ഫ്രാൻസ് കഫ്കയുടെ ഒരു കഥയനുസരിച്ചു രാത്രി ഗ്രാമത്തിലെ ഒരു യുവാവിന് അടിയന്തര ശുശ്രൂഷയ്ക്കുവേണ്ടി നാട്ടുെവെദ്യനെ വിളിക്കുന്നു. കുതിരപ്പുറത്തു െവെദ്യനെത്തി. രോഗിയുടെ അടുക്കൽ െവെദ്യനെത്തിയപ്പോൾ കണ്ടതു പ്രത്യക്ഷത്തിൽ ആരോഗ്യവാനായ ചെറുപ്പക്കാരനെയാണ്. പക്ഷേ, അയാൾ രോഗിയാണ്. അയാളുടെ വലതുവശത്തെ തുടയുടെ ഉൾഭാഗത്തു കൈപ്പത്തിയുടെ വലിപ്പത്തിൽ ഒരു വ്രണം.

നാണംകെട്ടിടത്തെ വ്രണത്തിൽ ഒരു വിരൽ വലിപ്പമുള്ള പുഴുക്കൾ. നിന്റെ ഈ പൂവിൽനിന്നു നീ മരിക്കുകയാണ്. വ്രണത്തിന്റെ പിന്നിലെ ജീവൻകൊണ്ട് അന്ധനായ ചെറുപ്പക്കാരൻ മോങ്ങി; 'എന്നെ രക്ഷിക്കണേ...'വൈദ്യൻ ആത്മഗതം ചെയ്തു: അവർ എന്നോടു വിശുദ്ധമായ കർമ്മങ്ങൾ ചെയ്യാൻ പറഞ്ഞാൽ എന്തു ചെയ്യും? കാരണം ഇത്തരം വിശുദ്ധ കാര്യങ്ങൾ ചെയ്യുന്നവരെല്ലാം വീടുകളിൽ കുത്തിയിരുന്ന് അവരുടെ വിശുദ്ധ അങ്കികൾ കീറിക്കളയുന്നു.

വൈദ്യൻ കൽപ്പിച്ചു: തുണി മാറ്റൂ, അതു പൊറുക്കട്ടെ. അല്ലെങ്കിൽ അയാൾ മരിക്കും. ഞാൻ വൈദ്യൻ മാത്രമാണ്... കഫ്കയുടെ കഥയ്ക്കു പ്രത്യക്ഷമായി ആത്മീയധ്വനിയുണ്ട്. വ്രണം മറച്ചു ജീവിച്ചനോട് അതു തുറന്നിടാനാണു വൈദ്യൻ ആവശ്യപ്പെട്ടത്. നാണം കെടുത്തുകയും മരണപ്പെടുത്തുകയും ചെയ്യുന്ന വ്രണങ്ങൾ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെയും മതത്തിന്റെയും ഗാത്രങ്ങളിൽ ഉണ്ടാകാം.

അങ്ങനെയൊരു വ്രണവും വസന്തയും സമൂഹത്തിൽനിന്നു തുടച്ചുനീക്കിയപ്പോഴാണു സോഫോക്ലീസിന്റെ ഈഡിപ്പസ് തേബസിന്റെ രാജാവായത്. രാവിലെ നാലു കാലിലും ഉച്ചയ്ക്കു രണ്ടു കാലിലും വൈകുന്നേരം മൂന്നു കാലിലും നടക്കുന്നത് ആര് എന്ന ചോദ്യം ഉന്നയിക്കുന്നത് ഒരു സാംസ്‌കാരികപ്രശ്നമാണല്ലോ. പക്ഷേ, വീണ്ടും അവിടെ ഒരു വസന്ത പടരുന്നു. അതിന്റെ കാരണക്കാരനെ അന്വേഷിക്കുന്ന ഈഡിപ്പസ് എത്തിച്ചേരുന്നത് അന്ധനായ പ്രവാചകന്റെ മുമ്പിലാണ്. അയാൾ പറഞ്ഞു: നീ വേട്ടയാടുന്ന കൊലയാളി നീ തന്നെയാണ്.

