- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള വികസനത്തെക്കുറിച്ച് പ്രവാസികൾക്കും സ്വപ്നം കണ്ടു കൂടെ
അടുത്ത പത്തോ, ഇരുപതോ വർഷങ്ങൾക്കുള്ളിൽ കേരളത്തിലുണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ച് നമുക്ക് എല്ലാവർക്കും സ്വപനങ്ങളുണ്ട്. അത് ഒരു പ്രവാസിയുടെ ഗൃഹാതുരതയിൽ ചാലിച്ച് അവതരിപ്പിക്കാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. രാഷ്ട്രീയ മാനങ്ങളില്ലാതെ, വികസന കാഴ്ചപ്പാടുകൾ മാത്രം ചർച്ച ചെയ്യാനാണ് ഇതിലൂടെ ഉദ്യമിക്കുന്നത്. ഗവൺമെന്റ് സർവ്വീസ് സെക്ടർ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും, കാര്യക്ഷമവുമാക്കുക എന്നത് വളരെക്കാലമായുള്ള ഒരു മുറവിളിയാണ്. ഭൂമി സംബന്ധിയായ രേഖകൾ പൂർണ്ണമായും കമ്പ്യൂട്ടർ വത്ക്കരിക്കണം. ടെലിഫോൺ ബിൽ, വാട്ടർ ബിൽ, സ്ഥലനികുതി, വീട്ടുകാരം മുതലായവയെല്ലാം തന്നെ ഓൺലൈൻ സംവിധാനത്തിലൂടെയും അടയ്ക്കാവുന്ന വിധം ക്രമീകരിക്കണം. ഏത് സർക്കാർ ഓഫീസ് ആയാലും, അവിടെ വിവിധ കാര്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളുടെ വിഷയങ്ങൾ കാലവിളംബമെന്യേ പരിഹരിക്കണം. കേരളത്തിലെ റവന്യു വരുമാനത്തിലെ മൂന്നിൽ രണ്ടു ഭാഗവും ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും, പെൻഷനും വേണ്ടി ചെലവാക്കുന്ന സ്ഥിതിവിശേഷം അതീവ ശ്രദ്ധ അർഹിക്കുന്നതാണ്
അടുത്ത പത്തോ, ഇരുപതോ വർഷങ്ങൾക്കുള്ളിൽ കേരളത്തിലുണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ച് നമുക്ക് എല്ലാവർക്കും സ്വപനങ്ങളുണ്ട്. അത് ഒരു പ്രവാസിയുടെ ഗൃഹാതുരതയിൽ ചാലിച്ച് അവതരിപ്പിക്കാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. രാഷ്ട്രീയ മാനങ്ങളില്ലാതെ, വികസന കാഴ്ചപ്പാടുകൾ മാത്രം ചർച്ച ചെയ്യാനാണ് ഇതിലൂടെ ഉദ്യമിക്കുന്നത്.
- ഗവൺമെന്റ് സർവ്വീസ് സെക്ടർ
സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും, കാര്യക്ഷമവുമാക്കുക എന്നത് വളരെക്കാലമായുള്ള ഒരു മുറവിളിയാണ്. ഭൂമി സംബന്ധിയായ രേഖകൾ പൂർണ്ണമായും കമ്പ്യൂട്ടർ വത്ക്കരിക്കണം. ടെലിഫോൺ ബിൽ, വാട്ടർ ബിൽ, സ്ഥലനികുതി, വീട്ടുകാരം മുതലായവയെല്ലാം തന്നെ ഓൺലൈൻ സംവിധാനത്തിലൂടെയും അടയ്ക്കാവുന്ന വിധം ക്രമീകരിക്കണം. ഏത് സർക്കാർ ഓഫീസ് ആയാലും, അവിടെ വിവിധ കാര്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങളുടെ വിഷയങ്ങൾ കാലവിളംബമെന്യേ പരിഹരിക്കണം. കേരളത്തിലെ റവന്യു വരുമാനത്തിലെ മൂന്നിൽ രണ്ടു ഭാഗവും ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും, പെൻഷനും വേണ്ടി ചെലവാക്കുന്ന സ്ഥിതിവിശേഷം അതീവ ശ്രദ്ധ അർഹിക്കുന്നതാണ്. മാറി മാറഇ വരുന്ന സർക്കാരുകൾ സ്വന്തം ആളുകളെ തിരുകി കയറ്റിയതു നിമിത്തമാണ് ഇങ്ങനെ സംഭവിച്ചത്. ഈ കാരണം കൊണ്ടുതന്നെ വികസപ്രവർത്തനങ്ങൾക്ക് വേണ്ടത്ര ഫണ്ട് കിട്ടുന്നില്ല. റവന്യുക്കമ്മി നികത്താൻ ആദ്യമായി കേരളീയർ ചെയ്യേണ്ടത്, 'അടുത്ത പത്ത് വർഷത്തേയ്ക്ക് ആരെയും റിക്രൂട്ട് ചെയ്യുകയില്ല എന്ന് തീരുമാനിക്കുകയാണ്.' മറ്റു ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണെങ്കിൽ, പെൻഷൻ പ്രായം 58 ആക്കുക, നിലവിൽ വെറുതെ ഇരിക്കുന്ന ഡിപ്പാർട്ടുമെന്റുകളായ കൃഷി, ഇറിഗേഷൻ, കെഎസ്ഇബി സിവിൽ വിങ്ങ് (ലിസ്റ്റ് പൂർണ്ണമല്ല) മുതലായവയിലെ മൂന്നിൽ രണ്ടു ഭാഗം ജീവനക്കാരെയും പുനർവിന്യസിക്കുക എന്നിവയാണ്.
തെക്ക് - വടക്ക് പാതയും, മറ്റു റോഡുകളും:
നമ്മുടെ സംസ്ഥാനത്തെ റോഡുകൾ ഇപ്പോഴുള്ള ഗതാഗത സാന്ദ്രത താങ്ങുവാൻ പര്യാപ്തമല്ല. റോഡ് ശൃംഗല മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന തടസം സ്ഥലത്തിന്റെ അപര്യാപ്തതയും, റോഡ് വക്കിലുള്ള കെട്ടിടങ്ങളുമാണ്. ഇപ്പോഴത്തെ നിലയിൽ തന്നെ നമുക്ക് ധാരാളം ഹൈവേകൾ ആവശ്യമുണ്ട്. തെക്ക് - വടക്ക് പാതയ്ക്ക് തന്നെ ചുരുങ്ങിയത് ആറ് നിരകൾ വേണം. ഭാവിയിലേയ്ക്ക് അത് എട്ട് ലെയിനുകളായി വികസിപ്പിക്കാനുള്ള സൗകര്യവും വേണം.
റോഡ് വികസനത്തിന്റെ കാര്യത്തിൽ നമുക്ക് ദീർഘവീക്ഷണത്തോടെയുള്ള ഒരു നയപരിപാടി വേണം. എല്ലാ റോഡുകളുടെയും സ്ഥാന നിർണ്ണയത്തിനുശേഷം (ഇപ്പോഴത്തെ സ്ഥിതിയിലും), ഇരുവശങ്ങളിലും ആവശ്യത്തിന് സ്ഥലം അളന്ന് വേർതിരിച്ച് ഇടണം. റോഡ് പണികൾ തുടങ്ങുന്നതുവരെ, പ്രസ്തുത സ്ഥലമുടമകൾക്ക്, അവിടെ സ്ഥിര നിർമ്മാണങ്ങൾ ഒഴിച്ച് മറ്റെല്ലാജോലികളും ചെയ്യാൻ അനുമതി കൊടുക്കണം. ഈ നടപടി ഇപ്പോൾ തന്നെ സ്വീകരിച്ചാൽ സ്ഥലമേറ്റെടുക്കലിലെ സമ്മർദ്ദം ഭാവിയിൽ വളരെ ലഘൂകരിക്കാൻ സാധിക്കും. നിലവിലുള്ള റോഡുകൾക്കായാലും വികസിപ്പിക്കാൻ പോകുന്ന റോഡുകൾക്കായാലും, ഇരുവശങ്ങളിലും, കോൺക്രീറ്റ് കൊണ്ടുള്ളതോ അല്ലെങ്കിൽ കല്ലു പതിച്ചതോ ആയ ഡ്രെയിനേജ് സംവിധാനം വേണം. ഈ ഡ്രെയിനേജുകൾ, അടുത്തുള്ള തോട് അല്ലെങ്കിൽ പുഴ വരെ സ്ലോപ്പിൽ പോയി, മഴ വെള്ളം തള്ളി പോകുന്ന വിധത്തിലായിരിക്കണം. ഹൈവേകളുടെ വശങ്ങളിൽ ഇടയ്ക്കിടയ്ക്ക് റെസ്റ്റ് ഏരിയ ഏർപ്പെടുത്താം. നോർത്ത് - സൗത്ത് കോറിഡോറിന്റെ റൂട്ട്, ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ ഒഴിവാക്കി