്രീകളെയുമൊക്കെയാണ് ഇപ്പോഴും ഇത്തരം സിനിമകളിൽ കാണാൻ കഴിയുന്നത്. അതുപോട്ടെ, പതുക്കെ മാറിവരുമെന്ന് പ്രതീക്ഷിക്കാം. അതേസമയം 'യത്തീം' എന്ന വിഷയത്തിൽ കൃത്യമായ പൊളറ്റിക്കൽ ചോദ്യങ്ങൾ ഉന്നയിക്കാനും ചിത്രത്തിന് കഴിയുന്നുണ്ട്. അനാഥരെ സംക്ഷിക്കണമെന്നുമൊക്കെയുള്ള വലിയ പ്രഭാഷണങ്ങൾ ഇസ്ലാമിസ്റ്റുകൾ പറയാറുണ്ടെങ്കിലും പ്രായോഗിക തലത്തിൽ യത്തീം എന്നും നാലാംകിടക്കാൻ തന്നെയാണ്. അയാൾക്ക് നല്ല കുടുംബത്തിൽനിന്ന് വിവാഹംപോലും നടക്കില്ല. കുലമഹിമയും വംശപുരാണവുമൊക്കെ ഇപ്പോഴും പരിഗണിക്കുന്ന സമൂഹത്തെയും സംവിധായകൻ വിമർശിക്കുന്നുണ്ട്. മരണം പലപ്പോഴും ഈ ചിത്രത്തിൽ ആക്ഷേപഹാസ്യമായാണ് കടന്നുവരുന്നത്. ഹമീദിന്റെ പിതാവിന്റെ മരണത്തോടെ തുടങ്ങുന്ന ചിത്രത്തിൽ, പിന്നീട് മരണം രണ്ടിടത്ത് കോമഡിയായി കയറിവരുന്നു. ഹമീദിന്റെ മുറി ഹിന്ദികേട്ട് ഒരാൾ മരിച്ചുപോവുന്നത് കണ്ടുതന്നെ അറിയണം!
പക്ഷേ ഒരു കാര്യത്തിൽ സന്തോഷമുണ്ട്. സാധാരണ മുസ്ലീജീവിതങ്ങൾ കാണിക്കുമ്പോഴുള്ള ആ ടിപ്പിക്കൽ ന്യൂസ്‌റീൽ മോഡലിലുള്ള മ്യൂസിക്ക് ഇടാത്തതിന് ഗോപിസുന്ദറിന് നന്ദിയുണ്ട്. ഹൃദ്യവും ഇമ്പമേറിയതുമാണ് ചിത്രത്തിലെ ഗാനങ്ങൾ. സ്പാനിഷ് ഛായാഗ്രാഹകൻ ജോർഡി പ്‌ളാനെൽ ക്‌ളോസെ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് നേരത്തെ വാർത്തയായിരുന്നു. അദ്ദേഹം തന്റെ പണി വൃത്തിക്കെടുത്തിട്ടുണ്ട്. ഉത്തരേന്ത്യൻ ദൃശ്യങ്ങളിലും ലഖ്‌നൗവിലെ ഗോതമ്പുപാടത്തെ സൂര്യാസ്തമ ദൃശ്യങ്ങളിലൊക്കെയുണ്ട് ഇദ്ദേഹത്തിന്റെ ക്‌ളാസ്. പക്ഷേ അപ്പോഴും ഒരു സംശയം മാത്രം ബാക്കി. ഇതൊക്കെ നമ്മുടെ ക്യാമറാന്മാർക്കും പറ്റുന്നതല്ലേ.
ഇനി വിമർശനാത്മകമായി നോക്കുമ്പോൾ ഈ ചിത്രത്തിന്റെ പ്രധാന ദൗർബല്യം ചില രംഗങ്ങളിലെ സ്‌പെല്ലിങ്ങ് മിസ്റ്റേക്കുകളാണ്. ഉദാഹരണമായി പൊന്നാനിയിൽ വെച്ച് കണ്ട സ്ത്രീയെ യാതൊരു അന്വേഷണവും കൂടാതെ ഹമീദ് ഉമ്മയായി അംഗീകരിക്കുന്നു.തുടർന്ന് നാട്ടിലത്തെി, എല്ലാവർക്കും ഉമ്മ എന്ന് പരിചയപ്പെടുത്തി കൊടുക്കുന്നിടത്തും ഒക്കെ കൃത്രിമത്വമുണ്ട്. പോട്ടെ, അല്ലറ ചില്ലറ കുഴപ്പങ്ങൾ ഇല്ലാതെ പടം പിടിക്കാൻ ആർക്കുകഴിയും. 'ആകെ മൊത്തം ടൊട്ടലായി നോക്കുമ്പോൾ' ഈ ക്രിസ്മസ് അവധിക്കാലത്ത് കുടുംബസമേതം കാണാവുന്ന ഒരു കൊച്ചു ചിത്രമാണിത്.
വാൽക്കഷ്ണം: ഒരുപേരിൽ എന്തിരിക്കുന്നു എന്ന് ഷേക്‌സ്പിയർ ചോദിച്ചതിന്റെ രഹസ്യം ഈ പടം കണ്ടാലാണ് ശരിക്കും പിടികിട്ടുക. ഒരു പേരിൽ ഒന്നുമില്ല. കാരണം 'എന്റെ ഉമ്മാന്റെ പേര്' എന്ന് കേട്ടപ്പോൾ തോന്നിയത് തനി പഴഞ്ചൻ ചിത്രം എന്നാണ്.പക്ഷേ കണ്ടപ്പോൾ ആ ധാരണ മാറി. അതായത് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പരിമിതി അതിന്റെ ടൈറ്റിൽ തന്നെയാണ്. ഒന്നുമില്ലാത്തവയെപ്പോലും അതിഗംഭീര ടൈറ്റിലുകളിട്ടും, പൊക്കിയടിച്ച് മാർക്കറ്റ് ചെയ്യുകയുമാണെല്ലോ നമ്മുടെ പതിവ് രീതി. ഈ ചിത്രംപോലെ തന്നെ നിഷ്‌ക്കളങ്കമാണ് ഇതിന്റെ അണിയറ ശിൽപ്പികളുടെ മനസ്സുമെന്നും ചുരുക്കം.