ഗോള സമൂഹം സ്വതവേ പുരുഷകേന്ദ്രീകൃതമാണെന്നാണ് സ്ത്രീപക്ഷ വാദികളുടെ നിഗമനം. ലിംഗ സമത്വത്തിനായി സ്ത്രീ സംഘടനകൾ മുറവിളി കൂട്ടുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഏറിയും കുറഞ്ഞും കാണാൻ കഴിയുന്നുമുണ്ട്. പുരുഷനോടൊപ്പം അതുമല്ലെങ്കിൽ പുരുഷന്റെയും മുകളിലായി തങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന അവരുടെ വാദത്തിൽ കഴമ്പില്ല എന്നും പറയാൻ കഴിയില്ല. സന്തുലിതമായ ഒരു സമൂഹസൃഷ്ടിക്കും നിലനിൽപ്പിനും സ്ത്രീകൾക്കും അവരുടേതായ പങ്ക് വഹിക്കാൻ കഴിയുമെന്നതും തർക്കമേതുമില്ലാത്ത കാര്യമാണ്. ഭരണതലത്തിൽപ്പോലും പ്രശോഭിച്ച വനിതാരത്‌നങ്ങളെക്കുറിച്ച് നാം കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളതുമാണ്.

ഇക്കാലമത്രയും വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്തപ്പെടാനുണ്ടായ കാരണങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കേണ്ടതുണ്ട്. ശാസ്ത്രീയമായി ഈ കാര്യങ്ങളെ സമീപിക്കുമ്പോൾ സ്ത്രീയെ പുരുഷനിൽ നിന്നും വ്യത്യസ്തയാക്കുന്ന ഒട്ടേറെ പ്രത്യേകതകൾ കണ്ടെത്തുവാൻ കഴിയും. അത് കേവലം ശരീരഘടനയിലെ ബാഹ്യമായ വ്യത്യാസങ്ങൾ കൊണ്ട് മാത്രമല്ല, മറിച്ച് ആന്തരികമായ വ്യത്യസ്തതകൾ കൊണ്ട് കൂടിയാണ്. പ്രത്യുൽപാദന വ്യവസ്ഥയിലെ സ്വാഭാവികമായ പ്രത്യേകതകൾ ഒഴിച്ചു നിർത്തിയാലും മറ്റ് ആന്തരിക പ്രവർത്തനങ്ങളിലും ശാരീരികക്ഷമതയിലും വ്യതിയാനങ്ങൾ ദർശിക്കുവാൻ കഴിയും. ഉദാഹരണത്തിന്, ഉസൈൻ ബോൾട്ടിന് 100 മീറ്റർ ദൂരം 9.58 സെക്കന്റിൽ ഓടിത്തീർക്കാൻ കഴിയുമ്പോൾ കാർമലീറ്റാ ജെറ്ററിന് ഇത്രയും ദൂരം ഓടിയെത്താൻ 10.64 സെക്കന്റ് വേണ്ടി വരുന്നു. ഉസൈൻ ബോൾട്ടിന് ഈ മേധാവിത്വം നേടിയെടുക്കാൻ കഴിയുന്നത് തന്റെ പുരുഷസഹജമായ ശാരീരികക്ഷമത വനിതാതാരത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ് എന്നതുകൊണ്ടാണ്. ജീവൽപ്രവർത്തനങ്ങളിലും ശാസ്ത്രീയമായ ശാരീരിക അളവുകളിലും സ്ത്രീയിൽ നിന്നും പുരുഷൻ വളരെ മുൻപന്തിയിലാണ് എന്ന വസ്തുതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.

