തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച 2 യൂത്ത് കോൺഗ്രസുകാരെ ജയരാജൻ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനും ഗൺമാനുമെതിരെ വലിയതുറ സി ഐ എടുത്ത കേസ് ഇതേ സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാതെ വലിയതുറ സർക്കിൾ ഇൻസ്‌പെക്ടർ. ഒരു സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ കൃത്യ സ്ഥലത്തും കൃത്യ സമയത്തും നടന്ന സമാന സംഭവങ്ങൾ അതേ എസ്‌ഐ .റ്റി തന്നെ അന്വേഷിക്കണമെന്ന ചട്ടം പൊലീസ് കാറ്റിൽ പറത്തിയെന്ന ആക്ഷേപമാണുയർന്നിനിരിക്കുന്നത്.

എസ് ഐ റ്റിക്ക് (സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം) കൈമാറാൻ സി ഐ സതികുമാറിനും ശംഖുമുഖം അസി കമ്മീഷണർ പൃഥ്വിരാജിനും പ്രോപ്പർ ചാനലിൽ മേലാവിലേക്ക് എഴുതാമെന്നിരിക്കെ ഉറക്കം നടിക്കുന്നുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. എസ്‌ഐ.റ്റിക്ക് കേസ് നേരിട്ട് ഏറ്റെടുക്കാമെന്നിരിക്കെ സി ഐ യെ കൊണ്ട് കേസ് അട്ടിമറിച്ച് എഴുതി തള്ളാൻ ധൃതി പിടിച്ച് ശ്രക്കുന്നതായി ആക്ഷേപമുയർന്നു. അന്വേഷണം ഏറ്റെടുത്തതായി എസ് ഐ റ്റിക്ക് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നിരിക്കെയാണ് എസ് ഐ റ്റി ബ പൊലീസ് ഒത്തുകളി നടത്തുന്നത്.

എഫ് ഐ ആറിൽ വലിയതുറ പൊലീസിന്റെ കള്ളക്കളി കഴിഞ്ഞ ദിവസം പുറത്തു വന്നതിന്റെ പിന്നാലെയാണ് പൊലീസ് നിഷ്‌ക്രിയത്വം വെളിവാകുന്നത്. ലഭിച്ച വിവരം സംബന്ധിച്ച് കളവായ തീയതികൾ രേഖപ്പെടുത്തിയ എഫ്.ഐ ആറാണ് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ വലിയതുറ എസ്.എച്ച്.ഒ യും അന്വേഷണ ഉദ്യോഗസ്ഥനുമായ റ്റി. സതികുമാർ സമർപ്പിച്ചത്.( കേസ് രജിസ്റ്റർ ചെയ്യുന്ന ആളും അന്വേഷണ ഉദ്യോഗസ്ഥനും ഒരാളാകാൻ പാടില്ലായെന്ന് പല കേസുകളിലും സുപ്രീം കോടതി വിധിന്യായം പുറപ്പെടുവിച്ചിട്ടുണ്ട്) കേസിന് ഭാവിയിൽ ദോഷം വരുത്തി പ്രതികൾക്കനുകൂലമാക്കാൻ ഉദ്ദേശിച്ചാണ് അന്വേഷണം കൈമാറാത്തത്. വിചാരണയിൽ കേസ് തള്ളിപ്പോകാൻ ഉദ്ദേശിച്ചാണിത്. മാത്രമല്ല ഇതേ സംഭവം സർക്കാർ ഡിജിപി ഉത്തരവിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നതിനാൽ അവർക്ക് തന്നെ കൈമാറണമെന്നിരിക്കെ കേസ് അട്ടിമറിക്കാനാണ് സി ഐ നേരിട്ട് അന്വേഷിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

