ചാലക്കുടി: തെളിവുകളൊന്നും അവശേഷിപ്പിക്കാതെയായിരുന്നു ചാലക്കുടി നോർത്ത് ജംക്ഷനിലെ ഇടശ്ശേരി ജൂവലറിയിൽനിന്നു കവർച്ച നടത്തി ഇതരസംസ്ഥാന മോഷ്ടാക്കൾ മടങ്ങിയത്. എന്നാൽ കേരളാ പൊലീസ് വിട്ടു കൊടുത്തില്ല. മോഷ്ടാക്കളെ കണ്ടെത്തും വരെ ഊണും ഉറക്കവുമില്ലാതെ പണിയെടുത്തു. ഒടുവിൽ പ്രതിയെ പിടിച്ചു. പ്രതികളെ പിടികൂടാൻ പ്രധാന ഘടകമായതു ചെന്നൈ സിബിസിഐഡി ശാസ്ത ഇന്ദുശേഖറിന്റെ അന്വേഷണ മികവെന്നു കേരള പൊലീസും തിരിച്ചറിയുന്നു.

കേരളത്തിൽ നടന്ന കവർച്ചയിലെ പ്രതികളെ കുടുക്കിയതിലും സ്വർണം കണ്ടെടുത്തതിലും പ്രധാന കണ്ണിയാകാൻ തമിഴ്‌നാട് പൊലീസിലെ ഉദ്യോഗസ്ഥനു സാധിച്ചു. ഝാർഖണ്ഡിലും ബിഹാറിലും ബംഗാളിലും ക്യാംപ് ചെയ്തു നടത്തിയ അന്വേഷണ സംഘത്തോടൊപ്പം ശാസ്തയുമുണ്ടായിരുന്നു. ശാസ്താ ഇന്ദുശേഖറിന്റെ ഫോറൻസിക് അന്വേഷണ മികവാണ് എല്ലാത്തിനും സഹായകമായത്. അതുകൊണ്ട് തന്നെ ഈ തമിഴ്‌നാട് പൊലീസുകാരനെ പ്രശംസകൊണ്ട് ചൊരിയുകയാണ് കേരളാ പൊലീസ്. കള്ളന്മാരെ പിടികൂടിയ കേരളാ പൊലീസിനും എങ്ങും കൈയടിയാണ്.

13 കിലോ സ്വർണവും ആറു ലക്ഷം രൂപയും കവർന്ന ഉദുവ ഹോളിഡേ റോബേഴ്‌സ് കൊള്ളസംഘം ബിഹാറിൽ വിൽപന നടത്തിയ 800 ഗ്രാം സ്വർണം അന്വേഷണ സംഘം കണ്ടെടുത്തു. കവർച്ച സംഘാംഗങ്ങളുമായി ജാർഖണ്ഡ്, ബിഹാർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണു ബിഹാറിലെ കത്തിഹാർ ജില്ലയിലെ ശിവ്മന്ദിർ ചൗക്കിലെ ജൂവലറിയിൽ വിൽക്കാൻ ഏൽപിച്ചിരുന്ന 100 പവനും രണ്ടു ലക്ഷം രൂപയും കില്ലർ അമീറിന്റെ പിയാർപുരിലുള്ള വീട്ടിൽനിന്ന് ഒരു മാലയും ചാലക്കുടി ഡിവൈഎസ്‌പി സി.എസ്.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെടുത്തതെന്നു റേഞ്ച് ഐജി എം.ആർ.അജിത്കുമാർ അറിയിച്ചു.

ജനുവരി 27നു രാത്രിയാണ് ഇ.ടി.ദേവസി ആൻഡ് സൺസ് ഇടശ്ശേരി ജൂവലറിയുടെ പിൻഭാഗത്തുള്ള എക്‌സോസ്റ്റ് ഫാൻ ഇളക്കി മാറ്റി ചുമർ തുരന്ന് അകത്തു കയറി ഗ്യാസ് കട്ടർ ഉയോഗിച്ചു ഭൂഗർഭ ലോക്കർ തകർത്തു കവർച്ച നടത്തിയത്. ഉത്തരേന്ത്യൻ കൊള്ളസംഘങ്ങളാണ് ഈ വൻ കവർച്ചയ്ക്കു പിന്നിലെന്ന നിഗമനത്തിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ കവർച്ചാസംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ സംഘം ഝാർഖണ്ഡിലെത്തി അന്വേഷണം നടത്തി. ഇതിനിടെയാണു സാഹിബ് ഗഞ്ച് ജില്ലയിലെ കവർച്ചാസംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്. തുടർന്നു മൂന്നു പേർ അറസ്റ്റിലായിരുന്നു.

കവർച്ചാസംഘത്തലവനായ അശോക് ബാരിക്കിനെ ബിഹാറിലെ കത്തിഹാറിൽനിന്നും അമീർ ഷേക്ക് എന്ന കില്ലർ അമീറിനെ ഝാർഖണ്ഡിലെ സാഹിബ് ഗഞ്ച് ജില്ലയിലെ രാധാനഗറിൽനിന്നും ഇൻജാമുൾ എന്ന ചൂഹയെ പശ്ചിമബംഗാളിലെ ഹബാസ്പുരിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. കവർച്ചാസംഘത്തിലുണ്ടായിരുന്ന രണ്ടു പേർ കൂടി അറസ്റ്റിലാകാനുണ്ട്.