ചില ശാസ്ത്രീയ അളവുകളും യാഥാർത്ഥ്യങ്ങളും ഈ ഘട്ടത്തിൽ പരിശോധിക്കുന്നത് ഉചിതമായിരിക്കും. ഒരു ചെറിയ ഉദാഹരണം നോക്കാം. മനുഷ്യശരീരത്തിൽ രോഗപ്രതിരോധം സാധ്യമാക്കുന്ന ശ്വേതരക്താണുക്കളുടെ അളവ് (WBC Count) പുരുഷന്മാരിൽ 0.4 - 0.5% ആയിരിക്കുമ്പോൾ സ്ത്രീകളിൽ ഇത് 0.2 - 0.4% മാത്രമാണ്. ശരീരത്തിൽ പദാർത്ഥസംവഹനം സാധ്യമാക്കുന്ന അരുണരക്താണുക്കളുടെ അളവ് (RBC Count) പുരുഷന്മാരിലും സ്ത്രീകളിലും യഥാക്രമം 45% ഉം 42% ഉം ആണ്. ശരീരകോശങ്ങളിലെ ജീവൽപ്രവർത്തനങ്ങളുടെ ഫലമായാണ് ഊർജ്ജം ഉൽപാദിപ്പിക്കപ്പെടുന്നത്. ഈ പ്രക്രിയക്ക് ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പോഷകഘടകങ്ങളും ശ്വസനഫലമായി ലഭിക്കുന്ന ഓക്‌സിജനും ആവശ്യമാണ്. ഇവ കോശങ്ങളിൽ എത്തിക്കുകയും കോശങ്ങൾ ഊർജ്ജോൽപാദന ഫലമായി പുറന്തള്ളുന്ന കാർബൺ ഡൈ ഓക്‌സൈഡ് തിരികെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുകയുമാണ് അരുണരക്താണുക്കളുടെ ധർമം. ഇവ സംവഹിക്കുന്നത് അരുണരക്താണുക്കളിലെ പ്രധാന ഘടകമായ ഹീമോഗ്ലോബിൻ ആണ്. സ്വാഭാവികമായും പുരുഷന്മാരിൽ മേൽ സൂചിപ്പിച്ച രണ്ടുതരം രക്താണുക്കളും കൂടുതലുള്ളതിനാൽ സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ അധിക ഊർജ്ജവും രോഗപ്രതിരോധശേഷിയും കൈവരിക്കാൻ അവരെ സഹായിക്കുന്നു. അതുപോലെ തന്നെ പേശീബലം, ശരീരഭാരം, അസ്ഥികളുടെ ദൃഡത, ശരീരവലിപ്പം, വേഗത തുടങ്ങി അനേകം കാര്യങ്ങളിൽ പുരുഷന്മാർ സ്ത്രീകളേക്കാൾ മുൻപന്തിയിൽ നിൽക്കുന്നു. ഈ പ്രത്യേകതകൾ കൊണ്ടാവാം പ്രാചീനകാലം മുതൽക്കേതന്നെ സമൂഹം പുരുഷന് സ്ത്രീയേക്കാൾ പ്രാധാന്യം കൽപിച്ചു പോന്നത്. കൂടാതെ സ്ത്രീകളിലെ ആർത്തവപ്രക്രിയയുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും ചുവടുപറ്റി അവളെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടാനും അന്നത്തെ സമൂഹം ശ്രമിച്ചുപോന്നു. അതിനൊരു പരിധി വരെ കാരണമായത് വിവിധ മതങ്ങൾ സ്ത്രീകളോട് പുലർത്തിപ്പോന്ന സമീപനം കൊണ്ടുകൂടിയായിരുന്നു എന്നത് പറയാതെ വയ്യ.

എന്നാൽ ഇന്ന് ഈയവസ്ഥക്ക് മാറ്റം വന്നു തുടങ്ങിയിരിക്കുന്നു എന്നത് തികച്ചും ആശാവഹമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പേ തന്നെ ഈ മാറ്റത്തിന്റെ നാന്ദികുറിക്കപ്പെട്ടിരുന്നുവെന്ന് വേണം അനുമാനിക്കാൻ. വളരെ മുമ്പ് തന്നെ ശാസ്ത്രരംഗത്തും സാഹിത്യരംഗത്തും കായികരംഗത്തും ഭരണരംഗത്തുമെല്ലാം വനിതാ രത്‌നങ്ങൾ വിളങ്ങിനിന്നിരുന്നുവെന്ന കാര്യങ്ങളെക്കുറിച്ചെല്ലാം നാം വായിച്ചും കേട്ടും അറിഞ്ഞവരാണ്. 