എരുമേലി: ശബരിമലയിലെ മകരവിളക്കിനും ജ്യോതിദർശനത്തിനും നാളുകൾ മാത്രം ശേഷിക്കെ മതസൗഹാർദ്ദത്തിന്റെ ചരിത്രപ്രതീകമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പ്രയാണം എരുമേലിയിൽ എത്തുന്നതോടെയാണ് പേട്ടതുള്ളൽ ചടങ്ങുകൾക്ക് ആരംഭമാകുക. ഉച്ചയോടെ ശ്രീകൃഷ്ണപ്പരുന്ത് ആകാശത്തു വട്ടമിട്ടു പറക്കുമ്പോൾ അമ്പലപ്പുഴ സംഘത്തിന്റെ തുള്ളൽ ആരംഭിക്കും.

സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായരുടെ നേതൃത്വത്തിൽ പേട്ട കൊച്ചമ്പലത്തിൽ നിന്ന് ഇറങ്ങിവരുന്ന അമ്പലപ്പുഴ സംഘത്തെ ജമാ അത്ത് ഭാരവാഹികൾ പൂക്കൾ വർഷിച്ചു സ്വീകരിക്കും. മസ്ജിദിനു വലംവച്ച് പുറംതിരിയാതെ ഇറങ്ങുന്ന അമ്പലപ്പുഴ സംഘം തുടർന്ന് വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം വലിയമ്പലത്തിലേക്കു പുറപ്പെടും.

ഉച്ചകഴിഞ്ഞ് ആകാശത്തു വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെടുമ്പോഴാണ് ആലങ്ങാട് സംഘത്തിന്റെ തുള്ളൽ ആരംഭിക്കുന്നത്. ദേഹമാകെ ഭസ്മം പൂശി ചടുലമായ ചുവടുകളോടെ നീങ്ങുന്ന ആലങ്ങാട് സംഘത്തിന്റെ തുള്ളലിൽ വെളിച്ചപ്പാടും ഗോളകയും കൊടിയും അടക്കമുള്ള സവിശേഷതകളുണ്ട്.

പേട്ടതുള്ളലിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി വിവിധ വകുപ്പുകൾ അറിയിച്ചു. തുള്ളിയെത്തുന്ന സംഘങ്ങളെ ദേവസ്വം ബോർഡ് പ്രതിനിധികൾ വലിയമ്പലത്തിൽ സ്വീകരിക്കും. ഇന്നലെ നടന്ന ചന്ദനക്കുടം ആഘോഷം ആയിരങ്ങളെ ആഹ്ലാദത്തിമർപ്പിലാക്കി.

മഹല്ല് മുസ്‌ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചന്ദനക്കുടം ദർശിക്കാൻ നാട് ഒഴുകിയെത്തി. മഗ്‌രിബ് നമസ്‌കാര ശേഷം ടൗൺ നൈനാർ മസ്ജിദ് അങ്കണത്തിലായിരുന്നു ചന്ദനക്കുടം ആഘോഷങ്ങൾക്കു തുടക്കം.

മന്ത്രി കെ.ടി. ജലീൽ ചന്ദനക്കുടം ഫ്‌ലാഗ് ഓഫ് ചെയ്തു. മതസൗഹാർദത്തിന്റെയും സഹിഷ്ണുതയുടെയും ഭൂമികയാണ് എരുമേലിയെന്നു മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ യോഗം ഉദ്ഘാടനം ചെയ്തു. ജമാ അത്ത് പ്രസിഡന്റ് പി.എ. ഇർഷാദ് അധ്യക്ഷതവഹിച്ചു. പന്തളം രാജപ്രതിനിധി ശ്രീമൂലം തിരുനാൾ പി.ജി. ശശികുമാർ വർമ മുഖ്യാതിഥിയായി.