കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ എറണാകുളം ജില്ലയിലെ 14 സീറ്റുകളിൽ എട്ട് സീറ്റുകളിലും യുഡിഎഫ് മുന്നിൽ. കൊച്ചി, കോതമംഗലം, കളമശേരി ഉൾപ്പെടെ ആറ് മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു.

ആലുവ അങ്കമാലി, എറണാകുളം, പരവൂർ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.

ജില്ലയിലെ തൃപ്പൂണിത്തുറയിൽ സിപിഎമ്മിന്റെ എം. സ്വരാജിനെ പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർത്ഥി കെ. ബാബു 1240 വോട്ടുകൾക്കു മുന്നിലാണ്. ആലുവയിൽ അൻവർ സാദത്ത് ലീഡ് ചെയ്യുന്നു. കുന്നത്തുനാട്, മൂവാറ്റുപുഴ, വൈപ്പിൻ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നേറുന്നത്.

പറവൂരിൽ കോൺഗ്രസിന്റെ വിഡി സതീശൻ 862 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. പെരുമ്പാവൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പള്ളി 483 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. പിറവത്ത് എൽഡിഎഫിന്റെ സിന്ധുമോൾ ജേക്കബിനെതിരെ കേരള കോൺഗ്രസിന്റെ അനൂപ് ജേക്കബിന് 1029 വോട്ടുകളുടെ ലീഡുണ്ട്.

തൃക്കാക്കരയിൽ കോൺഗ്രസിന്റെ പി.ടി. തോമസ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. ജെ. ജേക്കബിനെ 1258 വോട്ടുകൾക്കു പിന്നിലാക്കിയാണ് ലീഡ് ചെയ്യുന്നത്.

കൊച്ചി മണ്ഡലത്തിൽ എൽഡിഎഫിന്റെ കെ.ജെ. മാക്‌സി കോൺഗ്രസ് സ്ഥാനാർത്ഥി ടോണി ചമ്മണിക്കെതിരെ 5980 വോട്ടുകൾക്ക് മുന്നിലാണ്. കളമശേരിയിൽ എൽഡിഎഫിന്റെ പി. രാജീവ് 1241 വോട്ടുകൾക്കു മുന്നിലാണ്.