തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ വ്യവസായമന്ത്രി ഇ.പി.ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനു രാജിക്കത്ത് കൈമാറി. ഇന്നലെ രാത്രി 8.15 ഓടെയാണ് രാജിക്കത്ത് നൽകിയത്. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് രാജി നൽകിയത്. അതേസമയം, ഇന്നു നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയ്ക്കുശേഷമായിരിക്കും രാജിക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ജയരാജൻ രാജിസന്നദ്ധത അറിയിച്ചത്. പാർട്ടി പറയുന്നതിനു മുൻപേ രാജിവയ്ക്കാൻ തയാറാണെന്നും പാർട്ടിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കില്ലെന്നും ജയരാജൻ കോടിയേരിയെ അറിയിച്ചു. ഇതിന് ശേഷം കോടിയേരിയും പിണറായിയും ചർച്ച നടത്തി. ഇതു മനസ്സിലാക്കിയ ശേഷമായിരുന്നു ജയരാജന്റെ രാജി നൽകൽ.

ജയരാജൻ രാജിവയ്ക്കുമെന്നു നേരത്തെത്തന്നെ സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും ജയരാജൻ രാജിവയ്ക്കണമെന്ന നിലപാടിലാണ്. ജയരാജനും രാജിസന്നദ്ധത അറിയിച്ചിരുന്നു. ജയരാജൻ മന്ത്രിസ്ഥാനം ഒഴിയണമെന്നാണ് ഘടകക്ഷികളായ ജനതാദളിന്റെയും എൻസിപിയുടെയും ആവശ്യം. ജയരാജനെതിരെ സിപിഐയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മന്ത്രിസ്ഥാനത്തുനിന്നു ജയരാജനെ മാറ്റാതെ വകുപ്പു മാത്രം മാറ്റുന്ന കാര്യവും പാർട്ടി പരിഗണിച്ചിരുന്നു. മാത്രമല്ല, കേന്ദ്രകമ്മിറ്റി അംഗമായതിനാൽ സംഘടനാതലത്തിലുള്ള നടപടിക്കു കേന്ദ്രകമ്മിറ്റിക്കു ശുപാർശ നൽകാനും ആലോചനയുണ്ട്. വിജിലൻസ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചതോടെ പാർട്ടിക്കു പുറത്തും ജയരാജൻ ഒറ്റപ്പെട്ട നിലയിലായി. ഇത് മനസ്സിലാക്കിയാണ് ജയരാജൻ രാജി നൽകിയത്.

അതിനിടെ വിവാദത്തിൽ ജയരാജനെതിരെ ത്വരിതപരിശോധന നടത്താൻ വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. ത്വരിതപരിശോധന സംബന്ധിച്ച നിയമനടപടികളുടെ വിശദാംശങ്ങൾ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. ഇക്കാര്യത്തിൽ പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. തിരുവനന്തപുരം വിജിലൻസ് സ്‌പെഷൽ യൂണിറ്റ് രണ്ടിനാണ് ജയരാജനെതിരായ അന്വേഷണത്തിന്റെ ചുമതല. വിജിലൻസ് എസ്‌പി. കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വ്യാഴാഴ്ച രണ്ടുതവണ നിയമവിദഗ്ദ്ധർ വിജിലൻസ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. നിയമോപദേശക സംഘത്തിൽപ്പെട്ട പി.സി. അഗസ്റ്റിൻ, ബിജു മനോഹർ, ചെറുന്നിയൂർ ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് ജേക്കബ് തോമസുമായി ചർച്ച നടത്തിയത്. ബന്ധുനിയമനത്തിനെതിരെ വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ ജഡ്ജി വിജിലൻസ് ഡയറക്ടറുടെ അഭിപ്രായം തേടിയിട്ടുണ്ട്. വെള്ളിയാഴ്ച കേസ് കോടതിയിൽ വരുന്നുണ്ട്. കോടതിനിർദ്ദേശത്തിന് കാക്കാതെ സ്വയം അന്വേഷണത്തിന് ഉത്തരവിടാനുള്ള തീരുമാനത്തിലാണ് വിജിലൻസ്.

