- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം റീജിയണൽ സ്പോർട്സ് സെന്ററിൽ കായികതാരങ്ങൾക്ക് വിലക്ക്; സെന്ററിനെ സമ്പന്നരുടെ ക്ളബ്ബാക്കിമാറ്റാനുള്ള ഗൂഢനീക്കങ്ങളുമായി ഭരണസമിതി; കായികകേന്ദ്രത്തിൽ നടക്കുന്നത് വിവാഹസൽക്കാരങ്ങളും മേളകളും; കായികകേന്ദ്രം വ്യാപാരകേന്ദ്രമായി മാറ്റാനുള്ള തന്ത്രങ്ങളും സജീവം
കൊച്ചി: കേരളത്തിലെ കായിക വികസനത്തിനായി സംസ്ഥാന സർക്കാർ എറണാകുളത്ത് സ്ഥാപിച്ച റീജിയണൽ സ്പോർട്സ് സെന്ററിൽ കായികതാരങ്ങൾക്ക് ഭരണസമിതി വിലക്ക് ഏർപ്പെടുത്തിയതായി ആക്ഷേപം. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്പോർട്സ് സെന്ററിനെ പണക്കാരുടെ ക്‌ളബ്ബായി മാറ്റിയ ഭരണസമിതി ഇവിടെ അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും, അതിനുള്ള ഫണ്ട് കണ്ടെത്താൻ സ്പോർട്സ് സെന്ററിനെ പൂർണ്ണമായും സ്വകാര്യ കുത്തകകൾക്ക് ദീർഘകാലത്തേക്ക് ലീസിന് കൈമാറാനും നീക്കങ്ങൾ നടത്തുന്നതായും ആരോപണങ്ങളുയരുന്നു. സംസ്ഥാനത്തുടനീളം കായികവികസനത്തിന് ബജറ്റിൽ പ്രത്യേകം തുക വകയിരുത്തി പിണറായി സർക്കാർ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കായികകേന്ദ്രം ഒരുസംഘം കയ്യേറാൻ ശ്രമം നടത്തുന്നത്. പണക്കാരുടെ ക്ലബ്ബായി സ്പോർട്സ് സെന്ററിനെ മാറ്റിയതോടെ ഇവിടെ പരിശീലനവും മറ്റും നാമമാത്രമായി മാറിക്കഴിഞ്ഞു. 1987 ലാണ് ദേശീയ തലത്തിൽ നിലവാരമുള്ള കായികതാരങ്ങളെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടന്ന നാഷണൽ ഗെയിംസിന് മുന്നോടിയായി കളിസ്ഥലം ഒരു
കൊച്ചി: കേരളത്തിലെ കായിക വികസനത്തിനായി സംസ്ഥാന സർക്കാർ എറണാകുളത്ത് സ്ഥാപിച്ച റീജിയണൽ സ്പോർട്സ് സെന്ററിൽ കായികതാരങ്ങൾക്ക് ഭരണസമിതി വിലക്ക് ഏർപ്പെടുത്തിയതായി ആക്ഷേപം. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്പോർട്സ് സെന്ററിനെ പണക്കാരുടെ ക്‌ളബ്ബായി മാറ്റിയ ഭരണസമിതി ഇവിടെ അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും, അതിനുള്ള ഫണ്ട് കണ്ടെത്താൻ സ്പോർട്സ് സെന്ററിനെ പൂർണ്ണമായും സ്വകാര്യ കുത്തകകൾക്ക് ദീർഘകാലത്തേക്ക് ലീസിന് കൈമാറാനും നീക്കങ്ങൾ നടത്തുന്നതായും ആരോപണങ്ങളുയരുന്നു. സംസ്ഥാനത്തുടനീളം കായികവികസനത്തിന് ബജറ്റിൽ പ്രത്യേകം തുക വകയിരുത്തി പിണറായി സർക്കാർ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കായികകേന്ദ്രം ഒരുസംഘം കയ്യേറാൻ ശ്രമം നടത്തുന്നത്. പണക്കാരുടെ ക്ലബ്ബായി സ്പോർട്സ് സെന്ററിനെ മാറ്റിയതോടെ ഇവിടെ പരിശീലനവും മറ്റും നാമമാത്രമായി മാറിക്കഴിഞ്ഞു.