നിർണ്ണയിക്കാൻ, ജിപിഎസ് സർവ്വേയാണ് ഉപയോഗിക്കേണ്ടത്. ഈ മെയിൻ ഹൈവേ നിർമ്മിക്കുമ്പോൾ അതോടൊത്ത് യൂട്ടിലിറ്റി കോറിഡോറും പരിഗണിക്കണം. നിർദ്ദിഷ്ട കൊച്ചി - നോർത്ത് കേരള ഗ്യാസ് പൈപ്പ് ലൈൻ, കൂടംകുളം-മദ്ധ്യ കേരള ട്രാൻസ്മിഷൻ ലൈൻ എന്നിവ ഈ ഹൈവേയുടെ രണ്ട് വശങ്ങളിലായി, ഭൂമിക്കടിയിലൂടെ സ്ഥാപിക്കാവുന്നതാണ്. തെക്കുവടക്കു പാത ഉണ്ടാക്കുമ്പോൾ, റെയിൽവേയുടെ അതിദ്രുത കോറിഡോറിന്റെ ആവശ്യമില്ല. രണ്ടിനും ഇപ്പോഴത്തെ നിലയിൽ ഒരു ലക്ഷം കോടി രൂപ വീതം ചെലവ് വരും. മാത്രമല്ല, ആധുനിക റോഡുകളുടെ സംസ്‌കാരം സംസ്ഥാനത്തൊട്ടാകെ നിലവിൽ വരണമെങ്കിൽ തെക്കുവടക്കുപാത അത്യന്താപേക്ഷിതമാണ്. ഉടനടി തുടങ്ങേണ്ട തെക്കു-വടക്കു പാതയ്ക്ക് വേണ്ടി സ്ഥലമെടുക്കുമ്പോൾ ഉണ്ടാവുന്ന തടസങ്ങളെ തരണം ചെയ്യാൻ, മൂന്നനുഭവങ്ങളുടെ വെളിച്ചത്തിൽ മൂന്നു കാര്യങ്ങളിൽ പ്രത്യേകശ്രദ്ധ വേണം. ഒന്ന്, അക്വയർ ചെയ്യുന്ന സ്ഥലത്തിന് മാർക്കറ്റ് വില നൽകണം. രണ്ട്, പ്രതിഫലത്തുക സ്ഥലമേറ്റെടുക്കുന്ന അതേ ദിവസം തന്നെ സ്ഥലമുടമയ്ക്ക് നൽകണം. മൂന്ന്, ഈർക്കിൽ പാർട്ടികൾക്കും, തീവ്ര നിലപാടുകൾ പുലർത്തുന്ന മത, രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും, ജനങ്ങളെ ഇളക്കിവിടാനുള്ള അവസരം കൊടുക്കരുത്.
ഇന്ധനവും, ഊർജ്ജവും, വൈദ്യുതിയും:
ഫോസിൽ ഇന്ധനങ്ങളുടെ ഭാവിയിലെ ലഭ്യത സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നതുകൊണ്ട്, ഊർജ്ജ സംരക്ഷമം കാര്യക്ഷമമായി നടപ്പിലാക്കേണ്ടതുണ്ട്. അതേപോലെ തന്നെ പുതുക്കാവുന്നതും, പരിസ്ഥിതി സൗഹൃദപരവുമായ സോളാർ എനർജി, വിൻഡ്മിൽ, ഗോബാർ ഗ്യാസ്, ചെറുകിട ജനലസേചന പദ്ധതികൾ എന്നിവ പരമാവധി ഉപയോഗപ്പെടുത്തണം. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചാൽ, ആഗോള താപനവും നിയന്ത്രിക്കാൻ കഴിയും. നമ്മുടെ സംസ്ഥാനം ഭൂമദ്ധ്യരേഖാ പ്രദേശത്തായതുകൊണ്ട്, ആണ്ട് മുഴുവൻ ധാരാളം സൂര്യപ്രകാശം ഇവിടെ ലഭിക്കുന്നുണ്ട്. അതുകൊണ്ട് സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുവാനുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. പുതിയതായി പണിയുന്ന വീടുകളുടെ മേൽക്കൂര മുഴുവനായി തന്നെ സോളാർ പാനൽകൊണ്ട് നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ നമ്മൾ വികസിപ്പിച്ച് നടപ്പിലാക്കണം. കോഴിക്കോട് എൻഐടിയിലെയോ, പഴയ എഞ്ചിനീയറിങ് കോളേജുകളായ സിഇടി, തിരുവനന്തപുരം, എൻഎസ്എസ് പാല്ക്കാട് എന്നിവടിങ്ങളിലെയോ വിദ്യാർത്ഥികളെ ഈ പ്രോജക്ട് ഏൽപ്പിക്കാവുന്നതാണ്.
ആതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതിനു മുമ്പായി, മുടങ്ങിക്കിടക്കുന്ന പള്ളിവാസൽ, തൊട്ടിയാൽ മുതലായ പദ്ധതികൾ അടുത്ത രണ്ടുവർങ്ങൾക്കുള്ളിൽ പൂർത്തിയാക്കണം. ഇല്ലാതെ വന്നാൽ അവിടങ്ങളിലേയ്ക്ക് എത്തിച്ചിരിക്കുന്ന മെഷിനറികൾ തുരുമ്പ് പിടിച്ച് നശിച്ചുപോകും.
കാര്യക്ഷമത കുറവും, മലിനീകരണം കൂടുതലും ആയതുകൊണ്ട് ടൂ സ്‌ട്രോക് എഞ്ചിനുകൾ ഘട്ടം ഘട്ടമായി നിരോധിക്കണം. ഓട്ടോറിക്ഷാ പോലെയുള്ള ചെറുവാഹനങ്ങൾ, സൂറത്ത് നഗരത്തിലേതുപോലെ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG) ഇന്ധനത്തിൽ ഓടിക്കണം.
പാർപ്പിട രംഗത്തുണ്ടാവേണ്ട മാറ്റങ്ങൾ:
നാം ഒരു വികസിത രാജ്യമായി മാറണമെങ്കിൽ എല്ലാ പൗരന്മാർക്കും സ്ഥിരവും, ആവശ്യങ്ങൾക്ക് ഉതകുന്നതുമായ വീടുകൾ നിർമ്മിച്ചു നൽകേണ്ടതുണ്ട്. ചേരി പ്രദേശങ്ങളിൽ ഭവന സമുച്ചയങ്ങൾ നിർമ്മിക്കണം. പുതിയ ബജറ്റിലെ പ്രീഫാബ്രിക്കേറ്റഡ് ഭവനങ്ങൾ എന്ന ആശയം ഇതിയേക്ക് ഒരു ചവിട്ടുപടിയാണ്. പ്രീ ഫാബ്രിക്കേറ്റഡ് ഭവനങ്ങളുടെ റൂഫ്, സോളാർ പാനലുകൾ കൊണ്ട് ഉണ്ടാക്കാവുന്നതേയുള്ളു.
നമ്മുടെ പട്ടണങ്ങളിലേയും നഗരങ്ങളിലേയും അടിസ്ഥാന സൗകര്യങ്ങൾ അടിമുടി മാറണം. പച്ചക്കറി, മത്സ്യ, മാംസ ചന്തകൾ പരിഷ്‌ക്കരിക്കണം. അറവുശാലകൾ കൂടുതൽ വൃത്തിയുള്ളതും, ശാസ്ത്രീയമായി സംവിധാനം ചെയ്യപ്പെട്ടവയുമാകണം. പട്ടണങ്ങലിലും, നഗരങ്ങളിലും ഭൂഗർഭമലിനജല നിർഗമന നാളികളും, മറ്റു മാലിന്യ നിർമ്മാർജന സംവിധാനങ്ങളും വേണം. എഫ്‌ലുവൻസ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ (ETP) വഴി മാലിന്യത്തിൽ നിന്ന് ശുദ്ധ ജലവും, വളവും, ഇന്ധനവാതകവും നിർമ്മിക്കണം. പുതിയതായി നിർമ്മിക്കുന്ന എല്ലാ ബഹുനില കെട്ടിടങ്ങളുടെയും താഴത്തെ നിലകൾ പാർക്കിംഗിനുവേണ്ടി നിർബന്ധമായും നീക്കിവെയ്ക്കണം.