ഇത്തരം വ്രണങ്ങളിൽനിന്നു വിമുക്തമല്ല ഒരു മതവും. ക്രൈസ്തവസഭയിലും ഇത്തരം വ്രണങ്ങൾ ഉണ്ടായി നാണംകെടുത്തുന്നു, മാരകമായി വേദനിപ്പിക്കുന്നു. അതുണ്ടാകുന്നതു കന്യാസ്ത്രീയിലാകാം, വൈദികനിലാകാം, മെത്രാനിലാകാം.
യേശു പറഞ്ഞു: ഉതപ്പുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു; എന്നാൽ ആരുമൂലം ഉണ്ടാകുന്നുവോ അവനു ദുരിതം (മത്താ. 18:6-4). ഉതപ്പുകൾ സമൂഹത്തിലുണ്ടാക്കുന്നതു വ്രണമാണ്. ഉതപ്പ് എന്ന വാക്കിനർത്ഥം നാട്ടിൽ അപമാനവും വേദനയും കോപവും ഉണ്ടാക്കുന്ന ധാർമ്മിക നൈയാമിക ദുരന്തവാർത്ത എന്നതാണ്.

ഈ വാർത്ത മാധ്യമക്കാരുടെ വായ്മൂടിക്കെട്ടി പരിഹരിക്കാമോ? കൊടുങ്കാറ്റിന്റെയും പേമാരിയുടെയും പ്രശ്നം അതു പറഞ്ഞ കാലാവസ്ഥക്കാരെ നിശബ്ദമാക്കിയാൽ പരിഹരിക്കാനാവുമോ? റോമൻ പൗരന്മാരുടെ കണ്ണിൽനിന്നും കാതിൽനിന്നും ചിന്തയിൽനിന്നും ബോധത്തിൽനിന്നും കുരിശു മാറ്റപ്പെടണം എന്നു സിസറോ ആവശ്യപ്പെട്ടു. ആ ദൃശ്യം അത്രയ്ക്കു വേദനയും അപമാനവും ഉണ്ടാക്കുന്നു. സംസ്‌കാരം അതിൽനിന്നു വിമുക്തമാകണം എന്നായിരിക്കും സിസറോ ആവശ്യപ്പെട്ടത്. സെന്റ് പോളാകട്ടെ ക്രൂശിക്കപ്പെട്ട ക്രിസ്തു ഉതപ്പും വിഡ്ഢിത്തവുമാണ് എന്നു പ്രഘോഷിച്ചു. ഉതപ്പുകൾ ഉണ്ടാകുന്നു, ഉണ്ടാകേണ്ടിയിരിക്കുന്നു.

ഈ ഉതപ്പുകളുമായി ജീവിക്കേണ്ടിവരുന്ന ക്രൈസ്തവർ ഇതിന് അപവാദമല്ല. ദക്ഷിണേന്ത്യയിൽ ക്രൈസ്തവദൗത്യനിർവഹണം നടത്തിയ ലെസ്ലി ന്യൂബിഗിൻ (19691998) എന്ന് ബിഷപ് എഴുതി: യേശുവിന്റെ വെളിപാടിന്റെ ജ്വലിക്കുന്ന കേന്ദ്രബിന്ദു കാൽവരിയിലെ സഹനമരണമാണ്. ദൈവം സൃഷ്ടിച്ചു സ്നേഹിച്ച ഈ ലോകം ദൈവത്തിൽനിന്ന് അന്യവൽക്കരിച്ചതും ദൈവത്തെ ഉപേക്ഷിച്ചതും ദൈവത്തോടു വിഘടിക്കുന്നതുമായി... ഇവിടെ നല്ല മനുഷ്യൻ സമൂഹത്തിന്റെ ഉച്ഛിഷ്ടമായി വിധിക്കുന്ന തെമ്മാടികളല്ല, മറിച്ചു സഭയുടെയും രാജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും ബഹുമാനപ്പെട്ട നേതാക്കളാണ്, െദെവത്തിന്റെ കരുണകൊണ്ടുമാത്രം ജീവിക്കുന്നവരാണു പുണ്യപ്പെട്ടവനെ നശിപ്പിക്കുന്ന കൊലപാതകശ്രമങ്ങളിൽ ഏർപ്പെടുന്നത്.

നല്ല വാർത്തമാത്രം കേൾക്കാനും അറിയാനും നാം ആഗ്രഹിക്കുന്നു. നമ്മെക്കുറിച്ചു മറ്റുള്ളവർ നല്ലതു പറയണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? മോശപ്പെട്ട വാർത്ത ആവർത്തിച്ചു നമ്മെ ചിലർ നാറ്റിക്കുന്നു എന്നു പരിഭവിക്കുന്നു. പക്ഷേ, ഈ ശല്യങ്ങളിലും വേദനിപ്പിക്കുന്ന കാര്യങ്ങളിലുമാണു നാം ഇടപെടേണ്ടത്.  അവയാണു നമ്മുടെ ജീവിതം ഉണ്ടാക്കുന്ന കാര്യങ്ങൾ. ഇവയിൽനിന്ന് ഒളിച്ചോടാനാവില്ല. ബൈബിളിലേക്കും മറ്റു വേദങ്ങളിലേക്കും നോക്കൂ. ബൈ
ബിൾ നല്ല വാർത്തയായി പള്ളികളിൽ വായിക്കുന്നു. ഈ സുവിശേഷത്തിൽ യൂദാസിനെ ഒറ്റിക്കൊടുത്തതും പത്രോസ് തള്ളിപ്പറഞ്ഞതും വാർത്തയല്ലേ? അവ വിശുദ്ധ സുവിശേഷമായി പള്ളികളിൽ വായിക്കുന്നില്ലേ?

