കൊച്ചി: ജയിലിൽ നിന്നും പുറത്തിറങ്ങി നാല് മാസത്തിന് ശേഷം കൊച്ചിയിൽ മരിയാർപുതം എന്ന ജോൺസൺ മോഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ന​ഗരത്തിൽ മൂന്നിടത്താണ് ഇയാൾ മോഷണം നടത്തിയത്. എറണാകുളം നോർത്ത് എസ്ആർഎം റോഡ്, കതൃക്കടവ് എന്നിവിടങ്ങളിൽ മൂന്നിടങ്ങളിലാണു കഴിഞ്ഞ ദിവസങ്ങളിൽ മരിയാർപുതം മോഷണം നടത്തിയത്. ഈ പ്രദേശങ്ങളിലെ ഒരു കടയിലും രണ്ട് വീടുകളിലുമാണു മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മോഷണത്തിന് പിന്നിൽ മരിയാർപുതമാണെന്ന് പൊലീസ് കണ്ടെത്തിയത്.

ആറാം വയസിൽ ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയ മരിയാർപുതം ‌തമിഴ്‌നാട്ടിലെ കുളച്ചൽ സ്വദേശിയാണ്. നോർത്ത് പൊലീസ് സ്റ്റേഷനും പരിസരപ്രദേശങ്ങളും ഉള്ളംകൈയിലെ രേഖപോലെ പരിചിതമാണ് മരിയാർപുതത്തിന്. എസ്ആർഎം റോഡിലായിരുന്നു അന്നു താമസിച്ചിരുന്നത്. ട്രെയിനിൽ നാഗർകോവിലിൽനിന്നു കൊച്ചിയിലെത്തി മോഷണം നടത്തേണ്ട വീടു നേരത്തേ കണ്ടുമനസ്സിലാക്കുന്നതാണു രീതി. ആൾപ്പെരുമാറ്റം കുറയുന്നതോടെ മോഷണം നടത്തേണ്ട വീടിന്റെ ടെറസിലോ പരിസരത്തോ കിടന്നുറങ്ങും. എല്ലാവരും ഉറങ്ങി എന്നുറപ്പാകുമ്പോൾ വീടു കുത്തിത്തുറന്നു മോഷ്ടിക്കും. ഇതിനു ശേഷം പരിസരത്തു തന്നെയുള്ള ഏതെങ്കിലും ഒളിയിടത്തിൽ തങ്ങും. പുലർച്ചെ ട്രെയിനിൽ നാഗർകോവിലേക്കു മടങ്ങും. ഇതിനാൽ ഇയാളെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം പലപ്പോഴും വിഫലമാകാറാണു പതിവ്.

റയിൽവേ ട്രാക്കിലൂടെയാണു സാധാരണ സഞ്ചാരം. മോഷണം നടത്തേണ്ട പ്രദേശത്തെത്തിയാൽ നേർവഴി ഒഴിവാക്കി മതിലുകൾ ചാടികടന്നും മതിലുകളിലൂടെ നടന്നുമാണ് ലക്ഷ്യമിട്ട വീട്ടിലെത്തുന്നത്. അഞ്ചടി നാലിഞ്ച് ഉയരമുള്ള ശരീരവും 50 കിലോഗ്രാം മാത്രം ഭാരവുമുള്ള ഉറച്ച ശരീരം. ബലിഷ്‌ടമായ കൈകളും തോളും കൈകൾ കുത്തി മതിലുകൾ ചാടിക്കടക്കാൻ സഹായകരമാകുന്നു. സാധാരണ ഒരാൾക്ക് സമനിരപ്പായ സ്‌ഥലത്തുകൂടെ ഓടാൻ കഴിയുന്നതിലും വേഗത്തിൽ മരിയാർപ്പുതം മതിലുകൾക്കു മുകളിലൂടെ സഞ്ചരിക്കും. പൊലീസ് നായയെ പോലും കബളിപ്പിക്കാൻ ഈ രീതി സഹായകരമായി എന്നാണ് പൊലീസും പറയുന്നത്.