ഒന്നു മുതൽ മൂന്നു വരെ പ്രതികളായ എൽ.ഡി.എഫ് കൺവീനർ ഇ. പി. ജയരാജൻ , മുഖ്യമന്ത്രിയുടെ ഗൺമാൻ എസ്. അനിൽകുമാർ , പേഴ്‌സണൽ അസിസ്റ്റന്റ് വി എം. സുനീഷ് എന്നിവർക്ക് യൂത്ത് കോൺഗ്രസുകാരായ പരാതിക്കാരോടുള്ള രാഷ്ട്രീയ വിരോധം നിമിത്തം 2022 ജൂൺ 13 വൈകുന്നേരം കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പരാതിക്കാരും പ്രതികളും കേരള മുഖ്യമന്ത്രിയും മറ്റും യാത്ര ചെയ്തു വന്ന 6 ബി 7407 നമ്പർ ഇൻഡിഗോ വിമാനം തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ ലാന്റ് ചെയ്ത് മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങാനായി എഴുന്നേറ്റ സമയം കണ്ണൂർ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരായ പരാതിക്കാർ അവരുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് ' യൂത്ത് കോൺഗ്രസ് സിന്ദാബാദ് , പ്രതിഷേധം , പ്രതിഷേധം '' എന്ന് വിളിച്ച് പ്രതിഷേധിച്ച സമയം ഒന്നാം പ്രതി ജയരാജൻ പരാതിക്കാരോട് ' സി എമ്മിന്റെ മുമ്പിൽ വച്ച് പ്രതിഷേധിക്കാൻ നീയൊക്കെ ആരാടാ ' എന്നാക്രോശിച്ച് ഭിഷണിപ്പെടുത്തിക്കൊണ്ട് ഇവരുടെ സമീപത്തേക്ക് വന്ന് കൈ ചുരുട്ടി നവീൻ കുമാറിന്റെ മൂക്കും മുഖവും ചേർത്ത് ആഞ്ഞടിച്ച് പരിക്കേൽപ്പിച്ചിട്ട് പരാതിക്കാരെ തള്ളി നിലത്തിട്ടും തുടർന്ന് മുൻകൂട്ടി തീരുമാനിച്ച പ്രകാരം 1 മുതൽ 3 വരെ പ്രതികൾ ആക്രോശിച്ചു കൊണ്ട് പരാതിക്കാരെ അതിഭീകരമായി മർദ്ദിച്ചും ഒന്നാം പ്രതി ഫർസീന്റെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപാതക ശ്രമം നടത്തി പ്രതികൾ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് കേസ്.

കൃത്യ ദിവസം ജൂൺ 13 , സ്റ്റേഷനിൽ വിവരം ലഭിച്ച തീയതി ജൂലൈ 20 ന് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വകുപ്പുകൾ 120 (ബി) (ക്രിമിനൽ ഗൂഢാലോചന) , 307 (വധശ്രമം) , 308 ( കുറ്റകരമായ നരഹത്യ ശ്രമം) , 506 (കുറ്റകരമായ ഭയപ്പെടുത്തൽ) എന്നീ വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്. കൃത്യ സ്ഥലം 6 ബി 7407 ഇൻഡിഗോ വിമാനത്തിനകവശം , തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് , സ്റ്റേഷനിൽ നിന്നുള്ള അകലം 500 മീറ്റർ തെക്ക് കിഴക്ക് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം കോടതി കേസെടുക്കാൻ നിർദ്ദേശിച്ച പരാതിയിൽ വിമാനത്തിനകത്തു വച്ച് ജയരാജനും പ്രതികളും ചെയ്ത കൃത്യങ്ങളും സംഭവിച്ച കാര്യങ്ങളും വ്യക്തമായി പ്രതിപാദിച്ചിട്ടും എയർ ക്രാഫ്റ്റ് നിയമത്തിലെ വകുപ്പുകൾ ചുമത്തിയിട്ടില്ല. പരാതി വായിച്ചു നോക്കി വകുപ്പുകൾ ഇടേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്.

ജൂൺ13 ലെ സംഭവത്തിൽ പരാതിക്കാർ നൽകിയ പരാതി ഒളിപ്പിച്ചു വച്ച് സ്റ്റേഷനിൽ പരാതി ലഭിച്ചത് 20 ലെ കോടതി ഉത്തരവിനൊപ്പമെന്നാണ് കളവായ എഫ് ഐ ആർ ചമച്ചിട്ടുള്ളത്. പരാതിക്കാർ പരാതി നൽകാൻ 46 ദിവസം കാലതാമസം വരുത്തിയെന്ന് കാട്ടാനാണ് പൊലീസ് ഇപ്രകാരം ചെയ്തത്. ഇത് വിചാരണയിൽ കേസിന് ദോഷം വരുത്തി പ്രതികൾക്കനുകൂലമാക്കാനാണ് ചെയ്തത്. പൊലീസിന്റെ കൃത്യവിലോപം മറയ്ക്കാനാണ് ജൂലൈ 20 ന് കോടതി നിർദ്ദേശപ്രകാരമാണ് സ്റ്റേഷനിൽ വിവരം ലഭിച്ചതെന്ന് രേഖപ്പെടുത്തിയത്. ജൂൺ 13 ന് പരാതി ലഭിച്ച വലിയതുറ സിഐയും ജൂലൈ 6 ന് പരാതി ലഭിച്ച സിറ്റി പൊലീസ് കമ്മീഷണറും എഫ് ഐ ആർ എടുക്കാത്ത കുറ്റത്തിന് ഐപിസി 166 (പൊതുസേവകർ നിയമപ്രകാരമുള്ള നിർദ്ദേശം അനുസരിക്കാതിരിക്കാതിരിക്കൽ) 2 വർഷം വരെ തടവിന് ശിക്ഷാർഹരാണ്.