പാലക്കാട്: പുതുശ്ശേരി പഞ്ചായത്തിലെ ഭൂഗർഭജലനിരപ്പ് വൻതോതിൽ താഴുന്നതിൽ പെപ്‌സി കമ്പനിക്ക് പരിസ്ഥിതി പ്രവർത്തകരേക്കാൾ ആശങ്കയോടെ പെപ്‌സി കമ്പനി.കഴിഞ്ഞ ദിവസമാണ് ഭൂഗർഭജലനിരപ്പ് താഴുന്നതിൽ ആശങ്ക അറിയിച്ച് പെപ്‌സി വാർത്താക്കുറിപ്പ് ഇറക്കിയത്.ഏതാനും ജവസംരക്ഷണ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.

സുസ്ഥിര ജലസ്രോതസ് വികസനവും ആസൂത്രണവും എന്ന പട്ടികയിൽ പെടുത്തിയുള്ള പദ്ധതി പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് തന്നെയാണ് ഉദ്ഘാടനം ചെയ്തത്. 100 ഓളം കുടുംബങ്ങൾക്ക് പദ്ധതി സഹായകരമാകുമെന്നാണ് പെപ്‌സിയുടെ അവകാശവാദം.എന്നാൽ, പതിവില്ലാതെ പഞ്ചായത്തിനോടും പ്രദേശവാസികളോടും കുടിവെള്ള സംരക്ഷണത്തോടും കമ്പനി കാട്ടുന്ന ഈ പ്രേമം ഒറിജിനിലാണോയെന്ന സംശയമാണ് ഇപ്പോൾ പരിസ്ഥിതി പ്രവർത്തകർ ഉയർത്തുന്നത്.

മാർച്ച് അവസാനം മുതൽ ജൂൺ വരെ പാലക്കാട് സാധാരണ കൊടുംവരൾച്ച അനുഭപ്പെടാറുണ്ട്. ഈ സമയത്ത് വെള്ളം കിട്ടാക്കനിയാകുന്നതോടെ ജനകീയ സമരങ്ങളും പൊട്ടിപ്പുറപ്പെടും. ആ സമയത്ത് തങ്ങൾക്കെതിരെ നാട്ടുകാർ തിരിയാതിരിക്കാനുള്ള തന്ത്രമാണ് പെപ്‌സി സ്വീകരിച്ചിരിക്കുന്നതെന്ന് പരിസിഥിതി പ്രവർത്തകർ ആരോപിക്കുന്നു.ജനകീയ സമരങ്ങൾ കൊടുമ്പിരി കൊണ്ടപ്പോൾ മുൻവർഷങ്ങളിൽ പെപ്‌സിക്ക് മാസങ്ങളോളം അടച്ചിടേണ്ടി വന്നിരുന്നു. ഇതൊഴിവാക്കാനാണ് പുതിയ നീക്കമെന്നാണ് ആരോപണം.

2016 ൽ പ്രതിദിനം രണ്ടരലക്ഷം ലിറ്റർ വെള്ളം എടുക്കാനാണ് പഞ്ചായത്ത് കമ്പനിക്ക് അനുമതി നൽകിയത്.എന്നാൽ, പ്രതിദിനം, 6.5 ലക്ഷം ലിറ്റർ വെള്ളം എടുക്കുന്നതായി പഞ്ചായത്ത് കണ്ടെത്തിയിരുനനു. തുടർന്ന് കമ്പനിക്ക് നോട്ടീസ് നൽകിയതിന് പിന്നാലെ 5.5 ലക്ഷം ലിറ്റർ വെള്ളം എടുക്കാൻ കമ്പനി അനുമതി നേടിയെടുത്തു.എന്നാൽ, ഈ കണക്കിലുമധികം 15 ലക്ഷം ലിറ്ററോളം വെള്ളം കമ്പനി ഊറ്റിയെടുക്കുന്നുണ്ടെന്നും ഇപ്പോഴത്തെ ജലസംരക്ഷണ പദ്ധതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ആണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

