- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതവിദ്യാഭ്യാസത്തിന് സർക്കാർ ഫണ്ട് അനുവദിക്കരുതെന്ന് പ്രൊഫ. ടി ജെ ജോസഫ്; കന്യാസ്ത്രീക്ക് അടിവസ്ത്രം വാങ്ങാൻ പോലും യാചിക്കേണ്ട അവസ്ഥയെന്ന് സിസ്റ്റർ ലൂസി; യൂണിഫോം സിവിൽ കോഡിനെ എതിർക്കുന്നത് ഇസ്ലാമിലെ പുരുഷനെന്ന് സി രവിചന്ദ്രൻ; ചിന്തകൾക്ക് തീപ്പിടിപ്പിച്ച് എസ്സെൻസ് ഗ്ലോബൽ
കോഴിക്കോട് : ചെറുപ്പത്തിലേ കുട്ടികളുടെ തലച്ചോറിലേക്ക് മതം അടിച്ചു കയറ്റുന്നത് തടയണമെന്നും, മതവിഭ്യാഭ്യാസത്തിനും 18 വയസ്സ് തികയണം എന്ന നിബന്ധന ഉണ്ടായിരിക്കണമെന്നും പ്രെഫ. ടി ജെ ജോസഫ്. സർക്കാർ ഫണ്ട് ഉപയോഗിച്ച് മതവിദ്യാഭ്യാസത്തിന് ആനുകൂല്യങ്ങൾ നൽകുന്നത് നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടാഗോർഹാളിൽ നടന്ന 'പാൻ 22' സെമിനാറിൽ സംസാരിക്കയായിരുന്നു പ്രൊഫ. ടി ജെ ജോസഫ്.
ചോദ്യപേപ്പർ വിവാദത്തെ തുടർന്ന് ഇസ്ലാമിക മതമൗലികവാദികൾ കൈ വെട്ടിയ ജോസഫ് മാസ്റ്റർ, 2010ൽ തനിക്ക് നേരെ ആക്രമണം ഉണ്ടായ സമയത്തേക്കാൾ കാര്യങ്ങൾ മോശമായി വരികയാണെന്ന് ചൂണ്ടിക്കാട്ടി. 'അന്ന് കേരളത്തിൽ ഒന്നോ രണ്ടോ സംഘടനകൾ മാത്രമാണ്, പ്രത്യക്ഷമായി വർഗീയതയും മത മൗലികവാദവും പറഞ്ഞിരുന്നത്. പക്ഷേ ഇന്ന് ദൗർഭാഗ്യവശാൽ ഒരു പാട് സംഘടനകൾ ആയി. ഏറ്റവും ഒടുവിലായി ഒരു റാലിയിൽ ഒരു കുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യങ്ങളാണ് കേരളം ചർച്ച ചെയ്യുന്നത്. ആ കുട്ടിക്ക് ഇതൊക്കെ പറയാനുള്ള ഊർജം എവിടെനിന്ന് കിട്ടി, എന്ന് ഓർക്കണം. ഒരു 12 വയസ്സുകാരന് ഇതൊക്കെ തനിയെ പറയാനും കഴിയും. ചെറുപ്പത്തിലേ മതം മസ്തിഷ്‌ക്കത്തിലേക്ക് അതിശക്തമായി കടത്തിവിടുന്നതാണ് ഇവിടുത്തെ പ്രശ്നം. ഒരു പാരമ്പര്യം എന്ന നിലയിൽ മതം പഠിപ്പിച്ചോട്ടെ. പക്ഷേ വിശദമായ പഠനം കുട്ടിക്ക് 18 വയസ്സ് പൂർത്തിയായിട്ട് മതി എന്ന നിലയിലേക്ക് കാര്യങ്ങൾ മാറണം. മതപാഠശാലകൾക്കായി ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ചെലവിടുന്നത് നിർത്തണം. നമ്മുടെ വിദ്യാഭ്യാസം പുർണ്ണമായും മതേതരം ആവണം''- 'ബ്ലഡി ലോക്ക്ഡ്' എന്ന് പേരിട്ട പാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രൊഫ. ടി ജെ ജോസഫ് ചൂണ്ടിക്കാട്ടി.
