വാർദ്ധക്യം, ലോകത്ത് ജനിച്ച ഓരോ മനുഷ്യനും ഒരിക്കലെങ്കിലും പേടിച്ചിട്ടുള്ള ഒരവസ്ഥ, ഹിറ്റ്‌ലർ മുതൽ നെപ്പോളിയൻ വരെ ഭയത്തോടെ കണ്ടിരുന്ന ജീവിതാവസ്ഥ. ജീവിതത്തിലെ ആരോഗ്യമുള്ള കാലമെല്ലാം മറ്റുള്ളവർക്ക് വേണ്ടി അദ്ധ്വാനിച്ച ശേഷം കരിമ്പിൻ ചണ്ടിപോലെ ഒരു മൂലയിലേക്ക് തള്ളപെടുന്ന ജീവിത കാലഘട്ടം.

ലോക ജനസംഖ്യയുടെ എഴിൽ ഒന്ന് വസിക്കുന്ന ഇന്ത്യയിൽ വയോധികരുടെ എണ്ണം ജനസംഖ്യയുടെ 25 ശതമാനത്തോളം വരും. കേരളത്തിലാകട്ടെ 35 ശതമാനത്തോളം 60 വയസ്സിനു മുകളിൽ പ്രായം ഉള്ളവരാണ്. കേരളത്തിലെ ഉയർന്ന ജീവിത നിലവാരവും, ആരോഗ്യ രംഗത്തെ പുരോഗതികളും, കേരളീയർ നിഷ്‌കർഷിച്ചു വരുന്ന ജനസംഖ്യാ നിയന്ത്രണങ്ങളും വയോധികരുടെ എണ്ണം കൂടാൻ കാരണങ്ങൾ ആണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ചെറുപ്പക്കാരേക്കാൾ പ്രായമേറിയവരുടെ എണ്ണം കൂടുന്ന അവസ്ഥാവിശേഷം കേരളത്തിൽ സംജാതമാകും. അത് നമ്മുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യും. നമുക്ക് ചുറ്റുമുള്ള വയോധികരായ വ്യക്തികളെ എങ്ങനെ നമുക്ക് സേവിക്കാം എന്നും അവരെ എങ്ങനെ സമൂഹത്തിന് ഉപയോഗമുള്ളവരാക്കി തീർക്കാം എന്നും നോക്കാം.

ആരോഗ്യം

രോഗ്യമാണ് വാർദ്ധക്യകാലത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത്, അത് ശാരീരികവും മാനസികവും ആകാം. അനേകം രോഗങ്ങളുടെ ഒരു സംഗമകാലമാണ് വാർദ്ധക്യം. ഡയബറ്റിസ്, രക്താധിസമ്മർദ്ദം എന്നിവ അവയിലെ ഏറ്റവും ചെറിയവ മാത്രം. പേശിഅസ്ഥിരോഗങ്ങളും ഓർമ നശിക്കുന്ന രോഗങ്ങളായ ഡിമെൻഷ്യാ, അൽഷൈമേർസ് മുതലായവ ഇപ്പോൾ സർവ്വസാധാരണമാണ്. മാനസികമായ രോഗങ്ങളും വാർദ്ധക്യത്തിൽ പിടികൂടാം, ഏകാന്തത മൂലമുണ്ടാകുന്ന നിരാശാരോഗമാണ് ഇവയിൽ പ്രധാനം. കൃത്യമായ ഇടവേളകളിൽ ഉള്ള വൈദ്യപരിശോധനകൾ വാർധക്യ രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. ഒപ്പം പുതിയ രോഗങ്ങൾ വരാതെ ഇരിക്കാനും. സമ്പൂർണ പോഷകാഹാരങ്ങൾ അവർക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

ഒറ്റപ്പെടൽ

പ്രായമായവർ നേരിടുന്ന മറ്റൊരു പ്രശനമാണ് ഒറ്റപ്പെടൽ, മുൻപ് പലപ്പോഴും ജീവിതത്തിൽ ഇവർ ഒറ്റപ്പെടലുകൾ നേരിട്ടാലും ഇപ്പോഴുള്ള ഈ ഒറ്റപ്പെടൽ പലർക്കും താങ്ങാവുന്നതിനും അപ്പുറത്താണ്. പലർക്കും തങ്ങളുടെ പങ്കാളിയെ നഷ്ടപ്പെട്ടിരിക്കാം, ചിലരെ മക്കൾ ഉപേക്ഷിച്ചിരിക്കാം ഇതെല്ലാം കടുത്ത മാനസിക സമ്മർധങ്ങൾ ആണ് ഇവർക്ക് നൽകുന്നത്. കഴിവതും ദിവസം കുറച്ചു നേരം അവർക്കൊപ്പം ചെലവിടാൻ ശ്രമിക്കണം. അവരുടെ ചെറുപ്പകാലത്ത്. നിങ്ങളോട് അവർ എങ്ങനെ പെരുമാറിയോ അതുപോലെ തന്നെ അവരോടും പെരുമാറണം. തങ്ങൾ ഒറ്റപ്പെടുന്നു എന്നൊരു തോന്നൽ അവർക്ക് ഉണ്ടാകരുത്. മാതാപിതാക്കളെ വയോധികസദനങ്ങളിൽ കൊണ്ട് തള്ളും മുൻപ് നാം ഒരുകാര്യം മറക്കരുത്, അവരുടെ ചോരയും വിയർപ്പും ഊട്ടിയാണ് അവർ നമ്മളെ വളർത്തിയത് എന്ന്. അടുത്തതലമുറയ്ക്ക് മാതൃകയാകുംവണ്ണം അവരെ നമ്മൾ നോക്കണം.

സാമൂഹ്യപരമായ ഇടപെടലുകൾ

പ്രായമായവർ കഴിവതും സമൂഹത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ ശ്രമിക്കുന്നത് കാണാം. ഭയം കൊണ്ടും അവഗണനകൊണ്ടുമാണ് അത്. ഈ അവസ്ഥ പൂർണമായും ഒഴിവാക്കാൻ കഴിയണം, പ്രായമായവരേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം. അവരുടെ അനുഭവങ്ങൾ പുതിയ തലമുറകളിലേക്ക് പകർന്നു നൽകുന്നത് മൂലം രാജ്യത്തിന്റെ ഉയർച്ചക്കും ഒപ്പം സ്വാഭിമാനം വളർത്തുന്നതിനും സഹായിക്കും. ഇതിനു വേണ്ടി വാർദ്ധക്യക്ലബ്ബുകൾ രൂപീകരിക്കണം, ഇപ്പോഴുള്ളവ കുറച്ചു കൂടി മെച്ചപ്പെടുത്തണം. വികസിത രാജ്യങ്ങളിലെ പോലെ വയോധികർ വസിക്കുന്ന വീടുകൾക്ക് സ്‌പെഷ്യൽ ഗ്രാന്റുകൾ അനുവദിക്കണം. വയോധികർ ഒരു ബാധ്യത അല്ല മറിച്ച് അവർ രാജ്യത്തിന്റെ സമ്പത്താണ് എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറണം.