നീലേശ്വരം: മന്ത്രി ഇ.പി.ജയരാജന്റെ ഔദ്യോഗിക വാഹനം ദേശീയപാതയിൽ അപകടത്തിൽപ്പെട്ടതിന് പിന്നിൽ ദുരൂഹതകളില്ലെന്ന് പൊലീസ്. അപടകമുണ്ടാകുമ്പോൾ മന്ത്രിയും വാഹനത്തിലുണ്ടായിരുന്നു. നീലേശ്വരം കരുവാച്ചേരി വളവിൽ ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം. ആർക്കും പരിക്കില്ല.

വികസനമുന്നേറ്റ ജാഥയ്ക്ക് ഉപ്പളയിൽ വന്ന് കണ്ണൂരിലേക്ക് തിരിച്ചുപോവുകയായിരുന്ന മന്ത്രിയുടെ വാഹനം ഇതരസംസ്ഥാന സ്വകാര്യ വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇതേത്തുടർന്ന് വാഹനം അല്പനേരം ഇവിടെ നിർത്തിയിട്ടു. സ്വാഭാവിക അപകടമാണുണ്ടായതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അട്ടിമറിയൊന്നും സംശയിക്കുന്നില്ല. ഗുരുതരമായ അപകടവും ആയിരുന്നില്ല.

വാഹനത്തിനും സാരമായ കേടുപാടുണ്ടായില്ല. അപകടത്തിന് ശേഷം ഇതേ വാഹനത്തിൽതന്നെ മന്ത്രി യാത്ര തുടർന്നു. നീലേശ്വരം ഇൻസ്‌പെക്ടർ പി.ബി.സജീവ്, എസ്‌ഐ. പി.കെ.സുമേഷ് എന്നിവർ സ്ഥലത്തെത്തി. വിശദമായി തന്നെ കാര്യങ്ങൾ തിരക്കി. അതിൽ നിന്നാണ് ദുരൂഹതയില്ലെന്ന നിലപാടിൽ പൊലീസ് എത്തിയത്.