വാട്ടർ മാനേജ്‌മെന്റ്
എല്ലായിടത്തും വെള്ള ലഭ്യത ഉറപ്പ് വരുത്താൻ മഴവെള്ളത്തിന്റെ ശേഖരണം തത്വത്തിലും പ്രയോഗത്തിലും വികസിപ്പിക്കണം. ഗാർഹിക ഉപയോഗത്തിനും, കൃഷിയുടെയും, വ്യവസായങ്ങളുടെയും ആവശ്യത്തനും വേണ്ടി തടസമില്ലാത്ത ജലവിതരണം നടത്തേണ്ടത് നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. കേരളത്തിൽ ആവശ്യത്തിന്റെ അനേകമടങ്ങ് മഴ ലഭിക്കുന്നതുകൊണ്ട് അയൽ സംസ്ഥാനങ്ങൾക്ക് പരമാവധി ജലം വിട്ടുകൊടുക്കണം. അധിക ജലം നദികളിലൂടെ ഒഴുകി കടലിൽ ചേരുന്നതുകൊണ്ട് ആർക്കും പ്രയോജനമില്ലല്ലോ? മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ആശയം പ്രായോഗികമല്ലാത്തതുകൊണ്ട്, ഇപ്പോഴുള്ള അണക്കെട്ടിനെ ഒരു ബാരേജ് എന്ന നിലയിൽ കണക്കാക്കി നിലനിറുത്തണം. ഇതിനായി തമിഴ്‌നാട്ടിൽ കൂടുതൽ ജലം സംഭരിക്കാനുള്ള സൗകര്യം ഒരുക്കുകയും, ഇപ്പോഴത്തെ മുല്ലപ്പെരിയാൽ റിസർവ്വേയറിൽ നിന്ന് ടണൽ വഴി തത്സമയം ജലം കൊണ്ടുപോകാനുള്ള സംവിധാന ഏർപ്പെടുത്തുകയും ചെയ്യണം. ഈ പുതിയ സംവിധാനം ഒരുക്കുമ്പോൾ, പ്രസ്തുത അവസരം ഉപയോഗപ്പെടുത്തി, 999 വർഷത്തേയ്ക്കുള്ള മുല്ലപ്പെരിയാൽ കരാർ കാലികമായി പുതുക്കുകയും വേണം. കേന്ദ്രത്തിന്റെ നദീസംയോജന പദ്ധതികളോട് പൂർണ്ണമായും സഹകരിച്ച് മറ്റു സംസ്ഥാനങ്ങളുമായി നമ്മുടെ അധിക ജലം പങ്കുവെയ്ക്കണം, അതിന് മാന്യമായ രീതിയിലുള്ള വിലയും ഈടാക്കി സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കണം. ഇത്തരം കാര്യങ്ങളെ വികാരപരമായി സമീപിക്കാതെ, വിവേകത്തോടെ കൈകാര്യം ചെയ്യണം.
വനവും പ്രകൃതി സംരക്ഷണവും
സംസ്ഥാനത്തെ അവശേഷിക്കുന്ന വനവിസ്തൃതി അതേപടി നിലനിറുത്തണം. മറ്റിടങ്ങളിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കണം. ഇപ്പോൾ തന്നെ പൊതു ജനങ്ങൾക്കിടിയിൽ താല്പര്യം ജനിപ്പിച്ചിരിക്കുന്ന പ്ലാവ് വെയ്ക്കൽ, പൂർവ്വാധികം ശക്തിയോടെ തുടരാവുന്നതാണ്. ഭാവിയിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങളെ നേരിടാനും പ്ലാവും, ചക്കയും സഹായിക്കും. ജൈവ വൈവിധ്യം പരിരക്ഷിക്കുന്നതോടൊപ്പം ഒരു ജീവി വർഗ്ഗത്തേയും വംശനാശത്തിലേയ്ക്ക് തള്ളിവിടരുത്. ഭാവി തലമുറകൾക്ക് വേണ്ടി നാം അനുഷ്ഠിക്കേണ്ട സുപ്രധാനമായൊരു കർത്തവ്യമാണിത്.
