- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിനുള്ളിൽ ജയരാജൻ യൂത്തുകോൺഗ്രസുകാരെ ആക്രമിച്ച സംഭവം; എഫ്ഐആറിൽ വലിയതുറ പൊലീസിന്റെ കള്ളക്കളി; പരാതിക്കാരുടെ ആദ്യപരാതി ഒളിപ്പിച്ചു; സ്റ്റേഷനിൽ പരാതി ലഭിച്ചത് കോടതി ഉത്തരവിനൊപ്പമെന്ന് എഫ് ഐ ആർ; കള്ളക്കളി പരാതിക്ക് കാലതാമസം വരുത്തി എന്നുകാണിക്കാൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച 2 യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനും ഗൺമാനുമെതിരെ എടുത്ത എഫ് ഐ ആറിൽ വലിയതുറ പൊലീസിന്റെ കള്ളക്കളി. ലഭിച്ച വിവരം സംബന്ധിച്ച് കളവായ തീയതികൾ രേഖപ്പെടുത്തിയ എഫ്.ഐ ആറാണ് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ വലിയതുറ എസ്.എച്ച്.ഒ യും അന്വേഷണ ഉദ്യോഗസ്ഥനുമായ റ്റി. സതികുമാർ സമർപ്പിച്ചത്.
കൃത്യദിവസം ജൂൺ 13, സ്റ്റേഷനിൽ വിവരം ലഭിച്ച തീയതി ജൂലൈ 20 ന് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വകുപ്പുകൾ 120 (ബി) (ക്രിമിനൽ ഗൂഢാലോചന) , 307 (വധശ്രമം), 308 ( കുറ്റകരമായ നരഹത്യ ശ്രമം) , 506 (കുറ്റകരമായ ഭയപ്പെടുത്തൽ) എന്നീ വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്. കൃത്യ സ്ഥലം 6 ബി 7407 ഇൻഡിഗോ വിമാനത്തിനകവശം, തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് , സ്റ്റേഷനിൽ നിന്നുള്ള അകലം 500 മീറ്റർ തെക്ക് കിഴക്ക് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം കോടതി കേസെടുക്കാൻ നിർദ്ദേശിച്ച പരാതിയിൽ വിമാനത്തിനകത്തു വച്ച് ജയരാജനും പ്രതികളും ചെയ്ത കൃത്യങ്ങളും സംഭവിച്ച കാര്യങ്ങളും വ്യക്തമായി പ്രതിപാദിച്ചിട്ടും എയർ ക്രാഫ്റ്റ് നിയമത്തിലെ വകുപ്പുകൾ ചുമത്തിയിട്ടില്ല. പരാതി വായിച്ചു നോക്കി വകുപ്പുകൾ ഇടേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്.
ജൂൺ13 ലെ സംഭവത്തിൽ പരാതിക്കാർ നൽകിയ പരാതി ഒളിപ്പിച്ചു വച്ച് സ്റ്റേഷനിൽ പരാതി ലഭിച്ചത് 20 ലെ കോടതി ഉത്തരവിനൊപ്പമെന്നാണ് കളവായ എഫ് ഐ ആർ ചമച്ചിട്ടുള്ളത്. പരാതിക്കാർ പരാതി നൽകാൻ 46 ദിവസം കാലതാമസം വരുത്തിയെന്ന് കാട്ടാനാണ് പൊലീസ് ഇപ്രകാരം ചെയ്തത്. ഇത് വിചാരണയിൽ കേസിന് ദോഷം വരുത്തി പ്രതികൾക്കനുകൂലമാക്കാനാണ് ചെയ്തത്. പൊലീസിന്റെ കൃത്യവിലോപം മറയ്ക്കാനാണ് ജൂലൈ 20 ന് കോടതി നിർദ്ദേശപ്രകാരമാണ് സ്റ്റേഷനിൽ വിവരം ലഭിച്ചതെന്ന് രേഖപ്പെടുത്തിയത്. ജൂൺ 13 ന് പരാതി ലഭിച്ച വലിയതുറ സിഐയും ജൂലൈ 6 ന് പരാതി ലഭിച്ച സിറ്റി പൊലീസ് കമ്മീഷണറും എഫ് ഐ ആർ എടുക്കാത്ത കുറ്റത്തിന് ഐപിസി 166 (പൊതുസേവകർ നിയമപ്രകാരമുള്ള നിർദ്ദേശം അനുസരിക്കാതിരിക്കാതിരിക്കൽ) 2 വർഷം വരെ തടവിന് ശിക്ഷാർഹരാണ്.
ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനും ഗൺമാനുമെതിരെ വധ ശ്രമത്തിന് കേസടുക്കാൻ കോടതി 20 ന് ഉത്തരവിട്ടിരുന്നു. കൃത്യ സ്ഥലവും കൃത്യസമയവും ഒന്നായ കൗണ്ടർ കേസായതിനാൽ ഒറ്റ കൃത്യസ്ഥല മഹസ്സർ മതിയാകും. ഗൂഢാലോചന, വധശ്രമം എന്നീ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. എഫ് ഐ ആർ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കാനും മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകർ വലിയതുറ പൊലീസിന് നിർദ്ദേശം നൽകി. ഇ.പി. ജയരാജനെക്കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം സുനീഷ് , ഗൺമാൻ അനിൽകുമാർ എന്നിവർക്കെതിരെ കേസെടുക്കാനാണുത്തരവ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ തലശ്ശേരി മട്ടന്നൂർ സ്വദേശി ഫർസീൻ മജീദ് (27) , തലശ്ശേരി പട്ടാന്നൂർ സ്വദേശി ആർ.കെ. നവീൻകുമാർ (37) എന്നിവർ സമർപ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. വലിയതുറ പൊലീസും ശംഖുമുഖം അസി. കമ്മീഷണർ ഡി.കെ. പൃഥ്വിരാജിനും പരാതി നൽകിയിട്ടും കേസെടുക്കാത്തതിനാലാണ് ഇവർ കോടതിയെ സമീപിച്ചത്.
സമാധാനപരമായി പ്രതിഷേധം , പ്രതിഷേധം എന്ന് മുദ്രാവാക്യം വിളിച്ച തങ്ങളെ ജയരാജൻ യാതൊരു പ്രകോപനവും കൂടാതെ നരഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ മുഖത്തടിക്കുകയും കഴുത്തിൽ ഞെക്കുകയും പിടിച്ചു തള്ളുകയും പേഴ്‌സണൽ സ്റ്റാഫും ഗൺമാനും തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച് നരഹത്യ ശ്രമം നടത്തിയെന്നാണ് കേസ്.
വിമാനത്തിൽ മുൻഭാഗത്താണ് പരാതിക്കാർക്ക് സീറ്റ് ലഭിച്ചത്. മുഖ്യമന്ത്രി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനൊപ്പം പിറകു ഭാഗത്താണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ലാന്റ് ചെയ്തപ്പോൾ ആദ്യം തന്നെ മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് പുറത്തേക്കിറങ്ങി. തുടർന്ന് ഇവർ വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളി ആരംഭിച്ചപ്പോൾ സെക്യൂരിറ്റി ഓഫീസറും ഒരു ജീവനക്കാരനും ഇ.പി.ജയരാജനും എഴുന്നേറ്റു. തുടർന്ന് ജയരാജൻ അടക്കമുള്ള 3 പേർ ആക്രമിക്കുകയായിരുന്നു.
ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ ഇൻഡിഗോ എയർ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയും കുടുംബവും കറൻസി കടത്തിയെന്നും നയതന്ത്ര ഓഫീസിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹക്കട്ടികൾ കടത്തിയെന്നും മകൾക്ക് വേണ്ടി സുൽത്താനുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചുവെന്നും ജയിലിൽ ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള വെളിപ്പെടുത്തൽ സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് വലിയതുറ പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ വിമാനത്തിൽ നിന്നിറങ്ങാൻ കാത്തു നിൽക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നും ആരോപിക്കുന്ന വധശ്രമക്കുറ്റത്തിന് തങ്ങളുടെ പക്കൽ യാതൊരു ആയുധങ്ങളുമില്ലായിരുന്നുവെന്നും മറ്റുമാണ് പ്രതികൾ ജാമ്യഹർജിയിൽ ബോധിപ്പിച്ചിട്ടുള്ളത്.