- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയരാജന്റെ മൂന്നാഴ്ച വിലക്ക് ഏതു വകുപ്പിൽ? 'ലെവൽ റ്റു' കുറ്റം ചെയ്തയാൾക്ക് വിലക്ക് മൂന്നുമാസത്തിനു മുകളിൽ വേണം; ഇൻഡിഗോയുടെ ബസ് സർക്കാർ പിടിക്കുന്നതിന് പകരം ഇപി കൊടുക്കേണ്ടത് വിലക്കിന് എതിരായ അപ്പീൽ; അപ്പീൽ കൊടുത്താൽ വിലക്ക് നീങ്ങുമോ?
തിരുവനന്തപുരം: യാത്രാ വിലക്ക് ഏർപ്പെടുത്തിയതോടെ, ഇൻഡിഗോ എയർലൈൻസുമായി കൂട്ടുവെട്ടിയിരിക്കുകയാണ് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. യാത്രാവിലക്ക് ഏർപ്പെടുത്തിയ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇൻഡിഗോയ്ക്ക് കത്തയച്ചിട്ടിട്ടുമുണ്ട് ഇപി. ഇൻഡിഗോ ചെയ്തത് തെറ്റാണെന്നും തിരുത്തണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രാ വിലക്ക് നീതി നിഷേധമാണെന്നും, ന്യായം തന്റെ ഭാഗത്താണെന്നും ഇപി സത്യമായി കരുതുന്നുണ്ടെങ്കിൽ, അപ്പീൽ പോവുകയാണ് വേണ്ടതെന്ന് വ്യോമയാന രംഗത്തെ വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ്.
കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതിക്ക് മുമ്പാകെയാണ് ഇപിക്ക് അപ്പീൽ നൽകാവുന്നത്. വിലക്ക് ശരി വച്ചാൽ, ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കാമെന്നും ജേക്കബ് ഫിലിപ്പ് ഫേസ്‌ബുക്കിൽ കുറിച്ചു. വിമാനക്കമ്പനിയിൽ നിന്ന് യാത്രാവിലക്ക് അറിയിപ്പു കിട്ടി അറുപതുദിവസത്തിനുള്ളിൽ അപ്പീൽ കൊടുക്കണമെന്നാണ് നിയമമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ് വായിക്കാം:
ഇൻഡിഗോയുടെ യാത്രാവിലക്ക് നീതിനിഷേധമാണെന്നും ന്യായം മുഴുവൻ തന്റെ ഭാഗത്താണെന്നും ഇപി ജയരാജൻ സത്യമായും കരുതുന്നുണ്ടെങ്കിൽ സ്വാഭാവികമായും ഇനി ചെയ്യേണ്ടിയ കാര്യം അപ്പീലിനു പോവുകയെന്നതാണ്. യാത്രാവിലക്ക് നൽകിയത് ഇൻഡിഗോ തന്നെ രൂപീകരിച്ച കമ്മിറ്റിയാണെങ്കിൽ, അപ്പീൽ പരിഗണിക്കുക, കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിക്കുന്ന സമിതിയായിരിക്കും. 'വൃത്തികെട്ട എയർലൈനിന്റെ' പക്ഷപാതപരമായ നിലപാട് അപ്പീൽ കമ്മിറ്റിക്കുണ്ടാവില്ല എന്നർഥം.
ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡജി ചെയർമാനും പാസഞ്ചർ അസോസിയേഷൻ അല്ലെങ്കിൽ കൺസ്യൂമർ അസോസിയേഷൻ പ്രതിനിധി അംഗവുമായ കമ്മിറ്റിയിൽ വിമാനക്കമ്പനിയിൽ നിന്ന് ഒരാളേ ഉണ്ടാവുകയുള്ളു- വൈസ് പ്രസിഡന്റ് റാങ്കിൽ കുറയാത്ത ഒരാൾ. വിമാനക്കമ്പനിയിൽ നിന്ന് യാത്രാവിലക്ക് അറിയിപ്പു കിട്ടി അറുപതുദിവസത്തിനുള്ളിൽ അപ്പീൽ കൊടുക്കണമെന്നാണ് നിയമം.
ഇനി ഈ അപ്പീൽ കമ്മിറ്റിയും വിലക്ക് ശരിവച്ചാലും അവിടെ കൊണ്ടും നിർത്തേണ്ടതുമില്ല. ഹൈക്കോടതിയിൽ അടുത്ത അപ്പീൽ കൊടുക്കാമെന്നും സിവിൽ ഏവിയേഷൻ റിക്വയർമെന്റ് സെക്ഷൻ-3, സീരീസ് എം, പാർട്ട്-6 പറയുന്നുണ്ട്. (ഒപ്പം ഒട്ടിച്ചിരിക്കുന്ന കടലാസ് കോപ്പികൾ നോക്കുക).
