- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് അറ്റാദായത്തിൽ 41% വർധന
കൊച്ചി: ഈ സാമ്പത്തിക വർഷം സെപ്റ്റംബർ 30ന് അവസാനിച്ച ആദ്യ പകുതിയിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് അറ്റാദായത്തിൽ 41.09 ശതമാനം വർധന. മുൻ വർഷം ഇതേ കാലയളവിലെ 92.44 കോടി രൂപയുടെ അറ്റാദായം ഇത്തവണ 130.42 കോടി രൂപയായി വർധിച്ചു. ഈ കാലയളവിൽ 35.06 ശതമാനം വളർച്ച രേഖപ്പെടുത്തിയ ബാങ്കിന്റെ ബിസിനസ് 15,582 കോടി രൂപയിലെത്തി. നിക്ഷേപങ്ങൾ 35.38 ശതമാനം വർധിച്ച് 8208 കോടി രൂപയായി.
'ബാങ്ക് മികച്ച പ്രകടനമാണ് ഇത്തവണയും കാഴ്ചവെച്ചത്. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ മാന്ദ്യത്തിൽ നിന്നും സൂക്ഷ്മ, ചെറുകിട സംരംഭകർ കരകയറിത്തുടങ്ങി എന്നാണ് ഈ വളർച്ചാ ഫലം കാണിക്കുന്നത്. ഇത് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണപരമായ ഒരു സൂചനയാണ്,' ഇസാഫ് സ്്മോൾ ഫിനാൻസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോൾ തോമസ് പറഞ്ഞു.
വായ്പകൾ 34.70 ശതമാനം വർധിച്ച് 7374 കോടി രൂപയിലെത്തി. മൊത്തം വായ്പകളിലെ നിഷ്‌ക്രിയ ആസ്തി മുൻ വർഷത്തെ 1.76 ശതമാനമെന്ന നിരക്കിൽ നിന്നും ഇത്തവണ 1.32 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 0.62 ശതമാനത്തിൽ നിന്നും 0.19 ശതമാനമായും കുറഞ്ഞു. വായ്പകളിന്മേലുള്ള നീക്കിയിരുപ്പ് അനുപാതം 81.53 ശതമാനത്തിൽ നിന്നും 93.45 ശതമാനമായി മെച്ചപ്പെട്ടു. മൂലധന പര്യാപ്തതാ അനുപാതം 24.29 ശതമാനമാണ്.
'പ്രതിസന്ധി ഘട്ടം മറികടക്കുന്നതിൽ ഉപഭോക്താക്കൾ വലിയ തിരിച്ചുവരവാണ് നടത്തിയത്. സാധാരണ നില വീണ്ടെടുക്കുന്നതിന് ബാങ്ക് അനുയോജ്യമായ നടപടികൾ സ്വീകരിക്കുകയും പര്യാപ്തമായ സുരക്ഷയും പിന്തുണയും ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്,' പോൾ തോമസ് പറഞ്ഞു.
സെപ്റ്റംബർ 30ന് അവസാനിച്ച സാമ്പത്തിക വർഷം ആദ്യ പകുതിയിൽ ഇസാഫ് 29 പുതിയ ശാഖകൾ തുറന്നു. ഇതോടെ 19 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ശാഖകളുടെ എണ്ണം 483 ആയി.