വഴുക്കൽ കൂടുതലുള്ള പ്രത്യേകതരം രാസപദാർഥം എണ്ണയിൽ ചാലിച്ചു ദേഹത്തു പുരട്ടിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. അടിവസ്‌ത്രം മാത്രം ധരിച്ചു ബാക്കി വസ്‌ത്രങ്ങൾ പുറത്തു തൂക്കുന്ന സഞ്ചിയിൽ സൂക്ഷിക്കും. രണ്ടു തവണ പൊലീസും ഒരു തവണ നാട്ടുകാരും പിടികൂടിയിട്ടും കുതറിമാറി രക്ഷപ്പെടാൻ ഇതു സഹായകരമായി. പിടികൂടുന്ന വ്യക്‌തിയുടെ ദേഹത്തേയ്‌ക്കു ചാടുന്നതാണ് തന്ത്രം. ഒട്ടും പ്രതീക്ഷിക്കാതെ ഒരാളുടെ വഴുക്കുന്ന ശരീരം ദേഹത്തേക്കു ചാടിവീഴുമ്പോൾ തട്ടിത്തെറിപ്പിക്കാനാവും പിടികൂടുന്നവർക്കു തോന്നുക. പിടിവിട്ടാൽ മരിയാർപ്പുതത്തെ നോക്കേണ്ട. ശരീരഭാരം കുറവായതിനാൽ നല്ല വേഗതയിലാണ് ഓട്ടം.

കുളച്ചലിൽ നിന്നു മാസത്തിൽ രണ്ടോ മൂന്നോ തവണ ട്രെയിനിൽ നഗരത്തിലെത്തുന്ന മരിയാർപ്പുതം രാത്രിയിൽ മോഷണം നടത്തി പിറ്റേന്നു പുലർച്ചെ തിരിച്ചു നാട്ടിലേക്കു മടങ്ങും. മദ്യപാനമടക്കമുള്ള ദുശ്ശീലങ്ങളില്ലാത്തതാണു 15 വർഷത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ചു നഗരത്തിൽ മോഷണം നടത്താൻ സഹായകരമായത്. വീടിനുള്ളിൽ കയറി മോഷണം നടത്തിയ ശേഷം ദൂരെയുള്ള മറ്റേതെങ്കിലും വീടിന്റെ ടെറസിൽ പതുങ്ങുന്ന മരിയാർപ്പുതം പുലർച്ചെ അഞ്ചുമണിയോടെ വെള്ളനിറത്തിലുള്ള ട്രാക്ക്‌സൂട്ടും കാൻവാസ് ഷൂസും ധരിച്ചു റോഡിലൂടെ വേഗത്തിൽ നടന്നു പോവുകയാണു പതിവ്.

2008ലും 2012ലും 2017ലും മരിയാർപുതത്തെ പിടികൂടാനുള്ള നോർത്ത് പൊലീസിന്റെ ശ്രമം വിജയം കണ്ടു. 2018 മാർച്ച് 24ന് നോർത്ത് പൊലീസിന്റെ പിടിയിലായതിനെ തുടർന്നു ശിക്ഷിക്കപ്പെട്ടു ജയിലിലായിരുന്ന ഇയാൾ 4 മാസം മുൻപാണു പുറത്തിറങ്ങിയത്. മരിയാർപുതം ജയിൽശിക്ഷ കഴിഞ്ഞിറങ്ങി എന്ന വിവരം ലഭിച്ചാലുടൻ നോർത്ത് പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കാറുണ്ട്. കാരണം, പുറത്തിറങ്ങിയാലുടൻ കൊച്ചിയിലെത്തി അടുത്ത മോഷണം ആസൂത്രണം ചെയ്യുക എന്നതാണു ഇയാളുടെ പതിവ്. ഇത്തവണ ജയിലിൽനിന്നു പുറത്തിറങ്ങി നാല് മാസത്തിനു ശേഷമാണു നഗരത്തിലെത്തിയതെന്ന വ്യത്യാസമുണ്ട്.

കവർച്ചമുതൽ വിറ്റുകിട്ടുന്ന പണം തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ വാഹനങ്ങളും ഭൂമിയും വാങ്ങാനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. തമിഴ്‌നാട്ടിൽ സർവീസ് നടത്തുന്ന നിരവധി ബസുകളും ലോറികളും ഇയാളുടെ പേരിലുണ്ടെന്നാണ് പൊലീസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നത്. കർണാടകയിലെ ഹൊസൂറിൽ ഇയാൾ എസ്‌റ്റേറ്റും വീടും വാങ്ങിയതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.