കൃഷിയും അനുബന്ധ മേഖലകളും: വിഷരഹിത പച്ചക്കറി കൃഷി മുതലായവ
കൃഷിയും കാലി വളർത്തലും കേരളീയ സമൂഹത്തിന്റെ പ്രാഥമിക കർമ്മ രംഗമായി തുടരുകയാണ്. അതിന് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകണം. ഭക്ഷ്യ സുരക്ഷ നേടുന്നതനായി നാം തുടർച്ചയായി ശ്രമിക്കേണ്ടതുണ്ട്. കൃഷിഭൂമി തരിശിടാതെ പ്രത്യേകം ശ്രദ്ധിക്കണം. 'പാടത്തു വെയിൽകൊണ്ടാൽ തൊലി കറുക്കും' എന്ന മലയാളിയുടെ ചിന്താഗതിയാണ് കർഷക തൊഴിലാളികളെ കിട്ടാത്ത അവസ്ഥയിലേയ്ക്ക് കേരളത്തെ എത്തിച്ചത്. ഇതിനായി രണ്ട് പരിഹാരമാർഗ്ഗങ്ങളാണ് നിർദ്ദേശിക്കാനുള്ളത്. ഒന്നാമതായി കൃഷിയിൽ പറ്റുന്നിടത്തോളം യന്ത്രവത്കരണം കൊണ്ടുവരിക. പാശ്ചാത്യ രാജ്യങ്ങളിലെയത്ര യന്ത്രവത്കരണം സാധിക്കില്ലെങ്കിലും നമ്മുടെ സംസ്ഥാനത്തിന് യോജിച്ച രീതിയിൽ കൂടുതലായി യന്ത്രവത്കരണം നടത്തണം. രണ്ടാമതായി, അന്യസംസ്ഥാന തൊഴിലാളികളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുക.
ശാരീരികാധ്വാന മനസിനും ശരീരത്തിനും നല്ലതാണ് എന്ന ആശയം പ്രചരിപ്പിക്കണം. കർഷക തൊഴിലാളികളെ താഴെതട്ടിൽ ഉള്ളവരായി കാണുന്ന മനോഭാവം മാറ്റണം. ഹോർട്ടികൾച്ചർ, ഫ്‌ലോറി കൾച്ചർ, എപ്പികൾച്ചർ, പിസികൾച്ചർ മുതലായവ പ്രചരിപ്പിക്കുന്നതും ഗുണം ചെയ്യും. അടുത്ത കാലത്തായി അടുക്കളത്തോട്ടം, ജൈവകൃഷി വിഷരഹിത ജനശ്രദ്ധ ആകർഷിക്കുന്നത്, നല്ല ഒരു ലക്ഷണമാണ്.
വിദ്യാഭ്യാസ രംഗം
നമ്മുടെ വിദ്യാഭ്യാസ രംഗത്തിന്റെ ഉദ്ദേശം, അച്ചടക്കവും പൗരബോധവുമുള്ള ഒരു ജനതയെ വാർത്തെടുക്കുക എന്നതാണ്. അതോടൊപ്പം കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ച് വിദ്യാഭ്യാസ മേഖല മാറേണ്ടതുണ്ട്. നമുമുടെ ചെറുപ്പക്കാർക്ക് ലോകത്തെവിടെയും തൊഴിൽ നേടാൽ സാധിക്കുന്ന വിധത്തൽ, അവരെ പരിശീലിപ്പിക്കാൻ ഇപ്പോഴത്തെ വിദ്യാഭ്യ്‌സ സ്ഥാപനങ്ങൾക്ക് കഴിയണം.
ഇത്തരം ഒരു തൊഴിലധിഷ്ഠിത മാതൃകയിലേയ്ക്ക് പോകുമ്പോൾ തന്നെ, അടിസ്ഥാന ശാസ്ത്ര, ഗവേഷണ മേഖലകളെ അവഗണിക്കണമെന്ന് അർത്ഥമില്ല. പ്രാഥമിക തലം മുതൽ തന്നെ, ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പാഠ്യ പരിശീലന പദ്ധതികൾ ഏർപ്പെടുത്താം.
