എഡിസൺ, ന്യൂജേഴ്‌സി: എന്നു നിന്റെ മൊയ്തീൻ' ചിത്രത്തിന്റെ അമേരിക്കൻ പ്രീമിയറും, ഇന്ത്യയിൽ ചിത്രം 25 ദിവസം പിന്നിടുന്നതിന്റെ ആഘോഷവും മിറാജ് ഹോട്ടലിൽ പ്രൗഢസദസ്സിനു മുന്നിൽ അരങ്ങേറി.

അമേരിക്കൻ മലയാളികൾ നിർമ്മിച്ച് വൻ ഹിറ്റായി ചരിത്രം കുറിച്ച സിനിമയുടെ അണിയറ കഥകളും സിൽവർ ജൂബിലി ആഘോഷ കേക്കും മധുരം പകർന്ന ചടങ്ങ് ഗായകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേഷ് നാരായൺ ഉദ്ഘാടനം ചെയ്തു. ചിത്രം നിർമ്മിക്കാൻ പണം മുടക്കാൻ കഴിഞ്ഞില്ലെങ്കിലും കാഞ്ചനയുടേയും മൊയ്തീന്റേയും അനശ്വര പ്രണയം അഭ്രപാളികളിലെത്തിക്കാൻ താൻ വഹിച്ച പങ്ക് അദ്ദേഹം വിവരിച്ചു.

നിർമ്മാതാക്കളിലൊരാളായ സുരേഷ് രാജ് സിനിമ നിർമ്മിക്കണമെന്ന മോഹം പറഞ്ഞു. അതേസമയം സംവിധായകനായ ആർ.എസ് വിമൽ സിനിമ ചെയ്യണമെന്ന മോഹവും പറഞ്ഞു. സുരേഷ്, ബിനോയ് ശങ്കരത്ത്, രാജി തോമസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ നീലു തോമസ്, ഡോ. സുരേഷ് കുമാർ എന്നിവരടങ്ങിയ ടീമിനെ വിമലുമായി കൂട്ടിയിണക്കിയത് അദ്ദേഹം അനുസ്മരിച്ചു.

ഈ ചിത്രം വിമലിനല്ലാതെ മറ്റാർക്കും ചെയ്യാനാവില്ല. വർഷങ്ങളോളം മുക്കത്ത് കാഞ്ചന ചേച്ചിയുടെ സമീപത്തുപോയി അവരുടെ ജീവിതത്തിലെ ഓരോ താളുകളും മനസിലാക്കി അവയാണ് ചിത്രമായി മാറിയത്. മറ്റാർക്കാണ് അതിനു കഴിയുക? അവരുടെ ജീവിതത്തിൽ സംഭവിച്ചതല്ലാതെ മറ്റൊന്നും സിനിമയിലില്ല. അയൽക്കാരും അന്യമതസ്ഥരുമായ മൊയ്തീനും കാഞ്ചനയും പതിറ്റാണ്ടുകളിലൂടെ തുടർന്ന നിശബ്ദ പ്രണയവും ഒടുവിൽ മറ്റുള്ളവരെ രക്ഷിക്കാൻ മൊയ്തീൻ പുഴയിൽ ചാടി മരിച്ചതും, മൊയ്തീന്റെ ഓർമ്മയിൽ ജീവിതം തള്ളിനീക്കുന്ന കാഞ്ചനയും അപൂർവ്വ പ്രണയത്തിന്റെ പ്രതീകങ്ങളാണ്. വിവാഹം കഴിക്കാത്ത പുരുഷന്റെ വിധവയായി ജീവിക്കുന്ന കാഞ്ചനയുടേയും, മൊയ്തീന്റേയും കഥ ലോകം മുഴുവനും അറിയേണ്ടതുണ്ടെന്ന് താനും അവരോട് പറയുകയുണ്ടായി.

അവരുടെ ജീവിതത്തിലെ ഒരു ഭാഗം മാത്രമേ സിനിമയായുള്ളൂ. മുഴുവൻ എടുക്കണമെങ്കിൽ പല സിനിമകൾ വേണ്ടിവരും. നവാഗതനായ വിമലിനെ വിശ്വസിച്ച് നിർമ്മാതാക്കൾ വരാൻ സാധ്യത തീരെ ഇല്ലാത്തപ്പോഴാണ് അമേരിക്കയിൽ നിന്ന് നിർമ്മാതാക്കൾ എത്തിയത്.