1987 ലാണ് ദേശീയ തലത്തിൽ നിലവാരമുള്ള കായികതാരങ്ങളെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിൽ നടന്ന നാഷണൽ ഗെയിംസിന് മുന്നോടിയായി കളിസ്ഥലം ഒരുക്കുന്നതിനായും മറ്റും കൊച്ചിയിൽ സ്പോർട്സ് സെന്റർ ആരംഭിച്ചത്. തിരുവനന്തപുരത്തും കോഴിക്കോടും അടക്കം മൂന്ന് റീജിയണുകളിലായി മൂന്ന് സ്പോർട്സ് സെന്ററുകൾ പ്രഖ്യാപിച്ചെങ്കിലും മറ്റു രണ്ടെണ്ണം പ്രഖ്യാപനത്തിൽ ഒതുങ്ങി. നടപ്പായത് എറണാകുളത്ത് മാത്രം.
സർക്കാർ ഫണ്ട് ഉപയോഗിച്ച് സർക്കാറിന്റെ ഭൂമിയിൽ സർക്കാർ ഏജൻസി പണിതുയർത്തിയ സ്‌പോട്‌സ് സെന്റ കായിക കേരളത്തിന് അഭിമാനസ്തംഭമായി മാറി.
കടവന്ത്രയിൽ സ്ഥാപിച്ച സ്പോർട്സ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർ ചെയർമാനും കൊച്ചിൻ കോർപ്പറേഷൻ മേയർ, ജി സി ഡി എ ചെയർമാൻ, സ്ഥലം എംപി, സ്ഥലം എം എൽ എ, ഇംകംടാക്‌സ് കമ്മിഷണർ, സെൻട്രൽ എക്‌സൈസ് കമ്മിഷണർ, പൊലീസ് ഡി ഐ ജി, കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി, മെമ്പർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എക്‌സിക്യുട്ടീവ് കമ്മിറ്റി എന്നിവരുൾപ്പെട്ട ഭരണസമിതിയാണ് നേതൃത്വം നൽകുന്നത്. ഈ സമിതിയാണ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടതെന്നാണ് ഭരണഘടന അനുശ്വാസിക്കുന്നത്.
എന്നാൽ റീജിയണൽ സ്പോർട്സ് സെന്റർ ഒരു ക്ലബ്ബ് എന്ന നിലയിലേക്ക് മാറിയതോടെ കലക്ടറുടെ ചെയർമാൻ പോസ്റ്റ് ആലങ്കാരികമായി മാറി. പേട്രൻ മെമ്പർ, ലൈഫ് മെമ്പർ, ഇൻസ്റ്റിറ്റിയൂഷൻ മെമ്പർ, ഓർഡിനറി മെമ്പർ, എഡുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ മെമ്പർ, സ്റ്റുഡൻഡ് മെമ്പർ, ടെമ്പററി മെമ്പർ, ഫോറിൻ നാഷണാലിറ്റി മെമ്പർ, ഓണററി മെമ്പർ, സ്പോർട്സ് മെമ്പർ എന്നീ വിഭാഗമാണ് മെമ്പർമാർ. ഇതിൽ ലൈഫ് മെമ്പർ ആവണമെങ്കിൽ മൂന്നര ലക്ഷം രൂപയാണ് കൊടുക്കേണ്ടത്.
ഐയിംസ് ആൻഡ് ഒബ്ജക്ടീവ്‌സ് ആയി ടൂർണമെന്റുകൾ സംഘടിപ്പിക്കുക ട്രെയിങ് കോച്ചിങ് ക്യാംപുകൾ സംഘടിപ്പിക്കുക, എക്‌സിബിഷൻസ് നടത്തുക എന്നൊക്കെയാണ് ലക്ഷ്യമായി ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. പക്ഷേ, ഇതിൽ നിന്നു മാറി വിവാഹങ്ങളും പലതരത്തിലുള്ള കമേഴ്‌സ്യൽ എക്‌സിബിഷൻസും നടത്താനുള്ള കേന്ദ്രമായി റീജിയണൽ സ്പോർട്സ് സെന്റർ മാറുകയായിരുന്നു. അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സമിതിയാണ് ഭരണം നടത്തുന്നത്. അംഗങ്ങളെ നിയമിക്കുന്നതും ഈ സമിതിയാണ്. സാധാരണക്കാരായ കായികതാരങ്ങളെ സ്പോർട്സ് സെന്ററിൽ നിന്നും അകറ്റാനായി കണ്ടെത്തിയ മാർഗം അംഗത്വ ഫീസിൽ വരുത്തിയ ഭീമമായ വർദ്ധനയാണ്. നിലവിൽ മൂന്നര ലക്ഷം രൂപയാണ് റീജിയണൽ സ്പോർട്സ് സെന്ററിൽ അംഗത്വഫീസ്.
