കൊച്ചി: എല്ലാ ഇസങ്ങൾക്കും അപ്പുറം മാനവികതയാണെന്ന വ്യക്തമാക്കുന്ന 'ഹ്യൂമനിസം വൈറൽ' എന്ന പ്രമേയവുമായി കൊച്ചിയിൽ സ്വതന്ത്ര ചിന്തകർ സമ്മേളിച്ചു. ശാസ്ത്ര-സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ എസ്സെൻഷ്യ-21 ഭാഗമായി എറണാകുളം ടൗൺഹാളിൽ വൈവിധ്യമാർന്ന പ്രഭാഷണങ്ങളാണ് അരങ്ങേറിയത്. രാവിലെ 9 മണിമുതൽ നിറഞ്ഞ സദസ്സിലാണ് സെമിനാർ നടന്നത്.

മെൻഡലിസ്റ്റും മജീഷ്യനുമായ ഫാസിൽ ബഷീറിന്റെ 'ട്രിക്ക്‌സ് മാനിയ നൊ വൺഡേഴസ്, ഓൾ സയൻസ്' എന്ന ഷോയോടെയാണ് പരിപാടി തുടങ്ങിയത്. ആൾദൈവങ്ങൾ ദിവ്യാദ്ഭുതങ്ങൾ എന്ന് പറഞ്ഞ് കാണിക്കുന്ന പലകാര്യങ്ങളും വെറും, മാജിക്ക് മാത്രമാണെന്ന് ഡേമോ സഹിതം ഫാസിൽ കാണിച്ചു. ശൂന്യതയിൽനിന്ന് വിഭൂതി എടുക്കുന്നതിന്റെയും, ശിവലിംഗം വായിൽനിന്ന് എടുക്കുന്നതിന്റെയുമൊക്കെ ടെക്ക്നിക്കുകൾ അദ്ദേഹം വിശദീകരിച്ചു. അടുത്തകാലത്ത് ഏറെ ശ്രദ്ധേയമായ മെൻഡിലിസത്തിലും ഉള്ളത് വെറും മാജിക്ക് മാത്രമാണെന്ന് ഫാസിൽ വിശദീകരിച്ചു. മനസ്സുവായിക്കാൻ കഴിയുമെന്നതൊക്കെ വെറും കളവാണെന്നും ഡേമോ സഹിതം ഫാസിൽ വിശദീരിച്ചു.

കെമിക്കൽ അല്ലാതെ മറ്റൊന്നും ഈ ലോകത്ത് ഇല്ലെന്നും കെമിക്കൽ ഫ്രീ എന്ന് പറഞ്ഞ് ഇറങ്ങുന്ന വസ്തുകൾ തട്ടിപ്പാണെന്നും തുടർന്ന് സംസാരിച്ച വിഖ്യാത ശാസ്ത്രജ്ഞൻ ഡോ കാന എം സുരേശൻ ചൂണ്ടിക്കാട്ടി. ഈ ലോകത്ത് കെമിക്കൽ അല്ലാതെ എന്തെങ്കിലും ഒരു വസ്തുത, ഉണ്ടെന്ന് തെളിയിക്കുന്നവർക്ക്, ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി പത്തുലക്ഷം പൗണ്ട് സമ്മാനം വാഗ്ദാനം ചെയ്ത വെല്ലുവിളി നേരത്തെ നിലനിൽക്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്നം വെറും ഭീതിവ്യാപാരം മാത്രമാണെന്ന് ഡോ കെ.എം ശ്രീകുമാർ ചൂണ്ടിക്കാട്ടി. കാസർകോട്ട് എൻഡോസൾഫാൻ തളിച്ച പഞ്ചായത്തുകളിലും തളിക്കാത്ത പഞ്ചായത്തുകളിലും നടത്തിയ പഠനങ്ങളിൽ രോഗങ്ങളുടെ നിരക്കിൽ വ്യത്യാസമില്ല. ശരാശരി എടുത്താൽ കാസർകോട്ടെ രോഗികളുടെ നിരക്ക് കേരള ആവറേജിന് ഒപ്പമാണ്. എന്നാൽ ഇതൊന്നും പഠിക്കാതെ എല്ലാ പ്രശ്നത്തിനും കാരണം എൻഡോസൾഫാൻ ആണെന്ന മുൻവിധിയാണ് മലയാളികൾ എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാറിനെ സംബന്ധിച്ച് മാധ്യമങ്ങൾ ഭീതിവ്യാപാരം നടത്തുകയാണെന്ന് ബിജുമോൻ എസ്‌പി തന്റെ പ്രസന്റേഷനിൽ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് ഇപ്പോൾ പൊട്ടുമെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ല. മൂന്നു തവണ അണക്കെട്ട് ബലപ്പെടുത്തിയെന്നത് സത്യമാണ്. എന്നാൽ അണക്കെട്ട് സൂപ്പർ സ്ട്രോങ്ങ് ആണെന്ന വാദവും ശരിയല്ലെന്നും ബിജുമോൻ വ്യക്തമാക്കി.

ഭൂതകാലം നിയന്ത്രിക്കുന്ന മനുഷ്യരായി നാം മാറിക്കൊണ്ടിരിക്കുന്നത് ദോഷകരമാണെന്ന് സെമിനാറിന്റെ അവസാന സെഷനിൽ സംസാരിച്ച സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി. നട്ടെല്ല് മരവിപ്പിക്കുന്ന രീതിയിൽ ഇരവാദവും ജാതിവാദവും നമ്മുടെ സമൂഹത്തിലേക്ക് കടുന്നുവരുന്നു. പൊളിറ്റിക്കൽ കറക്ടനസ്സിന്റെ പേരിൽ സമൂഹത്തിലേക്ക് വിദ്വേഷം പടർത്തിവിടുന്നവർ ഉണ്ടെന്നും സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

ആർ ചന്ദ്രശേഖർ, ആരിഫ് ഹുസൈൻ, മനുജാ മൈത്രി,ഡോ. ഹരീഷ് കൃഷ്ണൻ , ഉഞ്ചോയി, ബിജുമോൻ എസ്. പി, സുരാജ് സി. എസ്, ജാഫർ ചളിക്കോട്, ടോമി സെബാസ്റ്റ്യൻ, തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ സംസാരിച്ചു. സമൂഹത്തിൽ ശാസ്ത്രബോധവും സ്വതന്ത്രചിന്തയും വളർത്തുന്ന വ്യക്തിത്വങ്ങൾക്ക് നൽകുന്ന, എസ്സെൻസ്് പ്രൈസ് 2021, ഡോ കാന എം സുരേശനും, ആരിഫ് ഹുസൈൻ തെരുവത്തിനും സമ്മാനിച്ചു. ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.