1903 ലും 1911 ലും നൊബേൽ പുരസ്‌ക്കാരം നേടി പോളണ്ടുകാരിയായ മേരി ക്യൂറി നമ്മെ ഞെട്ടിച്ചിട്ടുണ്ട്. വാലന്റീന തെരെഷ്‌കോവയും സുനിതാ വില്ല്യംസും കൽപനാ ചൗളയും അടക്കമുള്ള വനിതകൾ ബഹിരാകാശയാത്ര നടത്തിയതറിഞ്ഞ് നാം ആശ്ചര്യപ്പെട്ടിട്ടുണ്ട്. മെർലിൻ മൺറോയുടെ അഭിനയചാരുതയും സൗന്ദര്യവും നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. മാതൃരാജ്യത്തിനു വേണ്ടി യുദ്ധം നയിച്ച ഫ്രഞ്ച് പെൺകുട്ടി ജൊവാൻ ഓഫ് ആർക്കിനെയും നമ്മുടെ ഝാൻസി റാണിയെയും ആർക്ക് മറക്കാൻ കഴിയും.? എത്രയോ വനിതാകായികതാരങ്ങളെക്കുറിച്ച് നാം കേട്ടറിഞ്ഞിരിക്കുന്നു. ടെന്നീസ് താരം സ്റ്റെഫി ഗ്രാഫിന്റെയും അന്നാ കൂർണിക്കോവയുടെയും തുടങ്ങി ഇന്ന് മരിയ ഷറപ്പോവയുടെയും നമ്മുടെ സ്വന്തം സാനിയ മിർസയുടെയും പ്രകടനം നാം ആസ്വദിച്ചവരാണ്. പോൾവാട്ട് ഇതിഹാസം യെലേന ഇസിൻബയേവ ഇന്നും പുതിയ ഉയരങ്ങൾ താണ്ടി നമ്മെ ത്രസിപ്പിക്കുന്നു. കായികരംഗത്തെ വനിതാ പട്ടിക വളരെ വലുതാണ്. നമ്മുടെ സ്വന്തം പി.റ്റി ഉഷയും ബീനാമോളും മേരികോമും സൈന നെഹ്വാളും ഒക്കെയുൾപ്പെടുന്ന അതിബൃഹത്തായ പട്ടിക. നമുക്ക് അഭിമാനിക്കാം കായികമേഖലയിലേക്ക് നമ്മുടെ രാജ്യം സംഭാവന ചെയ്ത ഈ അമൂല്യതാരങ്ങളെയോർത്ത്.

എത്രയോ രാജ്യങ്ങളുടെ ഭരണരംഗത്ത് വെന്നിക്കൊടി പാറിച്ച, പുരുഷമേധാവിത്വത്തെ ഇളക്കിപ്രതിഷ്ഠിച്ച വനിതാഭരണാധികാരികളുണ്ട്. ആദ്യമായി ഒരു വനിത ഭരണതലപ്പത്തെത്തുന്നത് സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) സിരിമാവോ ബന്ദാരനായകെ ആണ്. ശേഷം ലാൽ ബഹദൂർ ശാസ്ത്രിയുടെ വിയോഗത്തെത്തുടർന്ന് ഇന്ദിരാഗാന്ധി 1966 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഇന്ദിരാഗാന്ധിയുടെ ആദ്യ ഭരണ കാലയളവിലാണ് (1966 - 1977) പ്രിവിപഴ്‌സ് നിർത്തലാക്കിയതും, പൊതുമേഖലാ ബാങ്കുകൾ ദേശസാൽക്കരിച്ചതും, പാക്കിസ്ഥാനെതിരേയുള്ള യുദ്ധവിജയവും(1971), കിഴക്കൻ പാക്കിസ്ഥാൻ വിഭജിച്ച് ബംഗ്ലാദേശ് രൂപീകരിക്കുന്നതിന് കാരണമായതും, അടിയന്തരാവസ്ഥ (1975) പ്രഖ്യാപിക്കപ്പെട്ടതും. അടിയന്തരാവസ്ഥയെ തുടർന്ന് 1977 ൽ ഇന്ദിരാഗാന്ധി ഭരണത്തിൽ നിന്ന് നിഷ്‌കാസിതയായെന്കിലും 1980 ലെ പൊതുതിരഞ്ഞെടുപ്പിൽ അതിശക്തമായി തിരിച്ചുവന്നു. ഒടുവിൽ ധീരമായ നിലപാടുകളുടെ പേരിൽ സിഖ് തീവ്രവാദത്തിന്റെ ഇരയായി 1984 ഒക്ടോബർ 31 ന് രക്തസാക്ഷിത്വം വരിച്ചു. എങ്കിലും ഇന്ത്യാ ചരിത്രത്തിലെ ആ ഉരുക്കുവനിത ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു. ഇസ്രയേലിൽ 1969 ൽ ലേബർ പാർട്ടിയുടെ ഗോൾഡാ മെയർ പ്രധാനമന്ത്രിയായതാണ് ലോകചരിത്രത്തിൽ മൂന്നാമത്തേത്. 