ഇതോടെ കായികതാരങ്ങൾ പലർക്കും ഇവിടേക്ക് പ്രവേശിക്കാൻ പറ്റാതായി. വൻകിടക്കാർക്ക് മാത്രമായി സ്ഥാപനത്തെ പരിമിതപ്പെടുത്തുന്നതിലൂടെ നിലവിലുള്ള ഭരണസമിതിക്ക് തുടരാനുള്ള അവസരംകൂടി ലഭിക്കുന്നു എന്നതും അംഗത്വഫീസ് ഇനത്തിൽ വൻ തുക സംഘടിപ്പിക്കാനുള്ള വഴിയും തുറന്നു കിട്ടുന്നു എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശത്തുള്ളവരെയും വൻകിടക്കാരെയും മറ്റും സമീപിച്ച് അംഗത്വം നൽകുന്നതുപതിവായതോടെ ഇതൊരു ക്ലബ്ബായി മാറുകയായിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പൂർണമായ നിയന്ത്രണത്തിൽ പ്രവർത്തിക്കേണ്ട ആർഎസ്‌സി ഒരു ക്ലബ്ബാക്കി മാറ്റിയതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
കാലാകാലമായി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തി സ്പോർട്സ് സെന്ററിൽ നിന്നും സ്‌പോർട്‌സിനെ പുറത്തുചാടിച്ചെന്നാണ് ആക്ഷേപം. നിലവിൽ ബാഡ്മിന്റൺ, സ്വിമ്മിങ്, ഫുട്‌ബോൾ എന്നിവയിൽ പരിശീലനം ലഭിക്കണമെങ്കിൽ വൻതുകയാണ് ഫീസായി നൽകേണ്ടത്. ഒളിമ്പിക്‌സ് നിലവാരത്തിലുള്ള സ്വിമ്മിങ് പൂൾ നിർമ്മിക്കുമെന്നാണ് സെക്രട്ടറിയുടെ പുതിയ പ്രഖ്യാപനം. നിലവിൽ നല്ല നിലവാരമുള്ള സ്വിമ്മിങ്പൂൾ പൊളിച്ചുമാറ്റി മുപ്പത്തഞ്ചുകോടി ചെലവിട്ട് സ്വിമ്മിങ് പൂൾ നിർമ്മിക്കുമെന്ന പ്രഖ്യാപനം വലിയ അഴിമതിക്കുള്ള കളമൊരുക്കലാണെന്നും പരാതി ഉയർന്നുകഴിഞ്ഞു. .
സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായതിനാൽ റീജിയണൽ സ്പോർട്സ് സെന്ററിൽ നിർമ്മാണ പ്രവർത്തനം നടത്തണമെങ്കിൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമാണ്. മാത്രവുമല്ല സർക്കാർ ഏജൻസികൾക്കുമാത്രമേ നിർമ്മാണ പ്രവൃത്തി ഏറ്റെടുക്കാനുമാകൂ. ജി സി ഡി എയാണ് ഇൻഡോർ സ്‌റ്റേഡിയം പണിതത്. ഇപ്പോൾ വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ഭരണസമിതി സെക്രട്ടറി അദ്ദേഹത്തിന് ഇഷ്ടമുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയെ കൊണ്ട് ഇവിടെ നിർമ്മാണ പ്രവർത്തനം നടത്താൻ നീക്കം നടത്തുന്നതെന്നാണ് ആരോപണം. കോർപ്പറേഷൻ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവർത്തനം നടത്താനാവില്ലെന്ന് അറിയാമായിരുന്നിട്ടും മുന്മന്ത്രിസഭയുടെ കാലത്ത് കെ ബാബു ഇതിന് തറക്കല്ലിട്ടതും വലിയ വിവാദമായിരുന്നു. .