തന്റെ ഭാര്യ സലോമിയുടെ മരണം ഒരു മത പ്രചോദിത കുറ്റകൃത്യമാണെന്ന് വേണമെങ്കിൽ കണക്കാക്കാമെന്ന് ജോസഫ് മാസ്റ്റർ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അറബ്യേയിൽ ഉണ്ടായ മതത്തിന്റെ ശിക്ഷയും, ജനിച്ചുവളർന്ന മതത്തിന്റെ ശിക്ഷയും, സ്റ്റേറ്റിന്റെ ശിക്ഷയും ഒരുമിച്ച് ഏറ്റവുവാങ്ങേണ്ടി വന്ന വ്യക്തിയാണ് ഞാൻ. മുഹമ്മദ് എന്ന പേര് ഒരു ചോദ്യത്തിൽ ചേർക്കുമ്പോൾ ഞാൻ സ്വപ്നത്തിൽ പോലും അത് പ്രവാചകന്റെ പേരായി ചിത്രീകരിക്കപ്പെടും എന്ന് ഓർത്തില്ല. പക്ഷേ അങ്ങനെ പറഞ്ഞുകൊണ്ടാണ് ഒരു കൂട്ടർ എന്റെ പേരിൽ മത നിയമം നടപ്പാക്കിയത്. എന്നാൽ തുടർന്ന് ഞാൻ ജനിച്ച മതവും സഭയും എന്നെ വീണ്ടും ശിക്ഷിക്കയാണ് ഉണ്ടായത്. എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ കുടുംബത്തിന്റെ ഏക വരുമാനം നിന്നു. അങ്ങനെ ഒക്കെയുണ്ടായ ഡിപ്രഷനെ തുടർന്നാണ് ഭാര്യ ജീവനൊടുക്കിയത്. അതുപോലെ എനിക്കെതിരെ മത നിന്ദാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയാണ്, സ്റ്റേറ്റ് ചെയ്തത്. എന്നാൽ കോടതി അതെല്ലാം തള്ളിക്കളയുകമാണ് ഉണ്ടായത്.''- ജോസഫ് മാസ്റ്റർ ചൂണ്ടിക്കാട്ടി.
'കന്യാസ്ത്രീകൾ അടിമകൾ'
സന്യാസ മഠങ്ങളിൽ സ്ത്രീക്ക് യാതൊരു വ്യക്തിത്വമില്ലെന്നും, ആരെങ്കിലും പ്രതികരിച്ചാൽ അവർ സഭക്ക് പുറത്താവുമെന്നും, തുടർന്ന് സംസാരിച്ച സിസ്റ്റർ ലൂസി കളപ്പുരക്കൽ ചൂണ്ടിക്കാട്ടി. ' കന്യാസ്ത്രീയുടെ പണവും സമ്പാദ്യവുമെല്ലാം സഭക്കുവേണ്ടിയാണ് ചെലവാകുന്നത്. അടിവസ്ത്രം വാങ്ങുന്നതിന് പോലും, അധികാരികളോട് യാചിക്കേണ്ട അവസ്ഥയാണ്. ഒന്ന് ഉറക്കെ സംസാരിക്കുന്നതുപോലും കുറ്റമാണ്. ശരിക്കും അടിമകളെപ്പോലെയാണ് അവരുടെ ജീവിതം. 15ാം വയസ്സിലും മറ്റുമായി സ്വയം തിരിച്ചറിവില്ലാത്ത പ്രായത്തിലാണ് ഇവരിൽ പലരും കോൺവെന്റുകളിൽ എത്തിപ്പെടുന്നത്. അങ്ങനെ സർക്കാർ ജോലിയടക്കം ചെയ്ത് എത്ര തന്നെ വരുമാനം ഉണ്ടാക്കിയാലും ഒരു പൈസ പോലും സ്വന്തം ആവശ്യത്തിന് കിട്ടില്ല. ഇങ്ങനെ പത്തും അമ്പതും വർഷം ജോലിചെയ്തശേഷം ഒരു സുപ്രഭാതത്തിൽ ഇനി നിങ്ങൾ പോയ്ക്കോളൂ എന്ന് പറഞ്ഞ് പുറത്താക്കിയാൽ ഞങ്ങൾ എങ്ങോട്ട് പോകും. ഇങ്ങനെ കാര്യങ്ങൾ തുറന്ന് പറയാൻ കഴിയാത്ത നൂറുകണക്കിന് പേർ സന്യാസിമഠങ്ങളിലെ ഇരുട്ടുമുറികളിൽ ഉണ്ട്. അവർക്കുവേണ്ടിയാണ് എന്റെ പോരാട്ടം.''- സിസ്റ്റർ ലൂസി പറഞ്ഞു.