കാഞ്ചനയുടേയും മൊയ്തീന്റേയും ജീവിതത്തെ അധികരിച്ച് വിമൽ എടുത്ത ഡോക്യുമെന്ററി കണ്ടപ്പോൾതന്നെ അതൊരു സിനിമയാക്കണമെന്നു താൻ നിർദേശിക്കുകയുണ്ടായി. അതു ഫലവത്താക്കാൻ വർഷങ്ങളെടുത്തു അദ്ദേഹം പറഞ്ഞു.

ദൈവീകമായ സ്‌നേഹത്തിന്റെ കഥയാണ് സിനിമ ചിത്രീകരിക്കുന്നതെന്നു നിർമ്മാതാക്കളിലൊരാളായ രാജി തോമസ് ചൂണ്ടിക്കാട്ടി. സ്‌നേഹത്തിന്റെ യഥാർത്ഥമായ അർത്ഥമാണ് ഇവിടെ അനാവൃതമാക്കുന്നത്. തീവ്രമായ പ്രണയം ചിത്രീകരിക്കാൻ അതുപോലെ തന്നെ തീവ്രമായ അഭിവാഞ്ജയുള്ള ടീമാണ് രംഗത്തുവന്നത്. അതും ചിത്രത്തിനു വിജയം കൊണ്ടുവന്നു. ഇതു വെറുമൊരു പ്രേമകഥയല്ല. മറിച്ച് അവസാനിക്കാത്ത കാത്തിരിപ്പിന്റെ കഥയാണ്. അതു ജാതിമതലിംഗ വ്യത്യാസങ്ങൾ മറികടക്കുന്നു.

നാലു തവണ താൻ കാഞ്ചനയെ കാണുകയുണ്ടായെന്നു സുരേഷ് രാജ് പറഞ്ഞു. ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയാറല്ലായിരുന്നു. ഒരു ഡ്രീം ടീമാണ് സിനിമയ്ക്കു പിന്നിൽ ഒത്തുകൂടിയത്.

ചിത്രത്തിന്റെ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ കാഞ്ചനയും അവർ നടത്തുന്ന ബി.പി. മൊയ്തീൻ സേവാമന്ദിറിനും സഹായമെത്തിക്കുമോ എന്ന ചോദ്യത്തിനു ഉവ്വ് എന്നായിരുന്നു മറുപടി. പക്ഷെ കാഞ്ചന ഇപ്പോൾ രോഗബാധിതയാണ്. സഹായത്തിന്റെ പേരിൽ നാടകം കളിക്കാനൊന്നും തങ്ങളില്ലെന്നു രാജി തോമസ് പറഞ്ഞു.

മീഡിയാ ലൊജിസ്റ്റിക്‌സിന്റെ ആനി ലിബു ആമുഖ പ്രസംഗം നടത്തി. റോഷി ജോർജ് ആയിരുന്നു എം.സി. നിർമ്മാതാക്കൾക്ക് പണ്ഡിറ്റ് രമേഷ് നാരായൺ ഫലകങ്ങൾ നൽകി ആദരിച്ചു. രമേഷ് നാരായന്റെ പുത്രി മധുശ്രീ, ഈ സിനിമയിൽ പാടിയ ഗാനം സദസിൽ ആലപിച്ചു. സിനിമയിൽ അഭിനയിച്ച സുരേഷ് രാജിന്റെ പുത്രി സ്‌നേഹാ രാജും ചടങ്ങിനെത്തി.

ജോർജ് ജോസഫ്, സുനിൽ െ്രെടസ്റ്റാർ, ജോർജ് തുമ്പയിൽ, അനിൽ പുത്തൻചിറ, തോമസ് തോമസ്, അനിയൻ ജോർജ്, മനോഹർ തോമസ്, ദിലീപ് വർഗീസ്, സോമൻ തോമസ് തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.

ചടങ്ങിനുശേഷം ബിഗ് സിനിമാസിൽ എന്നു നിന്റെ മൊയ്തീൻ' പ്രദർശിപ്പിച്ചു.

ഫോട്ടോ: ജോൺ മാർട്ടിൻ/മീഡിയ ലൊജിസ്‌റിക്‌സ്