- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിൽ കയറാത്ത ശബരിനാഥിനെതിരെ എയർക്രാഫ്റ്റ് ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങൾ; ഇപിക്കും ഗൺമാന്മാർക്കുമെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തുമ്പോഴും ആ വകുപ്പുകൾ ചുമത്തുന്നില്ല; ഇടതു കൺവീനറെ ഉടൻ അറസ്റ്റ് ചെയ്യില്ല; ജയരാജൻ മുൻകൂർ ജാമ്യം തേടിയേക്കും; സിപിഎമ്മിനും പിണറായിക്കും തിരിച്ചടിയായി ഈ വിമാന പ്രതിഷേധവും
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ പകർപ്പ് പുറത്ത് വരുമ്പോൾ ഉയരുന്നതും വിവാദം. ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫും ചേർന്ന് വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചുവെന്ന് എഫ്‌ഐആറിൽ പറയുന്നു. എന്നാൽ വിമാന സുരക്ഷാ നിയമം ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. സമാന സംഭവത്തിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ ഈ കുറ്റം ചേർത്തിരുന്നു. എഫ് ഐ ആർ ഇട്ടെങ്കിലും ഇപിയേയും പൊലീസുകാരേയും ഉടൻ അറസ്റ്റ് ചെയ്യില്ല.
സമാന കേസിൽ പ്രതി ചേർത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കെ.എസ്. ശബരിനാഥനും എതിരെ എയർക്രാഫ്റ്റ് ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നു. കോടതി നിർദ്ദേശപ്രകാരം എടുത്ത കേസായതിനാൽ അപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയതെന്നാണ് പൊലീസ് വിശദീകരണം. പ്രതിഷേധം നടന്ന വിമാനത്തിൽ കയറിയിട്ടില്ലാത്ത ശബരിനാഥനെതിരെ പോലും വിമാന സുരക്ഷാ നിയമ പ്രകാരമുള്ള രണ്ട് വകുപ്പുകൾ ചുമത്തിയിരുന്നു. അപ്പോഴാണ് വിമാനത്തിനുള്ളിലെ പ്രതിഷേധത്തെ നേരിട്ട മൂന്ന് പേരെ എയർക്രാഫ്റ്റ് ആക്റ്റിൽ നിന്ന് ഒഴിവാക്കിയത്. കോടതി നിർദ്ദേശ പ്രകാരം എടുത്ത കേസായതിനാൽ എഫ്.ഐ.ആറിൽ കോടതി നിർദ്ദേശിച്ചിരിക്കുന്ന വകുപ്പുകൾ മാത്രമേ ചുമത്താനാവൂവെന്നാണ് പൊലീസ് വിശദീകരണം.
ഐപിസി307, 308, 120(ആ), 506 എന്നീ വകുപ്പുകളാണ് പരാതിക്കാരുടെ ഹർജിയിലും കോടതി ഉത്തരവിലും ഉണ്ടായിരുന്നതെന്നും അവ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ടന്നും വലിയതുറ പൊലീസ് വിശദീകരിക്കുന്നു. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പറയുന്നുണ്ട്. എന്നാൽ പരാതിക്കാർ നൽകിയ ഹർജിയിൽ വകുപ്പ് പ്രത്യേകം പറഞ്ഞിട്ടില്ലങ്കിലും വിമാനയാത്രാനിയമപ്രകാരമുള്ള കുറ്റം ചെയ്തതായി ആരോപിച്ചിരുന്നു. കേസെടുത്തെങ്കിലും വേഗത്തിൽ ഇ.പി. ജയരാജന്റെയോ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെയൊ അറസ്റ്റിലേക്ക് കടക്കാൻ സാധ്യതയില്ല. പരാതിക്കാരുടെ വിശദ മൊഴിയെടുത്ത ശേഷം തുടർനടപടിയെന്നാണ് പൊലീസ് നിലപാട്. ശംഖുമുഖം എ.സി.പിയുടെ നേതൃത്വത്തിലെ സംഘം തന്നെയാണ് പുതിയ കേസും അന്വേഷിക്കുന്നത്. അറസ്റ്റ് വൈകിയാൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
'മുഖ്യമന്ത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരെടാ എന്ന് ഇ.പി.ജയരാജൻ ആക്രോശിച്ചു. മുഖത്തടിച്ച് നിലത്തിട്ടു, ശ്വാസംമുട്ടിച്ചു. നിലത്തു വീണവരെ മുഖ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ് മർദിച്ചു. കഴുത്ത് ഞെരിച്ചു' എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിൽ ഇ.പി.ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ സഹിതം വലിയതുറ പൊലീസ് കേസെടുത്തിരുന്നു. ഇ.പി.ജയരാജനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ലെനി തോമസ് ഉത്തരവിട്ടതിനെ തുടർന്നാണ് വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴ്‌സനൽ സ്റ്റാഫ് അനിൽ കുമാർ രണ്ടാം പ്രതിയും വി എം.സുനീഷ് മൂന്നാം പ്രതിയുമാണ്.
കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി വിധിയോടെ, വിമാനത്തിലെ പ്രതിഷേധത്തെ പ്രതിപക്ഷത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കാനുള്ള സർക്കാർ നീക്കം പൊളിഞ്ഞു. കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ കോടതി തിരുത്തിയത് മുഖ്യമന്ത്രിക്കും നാണക്കേടായി. ഇ.പി.ജയരാജന് യാത്രാ വിലക്കേർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ നിലപാട് തെറ്റാണെന്ന സിപിഎം വാദത്തിനും കോടതി ഉത്തരവ് തിരിച്ചടിയാണ്. എന്നാൽ, കോടതി ഉത്തരവിനോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.
സ്വർണക്കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഒന്നിനു പുറകേ ഒന്നായി ഉയർന്നപ്പോൾ സർക്കാരും പാർട്ടിയും പ്രതിപക്ഷത്തിനെതിരെ ആയുധമാക്കിയത് വിമാനത്തിലെ പ്രതിഷേധമായിരുന്നു. ഭീകരസ്വഭാവത്തോടെയുള്ള വധശ്രമമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വരെ പറഞ്ഞു. ഇ.പി.ജയരാജനെതിരെ കേസെടുക്കില്ലെന്നു വിശദീകരിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിന് 24 മണിക്കൂറിന്റെ പോലും ആയുസ്സുണ്ടായില്ല.
കോടതി നിർദ്ദേശപ്രകാരം കേസെടുക്കുന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഇടതുമുന്നണി കൺവീനറും ഒരേ കേസിലെ പ്രതികളായി മാറും. മുഖ്യമന്ത്രിക്കു വേണ്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി നൽകിയ അദേഹത്തിന്റെ പഴ്‌സനൽ സ്റ്റാഫും പ്രതിയാകുന്നത് ഇ.പി.ജയരാജനൊപ്പം മുഖ്യമന്ത്രിക്കും കനത്ത തിരിച്ചടിയാണ്. ആദ്യം യൂത്ത് കോൺഗ്രസുകാർ മദ്യപിച്ചാണ് ആക്രമിച്ചതെന്ന ആരോപണം പൊളിഞ്ഞു. പ്രതികൾക്ക് ജാമ്യം ലഭിക്കുകയും വധശ്രമത്തിനു തെളിവില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തത് അടുത്ത തിരിച്ചടിയായി.
ജയരാജനെ വിലക്കിയ ഇൻഡിഗോ നടപടി മര്യാദയ്ക്കു നിരക്കാത്തതെന്ന പ്രചാരണത്തിന്റെ മുനയും ഇതോടെ ഒടിയും. ഒടുവിൽ ഗൂഢാലോചനക്കേസിൽ അറസ്റ്റ് ചെയ്ത ശബരീനാഥന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിച്ചതിന്റെ ആഘാതം ഇരട്ടിയാക്കുന്നതാണ് അതേ കേസിൽ ഇടതുമുന്നണി കൺവീനർ പ്രതിയാകേണ്ടി വരുന്നത്.
മറുനാടന് മലയാളി ബ്യൂറോ