വ്യാവസായിക രംഗം:
ഉയർന്ന ജനസാന്ദ്രത, സ്ഥലത്തിന്റെ ലഭ്യതക്കുറവ് എന്നീ കാരണങ്ങളാൽ വൻകിട വ്യവസായ വത്ക്കരണം നമ്മുടെ സംസ്ഥാനത്തിന് യോജിച്ചതല്ല. എങ്കിലും സാമ്പത്തിക അഭിവയോധികിക്കു വേണ്ടി നമുക്ക് യോജിക്കുന്ന ചെറുകിട ഇടത്തരം വ്യവസായസംരംഭങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇത്തരം വ്യവസായങ്ങൾ, കേരളത്തെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി സൗഹൃദവും, അതേപോലെ ഊർജ്ജ സംരക്ഷണത്തിന് ഊന്നൽ നൽകുന്നവയുമാകണം.
വിവിധങ്ങളായ മറ്റുവിഷയങ്ങൾ
സാമൂഹ്യപ്രാധാന്യമുള്ള മറ്റു ചില വിഷങ്ങളും ഇതോടൊന്നിച്ച് പരിശോധിക്കാം. തുറന്ന സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യുന്ന രീതി നമുക്ക് പൂർണ്ണമായും ഒഴിവാക്കണം. ഈ ശീലം നിമിത്തം ഉപരിതലജലം അശുദ്ധമാകുകയും, പകർച്ച വ്യാധികൾ പെരുകുകയും ചെയ്യും. കൂടുതൽ പൊതുകക്കൂസുകൾ സ്ഥാപിക്കുക, തുടർച്ചയായി ബോധവത്ക്കരണം നടത്തുക എന്നീ രണ്ടു മാർഗ്ഗങ്ങളെ ഈ ഉദ്ദേശ സാക്ഷാത്ക്കാരത്തിനായി നമ്മുടെ മുമ്പിൽ ഉള്ളു. അതേപോലെ തന്നെ, പൊതു സ്ഥലങ്ങളിലേയും നഗരങ്ങളിലേയും ശുചിത്വം മെച്ചപ്പെടുത്തേണ്ടതുണ്ട്. ശുചിയാക്കൽ, ഏതെങ്കിലും ജാതിയിൽ പെട്ടവരുടെ ഉത്തരവാദിത്വം മാത്രമാണ് എന്ന ചിന്താഗതി ഈ ആധുനിക കാലഘട്ടതിലെങ്കിലും ഉപേക്ഷിക്കണം.
ആരോഗ്യരക്ഷാഇൻഷുറൻസ് എല്ലാവർക്കും ഏർപ്പെടുത്തണം. സ്വകാര്യം മേഖലയ്ക്കും ഈ രംഗത്ത് കാര്യമായ സംഭാവനകൾ ചെയ്യാനാവും. ലോകത്തൊരിടത്തും വിജയിച്ചിട്ടില്ലാത്ത മദ്യനിരോധനം ചർച്ച ചെയ്ത് സമയം മിനക്കെടുത്തരുത്.
രാസവസ്തുക്കളായ കീടനാശിനികൾ, കളനാശിനികൾ, രാസവളങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവയിലുള്ള ആശ്രയത്വം പടിപടിയായി കുറച്ചുകൊണ്ടുവരണം. മഴയും കടലും മൂലമുള്ള മണ്ണൊലിപ്പ് പൂർണ്ണമായും തടയണം. കാരണം ജനസംഖ്യ കൂടുകയും, ഭൂവിസ്തൃതി കുറയുകയും ചെയ്യുന്നു ആപത്കരമായ അവസ്ഥയെയാണ് നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്നത്.
ടൂറിസം, ഐടി മേഖലകളെ പരിപോഷിപ്പിക്കുക എന്നത് കഴിഞ്ഞ കുറെ വർഷങ്ങളായി, നമ്മുടെ സംസ്ഥാനം വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയമാണ്. ഈ രംഗങ്ങളിൽ ഇനിയും നവീനമായ ആശയങ്ങൾ നടപ്പിലാക്കി കൂടുതൽ ഊർജ്ജസ്വലത പകരണം. കുട്ടനാട്ടിലെ ഹൗസ്‌ബോട്ടുകളിൽ കുടിക്കാനും, കുളിക്കാനുമായി ലവണാംശമില്ലാത്ത ജലം നൽകുന്നത് ഗുണം ചെയ്യും. ടൂറിസം, ഐടി മേഖലകളിലെ വളർച്ച, വിദ്യാഭ്യാസ സമ്പന്നരായ ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിൽ സാദ്ധ്യത തുറന്നുകൊടുക്കും.