കമ്പനിയുടെ കുടിവെള്ളപദ്ധതി

കമ്പനി നടപ്പിലാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പനങ്ങാട് പാണ്ടിയത്ത് ഏരിയും ഈസ്റ്റ് അട്ടപ്പള്ളത്തെ കുളവും നവീകരിച്ച് ജലം ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.പാണ്ടിയത്ത് ഏരിക്ക് 12,412 ഘനമീറ്ററും, ഈസ്റ്റ് അട്ടപ്പളത്തെ കുളത്തിന് 10,478 ഘനമീറ്ററുമാണ് സംഭരണശേഷി.ഈ മേഖലയിലെ മൂന്ന് ചെക്ക് ഡാമുകൾ നവീകരിക്കുകയും ,ചെളി നീക്കം ചെയ്യുകയും സ്റ്റീൽ ഗേറ്റുകളും സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്.

രണ്ടു ഗ്രാമങ്ങളിലായി നൂറോളം കുടുംബങ്ങൾക്ക് പദ്ധതി ഗുണം ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം.പദ്ധതി 3,11 വാർഡുകൾ ഉൾക്കൊള്ളുന്ന മേഖലയിലെ ജലസംരക്ഷണത്തിന് ഗുണകരമാകുമെന്ന് കരുതുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ പറയുന്നുണ്ടെങ്കിലും, പരിസ്ഥിതി പ്രവർത്തകർക്ക് ഇത് കമ്പനിയുടെ തന്ത്രം മാത്രമായാണ് കണക്കാക്കുന്നത്.

കമ്പനിയുടെ ഉദ്ദേശ്യശുദ്ധി

തല്ലിയിട്ട് തലോടുന്നതും വെള്ളമൂറ്റി ആശങ്കപ്പെടുന്നതും ഒരുപോലെയല്ലേ? പാലക്കാട്ടുകാരെ ഇനിയും പറ്റിക്കരുതേ എന്നാണ് ബോബൻ മാട്ടുമന്തെയെ പോലെയുള്ള പാലക്കാട്ടെ പരിസ്ഥിതി പ്രവർത്തകർ ചോദിക്കുന്നത്.ദീർഘകാലത്തെ ജലചൂഷണഗവേഷണത്തിന്റെ പുതിയ നാടകമായിരിക്കും ഈ നാടകം.പ്രതികരണശേഷി ഇല്ലാത്തവരാണ് പാലക്കാട്ടുകാരെന്ന് പണ്ടേ പെപ്‌സിക്കറിയാമല്ലോ? ബോബൻ കുറിക്കുന്നു.

പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക

പെപ്‌സി ആരംഭിക്കുന്നതിന് മുമ്പുള്ള പ്രദേശത്തെ ഭൂഗർഭജലനിരപ്പും, ഇപ്പോഴത്തെ ജലനിരപ്പും തമ്മിലുള്ള താരതമ്യപഠനം നടത്തുക,ചൂഷണം നടത്തിയ ജലത്തിന്റെ മൂല്യത്തിന് തുല്യമായി തണ്ണീർത്തട നിർമ്മാണ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപെടുക, കുഴൽകിണറുകൾ പരിശോധനയ്ക്കായി തുറന്നുകൊടുക്കുക, പ്രതിവർഷ ജലഉപയോഗവും ഉൽപാദനവും പ്രസിദ്ധപ്പെടുത്തുക, 18 വർഷമായി പണിയെടുക്കുന്ന 260 കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്നു.

സ്ഥിരം-കരാർ തൊഴിലാളികളെ വേർതിരിക്കുന്ന വ്യത്യസ്ത കാന്റീനുകളും മെനുവും ഏകീകകരിക്കുക, പെപ്‌സി ഡേയിൽ എല്ലാ കരാർ തൊഴിലാളികളെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ച് വിവേചനം അവസാനിപ്പിക്കാത്തത് എന്തെന്ന ചോദ്യത്തിനും പെപ്‌സിക്ക് ഉത്തരമില്ല.