യൂത്തുകാരെ പിടിച്ചു തള്ളി താഴെ വീഴ്‌ത്തി എന്ന കാര്യം നിഷേധിക്കാനാവാത്ത സ്ഥിതിക്കും അവർ മദ്യപിച്ചിരുന്ന എന്ന ആരോപണം തെറ്റായിരുന്നു അന്ന് അന്നു തന്നെ വ്യക്തമായതിനാലും, ഇനി അപ്പീൽ കമ്മിറ്റി മുമ്പാകെ ജയരാജന് വാദിക്കാവുന്നത്, ഇന്ത്യ ഒപ്പുവച്ചിട്ടുള്ള, 1963 ലെ ടോക്യോ കൺവെൻഷൻ നിബന്ധനകളിലെ ആർട്ടിക്കിൾ-6 രണ്ടാം ചട്ടം ചൂണ്ടിക്കാട്ടിയാണ്.
വിമാനത്തിന്റെയോ യാത്രക്കാരുടെയോ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നുള്ളയാളെ അടക്കി ഇരുത്താനും (പ്രതിരോധിക്കാനും) യാത്രക്കാർക്ക് അവകാശമുണ്ട് എന്ന് ഈ ചട്ടം വ്യക്തമാക്കുന്നുണ്ട്. അങ്ങിനെ പ്രതിരോധിക്കപ്പെട്ടയാൾ സുരക്ഷാഭീഷണിയായിരുന്നു എന്ന് തെളിയിക്കണമെന്നു മാത്രം.
കേട്ടാൽ തമാശ തോന്നുമെങ്കിലും, മറ്റൊരു കാര്യം ചൂണ്ടിക്കാട്ടിയും ജയരാജന്, ഈ യാത്രാവിലക്ക് നിലനിൽക്കില്ലെന്ന് വാദിക്കാം.കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞതു പോലെ, ശല്യക്കാരായ യാത്രക്കാരെ വിലക്കുന്നതിനുള്ള ചട്ടങ്ങൾ പ്രകാരം, ആളെ പിടിച്ചു തള്ളുക എന്ന ലെവൽ-ടു കുറ്റം ചെയ്തയാൾക്ക് മൂന്നു മാസത്തിനും ആറുമാസത്തിനുമിടയ്ക്കുള്ള യാത്രാവിലക്കാണ് ശിക്ഷയായി നൽകേണ്ടിയത്. ജയരാജന് കൊടുത്തിരിക്കുന്നത്, വാക്കുകൾ കൊണ്ടോ ആംഗ്യങ്ങൾ കൊണ്ടോ ഉപദ്രവിക്കുന്നവർക്കുള്ള, മൂന്നു മാസത്തിൽ താഴെയുള്ള വിലക്ക് എന്ന ശിക്ഷയും.
പ്രതി ചെയ്ത കുറ്റമെന്ത് എന്ന കാര്യത്തിൽ, ശിക്ഷ വിധിച്ചവർക്ക് അവ്യക്തതയുണ്ട് എന്നാണ് ഇതിനർഥമെന്ന് അപ്പീൽ കമ്മിറ്റി മുമ്പാകെ തീർച്ചയായും വാദിക്കാം, ആ അവ്യക്തതകൊണ്ടു തന്നെ, ശിക്ഷ നിലനിൽക്കില്ലെന്ന് തുടർവാദവും നടത്താം. ട്രോളുകളിൽ നിന്ന് ട്രോളുകളിലേക്ക് നാട്ടുകാരെ തള്ളിവിടുകയും വിമാനക്കമ്പനിയുടെ ബസ് നികുതിന്യായം പറഞ്ഞ് പിടിച്ചെടുക്കുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നതിനേക്കാൾ എത്രയോ മികച്ച പ്രതികരണമാണ് അപ്പീലിനു പോകുന്നതെന്ന് ജയരാജൻ തിരിച്ചറിയുമെന്നു തന്നെ പ്രതീക്ഷിക്കാം.
ഇതുമായി ബന്ധപ്പട്ട ജേക്കബ് കെ ഫിലിപ്പിന്റെ മറ്റൊരു പോസ്റ്റ് കൂടി വായിക്കാം:
ഇടതു മുന്നണി കൺവീനർ ഇ. പി. ജയരാജന് ഇൻഡിഗോ എയർലൈൻസ് വിലക്ക് ഏർപ്പെടുത്തേണ്ടിയിരുന്നത് മൂന്നാഴ്ചയല്ല, കുറഞ്ഞത് മൂന്നുമാസത്തിനു മേലെയാണ്. വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയും മുഖ്യമന്ത്രിയുടെ സീറ്റിനു നേരെ നടക്കുകയും ചെയ്ത യൂത്ത് കോൺഗ്രസുകാരും, അവരെ വീഴത്തക്കവണ്ണം പിടിച്ചു തള്ളുകയു ചെയ്ത ജയരാജനും ഒരേ തരത്തിലുള്ള കുറ്റം ചെയ്തു എന്നാണ് ഇൻഡിഗോ ആഭ്യന്തര സമിതി കണ്ടെത്തിയിരിക്കുന്നത് എന്നാണ് അവർക്ക് നൽകിയിരിക്കുന്ന വിലക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇത് ചട്ടവിരുദ്ധമാണ്.ശല്യക്കാരായ യാത്രക്കാരുണ്ടാക്കിയ കുഴപ്പം മൂന്നുതരമായി തിരിക്കണമെന്നാണ് ചട്ടം.