ബൈബിളിൽനിന്നു ദാവീദിന്റെ വ്യഭിചാരമോ കൊലപാതകമോ സോളമനെതിരായ മകന്റെ വിപ്ലവമോ മരുമകളെ പ്രാപിച്ചു ഗർഭം ധരിപ്പിച്ച യൂദായുടെ കഥയോ യേശുവിന്റെ വംശാവലിയിലെ വ്യഭിചാരിണികളുടെ വിവരണമോ എഡിറ്റ് ചെയ്തു മാറ്റിയോ? അപ്പോൾ നല്ല വാർത്ത എന്താണ്? ബൈബിളിൽ നിന്നു പാപവാർത്ത ഒഴിവാക്കിയില്ലല്ലോ. ഈ നാറുന്ന കഥകളിലൂടെയും ഉതപ്പുകളിലൂടെയുമാണു വേദഗ്രന്ഥം നമ്മെ നയിക്കുന്നത്.

ഈ സംഭവങ്ങൾ പാപങ്ങളും കുറ്റകൃത്യങ്ങളും തുറന്നിട്ടിരിക്കുന്നു, െദെവത്തിന്റെ സുഖപ്പെടുത്തലിന്. ദാവീദിന്റെ വ്യഭിചാരം മാത്രമല്ല, ആ രാജാവിന്റെ പാപസങ്കീർത്തനങ്ങളും െബെബിളിലുണ്ട്; യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിനെയാണു യേശുവിന്റെ സഭയെ ഭരിക്കാൻ ഏൽപ്പിച്ചത്.

ഈ കഥകളെല്ലാം ദൈവത്തിന്റെ കഥകളാണ്; ദൈവം മനുഷ്യചരിത്രം പാപികളിലൂടെ എഴുതുന്ന കഥകൾ. അതാണു കഫ്കയുടെ നാട്ടുെവെദ്യന്റെ നടപടിയുടെ സാംഗത്യം. വ്രണങ്ങൾ ദൈവത്തിന്റെ സുഖപ്പെടുത്തലിനായി തുറന്നിടുക. വിശുദ്ധ അഗസ്റ്റിൻ എഴുതി: ഞാൻ വീഴുന്നെങ്കിൽ ഞാനുണ്ട്. വീഴുന്നില്ലെങ്കിലോ ഞാനില്ല, എന്നിൽ െദെവം വസിച്ചു പ്രവർത്തിക്കുന്നു.

അതുകൊണ്ട് അഗസ്റ്റിൻ എഴുതി: ഞാൻ എനിക്കൊരു ബൃഹത്തായ ചോദ്യമായിരിക്കുന്നു, എന്റെ ആത്മാവ് എന്നെ ചോദ്യംചെയ്യുന്നു. ഈ ചോദ്യംചെയ്യലാണു ഞാൻ ആരാണ് എന്ന് എന്നെ അറിയിക്കുന്നത്. അപ്പോഴാണു സത്യം ഞാൻ കണ്ടെത്തുന്നതും ഏറ്റുപറയുന്നതും. അതുകൊണ്ട് അഗസ്റ്റിൻ പറയുന്നു: ദൈവമേ, ഞാൻ എഴുതി നിന്നോട് സ്വയം ഏറ്റുപറയുന്നു: ഈ കുമ്പസാരം നിശബ്ദതയിലാണ്; അതിനർത്ഥം അതിനു കേൾക്കാനാവുന്ന ശബ്ദമില്ല എന്നാണ്. പക്ഷേ, സ്നേഹം, അത് ഉച്ചത്തിൽ നിലവിളിക്കുന്നു.

(ഫാ. ഡോ. പോൾ തേലക്കാട്ട് മംഗളം ദിനപത്രത്തിൽ എഴുതിയ ലേഖനം: കടപ്പാട് - മംഗളം)