പുതുതായി കേരളത്തിൽ തുറക്കേണ്ട രണ്ട് തൊഴിൽ മേഖലകളാണ്, വിദേശ മലയാളികളുടെ കേരളത്തിലെ സ്വത്തുക്കൾ നോക്കി നടത്തുക എന്നതും, ഹോം ഡെലിവറിയും. നല്ല നിലയിലുള്ള പല വിദേശ മലയാളികൾക്കും, അവരുടെ കേരളത്തിലുള്ള ഫ്‌ലാറ്റുകൾ, വീട്, ഭൂസ്വത്ത് മുതലായവ നോക്കിനടത്താൻ തടസങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രംഗത്ത് പ്രൊഫഷണലായ സേവനം ആവശ്യമായിട്ടുണ്ട്. ഹോം ഡെലിവറി എന്നു പറയുമ്പോൾ അത് വെറും പിസയിലോ, ഓൺലൈൻ മാർക്കറ്റിംഗിലോ ഒതുക്കേണ്ടതില്ല പച്ചക്കറിയും, പലവ്യഞ്ജനങ്ങളും അടക്കം ആവശ്യമുള്ള സാധനങ്ങൾ, ശാസ്ത്രീയമായ രീതിയിൽ നമുക്ക് വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ചുകൊടുക്കാവുന്നതാണ്. വൈദ്യുതി വിതരണം രംഗത്ത് വരേണ്ട ചില മാറ്റങ്ങൾ, അണ്ടർഗ്രൗണ്ട് കേബിളുകളും, എൽഇഡി ബൾബുകളുമാണ്. പോസ്റ്റുകളിൽ കൂടിയുള്ള കമ്പിവലി കുറച്ചുകൊണ്ടുവന്ന്, പകരം മണ്ണിനടിയിലൂടെ കേബിളുകൾ ഇടണം. ഫിലമെന്റ് ബൾബുകളും, സിഎഫ്എലും മാറ്റി എൽഇഡി ബൾബുകൾ ഉപയോഗിക്കണം. കുട്ടികൾ ഇല്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടണം. സർക്കാർ ശമ്പളം കൊടുക്കുന്ന എല്ലാ തസ്തികകളിലേയ്ക്കും പിഎസ്‌സി വഴി തന്നെ നിയമനം നടത്തണം. സൗജന്യ അരി വിതരണം നിറുത്തണം. സൗജന്യ അരി വിതരണം നിമിത്തം ആളുകൾ അലസരായി തീരുന്നു. മാത്രമല്ല, പ്രഷർ, ഷുഗർ തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ കേരളത്തിൽ വ്യാപകമാവുകയും ചെയ്യുന്നു.
നമ്മുടെ സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കളിൽ പ്രത്യേകിച്ച് പച്ചക്കറികളിൽ ഉള്ള കീടനാശികളുടെ അളവ് പരിശോധിക്കപ്പെടേണ്ടതാണ്. ഇതിന് ആധുനികമായ ലാബുകൾ സംസ്ഥാന അതിർത്തികളിൽ സ്ഥാപിക്കണം. ഇവിടേയ്ക്ക് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാതെ, നിലവിലുള്ളവരെ ട്രെയിനിങ് കൊടുത്ത് പുനർവിന്യസിക്കണം. അടിയന്തിര ഘട്ടങ്ങൾ, പ്രത്യേകിച്ച് അപകടങ്ങളും, പ്രകൃതിക്ഷോഭങ്ങളും കൈകാര്യം ചെയ്യാൻ പഞ്ചായത്തുതലത്തിൽ തന്നെ ഒരു ദ്രുതകർമ്മ സംവിധാനം ആവശ്യമാണ്. അനാഥർ, അംഗവൈകല്യം ഉള്ളവർ, മാനസിക രോഗികൾ, വയോധികജനങ്ങൾ തുടങ്ങിയവരെ പ്രാദേശിക തലത്തിൽ തന്നെ നല്ല രീതിയിൽ പരിരക്ഷിക്കണം.
ഈ വിവിധങ്ങളായ വിഷയങ്ങളിൽ പുതിയ ജനപ്രതിനിധികളുടെ ശ്രദ്ധ പതിയുമെന്നും, അവരുടെ നേതൃത്വത്തിൽ പുത്തൻ കർമ്മ പരിപാടികൾ രൂപം കൊള്ളും എന്നും നമുക്ക് ഉറച്ച് വിശ്വസിക്കാം.