കൊച്ചി: ഭക്തൻ ഭഗവതിക്ക് സമർപ്പിച്ച പട്ടുപുടവ ഇഷ്ടക്കാരിക്ക് സമ്മാനിച്ച് ദേവസ്വം ഓഫീസർ. കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടക്കുന്ന വിക്രിയകളിൽ ഒന്നാണ് ഈ സംഭവം. എറണാകുളം നഗരപ്രാന്തത്തിലെ പ്രമുഖ ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ മാസം നടന്ന പുടവകൊടുക്കലാണ് പ്രദേശവാസികൾക്കിടയിൽ ചർച്ചായാകുന്നത്.

ആഗ്രഹ സാധ്യത്തിനായും മറ്റും ഭക്തർ അമ്പലങ്ങളിൽ പലതും കാഴ്ചവെയ്ക്കാറുണ്ട്. അതിൽ സ്വർണവും എണ്ണയും പാട്ടുപുടവയും എല്ലാം ഉൾപ്പെടും. അവിടെ പ്രതിഷ്ഠയുള്ള ദേവീദേവന്മാർക്കാണ് സമർപ്പിക്കുന്നത്. ക്ഷേത്രത്തിലെ താലപ്പൊലിയുടെ അവസാന നാളുകളിലാണ് ഒരു ഭക്തൻ ഭഗവതിക്ക് ചാർത്താനായി ക്ഷേത്ര നടയ്ക്കൽ പട്ടു പുടവ സമർപ്പിച്ചത്. അയ്യായിരം രൂപയോളം വിലവരുന്ന പുടവയായിരുന്നു ഇത്.

ധാരാളമായി ചാർത്തുവാൻ വരുന്ന ചോറ്റാനിക്കര, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ ഇവ ലേലം വിളിച്ചു വിൽക്കാറാണ് പതിവ്. സംഭവം നടന്ന ക്ഷേത്രത്തിൽ താലപ്പൊലിയുടെ അവസാന മൂന്ന് ദിവസം മാത്രമാണ് ഭക്തർ സാധാരണ പുടവ സമർപ്പിക്കാറ്. അത് മേൽശാന്തി തന്നെ ആർക്കെങ്കിലും നൽകും.

ഇക്കുറി ദേവസ്വം ഓഫീസർക്ക് പുടവ ഇഷ്ടപ്പെട്ടു. അമാന്തിച്ചില്ല മേൽശാന്തിയിൽ നിന്ന് അത് വാങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മഹിളയ്ക്ക് കൈമാറി. ഇവർ പിറ്റേന്ന് പുഷ്പതാലം നടക്കുന്നതിനിടെ ഇതും അണിഞ്ഞുവന്ന് വിലസി. ജീവനക്കാർക്ക് സംശയം തോന്നി ചോദിച്ചപ്പോൾ ഇവർ പരസ്യമായി തന്നെ പറഞ്ഞു, സാരി ഓഫീസർ സമ്മാനിച്ചതാണെന്ന്.

താലപ്പൊലിക്ക് വെടിക്കെട്ടിന് തീകൊളുത്തിയതിനേക്കാൾ ശീഘ്രം 'പുടവ കൊടുക്കൽ' നാടാകെ കത്തിപ്പടർന്നെങ്കിലും കൊടുത്തയാൾക്കും വാങ്ങിയ ആൾക്കും യാതൊരു കൂസലുമില്ല. പുടവ സമർപ്പിച്ച ഭക്തൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് സൂചന. ഫോൺ പരാതികൾ വന്നപ്പോൾ മേലധികാരികൾ കാര്യങ്ങൾ വിളിച്ചന്വേഷിച്ചു. രേഖാമൂലം പരാതി കിട്ടിയാൽ സംഭവം അന്വേഷിക്കാമെന്നാണ് ബോർഡ് അധികൃതർ നൽകുന്ന മറുപടി.