ത്വരിതപരിശോധന നടത്തേണ്ട ഗൗരവം ജയരാജനെതിരായ പരാതികളിലുണ്ടെന്ന് വിജിലൻസ് അധികൃതർക്ക് പ്രാഥമികാന്വേഷണത്തിൽത്തന്നെ ബോധ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി. മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവരുമാണ് വിജിലൻസിനെ സമീപിച്ചത്. *നിയമോപദേശം: അഴിമതിനിരോധന നിയമത്തിലെ 13 (1)(ഡി), 15 വകുപ്പുകൾ പ്രകാരം ത്വരിതപരിശോധന നടത്താമെന്നാണ് വിജിലൻസിനുലഭിച്ച നിയമോപദേശം. അധികാരസ്ഥാനത്തിരിക്കുന്നവർ തനിക്കോ മറ്റുള്ളവർക്കോ ലാഭമുണ്ടാകുന്ന നടപടികളിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. അഴിമതി നിരോധന നിയമം 13(2) പ്രകാരം ഒന്നുമുതൽ ഏഴുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് സർക്കാറിന് സാമ്പത്തികനഷ്ടമുണ്ടായിട്ടില്ലെന്ന വാദവും വിജിലൻസ് പരിഗണിച്ചു. എന്നാൽ, 1963ൽ കേരളസർക്കാറും നാരായണൻ നമ്പ്യാർ എന്ന റവന്യൂ ഇൻസ്‌പെക്ടറും തമ്മിൽനടന്ന കേസിൽ, സർക്കാറിനു നഷ്ടമുണ്ടാകുന്നില്ലെങ്കിലും വ്യക്തികൾക്ക് അനധികൃതമായി ലാഭമുണ്ടാകുന്ന നടപടികൾ അഴിമതിയാണെന്ന് സുപ്രീംകോടതി വിധിച്ചു. ഈ കോടതിവിധിപ്രകാരം ജയരാജനെതിരെ അന്വേഷണം അനിവാര്യമാണെന്ന നിയമോപദേശം വിജിലൻസിനുലഭിച്ചു.

ഇതിനുപുറമേ, ലളിതകുമാരി കേസിലെ സുപ്രീംകോടതിവിധിയും അന്വേഷണം അനിവാര്യമാക്കുന്നു. ആരോപണത്തിൽ കഴമ്പുണ്ടെന്ന് റിപ്പോർട്ടുലഭിച്ചാൽ ജയരാജനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടിവരും. പരാതികളിൽ പ്രാഥമികാന്വേഷണമാണ് വിജിലൻസ് സാധാരണ നടത്തുക. അതിന് ശേഷം എഫ് ഐ ആർ ഇടേണ്ടി വരുമെന്ന് മുഖ്യമന്ത്രിയെ വിജിലൻസ് ഡയറക്ടർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജനെ കൊണ്ട് രാജി വയ്‌പ്പിക്കുന്നത്. വിജിലൻസ് അന്വേഷണം നേരിടുന്നയാൾ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന നിലപാടാണ് സിപിഐ(എം). മുൻനിര നേതൃത്വത്തിനുള്ളത്. കെ .എം. മാണിയുടെയും കെ. ബാബുവിന്റെയും കാര്യത്തിൽ പാർട്ടി സമാനമായ ആവശ്യമാണ് ഉയർത്തിയത്. മാസങ്ങളുടെ ഇടവേളയിൽ അതിൽ വെള്ളംചേർക്കുന്നത് ദോഷംചെയ്യും. ജയരാജനോട് ആഭിമുഖ്യമുണ്ടെങ്കിലും മുഖ്യമന്ത്രിക്കും ഈ നിലപാടാണുള്ളത്.

ആദ്യം വകുപ്പുമാറ്റമെന്ന നിർദ്ദേശം പരിഗണിച്ചിരുന്നു. എന്നാൽ അതുകൊണ്ട് പേരുദോഷം ഇല്ലാതാകില്ലെന്നാണ് വിലയിരുത്തൽ. രാജിവച്ചാൽ ജയരാജനുപകരം ഉടൻ മന്ത്രിയുണ്ടാകില്ല. വിജിലൻസ് അന്വേഷണത്തിൽ കുറ്റവിമുക്തനായാൽ ജയരാജനുതന്നെ മന്ത്രിസഭയിൽ തിരിച്ചെത്താം. വ്യവസായ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ മന്ത്രി ബാലന് ചുമതല നൽകുകയോ ചെയ്യാമെന്ന നിലയിലാണ് ആലോചനകൾ പുരോഗമിക്കുന്നത്.