കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിവിധ കേന്ദ്രങ്ങളിലാണ് അതൃപ്തി പുകയുന്നത്. സിപിഎമ്മിനുള്ളിൽ ഒരു വിഭാഗം സ്ഥാനാർത്ഥിയെ നിർണയിച്ച രീതിക്കെതിരെ രംഗത്തുവരുമ്പോൾ സഭയുടെ സ്ഥാനാർത്ഥിയാണ് ജോ ജോസഫ് എന്ന വാദങ്ങളെ തള്ളി എറണാകുളം അങ്കമാലി അതിരൂപതയും രംഗത്തെത്തി.

ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി. ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തിൽ ചർച്ച ഉണ്ടായോ എന്നറിയില്ല. ആരെങ്കിലും നിർദ്ദേശിച്ചു എന്നതുകൊണ്ട് അതിരൂപത പിന്തുണ ഉണ്ടെന്ന് പറയാനാകില്ല. ആർക്ക് വോട്ട് എന്നതിൽ അതിരൂപതയ്ക്ക് നിലപാടുണ്ട്. അതിരൂപതയെ സഹായിച്ചവർക്ക് മാത്രം പിന്തുണയെന്നും ഫാദർ ജോസഫ് പാറേക്കാട്ടിലും പറഞ്ഞു.

സഭയും പി ടി തോമസുമായുണ്ടായിരുന്ന ഭിന്നതകളെ മുതലെടുക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയതന്ത്രമാണ് തൃക്കാക്കരയിൽ ജോ ജോസഫിലെത്തിയത്. എന്നാൽ ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്നാണ് അതിരൂപത സംരക്ഷണ സമിതി നിലപാടെടുത്തിരിക്കുന്നത്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെ എതിർത്തും അനുകൂലിച്ചുമാണ് പി ടി തോമസും കത്തോലിക്കാ സഭയും പണ്ട് രണ്ടുതട്ടിലായത്. എന്നാൽ ക്രൈസ്തവ വിശ്വാസികളിൽ, വിശിഷ്യ കത്തോലിക്ക വോട്ടർമാരിൽ പി ടി വിരുദ്ധ വികാരം ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഉണർത്താനാകുമെന്നാണ് സിപിഎം കരുതുന്നത്.

അതേസമയം പേയ്‌മെന്റ് സീറ്റാണ് ജോ ജോസഫിന്റേതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഈ ആരോപണം ജോ ജോസഫും തള്ളി. വൈദികർക്കൊപ്പം വാർത്താസമ്മേളനത്തിന് എത്തിയത് ജോലിയിലായതിനാലാണെന്നും ജോ ജോസഫ് പറഞ്ഞു. വിവാദമുണ്ടാക്കുന്നത് വെറുതെയാണ്. തൃക്കാക്കരയിൽ ഇടത് ജയം ഉറപ്പാണെന്നും ജോ ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സിൽവർലൈൻ പദ്ധതി അനിവാര്യമാണ്. ഭാവി വികസനം മുന്നിൽ കണ്ടുള്ളതാണ് പദ്ധതിയെന്നും ജോ ജോസഫ് പറഞ്ഞു.

അതേസമയം ഒടുവിൽ ഇടതു പ്രവർത്തകരെ പോലും ഞെട്ടിച്ചു കൊണ്ട് നാടകീയമായിട്ടായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം വന്നത്. ഒട്ടും പ്രതീക്ഷിക്കാതെ സ്ഥാനാർത്ഥിയായി വന്ന ഡോ. ജോ ജോസഫിനെ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ അവതരിപ്പിച്ചത്, പാർട്ടിയുടെ ഏറ്റവും അടുത്ത ആളായി. പാർട്ടി ജില്ലാ കമ്മിറ്റി അംഗമായ കെ.എസ്. അരുൺകുമാറാണ് സ്ഥാനാർത്ഥിയെന്ന് കരുതി മണ്ഡലത്തിന്റെ പലഭാഗങ്ങളിലും സിപിഎം. പ്രവർത്തകർ അദ്ദേഹത്തിന്റെ പേരിൽ ബുധനാഴ്ച ചുവരെഴുത്ത് നടത്തിയിരുന്നു. നേതൃത്വത്തിൽ നിന്നുള്ള അറിയിപ്പിനെത്തുടർന്ന് രാത്രിയോടെ അതെല്ലാം മായ്ക്കുകയും ചെയ്തു. സ്ഥാനാർത്ഥി മാറുമെന്ന് അതോടെ ഉറപ്പായി.