'ജീവിച്ചിരിക്കുന്ന ശവങ്ങളെപ്പോലെയാണ് കന്യാസ്ത്രീകളുടെ ജീവിതം. നല്ലതൊന്നും അവർക്ക് കിട്ടില്ല. സന്യാസമഠങ്ങളുടെ ഉള്ളിൽ ഇങ്ങനെ നരകിച്ച് കഴിയുന്നവർ നിരവധി പേർ ഉണ്ട്. ഞാൻ ഒരു കാറുവാങ്ങിയതും, ഡ്രൈവിങ്ങ് ലൈസൻസ് എടുത്തതുമൊക്കെ ഒരു വലിയ കുറ്റമായാണ് അവർ കണ്ടത്. നല്ലകാലത്ത് മുഴുവൻ ജോലിചെയ്യിപ്പിച്ചിട്ട് അവസാന കാലത്ത് എന്തെങ്കിലും കുറ്റം പറഞ്ഞ്, ഒഴിവാക്കിയാൽ കന്യാസ്ത്രീയെ ആര് നോക്കും. ഞങ്ങളും ഇന്ത്യൻ പൗരന്മാർ അല്ലേ. ഇന്ത്യൻ ഭരണഘടനക്ക് അകത്തുതന്നെയല്ലേ ഞങ്ങളും ജീവിക്കുന്നത് ''- സിസ്റ്റർ ചോദിച്ചു.
ഇത്രയൊക്കെ ദുരനുഭവം ഉണ്ടായിട്ടും സഭാവസ്ത്രം, അഴിച്ചുവെക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനും ലൂസി മറുപടി പറഞ്ഞു. 'കന്യാസ്ത്രീകൾക്ക് നീതി കിട്ടുന്നതിന് വേണ്ടിയാണ് എന്റെ പോരാട്ടം. ഇതിനായുള്ള കോടതി നടപടികൾ തുടരുകയാണ്. ബാക്കിയൊക്കെ അത് കഴിഞ്ഞിട്ട് തീരുമാനിക്കാം'- അവർ വ്യക്തമാക്കി. മതം വിട്ടുവരാനും അതിലെ അനീതികൾക്കെതിരെ പ്രതികരിക്കാനുമുള്ള അസ്‌ക്കർ അലിയുടെ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണയും സിസ്റ്റർ പ്രഖ്യാപിച്ചു.