10 വർഷങ്ങൾക്ക് ശേഷം 1979 ൽ ബ്രിട്ടനിൻ കൺസർവേറ്റീവ് പാർട്ടി നേതാവ് മാർഗരറ്റ് താച്ചർ പ്രധാനമന്ത്രിയായി അധികാരമേറ്റു. 1991 ൽ ഫ്രാൻസിൽ ഈഡിത്ത് ക്രസണും 93 ൽ കാനഡയിൽ കിം കാംബെല്ലും അധികാരത്തിലേറി. തുടർന്ന് പാക്കിസ്ഥാനിൽ ബേനസീർ ഭൂട്ടോയും, ബംഗ്ലാദേശിൽ ഷേഖ് ഹസീനയും ബീഗം ഖാലിദ സിയയും, ശ്രീലങ്കയിൽ ചന്ദ്രിക കുമാരതുംഗെയും , ജർമനിയിൽ ആംഗല മെർക്കലും, ഫിലിപ്പീൻസിൽ ഗ്ലോറിയോ അറോയോയും, ഓസ്ട്രേലിയയിൽ ജൂലിയ ഗില്ലാർഡും, അർജന്റീനയിൽ ക്രിസ്റ്റീന ഫെർണാണ്ടസും, ബ്രസീലിൽ ദിൽമ റൂസഫും ഭരണത്തിലേറി. ഇന്ത്യയിൽ പ്രതിഭ പാട്ടീലിലൂടെ ആദ്യമായി ഒരു വനിത രാഷ്ട്രപതിസ്ഥാനത്തെത്തുന്നതും നാം കണ്ടു. ബ്രിട്ടനിൽ തെരേസ മെയ് ഭരണ തലപ്പത്തെത്തിയതാണ് ഈ ശ്രേണിയിൽ അവസാനത്തേത്.

കേരളത്തിലേക്ക് വരികയാണെങ്കിൽ വനിതകൾക്ക് പ്രഥമ പരിഗണന നൽകുന്ന ഒരു സമൂഹത്തെയാണ് കാണാൻ കഴിയുക. ഇപ്പോൾത്തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 50% സീറ്റുകളും വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. കേരളത്തിലെ കോർപറേഷൻ, മുൻസിപ്പാലിറ്റി, ത്രിതലപഞ്ചായത്തുകളിൽ പകുതിയും ഇന്ന് ഭരിക്കുന്നത് വനിതാ അദ്ധ്യക്ഷമാരാണ് എന്നുള്ളത് സ്ത്രീശാക്തീകരണത്തിന് നാം എത്രത്തോളം പ്രാധാന്യമാണ് നൽകുന്നതെന്ന് വരച്ചുകാട്ടുന്നു. നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് നിരീക്ഷിക്കുമ്പോൾ ഇന്ന് സർവ്വമേഖലകളിലേക്കും വനിതകൾ കടന്നുവരുന്നുണ്ട് എന്നത് തികച്ചും അഭിമാനകരമായ നേട്ടമാണ്. സിവിൽ സർവ്വീസ്, പൊലീസ് സേന, സൈനിക മേഖല, ന്യായാധിപർ, അഭിഭാഷകവൃത്തി, ബിസിനസ് തുടങ്ങി മുൻകാലങ്ങളിൽ സ്ത്രീകൾ കടന്നുവരാൻ മടിച്ചു നിന്നിടത്തുപോലും ഇന്നവർ നിറഞ്ഞുനിൽക്കുന്നത് സമൂഹത്തിന്റെ കൂടി പിന്തുണയുള്ളതുകൊണ്ടാണ്. ഈ മാതൃക രാജ്യമെമ്പാടും വ്യാപിക്കേണ്ടതുണ്ട്. കുറഞ്ഞപക്ഷം വനിതാ മുഖ്യമന്ത്രിമാരുള്ള ജമ്മു കാശ്മീർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ അടിയന്തരമായി സ്ത്രീശാക്തീകരണ നടപടികളും വനിതാ പ്രാധിനിത്യ നിയമവുമായി മുന്നോട്ട് വരേണ്ടതുണ്ട്. അതിനുള്ള വിശാലമനസ്സ് ഈ വനിതാ ഭരണാധികാരികൾക്കെങ്കിലും ഉണ്ടാവാതെ സ്ത്രീശാക്തീകരണം പ്രസംഗിച്ച് നടക്കുന്നതു കൊണ്ടുമാത്രം പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. വനിതാ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും കമ്മീഷനുകളും ആദ്യം ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരു വ്യക്തത വരുത്തട്ടെ.

