- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് എവിടെ നിന്നാണ് ഞാൻ ക്വാറന്റീനിലാണെന്ന വാർത്ത കിട്ടിയത്? ക്വാറന്റീനിലായിരുന്നോവെന്ന് ഒന്ന് വിളിച്ച് അന്വേഷിക്കാമായിരുന്നല്ലോ; ഇത്രയും നീചമായ പ്രവൃത്തി ചെയ്ത മനോരമ സ്ത്രീയെന്ന നിലയിൽ പരിഗണന തന്നില്ല; പേരക്കുട്ടികളുടെ പിറന്നാൾ പ്രമാണിച്ച് അവരുടെ ആഭരണങ്ങൾ എടുക്കാനാണ് ബാങ്കിൽ പോയത്; മനോരമക്കാർക്ക് അമ്മയും പെങ്ങന്മാരും അമ്മയും പേരക്കുട്ടികളുമൊന്നും ഇല്ലായിരുന്നോ എന്നും പി.കെ.ഇന്ദിര; മനോരമയ്ക്കും കെ.സുരേന്ദ്രനുമെതിരെ കേസ് കൊടുക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ
കണ്ണൂർ: താൻ ക്വാറന്റൈൻ ലംഘിച്ച് ബാങ്കിലെത്തി ലോക്കർ തുറന്നുവെന്ന മലയാള മനോരമയുടെ വാർത്തയ്‌ക്കെതിരെ മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര നിയമനടപടിക്ക്. നിയമനടപടിസ്വീകരിക്കുമെന്ന് മന്ത്രിയും പ്രസ്താവനയിൽ വ്യക്തമാക്കി. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് തനിക്കെതിരെ വസ്തുതാവിരുദ്ധമായ വാർത്ത നൽകിയത്. വാർത്ത നൽകുന്നതിന് മുമ്പ് തന്നെ വിളിച്ചിരുന്നെങ്കിൽ സത്യാവസ്ഥ അറിയിക്കാമായിരുന്നു. പേരക്കുട്ടികൾക്ക് പിറന്നാൾ സമ്മാനം നൽകാനാണ് ബാങ്ക് ലോക്കർ തുറന്നതെന്നും പികെ ഇന്ദിര പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.
മന്ത്രി ഇപി ജയരാജൻ മാത്രമാണ് ക്വാറന്റീനിലിരുന്നത്. തനിക്ക് ക്വാറന്റൈൻ ഉണ്ടായിരുന്നില്ല. വീട്ടിലെ എല്ലാ കാര്യങ്ങളും തനിച്ചാണ് ചെയ്യുന്നത്. ക്വാറന്റീനിലല്ലാത്തതിനാലാണ് ബാങ്കിൽ പോയത്. പത്ത് മിനിറ്റ് മാത്രമാണ് ബാങ്കിൽ ചിലവഴിച്ചതെന്നും പി കെ ഇന്ദിര വ്യക്തമാക്കി.
പി കെ ഇന്ദിര വീഡിയോയിൽ പറഞ്ഞത്
ഇന്നത്തെ മനോരമ പത്രത്തിൽ എന്നെക്കുറിച്ച് വ്യാജവാർത്തയുണ്ടായിരുന്നു. മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ച് എത്തി. ഞാൻ ക്വാറന്റൈൻ ലംഘിച്ചിട്ടുമില്ല. ക്വാറന്റീനിൽ ഇരുന്നിട്ടുമില്ല. എനിക്ക് ക്വാറന്റൈൻ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് തിരുവനന്തപുരത്ത് നിന്നും എത്തിയത്. മിനിസ്റ്റർ ക്വാറന്റീനിലായിരുന്നു. വീട്ടിലെ എല്ലാ ജോലികളും ഞാനാണ് ചെയ്യുന്നത്. ആരും വരാറില്ല. അങ്ങനെയുള്ള എന്നെക്കുറിച്ച് ഇത്രയും മോശമായ വാർത്ത മനോരമയ്ക്ക് എങ്ങനെ കൊടുക്കാൻ കഴിഞ്ഞുവെന്ന് എനിക്കറിയില്ല.
