- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻവിധി അംഗീകരിക്കണമോ വേണ്ടയോ എന്നത് അടക്കം വിഷയങ്ങൾ കൂടുതൽ വിശദമായി പഠിക്കണം; ഇപിഎഫ് കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് ; കോടതിയുടെ നിരീക്ഷണം ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നൽകിയ അപ്പീലിൽ
ന്യൂഡൽഹി: ആർ സി ഗുപ്ത കേസിലെ മുൻവിധി അംഗീകരിക്കണമോ വേണ്ടയോ എന്നത് അടക്കമുള്ള വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്ന് ചൂണ്ടിക്കാട്ടി ഇപിഎഫ് കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചിന് വിട്ടു.ജസ്റ്റിസ് യു യു ലളിത്, അജയ് റസ്തോഗി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നൽകിയ അപ്പീലിലാണ് കോടതിയുടെ നടപടി.
ഗുപ്ത കേസിൽ മുമ്പ് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പറഞ്ഞ വിധി ശരിവച്ചായിരുന്നു ശമ്പളത്തിന് ആനുപാതികമായി പെൻഷൻ എന്ന കേരള ഹൈക്കോടതിയുടെ വിധി. സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധികൂടി പരിശോധിക്കണമെങ്കിൽ കേസ് മൂന്ന് ജഡ്ജിമാരുൾപ്പെട്ട ബെഞ്ചിലേക്ക് മാറ്റേണ്ടിവരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ തന്നെ ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തിലാണ് സുപ്രീം കോടതി ഇന്ന് തീരുമാനം അറിയിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഇപിഎഫ്ഒയെയും കേന്ദ്രസർക്കാരിനെയും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവുകൾ നിലനിൽക്കുമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
15,000 രൂപ ശമ്പള പരിധിയും ജോലി ചെയ്യുന്ന വർഷവും കണക്കാക്കിയാണ് നിലവിൽ ഇപിഎഫ് പെൻഷൻ തീരുമാനിക്കുന്നത്. ഈ പരിധിയാണ് ഹൈക്കോടതി എടുത്തുകളഞ്ഞത്. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചെങ്കിലും പിന്നീട് തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും നൽകിയ ഹർജികൾ പരിഗണിച്ച് കേസ് പുനഃപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ പ്രായോഗികമല്ല എന്ന നിലപാടാണ് കേന്ദ്രസർക്കാർ കോടതിയിൽ സ്വീകരിച്ചത്. ഉയർന്ന പെൻഷൻ ലഭിക്കാൻ ജീവനക്കാരിൽ നിന്ന് കൂടുതൽ വിഹിതം സ്വീകരിക്കണമെന്ന നിർദ്ദേശത്തെയും കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