മാറ്റി നിർത്തപ്പെടേണ്ടവരല്ല വനിതകൾ എന്നത് അവരേക്കാൾ നന്നായി മനസ്സിലാക്കുന്നത് സ്വതവേ പുരുഷന്മാർ തന്നെയാണ്. അതുകൊണ്ടാണല്ലോ 140 ൽ 133 അംഗങ്ങളും പുരുഷന്മാരായിരുന്ന പന്ത്രണ്ടാം കേരള നിയമസഭ 2009 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50% വനിതാ പ്രാധിനിത്യം കൊണ്ടുവരാനുള്ള ബിൽ ഐകകണ്‌ഠേന നിയമമാക്കിയതും തൊട്ടടുത്ത വർഷത്തെ LSGD ഇലക്ഷനിൽ പ്രസ്തുത നിയമമനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തുവാൻ സാധിച്ചതും. തങ്ങൾക്കും സമത്വം വേണമെന്നും പുരുഷനു ലഭിക്കുന്ന അവകാശങ്ങൾ തങ്ങൾക്കും കൂടി അവകാശപ്പെട്ടതാണെന്നും വനിതകൾ സ്ഥാപിക്കേണ്ടത് നിലവിലുള്ള വ്യവസ്ഥകളോട് കലഹിച്ചു കൊണ്ടാകരുത്. മറിച്ച് നിങ്ങൾ സ്വീകാര്യരാവേണ്ടത് നിങ്ങളുടെ നേതൃശേഷിയും കഴിവുകളും സമൂഹത്തെക്കൂടി ബോദ്ധ്യപ്പെടുത്തിക്കൊണ്ടാവണം. ജീവിതവിജയം വരിച്ച നിങ്ങളുടെ മുൻതലമുറ മേൽസൂചിപ്പിച്ച രീതികളിലൂടെയാണ് സമൂഹത്തിന് പ്രിയപ്പെട്ടവരായത്. നിങ്ങൾ യോഗ്യരാണെങ്കിൽ നിങ്ങളെ ഉൾക്കൊള്ളാൻ ഈ സമൂഹം തയ്യാറാവും എന്നത് ഒരു യാഥാർത്ഥ്യമായി ഉൾക്കൊള്ളുമ്പോൾ നിങ്ങൾ വിജയിച്ചു തുടങ്ങുന്നു. 8 വർഷങ്ങൾക്ക് മുമ്പ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാവാനുള്ള മത്സരത്തിൽ ബറാക് ഒബാമയുടെ മുമ്പിൽ പിന്തള്ളപ്പെട്ടു പോയിരുന്നു ഹിലറി ക്ലിന്റൺ. അന്നത്തെ അവസ്ഥയോട് സമരസപ്പെടാൻ ആ വനിതക്ക് കഴിയാതെ പോയിരുന്നുവെങ്കിൽ ഇന്ന് 8 സംവത്സരങ്ങൾക്കിപ്പുറം അതേ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി അമേരിക്കൻ ജനതയുടെ മുന്നിൽ നിൽക്കുവാൻ സാധിക്കുമായിരുന്നില്ല. വൈകിയാണെങ്കിലും തന്റെ കഴിവുകൾ ഉറപ്പായും മാറ്റുരക്കപ്പെടുമെന്നുള്ള ആത്മവിശ്വാസമുള്ളവർക്ക് വിജയവുമുണ്ട്.

കേരളം നിങ്ങൾക്കൊരു വാഗ്ദത്ത ഭൂമികയാണ്. വനിതകളെ കരുതുന്ന ഒരു ജനതയും സംസ്‌ക്കാരവും ഇവിടെയുണ്ട് എന്നതിൽ നിങ്ങൾക്ക് അഭിമാനിക്കാം. ഈ നാട്ടിൽ ലഭിക്കുന്ന സ്വാതന്ത്ര്യം നിങ്ങൾക്ക് ആവോളം ആസ്വദിക്കാം. ആ സ്വാതന്ത്ര്യം വിവേകപൂർവ്വം ഉപയോഗിക്കുമെങ്കിൽ നിങ്ങൾക്ക് അത്രകണ്ട് സംരക്ഷണവും പിന്തുണയും ഈ നാട് വച്ച് നീട്ടുമെന്ന കാര്യത്തിൽ തർക്കമില്ല. പാശ്ചാത്യ സംസ്‌ക്കാരമല്ല മലയാളത്തനിമയും ശാലീനതയുമായിരിക്കട്ടെ നിങ്ങളുടെ സൗന്ദര്യം.

(ലേഖകൻ ചക്കിട്ടപാറ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി വൈസ് പ്രസിഡന്റാണ്.)