സ്ഥാനാർത്ഥിനിർണയവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ശക്തമാണെന്നും കോൺഗ്രസിൽനിന്ന് അപ്രതീക്ഷിതമായ സ്ഥാനാർത്ഥി എത്തുമെന്നും സഭയുടെ ആളായിരിക്കും സ്ഥാനാർത്ഥിയെന്നും പ്രചാരണങ്ങളുണ്ടായി. സ്ഥാനാർത്ഥി ആരെന്ന് പ്രവർത്തകർ നേതാക്കളോട് തിരക്കിയെങ്കിലും ആർക്കും ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഇടതുമുന്നണി ജില്ലായോഗം നടന്നെങ്കിലും അവിടെയും സ്ഥാനാർത്ഥി ആരെന്നു പറഞ്ഞില്ല. സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ പതിവായി ചെയ്യുന്നതുപോലെ ജില്ലാ സെക്രട്ടേറിയറ്റ്- ജില്ലാ കമ്മിറ്റി യോഗങ്ങളും നടന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച സ്ഥാനാർത്ഥിയെ ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ചർച്ചചെയ്ത് പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

സ്ഥാനാർത്ഥി, പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ നേരത്തേയുള്ള ആവശ്യം മാത്രമാണ് പരിഗണിക്കപ്പെട്ടത്. ജില്ലയിൽ ചർച്ചയിൽ വന്ന പേരുകളിലേക്ക് നേതൃത്വം കടക്കുകപോലും ചെയ്തില്ല. മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് സ്ഥാനാർത്ഥിയിലേക്ക് എത്തിയത്. പേര് പുറത്തുപോകാതിരിക്കാൻ ജില്ലയിലെ നേതാക്കളിൽനിന്നെല്ലാം മറച്ചുപിടിച്ച് അത് പ്രഖ്യാപനംവരെ നീട്ടിക്കൊണ്ടുപോയി. ഒടുവിൽ മൂന്നുമണിക്ക് ശേഷം ലെനിൻ സെന്ററിൽ പത്രസമ്മേളനത്തിനുള്ള പ്രഖ്യാപനം വന്നു.

ഞങ്ങളുടെ രഹസ്യം നിങ്ങൾക്ക് പിടിക്കാൻ പറ്റില്ലെന്ന് പറഞ്ഞാണ് ഇ.പി. ജയരാജൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സ്വതന്ത്രസ്ഥാനാർത്ഥിയായല്ല, പാർട്ടി സ്ഥാനാർത്ഥിയായാണ് ജോ മത്സരിക്കുകയെന്നും ഇ.പി. പറഞ്ഞു. സ്ഥാനാർത്ഥിപ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കുണ്ടായ ആശയക്കുഴപ്പങ്ങൾക്കെല്ലാം കാരണക്കാർ മാധ്യമങ്ങളാണെന്നും കുറ്റപ്പെടുത്തലുണ്ടായി. സ്ഥാനാർത്ഥിപ്രഖ്യാപനശേഷം മന്ത്രി രാജീവും സിപിഎം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും സ്ഥാനാർത്ഥിയെ നേരിൽക്കാണാനായി ലിസി ആശുപത്രിയിലേക്ക് പോയി. അവിടെ സ്ഥാനാർത്ഥിക്കൊപ്പമിരുന്ന് പത്രസമ്മേളനം നടത്തി. ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു. സ്ഥാനാർത്ഥിയെ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചശേഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ് നേതാക്കൾ മടങ്ങിയത്.

താൻ സഭയുടെ സ്ഥാനാർത്ഥിയല്ലെന്നും സിപിഎമ്മിന്റെ മെഡിക്കൽ ഫ്രാക്ഷൻ അംഗമാണെന്നും ഇടതുസ്ഥാനാർത്ഥി ഡോ. ജോ ജോസഫ് പറയുന്നത്. എസ്.എഫ്.ഐ., ഡിവൈഎഫ്ഐ. പ്രസ്ഥാനങ്ങളിൽ അംഗമായിരുന്നിട്ടില്ലെങ്കിലും ചെറുപ്പംമുതൽ താൻ ഇടതുപക്ഷ അനുഭാവിയായിരുന്നെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു. ഇടതുപക്ഷമാണ് ശരിപക്ഷമെന്ന് ചെറുപ്പത്തിൽത്തന്നെ പിതാവിലൂടെ തിരിച്ചറിഞ്ഞിരുന്നു.

എറണാകുളത്ത് വന്നശേഷം പാർട്ടിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട്. കോവിഡ് കാലത്ത് പാർട്ടിക്കൊപ്പംനിന്ന് സന്നദ്ധപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ പലയിടത്തും പ്രസംഗിക്കാൻ പോയിരുന്നു. താൻ സമുദായത്തിന്റെ നോമിനിയാണെന്നുപറയുന്നത് വെറും ആരോപണംമാത്രമാണ്. സ്ഥാനാർത്ഥിത്വത്തിൽ സഭ ഇടപെട്ടിട്ടില്ലെന്ന് നൂറുശതമാനവും ഉറപ്പിച്ചുപറയാം. സഭയുടെ സ്ഥാപനത്തിൽ പത്തുവർഷമായി പ്രവർത്തിക്കുന്ന ആൾമാത്രമാണ് താൻ. അതുകൊണ്ട് സഭാസ്ഥാനാർത്ഥിയെന്ന് പറയാൻപറ്റില്ല. തൃക്കാക്കരയിൽ എല്ലാ സമുദായക്കാരുടെയും വോട്ടഭ്യർഥിക്കുമെന്നുമ് ജോ ജോസഫ് പറയുന്നത്.