നിങ്ങൾക്ക് എവിടെ നിന്നാണ് ഞാൻ ക്വാറന്റീനിലാണെന്ന വാർത്ത കിട്ടിയത്. ക്വാറന്റീനിലായിരുന്നോവെന്ന് ഒന്ന് വിളിച്ച് അന്വേഷിക്കാമായിരുന്നല്ലോ. ഇത്രയും വലിയ വാർത്ത കൊടുക്കുന്നതിന് മുമ്പ് എന്നെ വിളിക്കാമായിരുന്നു. ഇത്രയും നീചമായ പ്രവൃത്തി ചെയ്ത മനോരമ സ്ത്രീയെന്ന നിലയിൽ പരിഗണന തന്നില്ല. വിളിച്ച് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ സത്യാവസ്ഥ പറയുമായിരുന്നല്ലോ.
കഴിഞ്ഞ വ്യാഴാഴ്‌ച്ച ഞാൻ ബാങ്കിൽ പോയിരുന്നു. രണ്ട് പേരക്കുട്ടികളുടെ പിറന്നാളാണ് 25നും 27നും. അവരുടെ ആഭരണങ്ങൾ എടുക്കാനാണ് ഞാൻ ബാങ്കിൽ പോയത്. പേരക്കുട്ടികൾക്ക് സമ്മാനം കൊടുക്കുന്നത് ഇത്ര മോശമായ പ്രവൃത്തിയാണോ. എന്താണ് നിങ്ങൾ എഴുതിയിരിക്കുന്നത്. ബാങ്കിൽ പോയി ലോക്കർ തുറന്ന് സാധനം എടുത്ത് പത്ത് മിനിറ്റിനുള്ളിൽ ഇറങ്ങിയിരുന്നു. ആ സമയത്ത് ക്വാറന്റൈൻ ഉണ്ടയിരുന്നില്ല. അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേക്ക് പോകും. 25ന് ശേഷമേ തിരിച്ചു വരികയുള്ളുവെന്നതുകൊണ്ടാണ് ഈ സാധനങ്ങൾ എടുക്കാൻ പോയത്. ഇല്ലെങ്കിൽ പോകാറില്ലായിരുന്നു. ഞാൻ അവിടുത്തെ ഉദ്യോഗസ്ഥയായിരുന്നു. ഈ വാർത്ത എഴുതിയ മനോരമക്കാർക്ക് അമ്മയും പെങ്ങന്മാരും അമ്മയും പേരക്കുട്ടികളുമൊന്നും ഇല്ലായിരുന്നോ. അതാണോ ഞാൻ മനസിലാക്കേണ്ടത്.
ഇ.പി.ജയരാജന്റെ പ്രസ്താവന
കേരളത്തിലെ ഒരു മാധ്യമവും ചില രാഷ്ട്രീയ എതിരാളികളും ചേർന്ന് വ്യാജവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ കൊണ്ട് നീചമായ ആക്രമണം നടത്തുന്നുവെന്നും ജയരാജൻ പറഞ്ഞു. പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ ഭാര്യയ്ക്കും മക്കൾക്കും എതിരായി മനസ്സാക്ഷിക്ക് നിരക്കാത്ത ആക്ഷേപങ്ങൾ ഉന്നയിക്കുകയാണെന്നും മന്ത്രി തന്റെ പ്രസ്താവനയിൽ പറഞ്ഞു.ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. രാഷ്ട്രീയ എതിരാളികളും ചില മാധ്യമ പ്രതിനിധികളുമാണ് നെറികെട്ട നീക്കങ്ങൾക്കു പിന്നിലെന്നും ജയരാജൻ കുറ്റപ്പെടുത്തി. തുടർച്ചയായി ആരോപണങ്ങൾ വരുമ്പോൾ ജനങ്ങളോട് വസ്തുതകൾ പറയേണ്ടത് ജനപ്രതിനിധിയെന്ന നിലയിൽ തന്റെ ബാധ്യതയാണെന്നും മകനും ഭാര്യക്കും എതിരായ വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഒരു മാധ്യമധർമ്മവും കണക്കിലെടുക്കാതെയാണ് കേരളത്തിലെ ഒരു പ്രമുഖ പത്രം തന്റെ ഭാര്യക്കെതിരെ വാർത്ത നൽകിയതെന്നും ജയരാജൻ കുറ്റപ്പെടുത്തി.
'സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്ത തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഞാൻ ക്വാറന്റീനിലായിരുന്നു. ഭാര്യ ക്വാറന്റീനിലായിരുന്നില്ല. കോവിഡ് പ്രേട്ടോകോൾ ലംഘിച്ച് ഭാര്യ അവർ നേരത്തെ ജോലി ചെയ്ത കണ്ണൂരിലെ ബാങ്കിൽ പോയെന്നാണ് പ്രചരിപ്പിക്കുന്നത്. പേരക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്ച് ലോക്കറിലുള്ള കുട്ടികളുടെ ആഭരണം എടുക്കാനാണ് ഭാര്യ ബാങ്കിൽ പോയത്. സെപ്റ്റംബർ 25, 27 തീയതികളിൽ രണ്ടു പേരക്കുട്ടികളുടെ പിറന്നാളാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് എല്ലാ ഇടപാടുകളും നടത്തിയത്. ഈ വസ്തുതകൾ മറച്ചുവച്ചാണ് ഒരു ധാർമ്മികതയും ഇല്ലാതെ കള്ളം പ്രചരിപ്പിക്കുന്നത്. ഒരു സ്ത്രീയെ വ്യക്തിഹത്യ നടത്താൻ മടികാണിക്കാത്ത നെറികെട്ട നിലപാട് ഒരു മാധ്യമത്തിനും ചേർന്നതല്ല. അനാവശ്യമായ ഒരു വിവാദങ്ങളിലും എന്റെ കുടുംബം ഇതുവരെ ഉൾപ്പെട്ടിട്ടില്ല. മക്കൾ മാന്യമായി ജോലി ചെയ്തു ജീവിക്കുന്നവരാണ്.' - ജയരാജൻ പറഞ്ഞു.
തന്റെ മകനെതിരെ പത്രത്തിൽ വന്ന അടിസ്ഥാനരഹിതമായ വാർത്ത എൻഫോഴ്സ്മെന്റ് റിപ്പോർട്ടാണെന്ന രീതിയിൽ ബി. ജെ.പി അദ്ധ്യക്ഷൻ വാർത്താസമ്മേളനം നടത്തി പറഞ്ഞത് പരിഹാസ്യമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും നടത്തുന്ന കള്ളപ്രചരണം കേരള ജനത തിരിച്ചറിയുമെന്നും എല്ലാ കാലവും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പത്രത്തിനെതിരെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്
ഇ.പി.ജയരാജന്റെ ഭാര്യ ബാങ്കിൽ പോയി ലോക്കർ തുറന്നതിൽ അസ്വാഭാവികത ഇല്ലെന്നും അന്വേഷണ ഏജൻസികളെ വഴിതെറ്റിക്കാൻ പലരും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കിൽ സീനിയർ മാനേജർ ആയി റിട്ടയേർഡ് ചെയ്തയാൾക്ക് അതേ ബാങ്കിൽ ലോക്കറു്ണ്ടായി എന്നതിൽ ആശ്വര്യപ്പെടാൻ എന്താണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോക്കറിൽ നിന്ന് സ്വർണ്ണമെടുത്ത് തൂക്കം നോക്കിയെന്നാണ് പറയുന്നത്. ഒരു പവൻ മാലയുടെ തൂക്കമാണ് അവർ നോക്കിയത്. അതാണോ വലിയ കുറ്റമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ബോധപൂർവ്വം അപവാദങ്ങൾ പ്രചരിപ്പിക്കുകയും ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുകയുമാണ് ചെയ്യുന്നത്. വസ്തുത മറ്റൊരു ഭാഗത്തുണ്ടാകും. ജയരാജന്റെ മകന് സ്വർണ്ണകടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായി ബന്ധമുണ്ടെന്നതിൽ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ദിര സ്വർണ്ണമെടുത്തതെന്നാണ് മറ്റൊരു ആരോപണം. ഇതും ലോക്കറിൽ നിന്ന് സ്വർണ്ണമെടുത്തതും തമ്മിൽ എന്തുബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
അന്വേഷണ ഏജൻസിയുടെ മുന്നിൽ പരാതികൾ ചെല്ലുമ്പോൾ അവർ അന്വേഷിക്കാൻ നിർബന്ധിതരാകുമെന്നും അന്വേഷണ ഏജമൻസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി ഇ പി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ച് ബാങ്കിൽ പോയെന്ന് ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
https://www.facebook.com/epjayarajanonline/posts/1284011345275813
മറുനാടന് മലയാളി ബ്യൂറോ