- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിനാഥിനെ പ്രതിയാക്കിയ മോഡലിൽ സുധാകരനേയും സതീശനേയും കുടുക്കണം; ഡിവൈഎഫ് ഐയുടെ പരാതിക്ക് പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനം; ഇപിയേയും ഗൺമാന്മാരേയും രക്ഷിക്കാൻ എഫ് ഐ ആറിൽ അടക്കം കള്ളക്കളികൾ; വിമാനത്തിലെ പ്രതിഷേധത്തിൽ ഇടതു കൺവീനറെ അറസ്റ്റു ചെയ്യില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ നടത്തിയ പ്രതിഷേധത്തിനു പിന്നിലെ ഗൂഢാലോചനയിൽ കോൺഗ്രസ് നേതാക്കളെ പ്രതിയാക്കാനും നീക്കം. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന ഡിവൈഎഫ്‌ഐയുടെ പരാതി സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. സിപിഎം നിർദ്ദേശ പ്രകാരമാണ് ഈ കേസ്.
എന്നാൽ പരാതിയിൽ തിരിക്കിട്ടു കേസ് എടുക്കില്ലെന്നാണു സൂചന. പ്രത്യേക കേസും രജിസ്റ്റർ ചെയ്യില്ല. ഇരുവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നു കണ്ടെത്തിയാൽ നിലവിലുള്ള കേസിൽ ഉൾപ്പെടുത്തുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ വിമാന പ്രതിഷേധം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്‌പി മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ശംഖുമുഖം അസി.കമ്മിഷണർ ഡി.കെ.പൃഥ്വിരാജിനാണു കമ്മിഷണർ പരാതി കൈമാറിയത്.
ഡിജിപിക്കു ലഭിച്ച പരാതി ആദ്യം പൊലീസ് ആസ്ഥാനത്തെ സ്‌പെഷൽ സെല്ലിനും പിന്നാലെ തിരുവനന്തപുരം കമ്മിഷണർക്കും കൈമാറി. കെ.എസ്.ശബരീനാഥനെതിരെ എടുത്ത ഗൂഢാലോചനക്കേസിന്റെ തുടർച്ചയെന്ന നിലയിൽ ഇതും പരിഗണിക്കും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതു സംബന്ധിച്ചു യൂത്ത് കോൺഗ്രസിന്റെ വാട്‌സാപ് ഗ്രൂപ്പിൽ ചർച്ച നടത്തിയ നേതാക്കൾക്കെല്ലാം നോട്ടിസ് നൽകി ചോദ്യം ചെയ്യും. ഇവരുടെ മൊഴിയിൽ കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും കുടുക്കാനുള്ള തെളിവുണ്ടെന്നാണ് സൂചന.
അതേസമയം, പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ മർദിച്ചെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ പിഎ, ഗൺമാൻ എന്നിവർക്കെതിരെ കേസ് എടുത്തെങ്കിലും ഇവരെ ഉടൻ ചോദ്യം ചെയ്യേണ്ടതില്ലെന്ന് നിർദ്ദേശം. പരാതിക്കാരുടെ മൊഴി എടുത്ത ശേഷം അതു പരിശോധിച്ചു സാവകാശം ഈ കേസ് അന്വേഷിക്കുമെന്നാണു സൂചന. ജയരാജന് അനുകൂല റിപ്പോർട്ട് കോടതിയിൽ കൊടുക്കാനും സാധ്യതയുണ്ട്.
ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനും ഗൺമാനുമെതിരെ എടുത്ത എഫ് ഐ ആറിൽ വലിയതുറ പൊലീസിന്റെ കള്ളക്കളിയുണ്ട്. ലഭിച്ച വിവരം സംബന്ധിച്ച് കളവായ തീയതികൾ രേഖപ്പെടുത്തിയ എഫ്.ഐ ആറാണ് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ വലിയതുറ എസ്.എച്ച്.ഒ യും അന്വേഷണ ഉദ്യോഗസ്ഥനുമായ റ്റി. സതികുമാർ സമർപ്പിച്ചത്. കൃത്യദിവസം ജൂൺ 13 , സ്റ്റേഷനിൽ വിവരം ലഭിച്ച തീയതി ജൂലൈ 20 ന് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വകുപ്പുകൾ 120 (ബി) (ക്രിമിനൽ ഗൂഢാലോചന) , 307 (വധശ്രമം) , 308 ( കുറ്റകരമായ നരഹത്യ ശ്രമം) , 506 (കുറ്റകരമായ ഭയപ്പെടുത്തൽ) എന്നീ വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്. കൃത്യ സ്ഥലം 6 ബി 7407 ഇൻഡിഗോ വിമാനത്തിനകവശം ,തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് , സ്റ്റേഷനിൽ നിന്നുള്ള അകലം 500 മീറ്റർ തെക്ക് കിഴക്ക് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം കോടതി കേസെടുക്കാൻ നിർദ്ദേശിച്ച പരാതിയിൽ വിമാനത്തിനകത്തു വച്ച് ജയരാജനും പ്രതികളും ചെയ്ത കൃത്യങ്ങളും സംഭവിച്ച കാര്യങ്ങളും വ്യക്തമായി പ്രതിപാദിച്ചിട്ടും എയർ ക്രാഫ്റ്റ് നിയമത്തിലെ വകുപ്പുകൾ ചുമത്തിയിട്ടില്ല. പരാതി വായിച്ചു നോക്കി വകുപ്പുകൾ ഇടേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്.
ജൂൺ13 ലെ സംഭവത്തിൽ പരാതിക്കാർ നൽകിയ പരാതി ഒളിപ്പിച്ചു വച്ച് സ്റ്റേഷനിൽ പരാതി ലഭിച്ചത് 20 ലെ കോടതി ഉത്തരവിനൊപ്പമെന്നാണ് കളവായ എഫ് ഐ ആർ ചമച്ചിട്ടുള്ളത്. പരാതിക്കാർ പരാതി നൽകാൻ 46 ദിവസം കാലതാമസം വരുത്തിയെന്ന് കാട്ടാനാണ് പൊലീസ് ഇപ്രകാരം ചെയ്തത്. ഇത് വിചാരണയിൽ കേസിന് ദോഷം വരുത്തി പ്രതികൾക്കനുകൂലമാക്കാനാണ് ചെയ്തത്. പൊലീസിന്റെ കൃത്യവിലോപം മറയ്ക്കാനാണ് ജൂലൈ 20 ന് കോടതി നിർദ്ദേശപ്രകാരമാണ് സ്റ്റേഷനിൽ വിവരം ലഭിച്ചതെന്ന് രേഖപ്പെടുത്തിയത്. ജൂൺ 13 ന് പരാതി ലഭിച്ച വലിയതുറ സിഐയും ജൂലൈ 6 ന് പരാതി ലഭിച്ച സിറ്റി പൊലീസ് കമ്മീഷണറും എഫ് ഐ ആർ എടുക്കാത്ത കുറ്റത്തിന് ഐപിസി 166 (പൊതുസേവകർ നിയമപ്രകാരമുള്ള നിർദ്ദേശം അനുസരിക്കാതിരിക്കാതിരിക്കൽ) 2 വർഷം വരെ തടവിന് ശിക്ഷാർഹരാണ്.
ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനും ഗൺമാനുമെതിരെ വധ ശ്രമത്തിന് കേസടുക്കാൻ കോടതി 20 ന് ഉത്തരവിട്ടിരുന്നു. കൃത്യ സ്ഥലവും കൃത്യസമയവും ഒന്നായ കൗണ്ടർ കേസായതിനാൽ ഒറ്റ കൃത്യസ്ഥല മഹസ്സർ മതിയാകും. ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ ഇൻഡിഗോ എയർ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയും കുടുംബവും കറൻസി കടത്തിയെന്നും നയതന്ത്ര ഓഫീസിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ലോഹക്കട്ടികൾ കടത്തിയെന്നും മകൾക്ക് വേണ്ടി സുൽത്താനുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചുവെന്നും ജയിലിൽ ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള വെളിപ്പെടുത്തൽ സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയിരുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് വലിയതുറ പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ വിമാനത്തിൽ നിന്നിറങ്ങാൻ കാത്തു നിൽക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നും ആരോപിക്കുന്ന വധശ്രമക്കുറ്റത്തിന് തങ്ങളുടെ പക്കൽ യാതൊരു ആയുധങ്ങളുമില്ലായിരുന്നുവെന്നും മറ്റുമാണ് പ്രതികൾ ജാമ്യഹർജിയിൽ ബോധിപ്പിച്ചിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