കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള ശ്രമങ്ങളുമായി മുൻ മന്ത്രി ഇപി ജയരാജാൻ നീങ്ങുമ്പോഴാണ് സി.പി.എം കേന്ദ്ര കമ്മറ്റിയുടെ അച്ചടക്ക നടപടിയെത്തുന്നത്. വെറും താക്കീത് മാത്രമാണ് ശിക്ഷയെങ്കിലും ഇത് ജയരാജന്റെ മന്ത്രിസഭാ പ്രവേശന സാധ്യതകളെ ബാധിക്കും. പിണറായി മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ജയരാജൻ വീണ്ടും ആ പദവിയിലെത്താതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി പോലും പലപ്പോഴും ചർച്ച ചെയ്തിരുന്ന പേരായിരുന്നു ജയരാജന്റേത്. അത്തരം സാധ്യതകളും തൽകാലം അടയുകയാണ്.

കോടിയേരി ബാലകൃഷ്ണനെ മന്ത്രിയാക്കിയുള്ള പുനഃസംഘടനയെ കുറിച്ച് സിപിഎമ്മിൽ ചർച്ച സജീവമാണ്. അങ്ങനെ വന്നാൽ സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യതയുള്ള വ്യക്തിയായിരുന്നു ജയരാജൻ. പിണറായിയുടെ വിശ്വസ്തനായി വീണ്ടും മാറുകയും അതിലൂടെ സെക്രട്ടറി സ്ഥാനവും എത്തുമെന്നായിരുന്നു ജയരാജന്റെ പ്രതീക്ഷ. സിപിഐയ്‌ക്കെതിരെ കർശന നിലപാടുമായി എത്തിയതും ഇതു കൊണ്ടാണ്. അതിനിടെയാണ് കേന്ദ്ര കമ്മറ്റിയുടെ തീരുമാനം വന്നത്. ബന്ധു നിയമന വിവാദത്തിൽ ഹൈക്കോടതിയിൽ നിന്ന് ആശ്വാസവാർത്തയാണ് ഏതാനും ദിവസം മുൻപു ജയരാജനെ തേടിയെത്തിയിരുന്നത്. വേണമെങ്കിൽ കേസ് എഴുതിത്ത്ത്തള്ളാമെന്നു വരെ സർക്കാരിനോടു കോടതി നിർദ്ദേശിച്ചതാണ്. അങ്ങനെയെങ്കിൽ വൈകാതെ അദ്ദേഹത്തെ മന്ത്രിസഭയിലേക്കു തിരികെ കൊണ്ടുവരാനും സാധിച്ചേനേ. ഇതിനാണ് കേന്ദ്ര കമ്മറ്റിയുടെ അച്ചടക്ക നടപടി വിലങ്ങു തടിയാകുന്നത്.

പക്ഷേ, മന്ത്രിപദത്തിലിരിക്കെയുണ്ടായ വീഴ്ചയ്ക്കു സംഘടനാതല നടപടി നേരിട്ടയാളെ തിരികെ ആനയിക്കുക എളുപ്പമല്ല. അതുകൊണ്ടാണു ജയരാജനും അനുകൂലികളും കേന്ദ്ര കമ്മിറ്റിയുടെ നടപടി എങ്ങനെയും ഒഴിവാക്കാൻ ആഗ്രഹിച്ചത്. അതുകൊണ്ടു തന്നെയാകാം, ചിലർ അതിനായി വാദിച്ചതെന്ന് അദ്ദേഹം കരുതുകയും ചെയ്യും. നടപടിയെപ്പറ്റി സൂചന കിട്ടിയതു കൊണ്ടു കൂടിയാണു ജയരാജൻ ഡൽഹിക്കു പോകാഞ്ഞതെന്നു കരുതുന്നവരുമുണ്ട്.