ലെവൽ വൺ- വാക്കുകൾ കൊണ്ടുള്ള ഉപദ്രവം, മദ്യപിച്ച് ശല്യമുണ്ടാക്കൽ, ശല്യപ്പെടുത്തുന്ന മട്ടിലുള്ള ആംഗ്യം കാണിക്കൽ
ലെവൽ റ്റു - ശാരീരികമായ ഉപദ്രവം. തള്ളുക, തൊഴിക്കുക, അടിക്കുക, പിടിക്കുക, ലൈംഗികമായി ഉപദ്രവിക്കുന്ന തരത്തിൽ തൊടുക തുടങ്ങിയവ. ലെവൽ ത്രീ- വിമാനത്തിന് കേടുപാടുകൾ വരുത്തുക, ശ്വാസം മുട്ടിക്കുക, കണ്ണിൽ അമർത്തുകയോ ചൂഴ്ന്നെടുക്കാൻ ശ്രമിക്കുകയോ, കൊല്ലാൻ വേണ്ടി ആക്രമിക്കുക, കോക്പിറ്റിൽ അതിക്രമിച്ച് കയറുകയോ കയറാൻ ശ്രമി്ക്കുകയോ ചെയ്യുക തുടങ്ങിയവ.
കുറ്റക്കാരെന്നു കണ്ടെത്തിയ സ്ഥിതിക്ക് ജയരാജന്റെ കുറ്റം ''ലെവൽ റ്റു'' ആണെന്നും യൂത്ത് കോൺഗ്രസുകാരുടേത് ''ലെവൽ വൺ'' ആണെന്നും വ്യക്തം.
ഇനി, ഓരോ ലെവലിനുമുള്ള യാത്രാ നിരോധനങ്ങൾ-
ലെവൽ വൺ - മൂന്നു മാസം വരെ.
ലെവൽ റ്റു - ആറു മാസം വരെ
ലെവൽ ത്രീ - ഏറ്റവും കുറഞ്ഞത് രണ്ടുവർഷം. അതിനും മുകളിൽ എത്രവേണമെങ്കിലും ആവാം.
യൂത്ത് കോൺഗ്രസുകാരുടെ രണ്ടാഴ്ച വിലക്ക് ഈ ലെവൽ വണ്ണിന്റെ ശിക്ഷയായ മൂന്നുമാസത്തിൽ താഴെയിൽപ്പെടും. പക്ഷേ, ജയരാജന്റെ മൂന്നാഴ്ച വിലക്ക് ഏതു വകുപ്പിലാണ്? 'ലെവൽ റ്റു' കുറ്റം ചെയ്തയാൾക്ക് ഏർപ്പെടുത്തേണ്ടിയ വിലക്ക് മൂന്നുമാസത്തിനു മുകളിലായിരിക്കണം- പരമാവധി ആറുമാസം.
എയർലൈൻ രൂപീകരിച്ച അന്വേഷണ സമിതിക്ക് ഈ മൂന്നു ലെവലുകൾക്കുള്ളിൽ വരുന്ന ഏതെങ്കിലും വിലക്ക് ഏർപ്പെടുത്തുകയെന്ന ഓപ്ഷൻ മാത്രമേയുള്ളുവെന്ന് 2017 സെപ്റ്റംബർ എട്ടിന് പുറപ്പെടുവിച്ച സിവിൽ ഏവിയേഷൻ റിക്വയർമെന്റ്സ് സെക്ഷൻ 3- എയർട്രാൻസ്പോർട്ട് സീരീസ് എം, പാർട്ട് 6, ഇഷ്യൂ-2 അറിയിപ്പിലെ ചട്ടം 8.1 വ്യക്തമാക്കുന്നുണ്ട്.
ഇനി അപ്പീലിനെപ്പറ്റി-ഇൻഡിഗോ ചീത്ത വിമാനക്കമ്പനിയാണെന്നും ആജീവനാന്തം ഇനി അതിൽ കയറില്ലെന്നും പറഞ്ഞ് ജയരാജൻ പിണങ്ങിയിരിക്കേണ്ടതുമില്ല. രണ്ടുമാസത്തിനുള്ളിൽ അപ്പീൽ പോകാം. ഇനി അവിടെയും തോറ്റാൽ ഹൈക്കോടതിയിലും പോകാം.
മറുനാടന് മലയാളി ബ്യൂറോ