- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ ശബ്ദം കേട്ട് ആളുകൾ ഓടിമാറിയതിനാലാണ് ദുരന്തം ഒഴിവായി; ശബരിമല വനമേഖലയോട് ചേർന്നുള്ള എരുമേലിയിൽ ഉരുൾപൊട്ടൽ; റോഡുകളും വീടുകളും തകർന്നു; കൊക്കാത്തോടും ഉരുൾ പൊട്ടിയെന്ന് സൂചന; ആര്യങ്കാവിലും മഴ ശക്തം; ദുരിതം കൂട്ടി കോട്ടയത്തും പത്തനംതിട്ടയിലും പേമാരി
കോട്ടയം: കോട്ടയം എരുമേലിയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. വലിയ ശബ്ദം കേട്ട് ആളുകൾ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.
ശബരിമല വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്. എരിത്വാപുഴ കണമല ബൈപ്പാസ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതോടെ റോഡിന് കാര്യമായ കേടുപാടുണ്ടായി. മൂന്ന് വീടുകൾക്കും നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലിൽപ്പെട്ട ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചു. രോഗികൾ താമസിച്ചിരുന്ന വീടും തകർന്നു. റോഡുകൾക്കും വ്യാപക നാശനഷ്ടമുണ്ടായി. ഇനിയും ഉരുൾ പൊട്ടാനുള്ള സാധ്യത ഏറെയാണ്.
ഈ സാഹചര്യത്തിൽ അപകടാവസ്ഥയിലുള്ള വീടുകളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിച്ചു വരുകയാണ്. കോട്ടയത്തെ മലയോര മേഖലയിൽ രാത്രി മുതൽ ശക്തമായ മഴ പെയ്തെങ്കിലും ഇപ്പോൾ മഴ മാറിനിൽക്കുന്ന സാഹചര്യമാണ്. ആര്യാങ്കാവിലും നിർത്താതെ മഴ പെയ്യുകയാണ്. നദികൾ വീണ്ടും കരകവിഞ്ഞൊഴുകാനുള്ള സാധ്യതയും ഏറെയാണ്. ശബരിമല തീർത്ഥാടന പാതിയിലെ റോഡുകളാണ് ഉരുൾപൊട്ടി തകർന്നത്.
പത്തനംതിട്ടയിൽ കോന്നി കൊക്കാത്തോട് മേഖലയിലും ഉരുൾപൊട്ടിയതായും സംശയിക്കുന്നു. കൊക്കാത്തോട് വനമേഖലയിൽ ഉരുൾപൊട്ടിയെന്നാണ് കരുതുന്നത്. അഞ്ചോളം വീടുകളിൽ വെള്ളം കയറി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. പ്രദേശത്ത് വലിയ കൃഷി നാശമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