കഴിഞ്ഞ കുറേ വർഷങ്ങളായി സെക്രട്ടറി കസേരയിൽ നിലയുറപ്പിച്ചിട്ടുള്ള ഒരാൾ, തന്റെ ഇഷ്ടംപോലെ ഒരു സർക്കാർ സ്ഥാപനം ഭരിക്കുന്നതിനെതിരെ അംഗങ്ങൾക്കിടയിൽത്തന്നെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എല്ലാവർഷവും ഭരണം പിടിച്ചെടുക്കാനുള്ള പൊടിക്കൈ അറിയാവുന്ന സെക്രട്ടറി ഭരണം മാറിയാലും സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തുള്ളവരുടെ ആളായി മാറും. അങ്ങിനെയാണ് സ്പോർട്സ് സെന്ററിനെ ക്ലബ്ബാക്കി മാറ്റുന്നതിനുള്ള നീക്കങ്ങൾക്കും ഭരണഘടനാ ഭേദഗതിക്കുമൊക്കെ അംഗീകാരം വാങ്ങിച്ചെടുക്കുന്നത്. ഉന്നതങ്ങളിൽ വലിയ പിടിപാടുള്ളയാൾ എന്ന നിലയിൽ നിലവിലുള്ള സെക്രട്ടറിയെ ആരും എതിർക്കാറില്ല എന്നതാണ് വസ്തുത.
ക്ലബ്ബ് ഹൗസും സ്വിമ്മിങ് പൂളും നിർമ്മിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ഇന്റോർ സ്‌റ്റേഡിയത്തിന്റെ പ്രധാന ഭാഗങ്ങൾ ഒരു വ്യവസായ ഗ്രൂപ്പിന് പാട്ടത്തിനു നൽകാനുള്ള നീക്കവും നടക്കുകയാണ്. നിലവിൽതന്നെ സ്പോർട്സ് സെന്ററിന്റെ പലഭാഗങ്ങളും പണയപ്പെടുത്തിയാണ് ഫണ്ട് സ്വരൂപിച്ചിരിക്കുന്നത്.ഒപ്പം സ്പോർട്സ് സെന്റർ പണയപ്പെടുത്തി ബാങ്കിൽനിന്നും വൻ തുക വായ്പയെടുക്കാനും സെക്രട്ടറി നീക്കം നടത്തുന്നുണ്ട്. വലിയ നിർമ്മിതികൾ നടത്തി സെന്ററിനെ വലിയ കടക്കെണിയിലേക്ക് വലിച്ചിഴക്കാനുള്ള നീക്കവും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
സ്‌പോർട്‌സിനെ പരിപോഷിപ്പിക്കുന്നതിനായി ആരംഭിച്ച റീജിയണൽ സ്പോർട്സ് സെന്റർ കൺവെൻഷൻ സെന്ററാക്കി മാറ്റുന്നതിനു പിന്നിൽ വലിയൊരു ലോബിതന്നെ പ്രവർത്തിക്കുന്നുണ്ട്. ചിലരുടെ താല്പര്യസംരക്ഷമാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും സ്‌പോർസ് സെന്ററിൽ എന്തു നടക്കുന്നു എന്നതിൽ അംഗങ്ങൾക്കോ സ്പോർട്സ് വകുപ്പിനോ യാതൊരു ധാരണയുമില്ല എന്നതാണ് വസ്തുത. ബാറ്റ്മിന്റൻ, സ്വിമ്മിങ്, ഫുട്ബോൾ, ബാസ്‌ക്കറ്റ് ബാൾ, ടെന്നീസ് എന്നിവയിലാണ് പ്രധാനമായും പരിശീലനം നൽകിയിരുന്നത്.
ദേശീയബാറ്റ്മിന്റൻ പരിശീലന ക്യാംപ് ആർ എസിയിൽ വച്ച് നടന്നിരുന്ന ഒരു കാലമുണ്ട്. ഈ ക്യാംപിൽ സൈന നെഹ് വാളിനെപോലുള്ള അന്താരാഷ്ട്ര താരങ്ങൾ പങ്കെടുത്തിരുന്നു. എന്നാൽ സ്പോർട്സ് സെന്റർ ക്ലബ്ബ് കൾച്ചറിലേക്ക് വഴിമാറിയപ്പോൾ ഇത്തരം ക്യാംപുകൾക്കൊന്നും വേദിയൊരുക്കാൻ ഭരണസമിതിക്ക് താൽപര്യമില്ലാതായി. വിവാഹങ്ങളും വലിയ എക്‌സിബിഷനുകളും ഒരുക്കുന്ന വേദിയായി ഇന്റോർ സ്‌റ്റേഡിയം മാറ്റി, ഇതിലൂടെ വൻ തുക ഉണ്ടാക്കുകയായി പ്രധാന ലക്ഷ്യം. ക്യാംപുകൾക്കും വലിയ ടൂർണ്ണമെന്റുകൾക്കും വേദിയൊരുക്കിയാൽ ഇത്തരം വരുമാനം കുറയുമെന്നാണ് ഭരണസമിതിയുടെ കണ്ടെത്തൽ.
