ഹിരോഷിമയിൽ വീണ അണുബോംബിന് തുല്യമായ സ്‌ഫോടനത്തോടെ ആകാശത്തുനിന്ന് അഗ്നിഗോളം അറ്റ്‌ലാന്റിക് സമുദ്രത്തിൽ പതിച്ചതായി നാസ കണ്ടെത്തി. ഫെബ്രുവരി ആറിനാണ് ബ്രസീൽ തീരത്തുനിന്ന് 1000 കിലോമീറ്റർ അകലെ ഉൽക്ക പതിച്ചത്. റഷ്യയിലെ ചെല്യാബിൻസ്‌കിൽ 2013 ഫെബ്രുവരിയിൽ ഉണ്ടായ ഉൽക്കയോളം വരില്ലെങ്കിലും ഭൂമി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

അറ്റ്‌ലാന്റിക് സമുദ്രത്തിന് 30 കിലോമീറ്റർ മുകളിൽവച്ച് കത്തിയമർന്ന ഉൽക്ക സമുദ്രത്തിൽ പതിച്ചത് ഇതേവരെ ആറും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹിരോഷിമയിൽ പതിച്ച ആദ്യ അണുബോംബിൽ ഉപയോഗിച്ച, 13000 ടൺ ടിഎൻടിക്ക് സമാനമായ ഊർജമാണ് ഈ സ്‌ഫോടനത്തിൽ പുറത്തുവന്നതെന്ന് നാസ വ്യക്തമാക്കി. ചെല്യാബിൻസ്‌കിൽ 1600 പേർക്ക് പരിക്കേറ്റ ഉൽക്കാപതനം കഴിഞ്ഞാൽ സമാനമായ ഏറ്റവും വലിയ സംഭവമാണിത്.

ചെല്യാബിൻസ്‌കിൽ വീണ ഉൽക്ക അഞ്ചുലക്ഷം ടൺ ടിഎൻടി എനർജിയാണ് പുറത്തുവിട്ടത്. അറ്റ്‌ലാന്റിക്കിൽ പതിച്ച ഉൽക്ക അതുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറുതാണ്. അതുകൊണ്ടാണ് ഉൽക്ക പതിച്ചത് ആരും ശ്രദ്ധിക്കാതെ പോയതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.

30 കിലോമീറ്റർ മുകളിൽ നടന്ന സ്‌ഫോടനം ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും സൈനിക നിരീക്ഷണ സംവിധാനങ്ങളിൽ പതിഞ്ഞിട്ടുണ്ടാകാം എന്നും നാസ കരുതുന്നു. ഭൂമിയുടെ ഭ്രമണപഥത്തോട് ചേർന്ന് ചുറ്റുന്ന 12,922 ക്ഷുദ്രഗ്രഹങ്ങളുണ്ടെന്ന് നാസ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 1607 എണ്ണം ഭൂമിയിൽ അപകടമുണ്ടാക്കാൻ പോന്നതാണ്. അതിലൊന്നാകാം ഇപ്പോൾ പതിച്ചതെന്നും ശാസ്ത്രജ്ഞർ കരുതുന്നു.