- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ? എന്നൊക്കെ ചോദിച്ചവർക്ക് ഡോ.രേണുരാജിന്റെ മറുപടി; 'അന്ന് ഞാൻ ഉറങ്ങിപ്പോയതല്ല; അവധി പ്രഖ്യാപിക്കാതെ എന്തെങ്കിലും അപകടമുണ്ടായിരുന്നെങ്കിൽ നിങ്ങൾ തിരിച്ചു പറയുമായിരുന്നു'; തനിക്ക് തെറ്റുപറ്റിയില്ലെന്നും കളക്ടർ
-കൊച്ചി: രാവിലെ കുട്ടികൾ സ്‌കൂളിൽ എത്തിയശേഷം അവധി പ്രഖ്യാപിച്ചതിന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ രക്ഷിതാക്കൾ അടക്കമുള്ളവർ പ്രതിഷേധ കമന്റുകൾ ഇട്ടിരുന്നു. 'കളക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ' എന്നൊക്കെയായിരുന്നു കമന്റുകൾ. രാവിലെ മിക്ക സ്‌കൂളിലെയും വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയ ശേഷം 8.25ന് അവധി പ്രഖ്യാപിച്ച നടപടിയോട് ആയിരുന്നു മാതാപിതാക്കളുടെ രോഷം. ഇക്കാര്യത്തിൽ എറണാകുളം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുമ്പോൾ രേണു രാജ് വിശദമായ മറുപടി നൽകി.
അന്ന് താൻ ഉറങ്ങിപ്പോയതല്ലെന്നും കുട്ടികളുടെ സുരക്ഷയും അസൗകര്യവും മുന്നിൽ വന്നപ്പോൾ സുരക്ഷ തിരഞ്ഞെടുത്തതാണ് എന്നും കളക്ടർ മറുപടി പറഞ്ഞു. അന്ന് എന്താണ് സംഭവിച്ചത് എന്ന് ആളുകൾക്ക് അറിയാൻ ആഗ്രഹമുണ്ടാകും എന്നു പറഞ്ഞപ്പോഴായിരുന്നു കലക്ടറുടെ വിശദീകരണം.
''അവധി പ്രഖ്യാപിക്കാതെ എന്തെങ്കിലും അപകടമുണ്ടായിരുന്നെങ്കിൽ നിങ്ങൾ തിരിച്ചു പറയുമായിരുന്നു. അന്നത്തെ തീരുമാനത്തിൽ 100 ശതമാനം ബോധ്യമുണ്ട്, തെറ്റു പറ്റിയിട്ടില്ല'' എന്നും കലക്ടർ വിശദീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാവിലെ 8.25ന് കുട്ടികൾ സ്‌കൂളുകളിലേക്കു പോയതിനു ശേഷം കലക്ടർ അവധി പ്രഖ്യാപിച്ച സംഭവം ഉണ്ടായത്. ''വിഷയത്തിൽ എല്ലാവരും ഓരോ കാരണങ്ങൾ കണ്ടെത്തിയിരുന്നു. ഇനി എന്റെ ഭാഗം പറയുന്നതിൽ കാര്യമുണ്ടോ എന്നറിയില്ല'' എന്നു പറഞ്ഞു കൊണ്ടായിരുന്നു കാര്യങ്ങൾ വിശദീകരിച്ചത്.''അന്നത്തെ ദിവസം റെഡ് അലർട്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നിയമപ്രകാരം അവധി കൊടുക്കേണ്ടതില്ലായിരുന്നു. അന്നു പുലർച്ചെ വന്ന മുന്നറിയിപ്പിൽ മഴ കൂടുന്നതായി കാണിച്ചു. അതുപോലെ രാവിലെ ശക്തമായ മഴയായിരുന്നു. 7.30നു വന്ന മുന്നറിയിപ്പിൽ അതിതീവ്ര മഴയും കാറ്റും ഉണ്ടാകും എന്നായിരുന്നു വന്നത്. അതു സംഭവിക്കുകയും ചെയ്തു. ഉച്ചയോടു കൂടി നദികളിലെല്ലാം ജലനിരപ്പ് ഉയരുകയും ചെയ്തു.
പെട്ടെന്ന് അവധി പ്രഖ്യാപിക്കുമ്പോൾ അസൗകര്യമുണ്ടാകും, അതു മനസിലാകും. ശരിയുമാണ്. പരാതി പറയുന്നതിൽ ഒരു വിരോധവുമില്ല, വിഷമവുമില്ല. ഞാനാണ് ആ സ്ഥാനത്തെങ്കിൽ എനിക്കും അസൗകര്യമുണ്ടാകും. അസൗകര്യത്തിനും സുരക്ഷയ്ക്കും മധ്യേ ഇങ്ങനെ ഒരു തീരുമാനം എടുക്കാതെ നിർവാഹമില്ലായിരുന്നു. മുന്നറിയിപ്പ് എന്നു പറയുന്നത് ഒരു വിവരം മാത്രമാണ്. അതേസമയം യഥാർഥ വസ്തുത എന്താണ് എന്നു നോക്കി ഒരു തീരുമാനം എടുക്കേണ്ടി വരും. അവധി പ്രഖ്യാപിക്കുന്നില്ല, കുട്ടികൾ വൈകുന്നേരം വരെ സ്‌കൂളിൽ പോകട്ടെ എന്നു തീരുമാനിക്കണം. ഉച്ചകഴിഞ്ഞു കുട്ടികൾ പോകട്ടെ എന്നു തീരുമാനിച്ചിരുന്നെങ്കിൽ ആ സമയം വെള്ളപ്പൊക്കവും നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും അപകടവും ഉണ്ടായെങ്കിൽ നിങ്ങൾ തിരിച്ചു പറയുമായിരുന്നു. അൽപം വൈകിയാണെങ്കിലും അവധി കൊടുക്കേണ്ടതായിരുന്നു എന്നു പറയുമായിരുന്നു.
എല്ലാവർക്കും ബുദ്ധിമുട്ടുണ്ടായി, തീർച്ചയായും അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കും. വിമർശനങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. അങ്ങനെയാണ് പഠിച്ചു മുന്നോട്ടു പോകുന്നത്. എന്നാൽ ആ സമയം എടുക്കേണ്ടി വന്ന തീരുമാനത്തിൽ 100 ശതമാനം ബോധ്യമുണ്ട്. തെറ്റുപറ്റി എന്നു ചിന്തിക്കുന്നില്ല. ഭാഗ്യവശാലോ നിർഭാഗ്യവശാലോ ഒന്നര മണിക്കൂറു കഴിഞ്ഞു ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വന്നു. ആ സമയം പറഞ്ഞില്ലായിരുന്നെങ്കിൽ 10 മണിക്ക് എന്തായാലും അവധി പ്രഖ്യാപിക്കേണ്ടി വരുമായിരുന്നു'' കലക്ടർ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച തന്നെ വിദ്യാർത്ഥികളും മാതാപിതാക്കളും കലക്ടറുടെ പേജിൽ കയറി അഭ്യർത്ഥന നടത്തിയിട്ടും അവധി പ്രഖ്യാപിച്ചത് പിറ്റേന്ന് രാവിലെ 8.25ന് ആയിരുന്നു. അപ്പോഴേക്കും നിരവധി കുട്ടികൾ സ്‌കൂളിലെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഫലത്തിൽ അവധി പ്രഖ്യാപിച്ചതിന്റെ യാതൊരു ഗുണവും വിദ്യാർത്ഥികൾക്കു ലഭിച്ചില്ലെന്നതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