തിരുവനന്തപുരം: മൂന്നാഴ്ചത്തെ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഇൻഡിഗോ സമ്പൂർണ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. ഇന്ന് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ട്രെയിനിലാണ് കണ്ണൂരിലേക്ക് പുറപ്പെട്ടത്. താൻ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നയാളാണെന്നും കെ റെയിൽ വന്നാൽ ഇൻഡിഗോയുടെ ഓഫീസ് പൂട്ടുമെന്നും അദ്ദേഹം വാശിയോടെ പ്രതികരിച്ചു. എന്നാൽ, തന്റെ തീരുമാനത്തിൽ ഇപി ഉറച്ചുനിന്നാൽ, യാത്ര സ്ഥിരമായി ട്രെയിനിൽ ആക്കേണ്ടി വരും. കാരണം, നിലവിൽ ഇൻഡിഗോയ്ക്ക് മാത്രമാണ് തിരുവനന്തപുരം- കണ്ണൂർ വിമാനസർവീസ് ഉള്ളത്. തിരുവനന്തപുരം- കണ്ണൂർ വിമാന സർവീസുകളിൽ ആകെയുള്ള നാലെണ്ണത്തിൽ മൂന്നും ഇൻഡിഗോയാണ് നടത്തുന്നത്. ഒരു എയർ ഇന്ത്യാ സർവീസ് ഉണ്ടെങ്കിലും അത് നേരിട്ടല്ല. തിരുവനന്തപുരം-ഡൽഹി വഴി കണ്ണൂരിലേക്കാണ്. ഇതിന് 14 മണിക്കൂർ സമയമെടുക്കും.

ഇൻഡിഗോയിൽ ഇനി യാത്ര ചെയ്യില്ലെന്ന് ജയരാജൻ തറപ്പിച്ച് പറഞ്ഞു. എല്ലാവരും വിമാനം ഉപേക്ഷിച്ച് ട്രെയിനിൽ പോകണം. ചിലപ്പോൾ കമ്പനി തകർന്നു പോകും. ഞാൻ കയറാത്തതുകൊണ്ട് കമ്പനി തകരുമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഇൻഡിഗോ പൂട്ടണോ എന്ന് ആളുകൾ തീരുമാനിക്കട്ടേയെന്നും ജയരാജൻ പറഞ്ഞു. ഇന്ന് വിമാനമാർഗം കണ്ണൂരിലേക്ക് പോകാൻ ഇരുന്നതായിരുന്നു. എന്നാൽ ആ പൈസ തിരിച്ചുവാങ്ങിയെന്നും ജയരാജൻ പറഞ്ഞു. ഇനി അവരുടെ വിമാനത്തിൽ പോകില്ലെന്ന് തീരുമാനിച്ചു. ഇൻഡിഗോ വളരെ വളരെ മോശമായ നിലപാടാണ് സ്വീകരിച്ചത്. ക്രിമിനലുകൾക്ക് സംരക്ഷണം കൊടുക്കുക, വിമാനത്തിൽ ശരിയായ നില സ്വീകരിച്ചയാളുകളെ യാത്ര ചെയ്യുന്നതിൽനിന്ന് വിലക്കുക. അതൊരു തെറ്റായ തീരുമാനമാണ്. മാത്രമല്ല ഇന്ത്യൻ എയർ സർവീസിനെ സംബന്ധിച്ചിടത്തോളം ഇൻഡിഗോ കൈക്കൊണ്ടത് വളരെ തെറ്റായ തീരുമാനമാണ്, ജയരാജൻ പറഞ്ഞു.

താൻ സ്ഥിരമായി ട്രെയിൻയാത്ര ചെയ്യുന്നയാളാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. കണ്ണൂരിൽ വിമാനത്താവളത്തിൽ നിന്ന് സർവീസ് വന്നതിന് പിന്നാലെ അങ്ങോട്ട് പോയി. ഇവർ (ഇൻഡിഗോ) മാത്രമേ ലോകത്ത് വിമാനസർവീസുള്ളൂ. എത്ര വിമാനസർവീസുകളുണ്ട്, വളരെ നല്ല നിലയിൽ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നവര്- ജയരാജൻ ആരാഞ്ഞു. യാത്രാസമയത്തിന്റെ കാര്യത്തിൽ മാത്രമേ ബുദ്ധിമുട്ടുള്ളൂ അല്ലേയെന്ന ചോദ്യത്തിന് ഉറക്കം ട്രെയിനിലാക്കും, അപ്പോൾ പ്രശ്നം തീർന്നു എന്നായിരുന്നു ഇ.പിയുടെ മറുപടി. കെ റെയിൽ വന്നാൽ യാത്രാസമയത്തിന്റെ കാര്യത്തിലുള്ള ബുദ്ധിമുട്ട് മാറുമല്ലോ എന്ന ചോദ്യത്തിന്, കെ റെയിൽ വന്നാൽ വളരെ വളരെ സൗകര്യമായിരുന്നു എന്നും ഇൻഡിഗോയുടേയെല്ലാം ഓഫീസ് പൂട്ടുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ തനിക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമെന്നാണ് ജയരാജന്റെ നിലപാട്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യില്ലെന്നും ജയരാജൻ, നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇൻഡിഗോയിൽ യാത്ര ചെയ്തില്ലെങ്കിൽ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സർവീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇൻഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇൻഡിഗോയിൽ കയറില്ല എന്നാണ് ഇപി നേരത്തെ പറഞ്ഞത്.