ഏറ്റവും ലഘുവായ നടപടിയാണു ജയരാജനും ശ്രീമതിക്കുമെതിരെ കൈക്കൊണ്ടത്. ഭാര്യാസഹോദരിയായ പി.കെ.ശ്രീമതിയുടെ മകനെ വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ ജയരാജൻ നിയമിച്ചതു പാർട്ടിയോട് ആലോചിക്കാതെയാണ്. തന്നോടു ചോദിച്ചപ്പോൾ വിലക്കിയതാണ് എന്നാണു മുഖ്യമന്ത്രി പാർട്ടിയിൽ റിപ്പോർട്ട് ചെയ്തതും. ബന്ധുവിനെ നിയമിച്ചതിൽ മാത്രമല്ല, അതിനുശേഷം ഇതു പാർട്ടിക്കുള്ളിലും പുറത്തും കൈകാര്യം ചെയ്തതിലും വീഴ്ച പറ്റി. ഈ സാഹചര്യത്തിലാണ് ജയരാജനും ശ്രീമതിക്കും ശാസന നൽകുന്നത്. ഇക്കാര്യത്തിലെ വിജിലൻസ് കേസ് എഴുതി തള്ളും വരെ നടപടിയുണ്ടാകാതിരിക്കാൻ ജയരാജൻ ശ്രദ്ധിച്ചിരുന്നു. ഇതിന് വേണ്ടി കേന്ദ്ര കമ്മറ്റിയിൽ നിന്ന് ജയരാജൻ അവധിയുമെടുത്തു. ജയരാജന്റെ വിശദീകരണം കേൾക്കാതെ നടപടിയെടുക്കില്ലെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കടുത്ത നിലപാട് എടുത്തു. ഇതോടെ ശാസനയും എത്തി. മുൻപു പലരും ചെയ്തതു തങ്ങൾ പിന്തുടർന്നപ്പോൾ മാത്രം എന്തുകൊണ്ടു ശിക്ഷ എന്ന ചോദ്യമാണു സെക്രട്ടേറിയറ്റിലടക്കം ജയരാജൻ ഉയർത്തിയത്. കേന്ദ്ര കമ്മിറ്റിക്കു നൽകിയ വിശദീകരണവും ഇതു തന്നെ. വി എസ്‌പിണറായി സർക്കാരുകളുടെ കാലത്തു നടന്ന മുഴുവൻ ബന്ധുനിയമനങ്ങളുടെയും പട്ടിക ജയരാജൻ സമർപ്പിച്ചിട്ടുണ്ട്. സ്വന്തം വകുപ്പിൽ തന്നെ അടുത്ത ബന്ധുവിനെ നിയമിച്ചതാണു പിഴവ് എന്നായിരുന്നു അതിനു സംസ്ഥാന നേതൃത്വത്തിന്റെ മറുപടി. അതായത് വ്യവസായ വകുപ്പിലല്ലായിരുന്നു ഈ നിയമനമെങ്കിൽ പ്രശ്‌നമില്ല.

പ്രതിഷേധിച്ചു സജീവ രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങാൻ പോലും ജയരാജൻ ആലോചിച്ചിരുന്നു. എന്നാൽ കാത്തിരിക്കാനായിരുന്നു പിണറായി നൽകിയ മറുപടി. ഇതിനിടെ വിജിലൻസ് കേസിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നുവെന്ന തോന്നലുമുണ്ടായി. ഇതോടെ ജയരാജൻ വീണ്ടും മന്ത്രിപദം മുന്നിൽ കാണുകയും ചെയ്തു. ഇത് അപ്രസക്തമാക്കാിയാണ് കേന്ദ്ര കമ്മറ്റിയുടെ തീരുമാനം എത്തുന്നത്. ഇത് കണ്ണൂർ രാഷ്ട്രീയത്തിലും ഏറെ ചലനങ്ങളുണ്ടാക്കും. പിണറായി പക്ഷത്തെ കരുത്തനായ ഇപി ജയരാജന്റെ കരുത്ത് ചോർത്തുന്നതാകും നടപടി. കണ്ണൂരിൽ പ്രസക്തി കുറഞ്ഞാൽ ഇപിക്ക് സംസ്ഥാന രാഷ്ട്രീയത്തിലെ റോളും കുറയും.

കണ്ണൂരിൽ നിന്നുള്ള രണ്ടുപേരാണു നടപടിക്കു വിധേയരാകുന്നത്. ഏറെ നാളായി കേന്ദ്രതല പാർട്ടി നടപടി സ്ഥിരം കിട്ടിയിരുന്നതു വി എസ്.അച്യുതാനന്ദനാണ്. ആ വിഎസിനെതിരെ ഇവിടെയും കേന്ദ്രത്തിലുമൊക്കെ ശക്തമായി പട നയിച്ചവർക്കാണ് ഇപ്പോൾ ശിക്ഷയെന്നതും ശ്രദ്ധേയമാണ്. പിണറായി വിജയന്റെ പിന്തുണയില്ലാത്തതിനാൽ ജയരാജന് മുന്നോട്ട് പോക്ക് അസാധ്യമാണ്. ഈ സാഹചര്യത്തിൽ തൽകാലം രാഷ്ട്രീയ വനവാസത്തിലേക്ക് മുൻ വ്യവസായ മന്ത്രിക്ക് കടക്കേണ്ടി വരും. കണ്ണൂരിൽ നിന്നുള്ള ലോക്‌സഭാ അംഗമായ പികെ ശ്രീമതിക്കും പാർട്ടിയിലെ സ്വാധീനം കുറയ്ക്കുന്നത് തന്നെയാകും ഈ നടപടി.