'മർദനത്തിന്റെ പാട് ഇപ്പോഴുമുണ്ട്'
ചെമ്മാട് ദാറുൽ ഹുദയിലെ പന്ത്രണ്ടുവർഷത്തെ ഹുദവി പഠനത്തിനുശേഷം ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്ന അസ്‌ക്കർ അലിയും മതപാഠശാലകളിലെ ലൈംഗിക- ശാരീരിക ചൂഷണങ്ങളെക്കുറിച്ചാണ് പറഞ്ഞത്. 'മതപാഠശാലകളിലെ ലൈംഗിക ചൂഷണങ്ങൾക്കുനേരെ പലപ്പോഴും അധികൃതർ കണ്ണടയ്ക്കുകയാണ്. ഞാൻ അവിടെ പഠിക്കുമ്പോൾ ഒരു അദ്ധ്യാപകൻ 24 ആൺകുട്ടികളെ പീഡിപ്പിച്ച വാർത്ത പുറത്തുവന്നിരുന്നു. പക്ഷേ അത് ആരുമറിയാതെ ഒതുക്കിത്തീർക്കയും, അയാളെ മറ്റൊരിടത്തേക്ക് സ്ഥലം മാറ്റുകയുമാണ് ഉണ്ടായത്. അതുപോലെ കുട്ടികൾ കാണിക്കുന്ന നിസ്സാരമായ കുറ്റങ്ങൾ പോലും പർവതീകരിച്ച് ബ്ലാക്ക്മെയിൽ ചെയ്ത്, ലൈംഗികമായി ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. അതുപോലെ ഇവിടെ ക്രൂരമായ മർദ്ദനവും നടക്കാറുണ്ട്. കിട്ടിയ അടിയുടെ പാട് ഇപ്പോഴും ശരീരത്തിലുണ്ട്. എസ്എസ്എൽസിയും പ്ലസ്ടുവും ഒന്നും കൊടുക്കാതെ മതം മാത്രം തലയിൽകുത്തി നിറക്കുന്ന ഈ വിദ്യാഭ്യാസത്തിനെതിരെ നടപടിയെടുക്കേണ്ടത് അധികൃതരാണ്. ഞാൻ ഒരു വിസിൽബ്ലോവർ മാത്രമാണ്. വ്യക്തികളോടല്ല, ഇത്തരം ദുഷിച്ച പ്രവണതകളോടാണ് എതിർപ്പ്'- അസ്‌ക്കർ അലി ചൂണ്ടിക്കാട്ടി.
'ഈ ചൂഷണങ്ങൾക്കെതിരെ ആരും പ്രതികരിക്കില്ല. കാരണം പറഞ്ഞാൽ അവൻ ഒറ്റപ്പെടും. മതം അവരെ വരിഞ്ഞ് മുറുക്കുകയാണ്. വെറും അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ അവിടെ പഠിക്കാൻ എത്തുന്നത്. ആ പ്രായത്തിലുള്ള കുട്ടി എന്ത് പ്രതികരിക്കാനാണ്. പിന്നെ നമ്മളെ അങ്ങോട്ട് ഭയപ്പെടുത്തിവെച്ചിരിക്കയാണ്. ഇപ്പോൾ ഞാൻ ഈ സംഭവങ്ങൾ പുറത്തുപറഞ്ഞതുകൊണ്ട് അവിടെ ഒരുപാട് മാറ്റം വരാൻ സാധ്യതയുണ്ട്. ഈ സ്ഥാപനത്തിൽ നിന്ന് പഠിച്ചിറങ്ങിയ മറ്റ് കുട്ടികളും സമാനമായ അനുഭവം പങ്കുവെക്കുന്നുണ്ട്.''- അസ്‌ക്കർ അലി ചൂണ്ടിക്കാട്ടി.