ലീനിങ് എന്ന കമ്പനിയുമായി ദീർഘകാല കരാർ ഒപ്പിട്ടതോടെ ടൂർണ്ണമെന്റുകൾ ഇവിടെ നടത്താൻ പറ്റാതായിട്ടുണ്ട്. അവരുടെ ബോർഡ് ഇന്റോർ സ്‌റ്റേഡിയത്തിൽ പ്രദർശിപ്പിക്കുന്നതിനാൽ ടൂർണ്ണമെന്റുകൾ സ്‌പോൺസർ ചെയ്യാൻ ആരും തയ്യാറാവില്ല എന്നതാണ് ടൂർണ്ണമെന്റുകളെ അകറ്റിയത്.
മലയാള മനോരമ രണ്ടുവർഷം മുൻപ് ഇന്റോർ സ്‌റ്റേഡിയത്തിൽ ദേശീയ ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പ് നടത്തിയിരുന്നു. കഴിഞ്ഞവർഷം ഇവിടെ മനോരമ ഓപ്പൺ നടത്താൻ പറ്റാതെ പോയത് ലീംനിംഗുമായി ആർ എസ് സി ഉണ്ടാക്കിയ കരാറായിരുന്നു. ഒരു നാഷണൽ ടൂർണ്ണമെന്റ് നടത്താൻ സ്പോർട്സ് വകുപ്പ് തീരുമാനമെടുത്താൽപോലും അതു നടത്താൻ നിലവിൽ സാധിക്കില്ല. ജില്ലാ സ്‌പോർസ് കൗൺസിലിനുപോലും ഇവിടെ ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കാൻ സാധിക്കില്ലെന്നതാണ് അവസ്ഥ.
ഇന്ത്യയിൽതന്നെ ശ്രദ്ധേയമായ ഇന്റോർ സ്‌റ്റേഡിയമാണ് കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിന്റേത്. കേരളത്തിലെ കായികതാരങ്ങളുടെ കേന്ദ്രമാവേണ്ടിയിരുന്ന ഒരു സ്ഥാപനം ഒരു ഗൂഢസംഘത്തിന്റെ കൈയിൽ അകപ്പെട്ടതിനു പിന്നിൽ രാഷ്ട്രീയ ശക്തികൾ ഉണ്ടെന്നാണ് അനുമാനിക്കേണ്ടത്. കായിക രംഗവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരുകൂട്ടം ആളുകളുടെ കൈകളിലേക്ക് വഴിമാറിയ സ്പോർട്സ് സെന്ററിനെ മികവുറ്റ സ്പോർട്സ് കേന്ദ്രമാക്കി മാറ്റാൻ കഴിയുമോ എന്നാണ് ഇപ്പോൾ നിലനിൽക്കുന്ന ആശങ്ക.
സ്റ്റുഡൻസിനുണ്ടായിരുന്ന തുച്ഛമായ ഫീസിലുള്ള അംഗത്വം പുനഃസ്ഥാപിക്കാനും, വൻ തുകകൾ നൽകിയുള്ള പരിശീലന പരിപാടിയും അവസാനിപ്പിക്കാനും സ്പോർട്സ് വകുപ്പിന്റെ പൂർണ്ണമായ ഗ്രാന്റോടെ പ്രവർത്തിക്കുന്ന ഒരു സ്പോർട്സ് കേന്ദ്രമാക്കി മാറ്റണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം. 280 കോടി രൂപ വിലമതിക്കുന്ന സ്ഥലവും കെട്ടിടവും ഒരു സംഘത്തിന്റെ കൈകളിലേക്ക് ഒതുങ്ങാതെ ജനകീയമായി പ്രവർത്തിക്കുന്ന സാഹചര്യം ഉണ്ടാവണമെന്ന ആവശ്യമാണ് ഉയരുന്നത്.