കണ്ണൂർ: ഗ്രാമത്തിന്റെ വികസനപദ്ധതിക്ക് നേതൃത്വം വഹിച്ച മുൻ പഞ്ചായത്തംഗവും ഭർത്താവും ജീവനൊടുക്കിയത് പെരുമ്പടവം ഗ്രാമത്തെ ദുഃഖത്തിലാഴ്‌ത്തി. കണ്ണൂർ ജില്ലയിലെ മലയോരഗ്രാമ പഞ്ചായത്തായ എരമംകുറ്റൂരിലെ മുൻ പഞ്ചായത്തംഗമായിരുന്നു എ.വി. ഇന്ദിര.

പെരുമ്പടവ് ഗ്രാമത്തിന്റെ വികസനത്തിനു മുന്നിട്ടിറങ്ങിയിരുന്ന ഇന്ദിര സ്വന്തം കുടുംബത്തേക്കാളേറെ നാടിന്റെ വികസനത്തിനു വേണ്ടി രംഗത്തിറങ്ങി. പഞ്ചായത്ത് അംഗമെന്ന നിലയിൽ വികസനപ്രവർത്തനത്തിന് നേതൃത്വം വഹിച്ചതിനാൽ കോടതി കയറേണ്ടതായും വന്നു. ഇത് ഇന്ദിരയെ മാനസികമായി തളർത്തിയിരുന്നു. ഇന്ദിരയും ഭർത്താവ് ജനാർദ്ദനനും ജീവനൊടുക്കാൻ കാരണമായത് ഇതോടെയാണെന്നു പറയുന്നു.

സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ച് റോഡ് നിർമ്മിച്ചുവെന്ന കേസ് രണ്ടു മാസം മുമ്പ് തളിപ്പറമ്പ് കോടതി വിചാരണക്കെടുത്തിരുന്നു. കോടതിയിൽ വിസ്താരം നടന്നു വരവേ ഇന്ദിര ബോധരഹിതയായി തളർന്നു വീണ സംഭവവുമുണ്ടായി. ഇതിനു ശേഷം ഇന്ദിരയും ഓട്ടോ ഡ്രൈവറായ ഭർത്താവ് ഇ. ജനാർദ്ദനനും ഏറെ അസ്വസ്ഥരായി കാണപ്പെട്ടതായി നാട്ടുകാർ പറയുന്നു.

കോൺഗ്രസ്സ് പ്രവർത്തകയും മുൻ പഞ്ചായത്തംഗവുമായിരുന്ന ഇന്ദിര വീടിന്റെ നടുമുറിയിൽ സാരിയിൽ തൂങ്ങിയാണ് ജീവൻ വെടിഞ്ഞത്. കിടപ്പു മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ജനാർദ്ദനന്റെ മൃതദേഹം കാണപ്പെട്ടിരുന്നത്. ഇവർക്ക് മൂന്നു പെൺമക്കളുണ്ടെങ്കിലും അവരെല്ലാം ഭർതൃവീടുകളിലാണ് താമസിക്കുന്നത്. പയ്യന്നൂർ ടൗൺ സർവ്വീസ് സഹകരണ ബാങ്കിന്റെ പെരുമ്പടവ് ശാഖയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരികൂടിയായിരുന്നു ഇന്ദിര.

കോൺഗ്രസ്സ് പ്രവർത്തകയായിരുന്നെങ്കിലും വികസനത്തിനും മറ്റും രാഷ്ട്രീയം കലർത്തുന്നതിനോട് ഇന്ദിരക്ക് യോജിപ്പുണ്ടായിരുന്നില്ല. താൻ തെരഞ്ഞെടുക്കപ്പെട്ട വാർഡിലെ ജനങ്ങളുടെ സ്‌നേഹാദരങ്ങളോടു കൂടിയായിരുന്നു ഇന്ദിരയുടെ പ്രവർത്തനങ്ങളും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ അവർ പിൻ വാങ്ങുകയായിരുന്നു.

ഇതിനിടെ, നേരത്തെ മതിൽ പൊളിച്ചു റോഡ് ഉണ്ടാക്കിയെന്ന സ്വകാര്യവ്യക്തിയുടെ കേസ് ഹൈക്കോടതിയിലെത്തിയിരുന്നു. ഇതോടെ ഇന്ദിരയും ഭർത്താവ് ജനാർദ്ദനനും കൂടുതൽ മാനസികപ്രയാസത്തിലായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. ഇവർ ജീവനൊടുക്കാൻ കാരണമായതും ഈ മാനസിക വ്യഥയാണെന്നാണു കരുതുന്നത്. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വിവിധ ബാങ്കുകളിൽ ഒട്ടേറെ കടബാധ്യതകൾ ഇവർക്കുള്ളതായും പറയുന്നു. പെരുമ്പടവ് സഹകരണ ബാങ്ക് ശാഖയിൽ ജോലി ഉണ്ടെങ്കിലും ഗ്രാമത്തിലെ ജനങ്ങളുടെ ആവശ്യത്തിന് ആരു വിളിച്ചാലും അവരെ സഹായിക്കുന്ന സമീപനമായിരുന്നു ഇന്ദിരയുടേത്. ഗ്രാമത്തിലെ നന്മ നിറഞ്ഞ നിസ്വാർത്ഥ സേവികയുടെയും ഭർത്താവിന്റേയും വിയോഗം നാട്ടുകാരെ മുഴുവൻ അതീവ ദുഃഖിതരാക്കിയിരിക്കയാണ്.