എക സിവിൽ കോഡ് വേണം
രാജ്യത്ത് ഇന്ന് എല്ലാവർക്കും 95 ശതമാനം സിവിൽ നിയമങ്ങളും ഒരുപോലെയാണെന്ന് തുടർന്ന് സംസാരിച്ച എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി. 'ഏക സിവിൽ കോഡ് സംബന്ധിച്ച ചർച്ചകൾ വരുമ്പോൾ പോലും, അത് അനുവദിക്കില്ല എന്ന നിലപാടാണ് പലർക്കും. ഇസ്ലാമിലെ പുരുഷന്മാരാണ് പലപ്പോഴും ഈ ചർച്ചകൾക്ക് തടയിടുന്നത്. എന്നാൽ ഇസ്ലാമിലെ സ്ത്രീ അങ്ങനെയല്ല. ഏക സിവിൽ കോഡിന്റെ ഗുണഫലം അവർക്കാണ്. കാരണം ഇസ്ലാമിൽ സ്ത്രീ എന്നാൽ അരപ്പുരുഷൻ ആണെന്നതിൽ തർക്കമില്ല. സ്വത്തവകാശത്തിലും സാക്ഷി പറയുന്നതിലുമെല്ലാം ഈ വിവേചനം പ്രകടമാണ്. ഒരു പൊതു സിവിൽ കോഡ് വന്നാൽ ഇത് പരിഹരിക്കാൻ കഴിയും.
ഒരുപാട് തെറ്റിദ്ധാരണകളാണ് സിവിൽകോഡ് സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്നത്. ഏക സിവിൽകോഡ് നിങ്ങളുടെ ആചാരങ്ങളെയോ ആരാധന യേയോ, ഒന്നും ബാധിക്കുന്നില്ല. ഇന്ന് രാജ്യത്തെ 95 ശതമാനം സിവിൽ നിയമങ്ങളും എല്ലവർക്കും തുല്യമാണ്. വിവാഹം, വിവാഹമോചനം, ദത്ത്, സ്വത്തവകാശം, പിന്തുടർച്ച തുടങ്ങിയ ഏതാനും കാര്യങ്ങളിൽ മാത്രമാണ് മാറ്റമുള്ളത്. പക്ഷേ ഏക സിവിൽകോഡ് എന്നാൽ ഇസ്ലാമിക വിരുദ്ധമാണൊണ് പൊതുവെ പ്രചാരണം നടക്കുന്നത്. ഇന്ന് നാം നൂറുശതമാനവും ക്രമിനിൽ നിയമങ്ങളാണ് പിന്തുടരുന്നത്. അല്ലാതെ മത നിയമങ്ങൾ അല്ല. അങ്ങനെ ക്രിമിനൽ നിയമങ്ങൾ പിന്തുടരുന്നവർക്ക് സിവിൽ നിയമങ്ങൾ പൊതുവായത് വേണ്ട എന്ന് പറയുന്നതിൽ യുക്തിയില്ല. '- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.
ആൺ-പെൺ, രോഗം-സൗഖ്യം, ശരി- തെറ്റ്, ഇടത്-വലത്, എൽ.ഡി.എഫ്.-യു.ഡി.എഫ്. തുടങ്ങി ദ്വന്ദ്വങ്ങൾ സൃഷ്ടിച്ച് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നവർ ഇതിനപ്പുറമായി ഒന്നും ചിന്തിക്കുന്നില്ലെന്ന് ആരിഫ് ഹുസൈൻ തെരുവത്ത് പറഞ്ഞു.
ഓഹരിച്ചൂതാട്ടം, കമ്പോള താത്പര്യം, മൂലധനശക്തികളെ പ്രീതിപ്പെടുത്തൽ, സാമ്രാജ്യത്വ കുതന്ത്രങ്ങൾ തുടങ്ങിയ വാക്കുകൾ എപ്പോഴും മുഴങ്ങുന്ന കേരളം സാമ്പത്തിക അന്ധവിശ്വാസികളുടെ തലസ്ഥാനമാണെന്ന് പി.ബി. ഹരിദാസൻ പറഞ്ഞു. 'ഇന്ത്യൻ ഭരണഘടനയും ഗ്രെഗർ സാംസയും' എന്ന വിഷയത്തിൽ സി.കെ. ഫൈസലും സംസാരിച്ചു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